ADVERTISEMENT

എല്ലാ വർഷവും ജനുവരി  26ന് രാജ്യത്തിന്റെ റിപ്പബ്ലിക് ദിനാഘോഷച്ചടങ്ങിലേക്ക് വിദേശ രാഷ്ട്രത്തലവൻമാരെയോ രാജകുടുംബത്തിൽപ്പെട്ടവരെയോ ഇന്ത്യ അതിഥികളായി ക്ഷണിക്കാറുണ്ട്. എന്നാൽ ഇത്തവണ ന്യൂഡൽഹിയിലെ റിപ്പബ്ലിക് ദിനാഘോഷച്ചടങ്ങിൽ അങ്ങനെയൊരു വിശിഷ്ടാതിഥിയുണ്ടാകില്ല. ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ ഇന്ത്യയുടെ ക്ഷണം സ്വീകരിച്ചിരുന്നെങ്കിലും കോവിഡ് സാഹചര്യം മൂലം വരാനാവില്ലെന്ന് പിന്നീട് അറിയിച്ചു. 55 വർഷത്തിനു ശേഷമാണ് വിശിഷ്ടാതിഥിയില്ലാതെ ഇന്ത്യയുടെ റിപ്പബ്ലിക് ദിനാഘോഷം. ആദ്യ റിപ്പബ്ലിക് ദിനാഘോഷം മുതൽ ഇന്ത്യയുടെ അതിഥികളായെത്തിയവരുടെ വിശേഷങ്ങളിതാ...

അതിഥികളില്ലാതെ മുൻപും

1952, 1953, 1966 വർഷങ്ങളിലെ റിപ്പബ്ലിക് ദിനാഘോഷച്ചടങ്ങിനും വിശിഷ്ടാതിഥിയുണ്ടായിരുന്നില്ല. 1966ൽ പ്രധാനമന്ത്രി ലാൽ ബഹാദൂർ ശാസ്ത്രിയുടെ നിര്യാണത്തത്തുടർന്ന് റിപ്പബ്ലിക് ദിനാഘോഷത്തിന് 2 ദിവസം മുൻപാണ് ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തിലുള്ള പുതിയ സർക്കാർ  അധികാരമേറ്റത്. അതു കൊണ്ട് ആ വർഷം ആരെയും ക്ഷണിച്ചില്ല. 

ആദ്യ അതിഥി സുകാർണോ

ഇന്തൊനീഷ്യൻ പ്രസിഡന്റ് സുകാർണോ ആയിരുന്നു 1950ലെ ആദ്യ റിപ്പബ്ലിക് ദിനത്തിൽ ഇന്ത്യയുടെ മുഖ്യാതിഥി. ഡോ.രാജേന്ദ്രപ്രസാദ് ഇന്ത്യയുടെ ആദ്യ രാഷ്ട്രപതിയായി സത്യപ്രതിജ്ഞ ചെയ്യുന്നതിനും അദ്ദേഹം സാക്ഷിയായി. 

