എൽഎ 92: റോഡ്‌നിയെ തല്ലിച്ചതച്ച പൊലീസ്; ലൊസാഞ്ചലസിനെ കത്തിച്ച ജനരോഷം

HIGHLIGHTS
  • അടിയിൽ അയാളുടെ തലയോട്ടി പൊട്ടുകയും എല്ലുകൾ ഒടിയുകയും ചെയ്തു
  • റോഡ്‌നിയെ തല്ലുന്ന വിഡിയോ അന്ന് ആരോ എടുത്തു
rodney-king-and-los-angeles-riots-of-1992
LAPD advance upon protestor on the south lawn of City Hall while police car burns during night one of the Rodney King Riots on April 29 1992 in Los Angeles, CA.. Photo Credits : a katz / Shutterstock.com
SHARE

കഴിഞ്ഞ വർഷം ലോകത്തെ പിടിച്ചു കുലുക്കിയ സംഭവങ്ങളിലൊന്നായിരുന്നു ബ്ലാക്ക് ലൈവ്‌സ് മാറ്റർ പ്രതിഷേധം. യുഎസിൽ കഴിഞ്ഞ മേയ് 25നു ജോർജ് ഫ്‌ലോയ്ഡ് എന്ന കറുത്തവർഗക്കാരൻ കൊല്ലപ്പെട്ടതിനെത്തുടർന്ന് ഉടലെടുത്ത പ്രക്ഷോഭം തുടർന്ന് ലോകത്ത് പലയിടങ്ങളിലേക്കും പടർന്നു. യുഎസിൽ വംശീയതയ്‌ക്കെതിരെ ഇത്തരമൊരു പ്രക്ഷോഭം പലരും ശ്രദ്ധിക്കുന്നത് ഇതാദ്യമാകും.എന്നാൽ 1992ൽ ലൊസാഞ്ചലസിൽ അതിതീവ്രമായ ഒരു കലാപം വംശീയതയ്‌ക്കെതിരായ പ്രക്ഷോഭത്തിന്റെ ഭാഗമായി നടന്നിരുന്നു. എൽ എ 92 എന്നു ജനങ്ങൾ പേരിട്ടു വിളിക്കുന്ന, അമേരിക്ക ഒരിക്കലും മറക്കാത്ത ഒരു കലാപം.

റോഡ്‌നി കിങ് നേരിട്ട മൃഗീയമർദ്ദനം

30 വർഷം മുൻപ് ഇതുപോലൊരു മാർച്ച് മൂന്നിനാണ് ആ സംഭവം നടന്നത്. ഒരു മോഷ്ടാവായിരുന്നു റോഡ്‌നി കിങ്. പരോളിലിറങ്ങിയ ഇയാൾ മദ്യപിച്ച് കാറോടിച്ചു. പൊലീസ് റോഡ്‌നിയുടെ വാഹനത്തെ പിന്തുടർന്നു. ലൊസാഞ്ചലസിന്റെ റോഡുകളിൽ ഒരു അതിവേഗ റേസ് ഇരുവരും നടത്തി. ഒടുവിൽ റോഡ്‌നിയുടെ കാറിനെ പൊലീസ് വളഞ്ഞു. വാഹനത്തിൽ നിന്ന് പിടിച്ച് പുറത്തിട്ട ശേഷം നാലു പേരടങ്ങുന്ന പൊലീസ് സംഘം ലാത്തികൾ ഉപയോഗിച്ച് റോഡ്‌നിയെ 15 മിനിറ്റോളം വളഞ്ഞിട്ടു തല്ലി. അടിയിൽ അയാളുടെ തലയോട്ടി പൊട്ടുകയും എല്ലുകൾ ഒടിയുകയും ചെയ്തു. ആ നാലു പൊലീസുകാരിൽ മൂന്നും വെളുത്ത വംശജരായിരുന്നു. റോഡ്‌നിയെ തല്ലുന്ന വിഡിയോ അന്ന് ആരോ എടുത്തു. തുടർന്ന് അത് ചാനലുകളിലും മറ്റും ലോകവ്യാപകമായി ടെലിക്കാസ്റ്റ് ചെയ്യപ്പെട്ടു. യുഎസിന്റെ സമൂഹമനസ്സാക്ഷിയെ ഞെട്ടിച്ച ഒരു സംഭവമായിരുന്നു അത്. 

