കപ്പലിൽ വച്ചു നിഗൂഢമായി മരിച്ച റുഡോൾഫ്: ഡീസൽ എൻജിന്റെ പിതാവ്

HIGHLIGHTS
  • ലോകമെമ്പാടുമുള്ള ചരക്കുനീക്കങ്ങൾ വേഗത്തിലായി
  • പട്ടിണിയും ക്ഷാമങ്ങളുമൊക്കെ ഇതു വഴി പരിഹരിച്ചു
rudolf-diesel-and-his-invention
ചിത്രത്തിന് കടപ്പാട് : വിക്കിപീഡിയ
SHARE

തൊണ്ണൂറു വർഷങ്ങൾക്കപ്പുറം മുപ്പതുകളിൽ ഇതുപോലെ ഒരു ജനുവരി ആദ്യപാദത്തിലാണ് അമേരിക്കയിൽ വളരെ പ്രശസ്തമായ ഒരു റോഡ് ഷോ തുടങ്ങിയത്. ഇന്ത്യാനപൊലിസിൽ നിന്നു ന്യൂയോർക്കിലേക്കുള്ള ഷോയുടെ സംഘാടകർ യുഎസിലെ കമ്മിൻസ് എന്ന എൻജിൻ കംപനിയായിരുന്നു. ഡീസൽ എൻജിൻ ഉപയോഗിച്ചുള്ള വാഹനങ്ങൾ ആ റോഡ് ഷോയിൽ നിരയായി പങ്കെടുത്തു. 800 മൈലുകളോളം നീണ്ടു നിന്ന ആ ഷോ പിന്നീടുള്ള വാഹനമേഖലയിൽ ഡീസൽ എൻജിനുകൾ പുലർത്തിയ അപ്രമാദിത്വത്തിന്റെ തുടക്കസൂചനയായിരുന്നു. 

എന്നാൽ ഇതിനും 17 വർഷങ്ങൾ മുൻപ് അയാൾ ഭൂമിയിൽ നിന്ന് അപ്രത്യക്ഷനായിരുന്നു, റുഡോൾഫ് ഡീസൽ, ലോക വാഹനരംഗത്തെ മാറ്റി മറിച്ച പ്രതിഭാശാലി.  ഡീസൽ എൻജിന്റെ സ്രഷ്ടാവ്. 

1913 സെപ്റ്റംബറിൽ ബെൽജിയത്തിലെ ആന്റ്‌വെർപ് എന്ന തുറമുഖത്തി‍ൽ നിന്നു ഇംഗ്ലണ്ടിലെ ഹാർവിച്ചിലേക്കു പോകുകയായിരുന്നു ഡീസൽ. യാത്ര രണ്ടാഴ്ച പിന്നിട്ടു.  ഇതിനിടയിൽ കപ്പലിന്റെ ഡെക്കിൽ നിന്നു നോക്കിയ ഒരു നാവികൻ കണ്ടത് കപ്പലിനു സമീപം ഒഴുകി നടക്കുന്ന ഒരു മൃതദേഹമാണ്. ആത്മഹത്യ ചെയ്തതാണെന്നായിരുന്നു പ്രാഥമിക നിഗമനം. പൊലീസ് കേസ് ആ രീതിയിൽ എഴുതിത്തള്ളുകയും ചെയ്തു. എന്നാ‍ൽ പലരും റുഡോൾഫിന്റെ മരണം കൊലപാതകമാണെന്ന വാദവും ഉയർത്തി. അന്നത്തെ സാഹചര്യങ്ങൾ നോക്കുമ്പോൾ ആ വാദത്തിനും അൽപം കഴമ്പുണ്ടെന്നു തോന്നും. അന്നത്തെ യൂറോപ്യൻ സാങ്കേതികമേഖലയിൽ അത്ര പ്രശസ്തനായിരുന്നു റുഡോൾഫ്. അദ്ദേഹത്തിന്റെ കണ്ടെത്തലായ ഡീസൽ എൻജിൻ പലർക്കും തലവേദനയുമായിരുന്നു. 

∙എൻജിനുകളെ സ്വപ്നം കണ്ട്

റുഡോൾഫ് പഠിച്ചിരുന്ന കാലഘട്ടത്തിൽ ആവി എൻജിനുകളായിരുന്നു ഏറ്റവും പ്രചാരമുള്ളവ. കൽക്കരി പോലുള്ള ഇന്ധനങ്ങൾ കത്തുന്ന താപോർജം വെള്ളത്തെ ആവിയാക്കി ആ ആവിയുടെ ശക്തിയെ ചലനോർജമാക്കി മാറ്റുന്ന ആവിയന്ത്രങ്ങൾ പക്ഷേ ഇന്ധന ഉപയോഗത്തിൽ ഒരു പരാജയമായിരുന്നു. ഇന്ധനത്തിൽ നിന്നും ലഭിക്കുന്ന 90 ശതമാനം ഊർജവും വെറുതെ നഷ്ടപ്പെട്ടു പോകുകയായിരുന്നു. 

