ADVERTISEMENT

അക്കർമാശി, ഞാൻ കഥാകാരനായ കഥ, അശ്വമേധം എന്നീ അധ്യായങ്ങളാണ് ഈ യൂണിറ്റിലുള്ളത്.  നെരൂദയുടെ ഒരു കവിതാഭാഗമാണ് യൂണിറ്റ് പ്രവേശകം. 

അക്കർമാശി 

മറാത്തി സാഹിത്യകാരനായ ‘ശരൺകുമാർ ലിംബാളെ’യുടെ ആത്മകഥയായ ‘അക്കർമാശി’യിലെ അതേ പേരുള്ള അധ്യായമാണ് പാഠഭാഗം. ഒരു ദളിത് ബ്രാഹ്മണനായി (അർധജാതി) ജനിച്ച ലിംഗബാളെ നേരിട്ട കൊടിയ ജാതീയ അധിക്ഷേപങ്ങളും ഭയാനകവും തീക്ഷ്ണവുമായ അനുഭവങ്ങളും വിവരിക്കുന്നതിനൊപ്പം മൂല്യവത്തും സത്യസന്ധവുമായ ജീവിതം നയിക്കേണ്ട ആവശ്യകതയെക്കുറിച്ചും ഈ ഭാഗത്ത് പറയുന്നു.

∙‘‘ചവറുകൾക്ക് പകരം തൂക്കി നോക്കേണ്ടത് ഞങ്ങളുടെ വിശപ്പാണെന്നെനിക്കു തോന്നി – ലിംബാളെയുടെ ജീവിതപശ്ചാത്തലം വ്യക്തമാക്കാൻ ഈ പ്രയോഗത്തിന് സാധിക്കുന്നുണ്ടോ? കുറിപ്പെഴുതുക (അരപ്പുറം) (സൂചന:– കുട്ടിക്കാലത്തെ ദാരിദ്ര്യം – ചപ്പുചവറു പെറുക്കി ഉപജീവനം – പാഴ്‌വസ്തുക്കളിൽനിന്നു ലഭിക്കുന്ന വരുമാനം ഒരു നേരത്തെ ആഹാരത്തിനു തികയുന്നില്ല – കിട്ടുന്ന പണത്തേക്കാൾ ഭാരം വിശപ്പിനാണ് എന്ന യാഥാർത്ഥ്യം ദുഃഖം, പ്രതിഷേധം, നിഴലിക്കുന്ന പ്രയോഗം)

∙ ‘‘സന്താമയി ഒരു ‘മഹാർ’ ആണെന്നു മനസ്സിലായപ്പോൾ ചെരുപ്പുകുത്തി ചെരുപ്പു തുന്നാൻ കൂട്ടാക്കിയില്ല; (പാഠഭാഗം)

‘‘തൊട്ടുകൂടാത്തവർ തീണ്ടിക്കൂടാത്തവർ

ദൃഷ്ടിയിൽപെട്ടാലും ദോഷമുള്ളോർ

കെട്ടില്ലാത്തോർ തമ്മിലുണ്ണാത്തോരിങ്ങനെ

യൊട്ടല്ലഹോ! ജാതിക്കോമരങ്ങൾ – (കുമാരനാശാൻ)

കുമാരനാശന്റെ വരികൾ ലിംബാളെയുടെ ജീവിതസാഹചര്യവുമായി ബന്ധപ്പെടുത്തി വ്യാഖ്യാനിക്കുക (ഒരുപുറം)

∙ അക്കർമാശി – തലക്കെട്ടിന്റെ ഔചിത്യം പരിശോധിക്കുക.

