സംഘർഷങ്ങൾ സങ്കീർത്തനങ്ങൾ ; എസ്എസ്എൽസി പരീക്ഷാ സഹായി –മലയാളം

HIGHLIGHTS
  • പ്രഭാഷണം തയാറാക്കാം
  • ആത്മാവിന്റെ വെളിപാടുകൾ
malayalam-pareeksha-sahayi-1
SHARE

1.പ്രലോഭനം

∙‘‘മിത്രത്തെ ദ്വേഷിപ്പാനായ മിത്രം മിത്രമാക്കി

പ്രത്യഹം ദുഷ്കർമം ചെയ്തീടുന്നവൻ മൂഢൻ’’ (എഴുത്തച്ഛൻ)

ഈ വരികളിലെ ആശയം പാഠസന്ദർഭത്തിനു യോജിക്കുന്നുണ്ടോ? നിങ്ങളുടെ നിരീക്ഷണങ്ങൾ അവതരിപ്പിക്കുക.

(സൂചന:– മഹാഭാരതം കിളിപ്പാട്ട് ഉദ്യോഗപർവത്തിൽ; വിദുരർ ധൃതരാഷ്ട്രരോടു പറയുന്ന ഭാഗം – സുഹൃത്തിനെ നിന്ദിക്കാനായി അവന്റെ ശത്രുവിനെ മിത്രമാക്കി ദുഷ്കർമം ചെയ്യുന്നവൻ മഹാമൂഢനാണ് എന്ന് ആശയം – (ശത്രുവിന്റെ ശത്രു മിത്രം) നളനെ തോൽപ്പിക്കാൻ കലി നളസഹോദരനെ കൂട്ടുപിടിക്കുന്നു. മുൻപരിചയമില്ലാത്തയാൾ പെട്ടെന്നു മിത്രമാവുന്നിടത്തെ അപകടം – തിരിച്ചറിയാത്ത പുഷ്കരൻ മൂ‌ഢൻ)

∙കഥകളിബന്ധമുള്ള ശൈലികൾ

ഭാഷയ്ക്ക് ഓജസും തേജസും നൽകുന്ന ആശയപ്രകാശന രീതികളാണ് ശൈലികൾ. ഗഹനമായ ആശയത്തെ ലളിതമായും സരസമായും പ്രതിപാദിക്കലാണ് ശൈലികളുടെ ധർമം. അർത്ഥപുഷ്ടി, രസോൽകർഷം, വ്യംഗ്യാർഥചമൽകാരം ഇവ ശൈലികളുടെ പ്രത്യേകതയാണ്. കഥകളിയുമായി ബന്ധപ്പെട്ട ചടങ്ങുകളിൽനിന്നാണ് താഴെ പറയുന്ന ശൈലികൾ ആവിർഭവിച്ചതും അവയ്ക്ക് അർത്ഥപരിണാമം വന്നിട്ടുള്ളതും.

* കച്ചകെട്ടുക – ഒരുങ്ങുക എന്നർത്ഥമുള്ള ശൈലി

ധനാശിപാടുക – അവസാനിപ്പിക്കുക

ശ്ലോകത്തിൽ കഴിക്കുക – ചുരുക്കിപ്പറയൽ

കഥയറിയാതെ ആട്ടം കാണുക – കാര്യസ്വഭാവമറിയാതെ പ്രവർത്തിക്കൽ

ശിങ്കിടി പാടുക – സ്വന്തമായി അഭിപ്രായമില്ലാതെ മറ്റൊരാളുടെ അഭിപ്രായം ഏറ്റുപറയൽ

∙ദുഷ്കരമായിട്ടൊന്നുമില്ലകേൾ

മൽസഹായമുണ്ടായാലേവനും

നളനും നീയും ഭേദമെന്തിവിടെ?

നാടുവാഴുക നളനെവെന്നു സമ്പ്രതി....

‘പ്രലോഭനം’ എന്ന തലക്കെട്ടിനെ സാധൂകരിക്കാൻ കലിയുടെ ഈ വാക്കുകൾക്കു കഴിയുന്നുണ്ടോ? നിരീക്ഷണക്കുറിപ്പെഴുതുക.

(സൂചന:– പുഷ്കരന്റെ അപകർഷബോധം കലി തന്ത്രത്തിൽ മുതലെടുക്കുന്നു – നളനും നീയും തമ്മിൽ വ്യത്യാസമില്ല – നളനെ തോൽപ്പിച്ച് നാടു ഭരിക്കുക – കലിയുടെ സഹായവാഗ്ദാനം – ‍ഞാൻ നളന്റെ ശത്രുവാണ്; നിന്റെ മിത്രവും – പുഷ്കരന് നളനോടു കോപം വർധിക്കുന്നു – അധികാരം, ധനധാന്യാദികളോട് ആർത്തിയുണ്ടാകുന്നു)

