ജീവനുള്ള 22 അനാഥക്കുട്ടികളിൽ വാക്സീന്റെ ലോകയാത്ര !

HIGHLIGHTS
  • 3 മുതൽ 9 വരെ പ്രായമുള്ള 22 അനാഥ ആൺകുട്ടികളെ തിരഞ്ഞെടുത്തു
  • കുട്ടികളെ തിരികെ എത്തിക്കാം എന്ന് ഉറപ്പുകൊടുത്തിരുന്നെങ്കിലും
spanish-royal-philanthropic-expedition-to-bring-smallpox-vaccination-to-the-world
Representative image : New Africa / Shutterstock.com
SHARE

വസൂരി പോലൊരു   വൈറസ് രോഗം മനുഷ്യചരിത്രത്തിൽ മറ്റൊന്നുണ്ടാവില്ല. പതിനെട്ടാം നൂറ്റാണ്ടിൽ യൂറോപ്പിൽ ഓരോ വർഷവും 4 ലക്ഷത്തോളം  പേർ മരിക്കുമായിരുന്നു. അവിടെയുണ്ടാവുന്ന അന്ധതയുടെ മൂന്നിലൊന്നിന്റെയും കാരണവും വസൂരിയായിരുന്നു. ഇരുപതാം നൂറ്റാണ്ടിൽ മാത്രം ഏതാണ്ട് 30 കോടി പേർ വസൂരി മൂലം മരിച്ചതായാണു കണക്ക്. പല മഹാസാമ്രാജ്യങ്ങളെയും സംസ്കാരങ്ങളെയും വസൂരി ഭൂമുഖത്തുനിന്ന് ഇല്ലായ്മ ചെയ്തു. 1796ൽ എഡ്വേഡ് ജന്നർ വസൂരിക്ക് വാക്സീൻ കണ്ടെത്തി. മകളും സഹോദരനും വസൂരി മൂലം മരിക്കുകയും മറ്റൊരു മകൾ രോഗബാധിതയായെങ്കിലും രക്ഷപ്പെടുകയും ചെയ്തശേഷം കാര്യത്തിന്റെ ഗൗരവം ബോധ്യപ്പെട്ട സ്പെയിൻ രാജാവ് ചാൾസ് നാലാമൻ രാജ്യമെങ്ങും പ്രജകൾക്ക് വാക്സിനേഷൻ നൽകാനാവശ്യപ്പെട്ടു. 2 വർഷത്തിനുശേഷം സ്പെയിനിന്റെ കീഴിലുള്ള ദക്ഷിണ അമേരിക്കയിലെയും ഫിലിപ്പീൻസിലെയും പ്രജകൾക്ക് വാക്സീൻ നൽകാൻ ഡോക്ടർ ഫ്രാൻസിസ്കോ ബാൾമിസിനെ രാജാവ് നിയോഗിച്ചു. 

