സ്‌നേഹത്തിന്‌റെയും റോസാപുഷ്പങ്ങളുടെയും ദിനമാണ് വാലന്റൈൻസ് ഡേ. എന്നാൽ ഷിക്കാഗോയിലെ ഭൂതകാലത്തിൽ ഇതല്ലായിരുന്നു സ്ഥിതി. 92 വർഷം മുൻപ് ഇതുപോലൊരു വാലന്റൈൻസ് ദിനത്തിലാണ് നഗരത്തെയും ലോകത്തെയും ഞെട്ടിച്ച കൂട്ടക്കുരുതി ഈ നഗരത്തിൽ അരങ്ങേറിയത്. ലോകത്തിലെ ഏറ്റവും കുപ്രസിദ്ധനായ ക്രിമിനൽ സംഘത്തലവനായ അൽ കാപോണിയുടെ സാമ്രാജ്യത്തിന് അന്ത്യം വരുത്തിയ ഏടു കൂടിയാണ് ഷിക്കാഗോ സെന്‌റ് വാലന്റൈൻസ് ഡേ മാസക്ർ എന്നറിയപ്പെടുന്ന ഈ ദാരുണസംഭവം. യുഎസിൽ ഒരു കാലത്തു ശക്തരായിരുന്ന ഇറ്റാലിയൻ മാഫിയയും ഐറിഷ് മാഫിയയും തമ്മിലുള്ള യുദ്ധം കൂടിയായിരുന്നു ഈ കൂട്ടക്കുരുതി.
വാലന്റൈൻസ് ...
1920-30 കാലഘട്ടം. യുഎസിൽ മദ്യനിരോധനം നടപ്പിലാക്കപ്പെട്ട കാലം. നിരോധനത്തിന്‌റെ ഫലമായി ഷിക്കാഗോയിൽ വ്യാപകമായ തോതിൽ അനധികൃത മദ്യം ഒഴുകി തുടങ്ങി. കരിഞ്ചന്തകൾ കേന്ദ്രീകരിച്ചുള്ള ഈ മദ്യവിൽപനയ്ക്കു ചുക്കാൻ പിടിച്ചത് നഗരത്തെ അന്നു നിയന്ത്രിച്ച മാഫിയകളാണ്.
ഇറ്റലിയിലെ നേപ്പിൾസിൽ നിന്നു കുടിയേറിയ മാതാപിതാക്കളുടെ മകനായാണ് അൽഫോൺസ് കാപോണിന്‌റെ ജനനം. ജന്മനാ തന്നെ ക്രിമിനൽ സ്വഭാവം പ്രകടിപ്പിച്ച കാപോൺ ആറാം ക്ലാസിൽ പഠിക്കവേ ക്ലാസ് ടീച്ചറിനെ മർദിച്ചതിനു സ്‌കൂളിൽ നിന്നു പുറത്താക്കപ്പെട്ടു. പിന്നീട് അല്ലറ ചില്ലറ ചെറിയ ജോലികളും മറ്റും ചെയ്തു ന്യൂയോർക്കിൽ ഉപജീവനം കഴിച്ച കാപോൺ ക്രിമിനൽ സംഘങ്ങൾക്കു വേണ്ടിയും പ്രവർത്തിച്ചു. ഇതിനിടയിൽ ഒരു അക്രമസംഭവത്തിൽ മറ്റൊരു ക്രിമിനലിന്‌റെ കത്തി കാപോണിന്‌റെ കവിളിൽ കൊള്ളുകയും അതിന്‌റെ ഫലമായി ഒരു മായാത്ത പാട് രൂപപ്പെടുകയും ചെയ്തു. സ്‌കാർഫേസ് എന്ന ഇരട്ടപ്പേര് കാപോണിനു കിട്ടിയതങ്ങനെയാണ്.
ന്യൂയോർക്കിൽ ഇതിനിടെ ഒരു കൊലപാതകം നടത്തിയതിനെത്തുടർന്ന് പ്രതിയോഗികളുടെ പ്രതികാരം ഭയന്ന് കാപോണിയും കുടുംബവും ഷിക്കാഗോയിലേക്കു താമസം മാറി. 1925 ആയപ്പോഴേക്കും ഷിക്കാഗോയുടെ എണ്ണം പറഞ്ഞ ക്രിമിനലുകളിലൊരാളായി കാപോൺ മാറി. ഇതിനിടയ്ക്കു പല കൊലപാതകങ്ങൾ നടത്തിയെങ്കിലും തെളിവില്ലാത്തതിനാലും ഉദ്യോഗസ്ഥ തലത്തിലെ സ്വാധീനവും കാരണം വിട്ടയക്കപ്പെട്ടു. 1927 ആയപ്പോഴേക്കും ഷിക്കാഗോയിലെ പ്രധാന മാഫിയാത്തലവനായി മാറിയ കാപോൺ വലിയ ധനികനുമായിത്തീർന്നു. കോടിക്കണക്കിനു യുഎസ് ഡോളറായിരുന്നു കാപോണിന്‌റെ ആസ്തി. ഷിക്കാഗോ ഔ്ട്ട്ഫിറ്റ് എന്ന പേരിൽ ഒരു കുപ്രസിദ്ധ ക്രിമിനൽ സംഘത്തെ കാപോൺ വാർത്തെടുത്തു.