അന്നു പെട്രോൾ എൻജിൻ കണ്ടുപിടിക്കപ്പെട്ടു കഴിഞ്ഞിരുന്നെങ്കിലും ഇതും ഇന്നത്തെപ്പോലെ കാര്യക്ഷമമായ രൂപത്തിലായിരുന്നില്ല. ഊർജനഷ്ടം ധാരാളമായി ഇതിലുമുണ്ടായി. ഒരിക്കൽ ജർമനിയിലെ മ്യൂണിക്കിലുള്ള ബവേറിയൻ ഇൻസ്റ്റിറ്റ്യൂട്ടിൽ ഒരു ക്ലാസിൽ പങ്കെടുക്കവേ അവിടത്തെ അധ്യാപകൻ നടത്തിയ ഒരു പ്രസ്താവന റുഡോൾഫിനെ ആകർഷിച്ചു. 

കിട്ടുന്ന ഊർജത്തിനെ പരമാവധി ഉപയോഗിച്ച് ഉയർന്ന കാര്യമക്ഷമതയോടെ ജോലി ചെയ്യുന്ന കാർണോട് എൻജിനെക്കുറിച്ചായിരുന്നു ആ ക്ലാസ് (ഇത്തരം ഒരു എൻജിൻ പ്രാവർത്തികം അല്ലെന്ന് ഇന്ന് നമുക്ക് അറിയാം). കാർണോട് എൻജിൻ പോലൊരു എൻജിൻ താനുണ്ടാക്കുമെന്ന് റുഡോൾഫ് പ്രതിജ്ഞയെടുത്തു. അതിനുള്ള ശ്രമവും തുടങ്ങി.  ഒടുവിൽ നിരന്തര രൂപകൽപനയ്ക്കും പരീക്ഷണങ്ങൾക്കും ശേഷം അദ്ദേഹം എൻജിൻ ഉണ്ടാക്കുക തന്നെ ചെയ്തു. ഡീസൽ എൻജിന്റെ ആദ്യരൂപം. 

പെട്രോൾ എൻജിനുകളിൽ ഇന്ധനവും വായുവും കൂടിക്കലർന്നിട്ട് ഒരു സ്പാർക് പ്ലഗ്ഗിൽ നിന്നുള്ള തീപ്പൊരിയാണ് ഊർജത്തിനു കാരണമാകുന്നത്. എന്നാൽ ഡീസൽ എൻജിനുകളിൽ വായുവിനെ ഉയർന്ന സമ്മർദ്ദത്തിലാക്കും. എന്നിട്ട് ഇന്ധനം എൻജിന്റെ സിലിണ്ടറിലേക്കു കടത്തിവിടുന്നതോടെ അതു സ്വയം ജലിച്ചു പ്രവർത്തിക്കും. 

ഈ ഒരു തത്വം കാരണം ഉയർന്ന കാര്യക്ഷമതയായിരുന്നു ഡീസൽ കണ്ടെത്തിയ എൻജിന്. ഈ വാർത്ത പരന്നതോടെ ഒട്ടേറെ എൻജിനുകൾ വിറ്റുപോയി. എന്നാൽ താമസിയാതെ തന്നെ വിറ്റ പലതും തിരിച്ചെത്തി. ഇന്ധന ക്ഷമത കൂടുതലാണെങ്കിലും തകരാറുകളും കൂടുതലായിരുന്നു. അറ്റകുറ്റപ്പണികൾ ചെയ്തു മടുത്ത ഉപഭോക്താക്കൾ തങ്ങളുടെ കാശ് ആവശ്യപ്പെട്ട് തിരിച്ചെത്തി. ഡീസൽ ഇവർക്കെല്ലാം തുക തിരിച്ചുകൊടുക്കുകയും ചെയ്തു. 

