ADVERTISEMENT

2001 സെപ്റ്റംബർ 11... വർത്തമാന ലോകത്തിലെ ഏറ്റവും ഞെട്ടിച്ച ദിനം. യുഎസിന്റെ അഭിമാനസ്തംഭങ്ങളായ വേൾഡ് ട്രേഡ് സെന്ററിന്റെ ഇരട്ടഗോപുരങ്ങൾ വിമാനം ഉപയോഗിച്ചുള്ള തീവ്രവാദി ആക്രമണത്തിൽ തകർന്നു വീണു. മറ്റൊരു ആക്രമണത്തിൽ അമേരിക്കൻ പ്രതിരോധത്തിന്റെ ഉരുക്കുകോട്ടയായ പെന്റഗൺ ലക്ഷ്യം വയ്ക്കപ്പെട്ടു. 

ലോകസാമ്പത്തിക രംഗത്തെയും സാമൂഹിക മേഖലയെയുമൊക്കെ ബാധിച്ച ആ ആക്രമണത്തിന് ഒരു മൂന്നാംഘട്ടം കൂടിയുണ്ടായിരുന്നു. ലക്ഷ്യത്തിലെത്താൻ സാധിക്കാത്ത ഒരു മൂന്നാംഘട്ടം.  ആ ഘട്ടത്തിൽ അക്രമികൾ ലക്ഷ്യം വച്ചത് അമേരിക്കൻ ജനാധിപത്യത്തിന്റെ മർമ്മസ്ഥാനമായ പാർലമെന്റ് അഥവാ യുഎസ് കാപ്പിറ്റോൾ മന്ദിരത്തെത്തന്നെയാണ്. ഫ്ലൈറ്റ് 93 എന്ന ആ വിമാനത്തിന്റെയും പൂർത്തിയാകാതെ പോയ ആ ആക്രമണത്തിന്റെയും കഥ. 

∙പറന്നു പൊങ്ങിയ വിമാനങ്ങൾ

സെപ്റ്റംബറിലെ ആ കറുത്ത ദിനത്തിൽ അൽഖായ്‌ദ ഭീകരർ 4 യാത്രാവിമാനങ്ങൾ റാഞ്ചിയിരുന്നു. ഇവയിൽ അമേരിക്കൻ എയർലൈൻസ് ഫ്ലൈറ്റ് 11, യുണൈറ്റഡ് എയർലൈൻസ് ഫ്ലൈറ്റ് 175 എന്നിവയാണ് വേൾഡ് ട്രേ‍ഡ് സെന്റർ ആക്രമിക്കാനായി ഉപയോഗിച്ചത്. അമേരിക്കൻ എയർലൈൻസ് ഫ്ലൈറ്റ് 77 പെന്റ‍ഗൺ ആക്രമിക്കാനായി നിയോഗിക്കപ്പെട്ടു. 

നാലാമത്തെ വിമാനമായിരുന്നു ഫ്ലൈറ്റ് 93. എല്ലാ ദിവസവും പുലർച്ചെ യുഎസിലെ ന്യൂജഴ്സിയിലെ നേവാർക്കിൽ നിന്നും സാൻ ഫ്രാൻസിസ്കോയിലേക്കു പോകുന്ന വിമാനമായിരുന്നു ഇത്. വേൾഡ് ട്രേ‍ഡ് സെന്ററിൽ ആക്രമണം നടക്കുന്നതിന് അൽപസമയം മുൻപ് രാവിലെ 8. 42നാണു വിമാനം ടേക്ക് ഓഫ് നടത്തിയത്. 7 ജീവനക്കാർ, 33 യാത്രികർ എന്നിവരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. 