അയാളുടെ ക്രിമിനൽ രീതികളെ ഭയന്നായിരുന്നു അന്നു ഷിക്കാഗോയിലെ കച്ചവടക്കാരും മറ്റും കഴിഞ്ഞുപോന്നത്. എന്നാൽ ജീവകാരുണ്യ പ്രവർത്തനങ്ങൾ, പാവങ്ങൾക്കും തൊഴിലില്ലാത്തവർക്കും സൗജന്യഭക്ഷണം തുടങ്ങിയ നാട്യങ്ങൾ ഒരു റോബിൻഹുഡ് പരിവേഷം ജനങ്ങൾക്കിടയിൽ ഇയാൾക്കു നൽകി. യുഎസിലെ ഒരു സെലിബ്രിറ്റിയായി ഇയാൾ മാറാൻ അധികകാലം വേണ്ടി വന്നില്ല. ഷിക്കാഗോയിലെ അന്നത്തെ മേയറായിരുന്ന വില്യം ഹേൽ തോംസണുമായി അടുത്തബന്ധം പുലർത്തിയ കാപോണിന്‌റെ സുഹൃത്തുക്കളിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ, ബ്യൂറോക്രാറ്റുകൾ, സിനിമാതാരങ്ങൾ തുടങ്ങിയവരുമുണ്ടായിരുന്നു.
1929 ഫെബ്രുവരി 14
എന്നാൽ ഷിക്കാഗോയിൽ തന്നെ കാപോണിനു ഒരു ശക്തനായ എതിരാളിയുണ്ടായിരുന്നു. നഗരത്തിന്‌റെ വടക്കൻ പ്രദേശങ്ങൾ നിയന്ത്രിച്ചിരുന്ന നോർത്ത് സൈഡ് ഗാങ്. ഐറിഷ് വംശജനായ ജോർജ് ബഗ്‌സ് മോറാനായിരുന്നു ഇതിന്‌റെ തലവൻ. കാപോണും മോറാനും തമ്മിൽ കിടമൽസരം നിലനിന്നിരുന്നു. പലപ്പോഴും രക്തരൂക്ഷിതമായ പോരാട്ടങ്ങളിലേക്ക് ഇതു നയിച്ചു. അക്കാലത്തൊരിക്കൽ കാപോണും സംഘാംഗങ്ങളും ഇലിനോയിയിലെ ഒരു ഹോട്ടലിൽ ഉച്ചവിരുന്നിനായി പോയി. അവിടേക്കു പാഞ്ഞു വന്ന മോറാനും സംഘാംഗങ്ങളും ഹോട്ടൽ കെട്ടിടത്തിനു നേരെ വമ്പൻ വെടിവയ്പു നടത്തി. കഷ്ടിച്ചാണ് അന്നു കാപോൺ രക്ഷപ്പെട്ടത്. ആയിരത്തിലധികം ബുള്ളറ്റുകൾ കെട്ടിടത്തിന്‌റെ പരിസര പ്രദേശങ്ങളിൽ നിന്നു കണ്ടെടുത്തത്രേ.
ഇതിനു ശേഷം മോറാനെ കൊല്ലണമെന്നു കാപോൺ തീർച്ചപ്പെടുത്തിയിരുന്നു. അങ്ങനെയിരിക്കെയാണ് 1929ലെ വാലന്റൈൻസ് ദിനം വന്നെത്തുന്നത്. ഷിക്കാഗോയിലെ നോർത്ത് ക്ലാർക്ക് സ്ട്രീറ്റിലുള്ള മോറാന്‌റെ കെട്ടിടത്തിലേക്ക് അന്നു നാലു പൊലീസ് ഉദ്യോഗസ്ഥർ തോക്കുകളുമായി എത്തി. ദൂരെ നിന്നു വന്ന മോറാൻ ഈ കാഴ്ച കാണുകയും തന്‌റെ കെട്ടിടത്തിൽ പൊലീസ് റെയ്ഡു നടത്തുകയാണെന്നു കരുതി ഭയന്ന് ഒളിച്ചിരിക്കുകയും ചെയ്തു. എന്നാൽ വന്നവർ പൊലീസുകാരായിരുന്നില്ല, മറിച്ച് പൊലീസ് വേഷം ധരിച്ച കൊടും ക്രിമിനലുകളായിരുന്നു.
