ഐടി കൂടുതൽ ഈസി - എസ്എസ്എൽസി പഠനസഹായി

malayalam-pareeksha-sahayi-1
SHARE

എസ്എസ്എൽസി മറ്റു പരീക്ഷകളെല്ലാം കഴിഞ്ഞ് ആവശ്യത്തിനു പരിശീലനങ്ങൾ ലഭ്യമാക്കിയശേഷം മാത്രമേ ഐടി പരീക്ഷ നടക്കൂ എന്ന ഉറപ്പ്  ആദ്യമേ ലഭിച്ചിരുന്നുവെങ്കിലും ആശങ്കകൾക്ക് അറുതിയുണ്ടായിരുന്നില്ല. എന്നാൽ, വിശദാംശങ്ങളെല്ലാം പുറത്തുവന്നപ്പോൾ എല്ലാവർക്കും ആശ്വാസമായിക്കാണണം. കോവിഡ് വീട്ടിലിരിപ്പു മൂലം മതിയായ ക്ലാസുകളോ പ്രായോഗിക പരിശീലനങ്ങളോ ലഭ്യമല്ലാതിരുന്നത‍ുകൊണ്ട‍ുണ്ടായ ആശങ്കകൾ ഇല്ലാതായെന്നു മാത്രമല്ല, കുറച്ചൊന്നു ശ്രദ്ധവച്ചു പരിശീലിച്ചാൽ‍ ഐടി പരീക്ഷ എല്ലാവർക്കും കൂടുതൽ ആഹ്ലാദകരമായ അനുഭവമായി മാറുമെന്നതിൽ സംശയമില്ല.

ഈ വർഷം മാറ്റങ്ങളെന്തൊക്കെ?

 തിയറി ചോദ്യങ്ങളുണ്ടാകില്ല

 ഐടി പ്രാക്ടിക്കൽ വർക് ബുക്ക്   (റിക്കാർഡ്) സമർപ്പിക്കേണ്ടതില്ല

 40 സ്കോറുകളും പ്രാക്ടിക്കൽ ഭാഗത്തുനിന്നു മാത്രം

 മൂന്നുവീതം ചോദ്യങ്ങളടങ്ങിയ നാല് ഗ്രൂപ്പുകൾ ഒരു കുട്ടിയുടെ മുന്നിൽ പ്രത്യക്ഷപ്പെടും. അവയിൽ നിന്ന് ഏതെങ്കിലും രണ്ട് ഗ്രൂപ്പുകളിലെ ഓരോ ചോദ്യങ്ങൾ (20മാർക്ക് വീതം) അതായത്, ആകെ രണ്ടു ചോദ്യങ്ങൾക്ക് ഉത്തരം നൽകിയാൽ മതി (ഈ ചോദ്യങ്ങളെല്ലാം മുൻകൂട്ടി പ്രസിദ്ധീകരിക്കുമെന്ന് അറിയുന്നു). 

 ആകെയുള്ള 50 മാർക്കിലെ ബാക്കി 10 മാർക്ക് നിരന്തര മൂല്യനിർണയത്തിന്റേതാണ് (CE). 

ആ മാർക്ക് നിങ്ങളുടെ പ്രായോഗിക പരിശീലനം വിലയിരുത്തി അധ്യാപകർ നൽകും.

 കൈറ്റിന്റെ വെബ്സൈറ്റിൽ (www.kite.kerala.gov.in) ഈ മാസം അവസാനത്തോടെ പ്രസിദ്ധീകരിക്കുന്ന ഡെമോ സോഫ്റ്റ്‌വെയറിലൂടെ നിങ്ങൾക്കു പ്രവർത്തനങ്ങൾ പരിശീലിക്കാനുള്ള സൗകര്യമൊരുങ്ങുന്നുണ്ട്.

ഫോക്കസ് ഏരിയ?

ആകെയുള്ള പത്തു പാഠങ്ങളിൽ, പ്രായോഗിക സാധ്യതകൾ കൂടിയ നാലു പാഠങ്ങളാണ് ഐടിയുടെ ഫോക്കസ് ഏരിയ. അവ താഴെ കൊടുക്കുന്നു.