 

∙ഭീകരക്കൂട്ടം വിമാനത്തിനുള്ളിൽ

യാത്രക്കാരിൽ 4 പേർ അൽഖായ്ദ ഭീകരരാണെന്ന കാര്യം ആരുമറിഞ്ഞില്ല.  സമാധാനപൂർണമായ ആ സെപ്റ്റംബർ അന്തരീക്ഷത്തിൽ ആരും അങ്ങനെയൊരു ആക്രമണത്തെപ്പറ്റി ചിന്തിച്ചുപോലും കാണില്ല. എന്നാൽ ഫ്ലൈറ്റിൽ കടന്നുകൂടിയ ഭീകരർ എല്ലാം തീരുമാനിച്ച് ഉറപ്പിച്ചശേഷമാണ് എത്തിയത്. അവരുടെ കൈയിൽ ആയുധങ്ങളുമുണ്ടായിരുന്നു. 

വിമാനയാത്രയുടെ ആദ്യ 40 മിനിറ്റിൽ റാഞ്ചാനുള്ള ഒരു നടപടികളും ഭീകരരുടെ ഇടയിൽ നിന്നുണ്ടായില്ല. ഇതിനിടെ വേൾഡ് ട്രേ‍‍ഡ് സെന്റർ തകർത്ത വാർത്ത പൈലറ്റുമാർ അറിഞ്ഞിരുന്നു. യാത്രക്കാരെ പരിഭ്രാന്തരാക്കേണ്ടെന്നു കരുതി അവർ വാർത്ത പുറത്തുവിട്ടില്ല. എന്നാൽ സമാനമായ വിധി തങ്ങളെയും കാത്തിരിക്കുന്നുണ്ടെന്ന് അവർ അപ്പോഴും അറിഞ്ഞിരുന്നില്ല. 

∙വിമാനം ഭീകരരുടെ കൈയിൽ

കുറച്ചു മിനിട്ടുകൾ കടന്നു പോയി.  ഇതിനിടെ കോക്ക്പിറ്റിലേക്ക് ഭീകരർ ഇരച്ചുകയറി. ഞൊടിയിടയ്ക്കുള്ളി‍ൽ അവർ വിമാനത്തിന്റെ നിയന്ത്രണം കൈക്കലാക്കി. ഭീകരരിലൊരാളും പൈലറ്റ് ട്രെയിനിങ് ലഭിച്ചിട്ടുള്ളയാളുമായ സിയാദ് ജറ, യാത്രികരോട് വിമാനത്തിൽ ബോംബ് വച്ചിട്ടുണ്ടെന്നും പ്രശ്നമുണ്ടാക്കിയാൽ വിമാനം തകർത്തുകളയുമെന്നും ഭീഷണിപ്പെടുത്തി. ഓട്ടോപൈലറ്റ് മാറ്റിയ ജറ വിമാനത്തിന്റെ ദിശയും മാറ്റി. 

∙സടകുടഞ്ഞ് യാത്രികർ

എന്നാൽ ഭീകരരുടെ ഭീഷണി കേട്ട് പേടിച്ചിരിക്കാൻ യാത്രക്കാർ തയാറായില്ല. വേൾഡ് ട്രേഡ് സെന്റർ തകർത്തതും പെന്റഗൺ ആക്രമിച്ചതുമെല്ലാം ഇതിനിടയി‍ൽ അവർ അറിഞ്ഞിരുന്നു. വല്ലാത്തൊരുതരം ആത്മധൈര്യവും രോഷവും അവരിൽ നിറഞ്ഞു. അമേരിക്കൻ മണ്ണിൽ ഇനിയും ദുരന്തം സൃഷ്ടിക്കാൻ ഭീകരരെ അനുവദിക്കില്ലെന്ന് അവർ പ്രതിജ്ഞയെടുത്തു. 

പലരും വിമാനത്തിലെ ഫോണിലൂടെ വീട്ടുകാരെ വിളിച്ച് അവസാനമായി സംസാരിച്ചു. ധൈര്യമായിരിക്കാൻ അവർ വീട്ടുകാരോട് ആവശ്യപ്പെട്ടു. എന്നിട്ട് ഭീകരർക്കെതിരെ തിരിച്ചടി തുടങ്ങി. 

