ADVERTISEMENT

1.ലക്ഷ്മണ സാന്ത്വനം

∙ ‘‘പാന്ഥർ പെരുവഴിയമ്പലം തന്നിലേ

താന്തരായ്കൂടി വിയോഗം വരുമ്പോലെ

നദ്യാമൊഴുകുന്ന കാഷ്ഠങ്ങൾ പോലെയു–

മെത്രയും ചഞ്ചലമാലയ സംഗമം’’

ഈ വരികളിലെ സാദൃശ്യകൽപനകളുടെ ഔചിത്യം പരിശോധിക്കുക.

(എഴുത്തച്ഛന്റെ പ്രസിദ്ധമായ ആലങ്കാരിക പ്രയോഗം–ഒരു സത്രത്തിൽ ഒത്തുകൂടുന്ന യാത്രികർ പിരിഞ്ഞുപോകുന്നതു പോലെയും; നദിയിലൂടെ ഒഴുകുന്ന മരത്തടി പോലെയുമസ്ഥിരമാണ് ജീവിതം. ഈ ലോകം ഒരു വഴിയമ്പലമാണ്. ഇടവേളകളിലെ ഒത്തുചേരലാണ് ആലയസംഗമം നദിയുടെ ഒഴുക്കിനനുസരിച്ചുചലിക്കലാണ് മരത്തടിയുടെ ധർമം. കാലത്തിനനുസരിച്ചു ജീവിക്കാനേ നമുക്കു കഴിയൂ. ഇടവേളകളിൽ ഒന്നിച്ചുകൂടാൻ വിധിക്കപ്പെട്ട മനുഷ്യർ തങ്ങളുടെ ക്ഷണികജീവിതത്തിൽ സ്നേഹത്തിന്റെയും നന്മയുടെയും വഴികളിലൂടെ സഞ്ചരിക്കേണ്ടതുണ്ട്. ഗഹനമായ ആശയങ്ങളെ ഉപമകളിലൂടെ ലളിതമായി അവതരിപ്പിക്കുന്നു).

***********************

∙  വഹ്നിസന്തപ്ത ലോഹസ്ഥാംബുബിന്ദുനാ

സന്നിഭം മർത്ത്യജന്മം ക്ഷണഭംഗുരം

ചക്ഷു:ശ്രവണ ഗളസ്ഥമാം ദർദുരം

ഭക്ഷണത്തിന്നപേക്ഷിക്കുന്നതുപോലെ

കാലാഹിനാ പരിഗ്രസ്തമാം ലോകവു–

മാലോലചേതസാ ഭോഗങ്ങൾ തേടുന്നു

(എഴുത്തച്ഛൻ)

∙  നീർപ്പോള പോലെയുള്ളോരു ദേഹത്തിൽ

വീർപ്പു മാത്രമുണ്ടിങ്ങനെ കാണുന്നു

ഓർത്തറിയാതെ പാടുപെടുന്നേരം

നേർത്തു പോകുമതെന്നേ പറയാവൂ

(ജ്ഞാനപ്പാന–പൂന്താനം)

രണ്ടു സന്ദർഭങ്ങളും വ്യാഖ്യാനിച്ചു വരികളിലെ ജീവിതദർശനത്തെക്കുറിച്ച് ഒരു കുറിപ്പെഴുതുക

(സൂചന: ചുട്ടുപഴുത്ത ഇരുമ്പിനു മുകളിൽ വീഴുന്ന വെള്ളത്തുള്ളിപോലെ ക്ഷണനേരംകൊണ്ട് എരിഞ്ഞു തീരുന്നതാണ് മനുഷ്യജന്മം. പാമ്പിന്റെ വായിൽ അകപ്പെട്ട തവള ഭക്ഷണമന്വേഷിക്കുന്നതുപോലെ; കാലമാകുന്ന പാമ്പിന്റെ വായിൽ അകപ്പെട്ട നാം ലൗകിക സുഖങ്ങൾക്കു പിന്നാലെ പോവുകയാണ്–വെള്ളത്തിലെ കുമിള പോലെ ക്ഷണഭംഗുരമാണ് നമ്മുടെ ജീവിതം. ശ്വാസഗതി മാത്രമാണ് ജീവലക്ഷണമായിട്ടുള്ളത്. ഒട്ടും ഓർത്തിരിക്കാത്ത വേളയിൽ ജീവൻ പെട്ടെന്ന് ഇല്ലാതാവുന്നു–ജീവിതത്തിന്റെ ക്ഷണികത–അസ്ഥിരത–നിസ്സാരത–രണ്ടു കവികളും വ്യക്തമാക്കുന്നു)