ഇന്ത്യയുടെ ഇഷ്ട അതിഥികൾ

ഭൂട്ടാൻ രാജാക്കൻമാരെ 4 തവണ ഇന്ത്യ അതിഥിയായി ക്ഷണിച്ചിട്ടുണ്ട്. 1984ലും 2005ലും അന്നത്തെ ഭൂട്ടാൻ രാജാവ് ജിഗ്‌മെ സിങ്‌യെ വാങ്ചുക് അതിഥിയായെത്തി. 1954ൽ അദ്ദേഹത്തിന്റെ പിതാവും അന്നത്തെ രാജാവുമായ ജിഗ്‌മെ ദോർജി വാങ്ചുക് അതിഥിയായെത്തിയിരുന്നു. 2013ൽ ജിഗ്‌മെ സിങ്‌യെ വാങ്ചുകിന്റെ മകൻ ജിഗ്‌മെ കേസർ നംഗ്യേൽ വാങ്ചുകും അതിഥിയായെത്തി. യുഗോസ്ലാവ്യൻ പ്രസിഡന്റ് ജോസിപ് ബ്രോസ് ടിറ്റോയും 2 തവണ അതിഥിയായെത്തിയിട്ടുണ്ട്. ഒരേ സ്ഥാനപ്പേരിലല്ലാതെ രണ്ടു വട്ടം അതിഥിയായെത്തിയ മറ്റൊരാൾ കൂടിയുണ്ട്. ബ്രിട്ടനിലെ ഫിലിപ്പ് രാജകുമാരൻ. 1959ൽ‌ എഡിൻബറോയിലെ ‍ഡ്യൂക്ക് എന്ന നിലയിൽ അദ്ദേഹം അതിഥിയായെത്തി. 1961ൽ‌ എലിസബത്ത് രാജ്ഞി അതിഥിയായെത്തിയപ്പോൾ അവരുടെ ഭർത്താവ് എന്ന നിലയിലും ഔദ്യോഗിക  അതിഥിയായി. 

അതിഥികളെ തിരഞ്ഞെടുക്കുന്നത് 

രാഷ്ട്രീയ-സാമ്പത്തിക-നയതന്ത്ര താൽപര്യങ്ങൾ മുൻനിർത്തിയാണ് ‌ഓരോ വർഷവും വിശിഷ്ടാതിഥികളെ ഇന്ത്യ തിരഞ്ഞെടുക്കുന്നത്. റിപ്പബ്ലിക് ദിനാഘോഷത്തിന് ആറു മാസം മുൻപെങ്കിലും ഇവർക്ക് ക്ഷണം അയക്കും. അതിനു മുൻപ് രാഷ്ട്രപതിയുടെയും പ്രധാനമന്ത്രിയുടെയും അനുവാദം വാങ്ങിയിട്ടുണ്ടാകും. അതിഥികളായെത്തുന്നവരുടെ ജീവിതപങ്കാളികളും ഔദ്യോഗിക അതിഥികളാണ്. 

പാക്ക് അതിഥികളും

പാക്കിസ്ഥാനിൽ നിന്നുള്ള 2 പ്രതിനിധികൾ ഇന്ത്യൻ റിപ്പബ്ലിക് ദിനാഘോഷത്തിന് അതിഥികളായിട്ടുണ്ട്. പാക്ക് ഗവർണർ ജനറലായിരുന്ന മാലിക് ഗുലാം മുഹമ്മദ് 1955ൽ അതിഥിയായെത്തി.രാജ്പഥിൽ റിപ്പബ്ലിക് ദിനപരേഡ് വീക്ഷിച്ച ആദ്യ അതിഥിയും അദ്ദേഹമായിരുന്നു. അതിനു മുൻ‌വർഷങ്ങളില്ലാം ഇർവിൻ സ്റ്റേ‍ഡിയം, കിങ്സ്‌വേ, ചെങ്കോട്ട, രാംലീല മൈതാനം തുടങ്ങി വ്യത്യസ്ത സ്ഥലങ്ങളിലായിരുന്ന ആഘോഷച്ചടങ്ങ്. 1965ൽ പാക്കിസ്ഥാന്റെ ഭക്ഷ്യ-കൃഷി മന്ത്രിയായ റാണ അബ്ദുൽ ഹമീദും ഇന്ത്യയുടെ അതിഥിയായെത്തി. ഇന്ത്യ-പാക്ക് യുദ്ധത്തിനു തൊട്ടു മുൻപായിരുന്നു അത്. 

ഫ്രാൻസും ബ്രിട്ടനും 

ഏറ്റവും കൂടുതൽ തവണ ഇന്ത്യയിൽ അതിഥികളായെത്തിയത് ഫ്രാൻസ്, ബ്രിട്ടൻ രാജ്യങ്ങളുടെ പ്രതിനിധികളാണ്- 5 തവണ വീതം. ഭൂട്ടാനിൽ നിന്നും റഷ്യയിൽ (സോവിയറ്റ് യൂണിയൻ ഉൾപ്പെടെ) നിന്നും 4 വർഷം അതിഥികളെത്തി. 

