ഗ്രേസ് മാർക്ക് എങ്ങനെ?, മോഡൽ പരീക്ഷ ഉണ്ടാകുമോ? ; സംശയങ്ങൾക്ക് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ മറുപടി

HIGHLIGHTS
  • പ്ലസ്ടു പ്രാക്ടിക്കൽ ഭാഗങ്ങൾ ചുരുക്കുമോ
  • ഐടി പ്രാക്ടിക്കലിന് മോഡൽ പരീക്ഷ ഉണ്ടാകുമോ?
sslc-plus-two-exam-tips
SHARE

ഫോക്കസ് ഏരിയ, പ്രാക്ടിക്കൽ, ഗ്രേസ് മാർക്ക് തുടങ്ങിയവ സംബന്ധിച്ച് വിദ്യാർഥികളും അധ്യാപകരും രക്ഷിതാക്കളും ഉന്നയിച്ച സംശയങ്ങൾക്ക് പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ. ജീവൻ ബാബു മറുപടി പറയുന്നു

1. ഓരോ വിഷയത്തിലും എ പ്ലസ് ലഭിക്കുന്നതിന് ആവശ്യമായ ചോദ്യങ്ങൾ ഫോക്കസ് ഏരിയയിൽനിന്ന് ഉണ്ടാകുമോ?

ഫോക്കസ് ഏരിയ എന്നത് പരീക്ഷയ്ക്കായി പ്രത്യേകം ശ്രദ്ധ നൽകി പഠിക്കേണ്ട പാഠഭാഗങ്ങളാണ്. തുടർപഠനത്തിന് ആവശ്യംവേണ്ട പാഠഭാഗങ്ങളാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ പാഠഭാഗങ്ങളിൽ നിന്നു നിങ്ങളുടെ അർഹതയ്ക്കനുസരിച്ച് ഏതു ഗ്രേഡും നേടുന്നതിനാവശ്യമായ ചോദ്യങ്ങൾ ഉണ്ടാവും. എന്നാൽ നിങ്ങൾക്ക് ലഭിക്കുന്ന സമയത്തിനനുസരിച്ചും താൽപര്യത്തിനനുസരിച്ചും മറ്റു പാഠഭാഗങ്ങളും പഠിക്കാവുന്നതാണ്. ചോദ്യപ്പേപ്പറിൽ ഇരട്ടി സ്കോറിനുള്ള ചോദ്യങ്ങളുണ്ട് എന്നതുകൊണ്ട് അത്തരം പാഠഭാഗങ്ങളിൽനിന്ന് ഓപ്ഷനൽ ചോദ്യങ്ങൾ (തിരഞ്ഞെടുത്ത് എഴുതാവുന്നവ) ഉണ്ടാകും. ഇവയിൽനിന്നു നിങ്ങളുടെ അഭിരുചിക്കനുസരിച്ച് ഇഷ്ടമുള്ള ചോദ്യങ്ങൾക്ക് ഉത്തരമെഴുതാം.

2. മാതൃകാ ചോദ്യപ്പേപ്പറുകൾ പ്രസിദ്ധീകരിക്കുമോ?

പത്താംക്ലാസ് മാതൃകാ ചോദ്യപ്പേപ്പറുകളുടെ ഘടന ഇതിനകംതന്നെ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ചോദ്യമാതൃകയിൽ ഈ വർഷം കാര്യമായ ഒരു മാറ്റവും വരുത്തിയിട്ടില്ല. ഫോക്കസ് ഏരിയകളെ അടിസ്ഥാനമാക്കി വിക്ടേഴ്സ് ചാനലിൽ‍ പരീക്ഷാ തയാറെടുപ്പിനായി പ്രത്യേക റിവിഷൻ ക്ലാസ് അവതരിപ്പിക്കുന്നുണ്ട്. ഇതിൽ നിലവിലുള്ള ചോദ്യ മാതൃകകളെക്കുറിച്ച് വിശദമായിത്തന്നെ ചർച്ചചെയ്യും. പൊതുപരീക്ഷയുടെ മാതൃകയിൽത്തന്നെയാണ് മോ‍ഡൽ പരീക്ഷ നടത്തുന്നത് എന്നതുകൊണ്ട് അതിലൂടെ ചോദ്യപ്പേപ്പറിനെ കുറിച്ചുള്ള കൃത്യമായ ധാരണ ലഭിക്കുകയും ചെയ്യും.

3. ഗ്രേസ് മാർക്ക് എങ്ങനെ?

ഗ്രേസ് മാർക്ക് സംബന്ധിച്ച് വിവിധ തലങ്ങളിൽ ചർച്ച നടന്നുവരുന്നു. തീരുമാനം ഉടൻ ഉണ്ടാകുന്നതാണ്.

4. മോഡൽ പരീക്ഷ ഉണ്ടാകുമോ?