അപ്രതീക്ഷിതമായ യാത്രക്കാരുടെ തിരിച്ചടിയിൽ അങ്കലാപ്പിലായ ഭീകരർ യാത്രക്കാരെ പേടിപ്പിക്കാനായി വിമാനം ചായിക്കുകയും ചരിയിക്കുകയും കുത്തിമറിപ്പിക്കുകയുമൊക്കെ ചെയ്തു. എന്നാൽ യാത്രക്കാർ ചെറുത്തു നിൽപ് തുടർന്നു ഇതോടെ രക്ഷയില്ലെന്നു ഭീകരർക്കു മനസ്സിലായി. അവർ ആ കഠിനമായ തീരുമാനം ഉടനടി തന്നെ എടുത്തു. 

പെൻസിൽവേനിയയ്ക്കു സമീപം ഷാങ്ക്സ്വില്ലയിലേക്ക് അവർ വിമാനം അതിവേഗത്തിൽ ഇടിച്ചിറക്കി. നിമിഷങ്ങൾക്കുള്ളിൽ ഇന്ധനം ഒഴുകിയിറങ്ങിയ വിമാനം ഒരു തീഗോളമായി മാറി. ഭീകരരും യാത്രികരും എല്ലാവരും ദുരന്തത്തിൽ മരിച്ചു. അപകടസ്ഥലത്തിനടുത്തുള്ള മരങ്ങൾ മണിക്കൂറുകളോളം നിന്നു കത്തിയത് അപകടത്തിന്റെ തീവ്രത വെളിവാക്കുന്നു. 

∙കാപ്പിറ്റോൾ ലക്ഷ്യമിട്ട്

എന്തായിരുന്നു ഫ്ലൈറ്റ് 93 റാഞ്ചിയ ഭീകരരുടെ ലക്ഷ്യമെന്നത് കുറേക്കാലം ഒരു ദുരൂഹതയായി തുടർന്നു. വൈറ്റ് ഹൗസാണെന്നും, ക്യാംപ് ഡേവിഡ് ആണെന്നും അതല്ല മറിച്ച് ഏതോ ആണവനിലയങ്ങളാണെന്നുമൊക്കെ അഭ്യൂഹങ്ങൾ പരന്നു. എന്നാൽ പിന്നീട് നടന്ന കൂടുതൽ അന്വേഷണങ്ങൾ ഒരു കാര്യത്തിലേക്കാണ് വിരൽ ചൂണ്ടിയത്. അമേരിക്കൻ പാർലമെന്റ് കുടികൊള്ളുന്ന യുഎസ് കാപ്പിറ്റോൾ മന്ദിരം തന്നെയായിരുന്നു ഭീകരരുടെ ലക്ഷ്യം. വാഷിങ്ടനിൽ നിന്നു 20 മിനിറ്റ് അകലെ മാത്രമായിരുന്നു ഫ്ലൈറ്റ് 93. കാപ്പിറ്റോളിൽ അന്നു ഇരുസഭകളുടെയും യോഗമുള്ളതിനാൽ അമേരിക്കയിലെ ഏറ്റവും പ്രമുഖരായ രാഷ്ട്രീയക്കാർ അവിടെ സന്നിഹിതരായിരുന്നു. അമേരിക്കൻ പ്രഥമ വനിത ലോറ ബുഷും അന്നവിടെ സന്ദർശനത്തിനെത്തിയിരുന്നു. കാപ്പിറ്റോളിൽ അന്ന് ആക്രമണം നടന്നെങ്കിൽ സെപ്റ്റംബർ ഭീകരാക്രമണത്തിന്റെ തീവ്രത പതിൻമടങ്ങാക്കാൻ ഭീകരർക്കു കഴിയുമായിരുന്നു. പക്ഷേ ധീരതയും നിശ്ചയദാർഢ്യവും പുറത്തെടുത്ത ഒരു കൂട്ടം ജനങ്ങൾക്കു മുൻപിൽ തോറ്റു പോകാതെ അവർക്കു തരമില്ലായിരുന്നു. 

English Summary : Mystery behind flight 93's target

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com