(രണ്ടോ മൂന്നോ വാക്യത്തിൽ ഉത്തരം)

(അക്കർമാശി– മറാത്തിവാക്ക് – അർധജാതി എന്നർഥം ലിംബാളെയുടെ അച്ഛൻ മേൽജാതി (ലിംഗായത്ത്) അമ്മ താഴ്ന്ന ജാതി (മഹാർ) – വത്യസ്ത ജാതിക്കാരായ മാതാപിതാക്കൾക്ക് പിറന്ന മകൻ എന്ന അർഥത്തിൽ അക്കർമാശി)

∙‘‘നമുക്ക് പപ്പാതിയെടുക്കാം, അക്കൽക്കോട്ടിൽ പോയി സിനിമ കാണാം ഞാൻ നേരെ ചെന്ന് ഹെഡ്മാസ്റ്ററെ കണ്ടു. വീണുകിട്ടിയ പൈസ മുഴുവനും അദ്ദേഹത്തെ ഏൽപിച്ചു; –കൂട്ടുകാരനിൽനിന്നു വ്യത്യസ്തമായി ചിന്തിക്കാനും പ്രവർത്തിക്കാനും ലിംബാളയെ പ്രേരിപ്പിച്ചത് എന്താവാം? നിരീക്ഷണങ്ങൾ അവതരിപ്പിക്കുക (അരപ്പുറം)

(കളഞ്ഞുകിട്ടിയ മുപ്പതു രൂപ – സുഹൃത്തിന്റെ പ്രലോഭനത്തിന് വഴങ്ങാത്ത മനസ്സ് – ദാരിദ്ര്യത്തിനിടയിലും സത്യസന്ധത മുറുകെ പിടിക്കൽ – പ്രലോഭനങ്ങളെ അതിജീവിക്കൽ – ജീവിതത്തിൽ സമ്പത്തിനേക്കാൾ സത്യം ഉപകരിക്കുമെന്ന പാഠം – സ്കൂളിൽനിന്നു ലഭിച്ച അഭിനന്ദനം)

ഞാൻ കഥാകാരനായ കഥ:– ജ്ഞാനപീഠം പുരസ്കാര ജേതാവായ എസ്.കെ. പൊറ്റക്കാടിന്റെ അനുഭവക്കുറിപ്പുകളാണ് ‘ഞാൻ കഥാകാരനായ കഥ’ എന്ന അധ്യായത്തിലെ ഉള്ളടക്കം. തന്റെ എഴുത്തുജീവിതം ആരംഭിച്ചതിനു പിന്നിലെ കഥ തന്മയത്വത്തോടെ ഈ ഭാഗത്ത് ചുരുൾനിവരുന്നു. ദാരിദ്ര്യവും കഷ്ടപ്പാടുകളും സഹിച്ച്, മകനെ പഠിപ്പിച്ച് ഉദ്യോഗസ്ഥനാക്കിയ അമ്മയെ എല്ലാ അർഥത്തിലും അവഗണിച്ച് മകൻ ഭാര്യയോടൊപ്പം ജോലിസ്ഥലത്ത് സുഖജീവിതം നയിക്കുന്നു. മകന്റെ മനസ്സിളക്കാൻവേണ്ടി ആ വൃദ്ധ മാതാവ് അന്ന് ഹൈസ്കൂൾ വിദ്യാർഥിയായ ലേഖകനെ (എസ്.കെ. പൊറ്റക്കാടിനെ) ചെന്നു കണ്ട് തന്റെ ഏകാന്തതയും ജീവിത സാഹചര്യങ്ങളും വിശദീകരിച്ച് കത്തയയ്ക്കാൻ ആവശ്യപ്പെടുന്നു. ആ അമ്മയുടെ ജീവിത സാഹചര്യങ്ങളും സ്വന്തംവകയായി ചില സരസ്വതിവിലാസങ്ങളും ചേർത്ത് ലേഖകൻ തുടരെത്തുടരെ കത്തുകളയയ്ക്കുന്നു. ശേഷം മകന്റെ മനസ്സു മാറുകയും അമ്മയെ വന്നു കണ്ട് പണമയയ്ക്കുകയും ചെയ്യുന്നു. ഇത്തരം കത്തുകളാണ് തന്റെ ആദ്യകാല കഥകളെന്ന് എസ്.കെ. പൊറ്റക്കാട് നിരീക്ഷിക്കുന്നു.