അകത്തേക്കു പോയ പൊലീസ് വേഷം കെട്ടിയ ഗുണ്ടകൾ അകത്തുണ്ടായിരുന്ന മോറാന്‌റെ 7 സംഘാംഗങ്ങളെ കസ്റ്റഡിയിലെടുത്തു പുറത്തേക്കു കൊണ്ടുപോയി. ഇത്തരം സംഭവങ്ങൾ സ്ഥിരമായതിനാൽ മോറാന്‌റെ സംഘാംഗങ്ങൾ ആയുധങ്ങളൊഴിവാക്കി അവർക്കൊപ്പം ചെന്നു. ഇവരോടു ഒരു ഭിത്തിക്ക് അഭിമുഖമായി തിരിഞ്ഞു നിൽക്കാൻ പൊലീസ് വേഷം കെട്ടിയവർ ആവശ്യപ്പെടുകയും അവരത് അനുസരിക്കുകയും ചെയ്തു.
എന്നാൽ പിന്നീടു നടന്നത് കിരാതമായ നരനായാട്ടാണ്. മോറാൻ സംഘത്തിലുള്ളവർക്കു നേരെ വന്ന അക്രമികൾ തുരുതുരാ വെടിവച്ചു. വെടിയുണ്ടകളേറ്റ് സംഘാംഗങ്ങൾ മരിച്ചു നിലത്തേക്കു വീണു. എല്ലാവരുടെയും ശരീരത്തിൽ നിന്നായി 90 ബുള്ളറ്റുകൾ പിന്നീട് ഫോറൻസിക് വിദഗ്ധർ കണ്ടെത്തി. ഈ സംഭവത്തിലും അൽ കാപോൺ വിദഗ്ധമായി രക്ഷപ്പെട്ടു. ഒരു തെളിവും അയാൾക്കെതിരെ ഉണ്ടായിരുന്നില്ല. സംഭവം നടക്കുമ്പോൾ താൻ മയാമിലായിരുന്നെന്നും കാപോൺ കോടതിയെ ധരിപ്പിച്ചു.
എന്നാൽ പ്രണയദിനത്തിൽ സംഭവിച്ച കൊടൂരകൃത്യത്തെക്കുറിച്ചുള്ള വാർത്തകൾ പിന്നീടുള്ള ദിവസങ്ങളിൽ യുഎസിലെ പത്രങ്ങളിൽ നിറഞ്ഞു. അന്നത്തെ യുഎസ് പ്രസിഡന്‌റായിരുന്ന ഹെർബർട് ഗ്രൂവർക്ക് ഇതു വല്ലാത്ത സമ്മർദ്ദമുണ്ടാക്കി. ഏതു വിധേനയും അൽ കാപോണിനെ പിടികൂടാൻ ഗ്രൂവർ തന്‌റെ ഉദ്യോഗസ്ഥർക്കു നിർദേശം നൽകി. കൊടും ക്രിമിനലായ കാപോണിനെ കൊലപാതകങ്ങളുടെ പേരിലല്ല യുഎസ് അധികൃതർ തുടർന്ന് അകത്താക്കിയത്. ടാക്‌സ് വെട്ടിപ്പുൾപ്പെടെയുള്ള സാമ്പത്തിക ക്രമക്കേടുകൾ കാപോൺ ധാരാളം ചെയ്തിരുന്നു. ഇതന്വേഷിച്ച യുഎസ് ട്രഷറി വകുപ്പ് കാപോണിനെ വിദഗ്ധമായി പൂട്ടി. 1931ൽ കാപോൺ ജയിലിലടയ്ക്കപ്പെട്ടു. 8 വർഷം ശിക്ഷ. 1939ൽ പുറത്തിറങ്ങിയപ്പോഴേക്ക് താൻ പടുത്തുയർത്തിയ സാമ്രാജ്യം അസ്തമിച്ചെന്നു കാപോൺ മനസ്സിലാക്കി. ദീർഘകാലമായുള്ള ജയിൽവാസം കാരണം ശാരീരികമായും മാനസികമായും ആകെ തളർന്ന നിലയിലുമായിരുന്നു കാപോൺ. 1947ൽ തന്‌റെ നാൽപത്തിയെട്ടാം വയസ്സിൽ ആ കൊടുംക്രിമിനൽ മരിച്ചു.
English Summary : Saint Valentine's Day Massacre and Al Capone