∙ ഉണ്ണായിവാര്യരുടെ രചനാസവിശേഷത – കാവ്യഭാഷാ ശൈലി

(സംസ്കൃതവും മലയാളവും കൂടിച്ചേർന്ന ഭാഷ – പ്രാസദീക്ഷ – സ്വതന്ത്രമായ കാവ്യഭാഷ – സന്ദർഭത്തിനു യോജിച്ച ഭാഷാശൈലി – ശബ്ദഭംഗി – സംഗീതാത്മകത – സാഹിത്യഗുണം – ഭാവോൻമീലനത്തിനു യോജിച്ച പദങ്ങൾ – വ്യക്തിത്വമുള്ള കഥാപാത്രങ്ങൾ – രസാവിഷ്കരണം – നാടകീയത – കേരള ശാകുന്തളം എന്നു വിശേഷിപ്പിക്കപ്പെട്ടു)

2. യുദ്ധത്തിന്റെ പരിണാമം

‘‘അതിനെ, അവനെ എപ്പോഴും എവിടേയും കരുതിയിരുന്നുകൊള്ളുക എന്ന താക്കീതാണ് അശ്വത്ഥാമാവിനെ ചിരഞ്ജീവിയും സർവവ്യാപിയുമായി കൽപിച്ചതിനർത്ഥം.’’ (പാഠഭാഗം)

‘‘സത്യധർമാദിവെടിഞ്ഞീടിന പുരുഷനെ

ക്രുദ്ധനാം സർപ്പത്തെക്കാളേറ്റവും പേടിക്കേണം’’ (എഴുത്തച്ഛൻ)

പാഠഭാഗത്തെ സന്ദർഭം ഈ വരികളുമായിച്ചേർത്ത് വിശകലനം ചെയ്ത് ‘അശ്വത്ഥാമാവ്’ എന്ന കഥാപാത്രത്തെ നിരൂപണം ചെയ്യുക.

(സൂചന:– മഹാഭാരത കഥയിലെ നീചകഥാപാത്രം – ദ്രോണരുടെ പുത്രൻ – ക്രൂരത, പക ഇവയുടെ പ്രതീകം – ശിബിരത്തിൽ ഉറങ്ങിക്കിടക്കുന്നവരെ നിഷ്കരുണം വെട്ടിക്കൊലപ്പെടുത്തുന്നു – മനുഷ്യമനസ്സ് ദുഷിച്ചാൽ അതു മാരകമായ വിഷത്തെക്കാൾ ഭയാനകം – അശ്വത്ഥാമാവിനെ ചിരിഞ്ജീവിയാക്കിയതിലെ യുക്തി – ഒടുങ്ങാത്ത പകയുമായി അശ്വത്ഥാമാവുമാർ എല്ലാ കാലത്തും ജന്മമെടുക്കുന്നു എന്ന കണ്ടെത്തൽ)

∙ തദ്ധിതം ––> നാമങ്ങളിൽനിന്നോ നാമവിശേഷണങ്ങളിൽനിന്നോ (ഭേദകം) ഉണ്ടാക്കുന്ന ഇതര നാമശബ്ദങ്ങളാണ് തദ്ധിതങ്ങൾ. ഏതൊരു ഭാഷയ്ക്കും പുതിയ പദനിഷ്പാദനശക്തി ഉണ്ടാക്കികൊടുക്കാൻ തദ്ധിതങ്ങൾ സഹായിക്കുന്നു. തന്മാത്രാ തദ്ധിതം, തദ്വത്തദ്ധിതം, നാമനിർമായി തദ്ധിതം, പൂരണി തദ്ധിതം എന്നിങ്ങനെ നാലുതരം തദ്ധിതങ്ങളാണുള്ളത്. ഉദാ: ഭീമന്റെ മകൾ – ഭൈമി; വീരസേനന്റെ മകൻ – വൈരസേനി (നാമങ്ങളിൽനിന്നുണ്ടാവുന്നവ)

വെള് – വെൺമ; നല് – നന്മ (തന്മാത്രാ തദ്ധിതം)

കൊമ്പുള്ളത് – കൊമ്പൻ, മൂപ്പുള്ളവൻ – മൂപ്പൻ (തദ്വത്തദ്ധിതം)

നല്ല – നല്ലവൻ – നല്ലവൾ – നല്ലത്; വന്ന – വന്നവൻ – വന്നവൾ –  വന്നത് (നാമനിർമായി തദ്ധിതം)

ഒന്ന് – ഒന്നാം – ഒന്നാമൻ; ആറ് – ആറാം – ആറാമൻ (പൂരണി തദ്ധിതം)

∙പ്രഭാഷണം തയാറാക്കാം...

‘‘മനുഷ്യചരിത്രത്തിൽ യുദ്ധം വരുത്തിവയ്ക്കുന്ന ഭയങ്കര ദുരന്തത്തെ എടുത്തുകാണിപ്പാൻവേണ്ടിയാണ് ഭാരതേതിഹാസം രചിക്കപ്പെട്ടതെന്നു തീർത്തുപറയാൻ സംശയിക്കേണ്ടതില്ല.’’ മാരാരുടെ ഈ നിരീക്ഷണത്തിലൂന്നിക്കൊണ്ട് ‘യുദ്ധം മാനവരാശിക്ക് ആപത്ത്’ എന്ന വിഷയത്തിൽ പ്രഭാഷണം തയാറാക്കുക.