*****************

∙ ഉപന്യാസം തയാറാക്കുക.

‘‘മുക്തിക്കു വിഘ്നം വരുത്തുവാനെത്രയും

ശക്തിയുള്ളൊന്നതിൽ ക്രോധമറികെടോ’’

(അയോധ്യാകാണ്ഡം)

∙ ‘‘കോപമാകുന്നത് വിത്തെന്നറിയണം

പാപമാകുന്ന മരാമരത്തിന്നെടോ’’

(സ്ത്രീപർവം)

എഴുത്തച്ഛന്റെ ഈ ഉപദേശങ്ങൾക്കുള്ള കാലിക പ്രസക്തി കണ്ടെത്തി ഉപന്യാസമെഴുതുക.

(സൂചന–രാമായണ മഹാഭാരതാദികളിൽ ക്രോധത്തിന്റെ ദോഷത്തെക്കുറിച്ചു പറയുന്നു–മോക്ഷപ്രാപ്തിക്കു തടസ്സമാണിത്–ലോകസമാധാനത്തെ അതു ബാധിക്കുന്നു–പാപത്തെ മുളപ്പിക്കുന്ന വിത്താണ് കോപം–രാജ്യങ്ങൾ തമ്മിലുള്ള പക–ജാതി–മത സ്പർധ–അറിവുള്ളവർ കോപം ഉപേക്ഷിക്കണം)

****************

∙ കവികൾക്ക് ലോകമെമ്പാടും

ഒരു ഭാഷയേയുള്ളൂ–

ഇലകൾക്കും തത്തകൾക്കും

ഗൗളികൾക്കുമെന്നപോലെ.

(കവികളുടെ ഭാഷ–സച്ചിദാനന്ദൻ)

ആശയം

ഇലകളുടെ മർമരം, തത്തകളുടെ കൊഞ്ചൽ, പല്ലിയുടെ ചിലയ്ക്കൽ ഇവ ഏതു ലോകത്തും ഒരുപോലെയാണ്. വ്യത്യസ്ത ഭാഷകളിൽ എഴുതുമ്പോഴും ലോക കവികൾ വികാരാവിഷ്കരണത്തിനുപയോഗിക്കുന്ന ആന്തരിക ഭാഷ ഒന്നാണ്. സങ്കുചിതത്വമല്ല; സാർവലൗകിക ആശയങ്ങളാണ് അവരെ നയിക്കുന്നത്.

******************

∙ നിരീക്ഷണക്കുറിപ്പ്

‘‘എങ്ങു മനുഷ്യനു ചങ്ങല കൈകളി–

ലങ്ങെൻ കൈയുകൾ നൊന്തീടുകയാണ്.

.......

എങ്ങെഴുന്നേൽപ്പാൻ പിടയും മാനുഷ–

നവിടെ ജീവിച്ചീടുന്നു ഞാൻ.’’

(ആഫ്രിക്ക–എൻ.വി. കൃഷ്ണവാര്യർ)

‘‘ഭാരതത്തിലെ പുണ്യനദിയായ ഗംഗാനദിയെ സ്നേഹി

ക്കുന്നതുകൊണ്ട് ഈ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ

ഓരോ തുള്ളി വെള്ളത്തേയും ഞാൻ വന്ദിക്കുന്നു.’’

(സുഗതകുമാരി)

കവികളുടെ ഭാഷ എന്ന കവിതയിലെ ആശയവുമായി ബന്ധിപ്പിച്ച് ഈ പ്രസ്താവനകൾക്ക് ഒരു നിരീക്ഷണക്കുറിപ്പ് തയാറാക്കുക.