∙‘‘അവനു വയറുനിറയെ ഉണ്ണാൻവേണ്ടി ഞാൻ പട്ടിണി കിടന്നതും അന്ന് ഷ്കൂളിലേക്ക് ഒരു വരക്കോലും ഷ്കൂറ് പെട്ടിയും വാങ്ങാൻ പൈസയില്ലാതെ ഞാൻ എന്റെ അരയിലെ ഏലസ്സിനകത്തു പണ്ടുപണ്ടേ കിടന്നിരുന്ന ഒരു പൊൻ പണം തൂക്കിവിറ്റതും മറ്റും അവന് ഓർമയുണ്ടോ എന്നൊന്നെഴുതി ചോദിക്കൂ.’’ (പാഠഭാഗം)

അമ്മമാരുടെ മുഗ്ധതകൾക്കി–

ങ്ങവസിതിയുണ്ടോ ഭുവനത്തിൽ

തന്നെത്തന്നേ തീറ്റകൊടുത്തിവൾ

പോറ്റിയെടുപ്പീലാരാരെ?.. (ഇടശേരി)

രണ്ടു സന്ദർഭങ്ങളിലും വെളിപ്പെടുന്ന മാതൃവാത്സല്യത്തിന്റെ മഹത്വം വിശകലനം ചെയ്യുക (ഒരുപുറം)

∙ ‘‘അവർ പറഞ്ഞതെല്ലാം പാകപ്പെടുത്തി സ്വന്തം വകയായി ചില സരസ്വതീവിലാസങ്ങളും ചേർത്ത് ഞാൻ ആ മടയനായ മകനും തുടരെത്തുടരെ കത്തുകൾ എഴുതി അയച്ചു’’, സരസ്വതീവിലാസം എന്ന പ്രയോഗം നൽകുന്ന സൂചനകൾ –  (രണ്ടോ– മൂന്നോ വാക്യം) (സരസ്വതി–വാഗ്ദേവത എന്ന സങ്കൽപം – ആലങ്കാരികമായ നല്ല പ്രയോഗങ്ങൾ – വാക്കുകളെ അർഥപൂർണമായും വൈകാരിമായും പ്രയോഗിക്കൽ – ദ്വയാർഥസാധ്യതയുള്ള പദപ്രയോഗങ്ങൾ)

∙‘‘അവർ കണ്ണീരിൽക്കലർത്തിപ്പറഞ്ഞ കഥകൾ എന്നെ വികാരപരവശനാക്കി’’. 

അടിവരയിട്ട പദത്തിന്റെ പ്രയോഗഭംഗി വ്യക്തമാക്കുക (രണ്ടോ മൂന്നോ വാക്യത്തിൽ ഉത്തരം) (വൃദ്ധമാതാവിന്റെ ജീവിത പ്രയാസങ്ങൾ – കഥാകൃത്തിൽ സൃഷ്ടിച്ച വൈകാരികഭാവം – വേദനകളും സങ്കടങ്ങളും വികാരനിർഭരമായി പങ്കുവച്ചു എന്ന സൂചന)

അശ്വമേധം

ശാസ്ത്ര, ചരിത്ര ബോധത്തെ കവിതയിലേക്കാവാഹിച്ച, സർഗധനനായ കവി വയലാർ രാമവർമയുടെ ‘‘അശ്വമേധം’’ എന്ന കവിതയാണ് മൂന്നാമധ്യായം മനുഷ്യന്റെ ഭൗതികവും ബുദ്ധിപരവുമായ വളർച്ചയിൽ സർഗശക്തിയുടെ വർധിച്ച സ്വാധീനം അടയാളപ്പെടുത്തുന്നു ഈ കവിത.