(സൂചന:– ഉചിതമായ സംബോധന – പാഠഭാഗത്തിലെ ആശയം – യുദ്ധങ്ങൾ ഉണ്ടാക്കുന്ന സാമൂഹ്യപ്രശ്നങ്ങൾ – പാരിസ്ഥിതിക സാമ്പത്തിക പ്രശ്നങ്ങൾ – കുട്ടികളും സ്ത്രീകളുമിരകളാകുന്നു – അഭയാർത്ഥി പ്രശ്നങ്ങൾ – യുദ്ധം ഒന്നിനും പരിഹാരമല്ല എന്ന സന്ദേശം – യുദ്ധവിരുദ്ധ മനോഭാവം വളർത്തേണ്ട ആവശ്യകത – ഉപസംഹാരം)

∙സമാസം:– വിഭക്തി പ്രത്യയങ്ങൾ ചേർക്കാതെ അന്യോന്യാശ്രയമുള്ള പദങ്ങളെ കൂട്ടിച്ചേർത്ത് ഒറ്റപ്പദമാക്കുന്നതാണ് സമാസം (പൂ‍ർവപദവും ഉത്തരപദവും സമാസിക്കുന്നു). കൂട്ടിച്ചേർത്ത പദം സമസ്ത പദം. സമസ്തപദത്തെ വിഭക്തിപ്രത്യയം ചേർത്ത് ഘടകപദങ്ങളാക്കി മാറ്റി എഴുതുമ്പോൾ പൂർവപദത്തിനോ ഉത്തരപദത്തിനോ പ്രാധാന്യം വരുന്ന മുറയ്ക്ക് പലതരം സമാസങ്ങൾ ഉണ്ടാവുന്നു.

സമസ്തപദം ഘടകപദം

ഭാഗീരഥീകച്ഛം ഭാഗീരഥിയുടെ കച്ഛം (ഉത്തരപദ പ്രാധാന്യം)

ഗജാശ്വരഥങ്ങൾ ഗജങ്ങളും അശ്വങ്ങളും രഥങ്ങളും (തുല്യ പ്രാധാന്യം)

യഥേഷ്ടം ഇഷ്ടംപോലെ (പൂർവപദ പ്രാധാന്യം)

മുകിൽവർണൻ മുകിലിന്റെ വർണത്തോടുകൂടിയവൻ (അന്യപദാർത്ഥ പ്രാധാന്യം)

3. ആത്മാവിന്റെ വെളിപാടുകൾ

∙‘‘ആ ചരടുകളെല്ലാംകൂടി കെട്ടുപിണഞ്ഞ്, ആ കെട്ടുകളിൽ കുരുങ്ങിക്കിടന്ന് എന്റെ ജീവിതം പിടയുന്നു.’’ ഈ വരികളിൽ തെളിയുന്ന ദസ്തയേവ്സ്കിയുടെ ജീവിതാവസ്ഥ വിശകലനം ചെയ്തു കുറിപ്പ് തയാറാക്കുക.

(സൂചന:– കയ്പു നിറഞ്ഞ ജീവിതാനുഭവങ്ങൾ – അപസ്മാര രോഗബാധ – ഭാര്യയുടെ മരണം – ജ്യേഷ്ഠന്റെ മരണം – അടച്ചുപൂട്ടിയ പ്രസിദ്ധീകരണശാല – ജ്യേഷ്ഠന്റെ അനാഥരായ മക്കളുടെ സംരക്ഷണം – ജീവിത പ്രാരാബ്ദങ്ങൾ).

∙‘‘എന്റെ പീഢാനുഭവങ്ങളെ സ്നേഹിക്കാൻ ഞാൻ പഠിച്ചുകഴിഞ്ഞു.’’

‘‘സഹിക്കാനൊന്നുമില്ലാത്ത ജീവിതം യഥാർത്ഥത്തിൽ ജീവിതമാണോ?’’

(പാഠഭാഗം)

ഇടയ്ക്കു കണ്ണീരുപ്പു പുരട്ടാ–‌

തെന്തിനു ജീവിതപലഹാരം.

(ഇടശേരി)

രണ്ടു ഭാഗങ്ങളും താരതമ്യം ചെയ്ത് ദസ്തയേവ്സ്കിയുടെ മാനസികാവസ്ഥയെക്കുറിച്ചു ലഘു കുറിപ്പ് തയാറാക്കുക.

English Summary : SSLC pareeksha sahai - Malayalam

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN PADHIPURRA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്റെ എസ്ബി; കലാലയ ഓർമകളിലൂടെ കുഞ്ചാക്കോ ബോബൻ

MORE VIDEOS
FROM ONMANORAMA