തണുപ്പിച്ചു സൂക്ഷിക്കാനൊന്നും പറ്റാത്ത അക്കാലത്ത് എങ്ങനെയാണ് വാക്സീൻ അത്രയും ദൂരേക്ക് കൊണ്ടുപോയിരിക്കുക?  രാജാവിന്റെ ഡോക്ടറായ ജോസഫ് ഫ്ലോറസ് ആണ് അതിനൊരു വഴി നിർദേശിച്ചത്. ജീവനുള്ള മനുഷ്യരിൽത്തന്നെ വൈറസ് കൊണ്ടുപോകുക. അതിനായി 3 മുതൽ 9 വരെ പ്രായമുള്ള 22 അനാഥ ആൺകുട്ടികളെ തിരഞ്ഞെടുത്തു. വസൂരിബാധ ഒരിക്കലും ഉണ്ടായിട്ടില്ലാത്തവരും വാക്സിനേഷൻ അതുവരെ ലഭിച്ചിട്ടില്ലാത്തവരുമായ ആ കുട്ടികളിലെ ഓരോ ജോടികളിലായി ആരോഗ്യപ്രവർത്തകർ കപ്പലിൽ വച്ച് വാക്സീൻ കുത്തിവയ്ക്കും. 8 -10 ദിവസമാകുമ്പോഴേക്കും അവരുടെ ശരീരത്തിൽ ഉണ്ടാകുന്ന കുരുക്കളിൽ നിന്നുള്ള നീരുപയോഗിച്ച് അടുത്ത ജോടി കുട്ടികളെ വാക്സിനേറ്റ് ചെയ്യും. ഇങ്ങനെ ബാൾമിസിന്റെ നേതൃത്വത്തിലുള്ള വൈദ്യസംഘം പത്താഴ്ച നീണ്ട കടൽയാത്രയിൽ വാക്സീൻ നിലനിർത്തി. ഇന്നത്തെ മനുഷ്യാവകാശ -ബാലാവകാശ രീതിയിൽ നോക്കിയാൽ ഗുരുതരമായ ലംഘനങ്ങളാവണം അന്നു നടന്നിട്ടുണ്ടാവുക. രാജാവിന്റെ ആജ്ഞയായതിനാൽ കാര്യം വേഗം നടന്നിട്ടുണ്ടാവണം. കുട്ടികളെ തിരികെ എത്തിക്കാം എന്ന് ഉറപ്പുകൊടുത്തിരുന്നെങ്കിലും അതു പൂർണമായി പാലിക്കാനായിട്ടുണ്ടാവില്ല. 

1803 നവംബർ 30ന് യാത്ര ആരംഭിച്ച ഈ സംഘം തെക്കേ അമേരിക്കയിലെമ്പാടും വാക്സിനേഷൻ നടത്തി. ചെന്നിടത്തെല്ലാം സ്ഥിരം വാക്സിനേഷൻ കേന്ദ്രങ്ങൾ ഉണ്ടാക്കുകയും അതിനായി ആൾക്കാരെ സജ്ജമാക്കുകയും ചെയ്തു. 1804 ൽ ക്യൂബയിൽ വാക്സിനേഷൻ നടത്തിയശേഷം രണ്ടു ടീമുകളായി തിരിഞ്ഞു. ഡോ. ജോസ് സാൽവനിയുടെ നേതൃത്വത്തിലുള്ള സംഘം അമേരിക്കയുടെ കൂടുതൽ തെക്കു ഭാഗത്തേക്കു നീങ്ങി. നാലായിരത്തോളം കിലോമീറ്ററുകൾ സഞ്ചരിച്ച് രണ്ടു ലക്ഷത്തോളം വാക്സിനേഷൻ നടത്തിയ ഡോ. സാൽവനിക്ക് യാത്രയ്ക്കിടയിൽ ഉണ്ടായ അണുബാധയിൽ ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടു. തുടർന്നുണ്ടായ ക്ഷയരോഗബാധയാൽ അദ്ദേഹം 1810ൽ  36–ാം വയസ്സിൽ ബൊളീവിയയിൽ വച്ച് മരിച്ചു.

ഡോ. ബാൾമിസിന്റെ നേതൃത്വത്തിലുള്ള ടീം മെക്സിക്കോയിൽ വാക്സിനേഷൻ നടത്തി അമേരിക്കയുടെ പടിഞ്ഞാറന്‍ തീരത്തെത്തി. ഇനി ശാന്തസമുദ്രം കടന്ന് ഫിലിപ്പീൻസിലേക്കു പോകണം. സ്പെയിനിൽനിന്നു കൊണ്ടുവന്ന കുട്ടികളെ മെക്സിക്കോയിൽ നിർത്തി പുതിയ 26 മെക്സിക്കൻ കുട്ടികളെ കണ്ടെത്തി. തിരികെ വീട്ടിലെത്തിക്കുമെന്ന ഉറപ്പിലാണ് അവരെ മാതാപിതാക്കൾ വിട്ടുനൽകിയത്.