*****************

എളുപ്പം സ്കോർ നേടാം...

∙ ‘ദേഹാഭിമാനം നിമിത്തമായുണ്ടായ’–അടിവരയിട്ട പദത്തിന്റെ വിഗ്രഹാർഥം – ദേഹത്തോടുള്ള അഭിമാനം –

∙ ‘വത്സ! സൗമിത്രേ! കുമാര നീ കേൾക്കണം’–ഈ സംബോധനയിൽ തെളിയുന്ന ഭാവം–സ്നേഹം

∙ ‘ആലോല ചേതസാ ഭോഗങ്ങൾ തേടുന്നു....’ ഭോഗങ്ങൾ തേടുന്നത്?

– കാലമാകുന്ന പാമ്പിന്റെ വായിലകപ്പെട്ട ലോകം

സമാന പദങ്ങൾ കണ്ടെത്താം

∙ സുമിത്രയുടെ പുത്രൻ–സൗമിത്രി

∙ ദശരഥന്റെ പുത്രൻ–ദാശരഥി

∙ ജനകന്റെ പുത്രി–ജാനകി

******************

2. ഋതുയോഗം

∙ കുറിപ്പ് തയാറാക്കാം

ഒന്നാം താപസി: സർവദമനൻ എന്നു മഹർഷിമാർ നിനക്കു പേരിട്ടതു ശരിതന്നെ.

താപസി: ഭദ്രേ, ഇവൻ മഹർഷി ബാലനല്ല.

രാജാവ്: അത് ഇവന്റെ ആകൃതിക്കു ചേർന്ന പ്രകൃതികൊണ്ടു തന്നെ അറിയാം–

ബാലന്റെ പ്രകൃതത്തെക്കുറിച്ചുള്ള സൂചനകൾ കണ്ടെത്തി കുറിപ്പ് എഴുതാം–

(സൂചന: സർവദമനൻ–എല്ലാറ്റിനെയും അടക്കിനിർത്തുന്നവൻ എന്നർഥം–സിംഹക്കുട്ടിയെ പിടിച്ചു വലിച്ച് പല്ല് എണ്ണാൻ ശ്രമിക്കുന്നു–കുസൃതികൊണ്ട് താപസിമാരെ വരുതിയിലാക്കുന്നു–ഭയലേശമില്ലാത്ത ധൈര്യശാലി–വാക്കുകൾകൊണ്ട് തൃപ്തിപ്പെടാത്ത പ്രകൃതം. തള്ളസിംഹത്തെ പേടിയില്ല എന്ന അർഥത്തിൽ രണ്ടാം താപസിയോടു നേരിയ പരിഹാസവും കുസൃതിയും കലർന്ന രൂപത്തിൽ പുഞ്ചിരിക്കുന്നു–യുക്തിയുക്തം കാര്യങ്ങൾ മനസ്സിലാക്കി ഉചിതമായി പെരുമാറുന്ന ബാലൻ)

∙ തെറികാട്ടിയാശ്രമ വിരുദ്ധ വൃത്തി നീ

ചെറുപാമ്പു ചന്ദന മരത്തിനെന്നപോൽ

വെറുതെ വിശുദ്ധതര സത്ത്വസൗമ്യമാം–

പിറവിക്കു ദോഷമുളവാക്കി വയ്ക്കൊലാ–

ഈ വരികളിലെ സാദൃശ്യകൽപനയുടെ ഔചിത്യം പരിശോധിക്കുക.