∙പതറാതെ

കൈപൊള്ളിക്കുന്ന ഈ അനുഭവങ്ങളൊന്നും തന്നെ പക്ഷേ റുഡോൾഫിലെ എൻജിനീയറിനെ തളർത്തിയില്ല. അദ്ദേഹം പരീക്ഷണങ്ങൾ തുടർന്നു, തന്റെ എൻജിനെ കൂടുതൽ പരിഷ്കരിച്ചു. അതിലുപയോഗിക്കാനായി വിവിധ ഇന്ധനങ്ങൾ പരീക്ഷിച്ചു. ഒടുവിൽ പെട്രോളിയം ഉത്പന്നത്തിൽ മാറ്റം വരുത്തിയുണ്ടാക്കിയ പ്രത്യേക ഒരു ഇന്ധനം ഏറ്റവും മെച്ചമെന്നു കണ്ടെത്തി. ഏതാണെന്നോ ആ ഇന്ധനം? നമ്മൾ ഇന്നു കാറുകളിലും മറ്റുമുപയോഗിക്കുന്ന ‍‍ഡീസൽ തന്നെ. 

പെട്രോളിനെ അപേക്ഷിച്ച് പൊട്ടിത്തെറികളും സ്ഫോടനങ്ങളുമുണ്ടാകാനുള്ള സാധ്യത ഡീസലിനു കുറവായിരുന്നു. ഇതിനാൽ, ഈ ഇന്ധനവും എൻജിനും സൈനിക വാഹനങ്ങളിലൊക്കെ ഉപയോഗിച്ചു തുടങ്ങി. 1904ൽ ഫ്രാൻസ് തങ്ങളുടെ അന്തർവാഹിനികളിൽ ‍‍ഡീസൽ എൻജിൻ പരീക്ഷിച്ചു. 

ഇതു തന്നെയാകാം ഡീസലിന്റെ മരണത്തിനു കാരണമായതെന്നും ചില ഗൂഢാലോചന സിദ്ധാന്തക്കാർ പറയുന്നു. ഒന്നാം ലോകയുദ്ധം ആസന്നമായിരിക്കുന്ന കാലമായിരുന്നു അത്. ഫ്രാൻസും ഇംഗ്ലണ്ടുമൊക്കെ ജർമനിയുടെ ശത്രുപക്ഷത്ത്.  ഡീസൽ എൻജിൻ സംബന്ധിച്ച ചർച്ചകൾക്കായാകാം റുഡോൾഫ് ജർമനിയിലേക്കു പോയതെന്നും ഇതു മണത്തറിഞ്ഞ ജർമൻ രഹസ്യസേനകളാകാം റുഡോൾഫിന്റെ മരണത്തിനു കാരണമായതെന്നും പലരും വാദഗതികളുയർത്തുന്നുണ്ടെങ്കിലും ഇതിനൊന്നും തെളിവുകളില്ല. 

ഏതായാലും റുഡോൾഫ് അന്തരിച്ചു. എന്നാൽ അദ്ദേഹത്തിന്റെ കണ്ടുപിടിത്തമായ എൻജിൻ പിന്നീട് വൻ ലോകശ്രദ്ധ നേടി. ഒന്നാം ലോകയുദ്ധത്തിനു ശേഷം ട്രക്കുകളിലും ട്രെയിനുകളിലുമൊക്കെ ഈ എൻജിൻ വലിയ തോതിൽ ഉപയോഗിച്ചു തുടങ്ങി. രണ്ടാം ലോകയുദ്ധത്തിനു ശേഷം കപ്പലുകൾ ഏതാണ്ട് പൂർണമായും ഡീസൽ എൻജിനു വഴിമാറി.  മനുഷ്യസംസ്കാരത്തിന്റെ വലിയ ഒരു കുതിച്ചുചാട്ടമായിരുന്നു അത്.  ലോകമെമ്പാടുമുള്ള ചരക്കുനീക്കങ്ങൾ വേഗത്തിലായി. പട്ടിണിയും ക്ഷാമങ്ങളുമൊക്കെ ഇതു വഴി പരിഹരിച്ചു. 

ലോകം ഒരുപാടു കടപ്പെട്ടിട്ടുണ്ട് റുഡോൾഫ് ഡീസൽ എന്ന പ്രതിഭാധനനായ എൻജിനീയറോട്. ജീവിച്ചിരുന്ന കാലത്ത് കിട്ടേണ്ട അംഗീകാരങ്ങൾ അദ്ദേഹത്തെ തേടിയെത്തിയില്ല.  എന്നാൽ മരണശേഷം താൻ കണ്ടെത്തിയ എൻജിനിലൂടെയും അതിലുപയോഗിക്കുന്ന ഇന്ധനത്തിലൂടെയും ‘ഡീസൽ’ എന്ന പേര് അനശ്വരത നേടി. 

English Summary : Rudolf Diesel and his invention

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN PADHIPURRA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അതിരപ്പിള്ളിയുടെ മനോഹാരിതയിൽ നിത്യ മേനോൻ: ഫോട്ടോഷൂട്ട് മേക്കിങ് വിഡിയോ

MORE VIDEOS
FROM ONMANORAMA