 ഡിസൈനിങ്ങിന്റെ ലോകത്തിലേക്ക് (The world of designing)

  പ്രസിദ്ധീകരണത്തിലേക്ക് 

( Publishing)

 പൈത്തൺ ഗ്രാഫിക്സ് (Python Graphics)

  ചലിക്കും ചിത്രങ്ങൾ (Moving Images)

ഇനി, ഈ ഓരോ പാഠത്തിൽ നിന്നുമുള്ള മൂന്നുവീതം ചോദ്യങ്ങളേതൊക്കെയാണെന്നും അവ ചെയ്യുന്നതിനുള്ള സൂചനകളെന്തൊക്കെയാണെന്നും വിശദമായിത്തന്നെ പരിശോധിക

1. ഡിസൈനിങ്ങിന്റെ ലോകത്തിലേക്ക് (The world of designing)

തന്നിരിക്കുന്ന മാതൃകയിലുള്ള ചിത്രങ്ങൾ ഇങ്ക്സ്കേപ് (Inkscape) സോഫ്റ്റ്‌വെയർ       ഉപയോഗിച്ച് തയാറാക്കുവാനുള്ള മൂന്നു ചോദ്യങ്ങളാണ് ആദ്യ ഗ്രൂപ്പിൽ നിങ്ങളുടെ മുന്നിൽ പ്രത്യക്ഷപ്പെടുക. അവയിലേതെങ്കിലും ഒന്നുമാത്രം ചെയ്യുകയോ കൂടുതൽ എളുപ്പമെന്നു തോന്നുന്ന മറ്റു മൂന്നു ഗ്രൂപ്പുകളിലെ ഏതെങ്കിലും രണ്ട് വ്യത്യസ്ത ഗ്രൂപ്പ് ചോദ്യങ്ങൾക്കായി ഇവയെ ഒഴിവാക്കുകയോ ചെയ്യാം.

മൂന്നു ചോദ്യങ്ങളും നമുക്ക് ഓരോന്നായി പരിശോധിക്കാം.

Images10എന്ന ഫോൾഡറിൽ തന്നിരിക്കുന്ന ഒരു മാസ്ക്കിന്റെ ചിത്രം ഉൾപ്പെടുത്തി മേൽ കാണുന്നതുപോലെ ഒരു സ്റ്റിക്കർ തയാറാക്കാനുള്ള ചോദ്യം നമുക്ക് വളരെ വേഗം ചെയ്യാവുന്നതാണ്. 

ഇങ്ക്സ്കേപ് എന്ന സോഫ്റ്റ്‌വെയർ തുറന്ന് ബോർഡർ ഒഴിവാക്കി ഒരു ചതുരം വരയ്ക്കുക, ചതുരത്തിന്റെ ബോർഡർ തയാറാക്കുക, ഫിൽ ആൻഡ് സ്ട്രോക്ക് സങ്കേതം ഉപയോഗിക്കുക, ചിത്രം ഇംപോർട്ട് ചെയ്യുക, ടെക്സ്റ്റ് ടൂൾ ഉപയോഗിച്ച് ടൈപ് ചെയ്ത് ഫോർമാറ്റ് ചെയ്ത് നിശ്ചിത സ്ഥലത്തേക്ക് നീക്കിവയ്ക്കുക എന്നീ കാര്യങ്ങൾ ചെയ്ത് സേവ് ചെയ്താൽ മാത്രം മതി.

ഒരു വൃത്തം വരച്ച് റേഡിയൽ ഗ്രേഡിയന്റായി നിറം നൽകിയശേഷം Images10എന്ന ഫോൾഡറിൽ തന്നിരിക്കുന്ന മാപ്പിന്റെ ചിത്രം അതിനുമേൽ വരുത്തി ചിത്രത്തിൽ കാണുന്നപോലുള്ള ഗ്ലോബ് നിർമിക്കുന്നതാണ് ഈ പ്രവർത്തനം. സർക്കിൾ ടൂൾ, ഗ്രേഡിയന്റ്, ചിത്രം ഇംപോർട്ടിങ് എന്നീ കാര്യങ്ങൾക്കു ശേഷം സേവ് ചെയ്ത് അനായാസം അവസാനിപ്പിക്കാം.

പൂച്ചെടിയുടെ എസ്‍വിജി ചിത്രം Images10എന്ന ഫോൾഡറിൽ തന്നിട്ടുണ്ട്. അത് ഇങ്ക്സ്കേപ്പിൽ തുറന്ന് ഒരു ചെടിച്ചട്ടി വരച്ചു ചേർത്ത ശേഷം പിഎൻജി ഫോർമാറ്റിലേക്ക് എക്സ്പോർട് ചെയ്യുകയാണ് വേണ്ടത്.

അർധവൃത്തം വരയ്ക്കുന്നത്, അതിൽ ലീനിയർ ഗ്രേഡിയന്റ് അപ്ലൈ ചെയ്യുന്നത്, നിറം നൽകുന്നത്, പിഎൻജി ഫോർമാറ്റിലേക്ക്  എക്സ്പോർട് ചെയ്യുന്നത് എന്നീ പ്രവർത്തനങ്ങൾ അറിയാമെങ്കിൽ ഈ ചോദ്യം തിരഞ്ഞെടുത്ത് വളരെ എളുപ്പത്തിൽ പൂർത്തിയാക്കാം. 