(സുചന: രാജാവ് സർവദമനനോട് പറയുന്ന ഭാഗം–സിംഹക്കുട്ടിയെ ഉപദ്രവിക്കുകയാണ് ആശ്രമബാലൻ–ആശ്രമം പവിത്രവും ശാന്തവുമാണ്–ഇത്തരം കുസൃതി കാട്ടി ആശ്രമത്തിന്റെ ശാന്തത നശിപ്പിക്കരുത്–യോജിക്കാത്ത പ്രവൃത്തി–വിശുദ്ധതരമായ സത്വഗുണങ്ങളുള്ളതാണ് ആശ്രമം. ഇവിടെ ആശ്രമത്തിനെ ചന്ദനമരത്തോടും കുട്ടിയുടെ പ്രവൃത്തിയെ പാമ്പിനോടും സാദൃശ്യപ്പെടുത്തിയിരിക്കുന്നു. ശുദ്ധവും സൗമ്യവുമായ ചന്ദനമരത്തെ സർപ്പശിശുവെന്നപോലെ മഹർഷിവംശത്തെ നീ നശിപ്പിക്കരുതെന്നു സാരം)

∙ ചമൽക്കാരം വ്യക്തമാക്കി കാവ്യഭംഗി വിശകലനം ചെയ്യുക

‘‘വിളങ്ങുന്നു രാഗം ഭൃശമെഴു–

മുഷസ്സിൽ ദ്ദലകുലം–

തെളിഞ്ഞീടാ തൊന്നായ് വിടരുമൊരു

തണ്ടാർ മലരുപോൽ’’

(സൂചന: കളിപ്പാട്ടം വാങ്ങാൻ കൈനീട്ടുന്ന കുട്ടിയുടെ കൈപ്പത്തിയുടെ ചാരുത കവി മനോഹരമായി വർണിക്കുന്നു. വിരലുകൾ ഓരോന്നും വേറിട്ടു കാണാനാവാത്ത വിധം ഒന്നായി വിളക്കിച്ചേർത്തതുപോലെ ചുവന്നു തുടുത്തു കാണുന്നു. ഈ കൈകളെ ചുവന്നു തുടുത്ത പ്രഭാതത്തിൽ; ഇതളുകൾ ഏതെന്നു തിരിച്ചറിയാത്ത വിധത്തിൽ വിരിഞ്ഞു നിൽക്കുന്ന ചുവന്ന താമരപ്പൂവിനോട് സാമ്യകൽപന–ആരോഗ്യവും അഴകും രക്തപ്രസാദവുമുള്ള കൈകളെ വർണിക്കുന്നതിൽ കാവ്യഭംഗി ഓളംവെട്ടുന്നു.

∙ രചനാതന്ത്രം... നാടകീയത

(സൂചന: ശാകുന്തളം ഏഴാമങ്കത്തിൽ നാടകീയത മുറ്റി നിൽക്കുന്നു–ശുഭാന്ത്യത്തിലേക്കു കഥാഗതിയെ നടകീയമാക്കി വളർത്തിയെടുക്കുന്നതിൽ സ്വീകരിച്ച രചനാതന്ത്രം–രാജാവിന്റെ ആകസ്മികമായ രംഗപ്രവേശം–കുട്ടിയുടെ കൈയിൽ നിന്നു വീണ ‘അപരാജിതയന്ത്രം’ എടുത്തിട്ടും രാജാവിന് ഒന്നും സംഭവിക്കാത്തതിലും നാടകീയതയുണ്ട്–യാദൃച്ഛികമായുള്ള ശകുന്തളയുടെ വരവും; മൂവരും ഒന്നിക്കുന്ന അവസാന രംഗവും നാടകീയം–പ്രേക്ഷകനിൽ ജിജ്ഞാസയും താൽപര്യവും കൗതുകവുമുണർത്തുന്ന രീതിയിൽ കഥാഗതിയെ കോർത്തിണക്കി–സന്ദർഭങ്ങളെ ചലനാത്മകമാക്കാൻ നാടകീയതയ്ക്കു കഴിവുണ്ട്.