വീണ്ടും വന്ന മൗണ്ട്ബാറ്റൻ 

1964ൽ റിപ്പബ്ലിക് ദിനാഘോഷത്തിന് അതിഥിയായെത്തിയത് മുൻ‌പ് ഏറെക്കാലം ഇന്ത്യയിൽ ജീവിച്ച ഒരാളായിരുന്നു. ബ്രിട്ടിഷ്  ഇന്ത്യയിലെ അവസാനത്തെ വൈസ്രോയി ആയിരുന്ന ലോർഡ് ലൂയിസ് മൗണ്ട്ബാറ്റൻ എന്ന മൗണ്ട് ബാറ്റൻ പ്രഭു. യുകെയുടെ ഡിഫൻസ് സ്റ്റാഫ് മേധാവി എന്ന നിലയിലാണ് അദ്ദേഹം പങ്കെടുത്തത്. 

ഒരു വർഷം 10 അതിഥികൾ

ഒന്നിലേറെ രാഷ്ട്രത്തലവൻമാർ ഒരേ വർഷം അതിഥികളായെത്തിയ സന്ദർഭങ്ങളുമുണ്ട്. 1956ൽ യുകെയുടെ ചാൻസ്‌ലർ ഓഫ് എക്സ്ചെക്കർ റാബ് ബട്‌ലറും ജപ്പാന്റെ ചീഫ് ജസ്റ്റിസ് കൊട്ടാരോ തനാകയും അതിഥികളായെത്തി. 1968ൽ സോവിയറ്റ് യൂണിയന്റെ അലക്സി കോസിജിനും യുഗോസ്ലാവ്യൻ പ്രസിഡന്റ് ജോസിപ് ബ്രോസ് ടിറ്റോയും അതിഥികളായെത്തി. 1974ൽ ടിറ്റോ രണ്ടാം തവണ വന്നപ്പോഴും മറ്റൊരു അതിഥി കൂടി ഇന്ത്യയ്ക്കുണ്ടായിരുന്നു. ശ്രീലങ്കൻ പ്രധാനമന്ത്രി സിരിമാവോ ബന്ദാരനായകെ. എന്നാൽ അതിഥികളുടെ കാര്യത്തിൽ ഇന്ത്യ റെക്കോർഡിട്ടത് 2018ലാണ്. അന്ന് റിപ്പബ്ലിക് ദിനാഘോഷത്തിന് സാക്ഷ്യം വഹിച്ചത് 10 ആസിയാൻ രാജ്യങ്ങളിലെ തലവൻമാർ! 

മണ്ടേല മുതൽ ഒബാമ വരെ 

അതിപ്രശസ്തരായ ഒട്ടേറെ പേർ റിപ്പബ്ലിക് ദിനത്തിൽ ഇന്ത്യയുടെ അതിഥികളായെത്തിയിട്ടുണ്ട്. 1995ൽ അതിഥിയായെത്തിയത് ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് നെൽസൻ മണ്ടേലയായിരുന്നു. 27 വർഷത്തെ ജയിൽ വാസത്തിനു ശേഷം 1990ൽ മോചിതനായ മണ്ടേല 1994ലാണ് പ്രസിഡന്റായത്. അതിനു പിന്നാലെയായിരുന്നു ഇന്ത്യയുടെ ക്ഷണം. 2015ൽ യുഎസ് പ്രസിഡന്റ് ബറാക് ഒബാമ ഇന്ത്യയുടെ അതിഥിയായെത്തി. ഇന്ത്യൻ റിപ്പബ്ലിക് ദിനാഘോഷച്ചടങ്ങിൽ പങ്കെടുത്ത ഏക അമേരിക്കൻ പ്രസിഡന്റും അദ്ദേഹമാണ്.  

English Summary : Foreign leaders as chief guest on Republic day

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com