ഫിലിപ്പീൻസിൽ തുടക്കത്തിൽ  മതനേതൃത്വം വാക്സിനേഷന് എതിരുനിന്നെങ്കിലും അവിടത്തെ ഗവർണർ ജനറൽ തന്റെ 5 മക്കൾക്കും വാക്സീൻ നൽകി കാണിച്ചതോടെ എതിർപ്പു മാറി.  സ്പെയിനുമായി ശത്രുതയിലായിരുന്നിട്ടും ഇംഗ്ലണ്ടിന്റെ ദ്വീപായ സെന്റ് ഹെലേനയിലെ നാട്ടുകാർക്കും ബാൾമിസ് വാക്സീൻ നൽകി. പടിഞ്ഞാറോട്ട് സഞ്ചരിച്ച് ഭൂമിയെ ചുറ്റി ബാൾമിസ് തിരികെ 1806ൽ സ്പെയിനിലെത്തി. അവിടെ രാജാവു തന്നെയായിരുന്നു അദ്ദേഹത്തെ സ്വീകരിച്ചത്. ലോകാരോഗ്യ സംഘടനയൊക്കെ ഉണ്ടാകുന്നതിനും ഒന്നര നൂറ്റാണ്ടു മുൻപ് ഒട്ടേറെ പ്രതിസന്ധികളെ അതിജീവിച്ച് സ്പെയിൻ രാജാവ് ലോകവ്യാപകമായി നടത്തിയ വാക്സിനേഷൻ രോഗചരിത്രത്തെത്തന്നെ മാറ്റിമറിച്ചു. പിന്നീടും രണ്ടുനൂറ്റാണ്ടോളം എടുത്തു, ലോകത്തുനിന്നു വസൂരി പൂർണമായും ഇല്ലാതാകാൻ.

ചരിത്രത്തിന്റെ വഴിത്താരയിൽ ഇത്രയും മാനുഷികവും വ്യാപകവുമായ മറ്റൊരു പ്രവൃത്തിയും ഉണ്ടായിട്ടില്ലെന്നാണ് എഡ്വേഡ് ജന്നർ ഇതെക്കുറിച്ചു പറഞ്ഞത്. കൊറോണ വൈറസിനെതിരെയുള്ള ഭീതിയെ മറികടക്കാനുള്ള തങ്ങളുടെ പ്രവർത്തനത്തിന് സ്പെയിനിലെ സൈന്യം ഓപ്പറേഷൻ ബാൾമിസ് എന്നാണ് പേരു നൽകിയിരിക്കുന്നത്.

കുട്ടികളെ പരിപാലിക്കാൻ യാത്രയിൽ ഉണ്ടായിരുന്ന സ്പെയിൻകാരിയായ നഴ്സായിരുന്നു ഇസബെൽ സെൻഡൽ. ആദ്യമായി ഒരു രാജ്യാന്തര ആരോഗ്യപരിപാലന പദ്ധതിയിൽ പങ്കെടുത്ത നഴ്സായി ഇവരെ ലോകാരോഗ്യ സംഘടന 1950 ൽ അംഗീകരിച്ചു. 2020ൽ സ്പെയിനിലെ മഡ്രിഡിൽ കോവിഡിനെ നേരിടാൻ പെട്ടെന്ന് ഉണ്ടാക്കിയെടുത്ത ആശുപത്രിക്ക് ഇസബെലിന്റെ പേരാണു നൽകിയിരിക്കുന്നത്.

English Summary : Spanish royal philanthropic expedition to bring smallpox vaccination to theworld

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN PADHIPURRA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്റെ എസ്ബി; കലാലയ ഓർമകളിലൂടെ കുഞ്ചാക്കോ ബോബൻ

MORE VIDEOS
FROM ONMANORAMA