ഉണ്ടാകും. പരീക്ഷയ്ക്കുശേഷം അധ്യാപകരുടെ സഹായത്തോടെ ഉത്തരങ്ങൾ വിശകലനം ചെയ്യും. പഠനത്തിൽ കൂടുതൽ മെച്ചപ്പെടുന്നതിന് അധികമായി എന്തെല്ലാം ചെയ്യണം എന്ന് കണ്ടെത്തുകയും പഠനപ്രയാസങ്ങൾ പരിഹരിക്കുന്നതിനു ശ്രമിക്കുകയും ചെയ്യും.

5. ഐടി പ്രാക്ടിക്കലിന് മോഡൽ പരീക്ഷ ഉണ്ടാകുമോ?

ഐടി പ്രാക്ടിക്കലിനും പരീക്ഷയ്ക്കു വേണ്ടിയുള്ള ഫോക്കസ് ഏരിയ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതിൽ നിർദേശിച്ചിരിക്കുന്ന പ്രാക്ടിക്കൽസ് ചെയ്ത് നോക്കുന്നതിനു സൗകര്യം നൽകിയ ശേഷമേ ഐടി പ്രായോഗിക പരീക്ഷ നടത്തുകയുള്ളു. കുട്ടികൾക്ക് ഐടി പ്രാക്ടിക്കൽ പരിശീലിക്കുന്നതിനുള്ള അവസരം നൽകുന്നതാണ്. എന്നാൽ ,ഐടി പ്രാക്ടിക്കൽ മോഡൽ പരീക്ഷ ഇത്തവണ ഇല്ല.

6. സിഇക്കുവേണ്ടി മാത്രം നോട്ടുകൾ മുഴുവൻ എഴുതണോ?

പഠന ഡയറി അഥവാ നോട്ട്ബുക്ക് ഏറ്റവും പ്രധാനപ്പെട്ട പഠന ഉൽപന്നമാണ്. വായിച്ചു പഠിക്കുന്നതിനോടൊപ്പം മനസ്സിലായത് എഴുതിപ്പഠിക്കുന്നത് നല്ലൊരു പഠനതന്ത്രമാണ്. നോട്ട്ബുക്ക് നിരന്തര വിലയിരുത്തലിനായി ഉപയോഗിക്കുന്ന പഠനതെളിവുകളിൽ ഒന്നുമാത്രമാണ്. മറ്റ് പഠന തെളിവുകളും ഉപയോഗിക്കാം. അതുകൊണ്ട് ലഭ്യമായ സമയത്തിനുള്ളിൽ പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട പഠനക്കുറിപ്പുകൾ നോട്ട്ബുക്കിൽ തയാറാക്കുന്നത് പരീക്ഷയ്ക്ക് സഹായകരമാകും. സിഇക്കുവേണ്ടി യാന്ത്രികമായി നോട്ട് എഴുതുകയല്ല വേണ്ടത്. മറിച്ച് പഠനതന്ത്രം എന്ന നിലയിലാണ് പഠനക്കുറിപ്പുകളെ (നോട്ട്ബുക്ക്) കാണേണ്ടത്.

7. പ്ലസ്ടു പ്രാക്ടിക്കൽ ഭാഗങ്ങൾ ചുരുക്കുമോ? റിക്കാർഡിന് ഇളവുണ്ടാകുമോ?

പ്ലസ്ടു പ്രാക്ടിക്കലിനും ഫോക്കസ് ഏരിയ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ഇവ ചെയ്തു നോക്കുന്നതിനും പൊതു പ്രായോഗിക പരീക്ഷയ്ക്കായി തയാറാകുന്നതിനും ആവശ്യമായ സമയം അനുവദിക്കും. ഫോക്കസ് ഏരിയ ആയി പ്രഖ്യാപിച്ച ഈ പരീക്ഷണങ്ങളുമായി ബന്ധപ്പെട്ട റിക്കാർഡാണ് പരീക്ഷയ്ക്ക് പരിഗണിക്കുക.

8. പ്ലസ്ടു പരീക്ഷകൾക്കിടയിൽ ഇടവേളയില്ലെങ്കിൽ ഒരു ദിവസമെങ്കിലും അതിനായി അനുവദിക്കുമോ?

പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട സമയക്രമം പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട്. ആയതിനാൽ നിലവിലെ സാഹചര്യത്തിൽ ഇതിന് മാറ്റുമുണ്ടാകുന്നതല്ല. ഒട്ടേറെ കോമ്പിനേഷനുകൾ കൂടിച്ചേർന്നതാണു പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷകൾ. ഈ കോമ്പിനേഷനുകൾ എല്ലാം അഡ്ജസ്റ്റ് ചെയ്യുന്ന രീതിയിലാണ് നിലവിൽ പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചിട്ടുള്ളത്. 

ആയതിൽത്തന്നെ നിലവിൽ പ്രഖ്യാപിക്കപ്പെട്ടിട്ടുള്ള പരീക്ഷാ ടൈംടേബിളുകളിൽ ഒരുതരത്തിലുള്ള മാറ്റവും ഉണ്ടാകുന്നല്ല.

English Summary :  Focus area, practical, grace-mark

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN PADHIPURRA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്റെ എസ്.ബി; കലാലയ ഓർമകളിലൂടെ കുഞ്ചാക്കോ ബോബൻ

MORE VIDEOS
FROM ONMANORAMA