∙ രണ്ടോ മൂന്നോ വാക്യങ്ങളിൽ ഉത്തരമെഴുതാൻ

(1) ഈശ്വരനല്ല മാന്ത്രികനല്ല ഞാൻ

പച്ച മണ്ണിൽ മനുഷ്യത്വമാണു ഞാൻ – പച്ചമണ്ണിൻ മനുഷ്യത്വമെന്ന പ്രയോഗത്തിന്റെ അർഥവ്യാപ്തി – (മനുഷ്യാതീതമായ ശക്തിയിലും മന്ത്രതന്ത്രവിദ്യകളിലും നാം വിശ്വസിക്കരുത്– അധ്വാനിക്കുന്ന മനുഷ്യന്റെ മഹത്വമുദ്ഘോഷിക്കുന്ന വരികൾ – സർഗാത്മകതയും അധ്വാനവും ചേരുമ്പോൾ മനുഷ്യവിജയം സാധ്യമാകുന്നു.)

ii) പണ്ടു ദൈവം കടിഞ്ഞാണുമായ് വന്നു.

യോഗദണ്ഡിലിതിനെ തളയ്ക്കുവാൻ ആശയം വ്യക്തമാക്കുക.

(ഒരു കാലത്ത് ദേവസ്തുതികളും രാജസ്തുതികളും മാത്രമായിരുന്നു സാഹിത്യം – പിന്നീട് കവിയുടെ പൂർവികർ മനുഷ്യപക്ഷ രചനകൾ സാധ്യമാക്കി – മനുഷ്യന്റെ സർഗശക്തിയെ പിടിച്ചുകെട്ടാനും ഇച്ഛാശക്തിയെ ഇല്ലാതാക്കാനും പണ്ടുമുതൽക്കേ ശ്രമം നടന്നിരുന്നു – വൈദിക കാലഘട്ടത്തിലെ സാഹിത്യത്തിന്റെ ലക്ഷ്യത്തെക്കുറിച്ചുള്ള സൂചന)

∙ ഈ യുഗത്തിന്റെ സാമൂഹ്യശക്തി ഞാൻ

മായുകില്ലെന്റെ ചൈതന്യവീചികൾ – (അശ്വമേധം)

ഇപ്രപഞ്ചത്തെ, ക്കൈയി–

ലമ്മാനമാടിക്കൊണ്ടൊ–

രത്ഭുത സർഗാത്മക ശക്തിയെക്കണ്ടിട്ടില്ലേ?

ഞാനാണ–തജയ്യനാം മനുഷ്യൻ ചലിക്കുന്നു

ഞാനഹന്നിശ–മെന്റെ സന്ദേശം ജയിക്കുന്നു. (എനിക്കു മരണമില്ല)

മനുഷ്യന്റെ സർഗാത്മകവും സാമൂഹികവുമായ ശക്തിചൈതന്യങ്ങളെക്കുറിച്ചുള്ള അവബോധം ഈ വരികളിൽ നിഴലിക്കുന്നുണ്ടോ? വിശകലനം ചെയ്യുക (ഒരുപുറം)

എളുപ്പം സ്കോർനേടാം

(1) മണ്ണിൽനിന്നു പിറന്നവർ മണ്ണിനെപ്പൊന്നണിയിച്ച സംസ്കാരശിൽപികൾ

അടിവരയിട്ട പ്രയോഗം സൂചിപ്പിക്കുന്നത്?

ഉ: തൊഴിലാളിവർഗത്തെ

(ii) സന്താമയി കൊണ്ടുവന്ന ചെരിപ്പു തുന്നാൻ ചെരിപ്പുകുത്തി കൂട്ടാക്കാത്തതിന്റെ കാരണം?

ഉ: ‘മഹാർ’ ജാതിയിൽ പിറന്നതുകൊണ്ട്

(iii) ‘വൃദ്ധമാതാവ്’ – ഘടകപദമാക്കിയാൽ?

ഉ: വൃദ്ധയായ മാതാവ്

(iv) ഞങ്ങൾ അങ്ങോട്ടുമിങ്ങോട്ടും നടക്കുകയാണ് പതിവ്. അടിവരയിട്ട പദം പിരിച്ചെഴുതിയാൽ?

ഉ: അങ്ങോട്ടും + ഇങ്ങോട്ടും.

English Summary : SSLC pareekhsa sahai Malayalam unit-4

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com