∙ ജീവചരിത്രക്കുറിപ്പ്–എ.ആർ. രാജരാജവർമ

(ജനനം: 1863 – മരണം: 1918). ചങ്ങനാശേരിയിൽ ജനനം–കേരള പാണിനി എന്ന അപര നാമധേയം–അധ്യാപകൻ–സംസ്കൃത പണ്ഡിതൻ–നിരൂപകൻ, കവി. മലയാള വ്യാകരണം ശാസ്ത്രീയമായി ചിട്ടപ്പെടുത്തി–കേരള പാണിനീയം, ഭാഷാഭൂഷണം, വൃത്തമഞ്ജരി എന്നീ വ്യാകരണ ഗ്രന്ഥങ്ങൾ–സംസ്കൃത മഹാപാഠശാലാ പ്രിൻസിപ്പൽ–മഹാരാജാസ് കോളജിലെ (തിരുവനന്തപുരം) നാട്ടുഭാഷാ സൂപ്രണ്ട്

3. പാവങ്ങൾ

∙കഥാപാത്ര നിരൂപണം– മെത്രാൻ

‘അപ്പോൾ ആ വെള്ളിസ്സാമാനം നമ്മുടെയായിരുന്നുവോ?’

‘മദാം മഗ്വാർ, ഞാൻ ആ വെള്ളിസ്സാമാനം വളരെക്കാലം സൂക്ഷിച്ച് പോന്നത് ഒരിക്കലും ശരിയായിട്ടല്ല. അത് പാവങ്ങളുടെയാണ്.’

‘ഒരു കഷണം അപ്പം ഒരു കോപ്പ പാലിൽ എടുത്തു മുക്കുന്നതിന് ഒരാൾക്ക് മരംകൊണ്ടുള്ള മുള്ളും കയ്‌ലും കൂടി ആവശ്യമില്ല.’

 ഈ പ്രസ്താവനയിൽ വെളിപ്പെടുന്ന മെത്രാന്റെ മഹത്വം വ്യക്തമാക്കി കഥാപാത്ര നിരൂപണം ചെയ്യുക.

(സൂചന: സ്നേഹം, കാരുണ്യം, ഭൂതദയ ഇവയുടെ ആൾരൂപം– സഹജീവികളോടുള്ള കരുതൽ– മാനസിക വിശാലത– വിലപിടിച്ച വസ്തുക്കളുടെ സൂക്ഷിപ്പുകാർ മാത്രമാണ് നാം– ഉടമസ്ഥരല്ല എന്ന ബോധ്യം– ഭൗതിക വസ്തുക്കൾക്ക് ജീവിതത്തിൽ സ്ഥാനമില്ല എന്ന തിരിച്ചറിവ്– സാർ, സ്നേഹിതാ, എന്റെ സഹോദരാ തുടങ്ങിയ സംബോധന)

∙ വിശകലനക്കുറിപ്പ്

ഉപ്പുകൊണ്ടുള്ള ഒരു പ്രതിമപോലെ അയാൾ നിന്നേടത്തുതന്നെ മിഴിച്ചുകൊണ്ടു നിന്നു. പ്രയോഗഭംഗി വിശകലനം ചെയ്യാം.

(സൂചന:  കഥാസന്ദർഭം സൂചിപ്പിക്കാം– പിടിക്കപ്പെടുമെന്നറിയുമ്പോഴുള്ള മാനസികാവസ്ഥ– തന്റെ പൂർവ ചരിത്രം ഓർക്കുന്നു– മിഴിച്ചും തരിച്ചുമുള്ള നിശ്ചലനായ നിൽപ്– ഉപ്പു പ്രതിമയിലെ ഈർപം– വിയർപ്പിൽ കുളിച്ചു നിൽക്കുന്ന അവസ്ഥ)