എളുപ്പത്തിൽ അർധവൃത്തം വരയ്ക്കാനായി സർക്കിൾ ടൂൾ സിലക്ട് ചെയ്യുമ്പോൾ മുകളിൽ വരുന്ന വിൻഡോയിലെ സ്റ്റാർട്ട് വാല്യു ‘0’ ആയും എൻഡ് വാല്യു 180 ആയും നൽകിയാൽ മതി.

‘പ്രസിദ്ധീകരണത്തിലേക്ക്’, ‘പൈത്തൺ ഗ്രാഫിക്സ്’, ‘ചലിക്കും ചിത്രങ്ങൾ’ (രണ്ട്, മൂന്ന്, നാല് ഗ്രൂപ്പുകൾ) എന്നീ വിഭാഗങ്ങളിലെ ചോദ്യങ്ങൾ നമുക്ക് അടുത്ത ഐടി പരീക്ഷാ സഹായിയിൽ  ചർച്ച ചെയ്യാം. പ്രവർത്തന വിഡിയോകൾ ക്യുആർ കോഡായി നൽകും. ലഭ്യമായ സൗകര്യങ്ങൾ ഉപയോഗപ്പെടുത്തി, അപ്പോഴേക്കും ഈ മൂന്നു പ്രവർത്തനങ്ങളും ചെയ്തു പഠിക്കുമല്ലോ, അല്ലേ?

വീട്ടില്‍ പരിശീലിക്കാന്‍..

കൈറ്റിന്റെ (KITE - Kerala Infrastructure and Technology for Education) കസ്റ്റമൈസ്ഡ് ഉബുണ്ടു ഓപ്പറേറ്റിങ് സിസ്റ്റം 18.04 വേര്‍ഷനിലാണ് പരീക്ഷാ സോഫ്റ്റ്‌വെയർ‍  സ്കൂളുകളില്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നത്. നിങ്ങളുടെ വീടുകളിലുള്ള  ഡെസ്ക്ടോപ്പുകളിലോ  ലാപ്ടോപ്പുകളിലോ ഈ ഓപ്പറേറ്റിങ് സിസ്റ്റം ഉണ്ടായിരുന്നെങ്കില്‍ ചോദ്യങ്ങളെല്ലാം ചെയ്തു പരിശീലിക്കാമായിരുന്നുവെന്ന് തോന്നുന്നുണ്ടോ? വീട്ടിലുള്ള വിൻഡോസ് ഒഎസിനൊപ്പം തന്നെ ഉബുണ്ടു ഇന്‍സ്റ്റാള്‍ ചെയ്യാവുന്നതേയുള്ളൂ.

നിങ്ങളുടെ സൗഹൃദവലയത്തിലുള്ള വിദഗ്ധരെയോ ലിറ്റില്‍ കൈറ്റ്സില്‍ ഇന്‍സ്റ്റലേഷന്‍ പരിശീലനം ലഭിച്ച കൂട്ടുകാരെയോ സ്കൂളിലെ ഐടി ടീച്ചറെയോ (എസ്ഐടിസി) സമീപിച്ചാല്‍ ഓപ്പറേറ്റിങ് സിസ്റ്റവും ഇന്‍സ്റ്റലേഷന്‍ സഹായവും ലഭിച്ചേക്കും.

ഏതായാലും സ്വയം ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ശ്രമിച്ച് നിലവിലുള്ള ഫയലുകളൊന്നും നഷ്ടപ്പെടാതെ നോക്കണേ... 

കൈറ്റിന്റെ വെബ്‍സൈറ്റായ www.kite.kerala.gov.in ലാണ് നമുക്കു പരിശീലിക്കാനുള്ള ഡെമോ സോഫ്റ്റ്‌വെയർ‍   ലഭ്യമാകുക. ഹോം പേജിലുള്ള Notifications എന്നതിനു താഴെയായി ചോദ്യങ്ങളും ഫോക്കസ് ഏരിയ പ്രതിപാദിക്കുന്ന ഫയലുകളും നമുക്കു പരിശീലിക്കാനാവശ്യമായ ഇമേജുകളും   ഡോക്യുമെന്റ്‍സും ലഭ്യമാണ്.

information-technology-sslc-pareekshasahai

ആകെ രണ്ട് പ്രാക്ടിക്കല്‍ പ്രവര്‍ത്തനങ്ങള്‍ 

information-technology-sslc-pareekshasahai1

മാത്രം ചെയ്താല്‍ പരീക്ഷ കഴിഞ്ഞു, 

അവ ഒരേ ഗ്രൂപ്പില്‍ നിന്നാകരുതെന്നു മാത്രം!

English Summary : IT SSLC pareekshasahai

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN PADHIPURRA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്റെ എസ്ബി; കലാലയ ഓർമകളിലൂടെ കുഞ്ചാക്കോ ബോബൻ

MORE VIDEOS
FROM ONMANORAMA