∙കാലാതീതം കാവ്യവിസ്മയം– യൂണിറ്റ് ശീർഷകം വിലയിരുത്തൽ

കാലത്തെ അതിജീവിക്കുന്ന സാഹിത്യകൃതികൾ– കാല,ദേശ, ഭാഷാ പരിമിതികളെ ഇല്ലാതാക്കി ഈ കൃതികൾ വിശ്വമാനവികത ഉയർത്തിപ്പിടിക്കുന്നു– പതിനാറാം നൂറ്റാണ്ടിൽ രചിച്ച എഴുത്തച്ഛന്റെ കൃതികൾ ഇന്നും വായിക്കപ്പെടുന്നു– മൂല്യബോധം നൽകുന്നു– കാത്തിരിപ്പും ക്ഷമയും ത്യാഗവും സ്നേഹവും ജീവിതത്തിൽ നല്ല മുഹൂർത്തങ്ങളെ സമ്മാനിക്കന്നു എന്ന് ശാകുന്തളം പഠിപ്പിക്കുന്നു. കരുതലും കാരുണ്യവും വറ്റാത്ത നന്മയും ഉണ്ടെങ്കിൽ എല്ലാ തിന്മയെയും മറികടക്കാൻ സാധിക്കുമെന്നാണ് പാവങ്ങളിലെ ഉള്ളടക്കം. കൃതികൾ മനുഷ്യകഥാനുഗായികളാണെന്ന സന്ദേശം പകരുന്ന യൂണിറ്റ്.

∙ ‘അകത്തുകടക്കാൻ നോക്കുന്ന പൂച്ചയുടെ കളവുള്ളതും സ്വസ്ഥതയില്ലാത്തതുമായ സൗമ്യഭാവത്തോടുകൂടി അനങ്ങാതെ വിരൽത്തുമ്പുകൊണ്ട് പതുക്കെ അയാൾ വാതിലുന്തി... അയാൾ ഒരു നിമിഷം അനങ്ങാതെ നിന്നു. കുറേകൂടി ധൈര്യം പിടിച്ച് ഒന്നുകൂടി ഉന്തി.

(പാഠഭാഗം)

‘പുരപ്പുറത്ത് ചാഞ്ഞുകിടക്കുന്ന നാട്ടുമാവിന്റെ കൊമ്പിലൂടെ വലിഞ്ഞുകയറി. പതുക്കെ രണ്ട് ഓട് എടുത്തുമാറ്റി. അടുക്കളയ്ക്കു മച്ചില്ലെന്നാണു കരുതിയത്. അതുകൊണ്ട് ഇരട്ടിപ്പണിയായി. ഒരു പ്രകാരത്തില്‍ പട്ടികയുടെ വിടവിലൂടെ മച്ചിൻ പുറത്തുകയറി. (കള്ളൻ– എംപി നാരായണപിള്ള)

മോഷണത്തിനിറങ്ങുന്ന കള്ളന്റെ മാനസികാവസ്ഥ ഈ ഭാഗത്തു വെളിപ്പെടുന്നുണ്ടോ? ലഘുകുറിപ്പ് എഴുതാം.

(സൂചന: മോഷണശ്രമത്തിനിടയിലെ മാനസിക സംഘർഷം – സൂക്ഷ്മത–ഭയം–പരിഭ്രമം–പൂച്ചയുമായുള്ള സാദൃശ്യം (ശരീരഭാഷ) പതുക്കെ എന്ന പ്രയോഗത്തിലെ അർഥസാധ്യത)

∙‘‘ഒരു സത്യവാനായിരിക്കുവാൻ ഈ ക്ഷണം ഉപയോഗപ്പെടുത്തുമെന്നു നിങ്ങൾ പ്രതിജ്ഞ ചെയ്തിട്ടുള്ളതു മറക്കരുതേ, ഒരിക്കലും മറന്നുപോവരുത്.’’ (മെത്രാൻ–പാവങ്ങൾ)

‘‘എല്ലാ സത്യത്തിനുവേണ്ടി ത്യജിക്കാം–എന്നാൽ സത്യം ഒന്നിനും വേണ്ടി ത്യജിച്ചുകൂടാ (സ്വാമി വിവേകാനന്ദൻ)

രണ്ടു പ്രസ്താവനകളിലുമടങ്ങിയ സത്യത്തിന്റെ മഹത്വത്തെക്കുറിച്ച് ഒരു പ്രഭാഷണം തയാറാക്കുക 

(സൂചന: ജീവിത സൗഭാഗ്യങ്ങളും ഭൗതികനേട്ടങ്ങളും സത്യത്തിനു വേണ്ടി ഉപേക്ഷിക്കണം.–സത്യം ജീവിത വ്രതമായി സ്വീകരിക്കണം.)

English Summary : Malayalam pareeksha sahayi-1

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com