കറുത്ത വംശജർക്കിടയിൽ വിഡിയോ ഒരു ചർച്ചാവിഷയമാകുകയും അവരിൽ പലരും തങ്ങൾ നേരിടുന്ന വർണവിവേചനത്തെപ്പറ്റി പറയാൻ മുന്നോട്ടു വരികയും ചെയ്തു. കേസ് കോടതിയിലേക്കു പോയി. എന്നാൽ ഒരു വർഷത്തിനു ശേഷം ഏപ്രിൽ 29നു 12 ജഡ്ജിമാരടങ്ങിയ ഒരു ജൂറി മർദ്ദനത്തിനു പിന്നിലുള്ള പൊലീസുകാരെ വെറുതെ വിട്ടതായി വിധി പറഞ്ഞു. ഒരു വലിയ കലാപത്തിന്റെ ആരംഭമായിരുന്നു അത്.

rodney-king-and-los-angeles-riots-of-1992-1
George Floyd Protest Turns into Riot, Indianapolis. Photo Credits : Chris Owens/ Shutterstock.com

തിളച്ചുമറിഞ്ഞ് ലൊസാഞ്ചലസ്

ആളുകളിൽ പലർക്കും ആ വിധി വിശ്വസിക്കാനായില്ല. വിഡിയോ പോലെ ശക്തമായ തെളിവുണ്ടായിട്ടും എങ്ങനെ പൊലീസുകാരെ വെറുതെ വിട്ടെന്നായിരുന്നു അവരുടെ ചോദ്യം. വിധി പറഞ്ഞു 3 മണിക്കൂറുകൾക്കു ശേഷം പ്രതിഷേധം അക്രമത്തിനു വഴിമാറി. ലൊസാഞ്ചലസ് നഗരത്തിൽ കലാപം തുടങ്ങി. ലൊസാഞ്ചലസിലെ ഫ്‌ലോറൻസ്‌നോർമാൻഡി മേഖലയിലാണ് ഇത് ഉദ്ഭവിച്ചത്. 

റോഡിൽ കടകളും മറ്റും ചുട്ടെരിക്കപ്പെട്ടു. മദ്യശാലകൾ, ഗ്രോസറി സ്റ്റോറുകൾ, ചില്ലറ വിൽപന കേന്ദ്രങ്ങൾ, റെസ്റ്ററന്റുകൾ തുടങ്ങിയവയൊക്കെ കൊള്ളയടിക്കപ്പെടുകയോ നശിപ്പിക്കപ്പെടുകയോ ചെയ്തു. റോഡിലൂടെ യാത്ര ചെയ്ത വെളുത്ത വർഗക്കാരിൽ പലരും ആക്രമണത്തിനിരയായി. തെക്കൻ ലൊസാഞ്ചലസിൽ കലാപം അതിതീവ്രമായിരുന്നു. ആയിടെ കറുത്ത വംശജയായ ഒരു പെൺകുട്ടിയെ തെക്കൻ ലൊസാഞ്ചലസിൽ ഒരു കൊറിയൻ കടയുടമ വെടിവച്ചു കൊന്നത് വിവാദമായ സമയമാണ്.ഇതിനാൽ തന്നെ പ്രക്ഷോഭകാരികൾ കൊറിയക്കാരെയും ലക്ഷ്യം വച്ചു. ആയിരത്തിലധികം കൊറിയൻ ബിസിനസ് കേന്ദ്രങ്ങൾ ആക്രമിക്കപ്പെട്ടു.

നമുക്ക് ഒരുമിച്ച് പൊയ്ക്കൂടേ?

എന്നാൽ അക്രമസംഭവങ്ങൾ ഗുരുതരമായിട്ടും സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കുന്നതിൽ പൊലീസ് വീഴ്ച വരുത്തിയെന്നു പരക്കെ ആരോപണമുണ്ടായിരുന്നു. അന്നു രാത്രിയോടെ കലാപം മൂർധന്യാവസ്ഥയിലെത്തി. അതോടെ നഗരത്തിൽ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും 2000 നാഷനൽ ഗാർഡ് സൈനികർ ഇറങ്ങുകയും ചെയ്തു. അക്രമം രൂക്ഷമായി തുടർന്നു. 

കലാപത്തിന്റെ മൂന്നാം ദിനം റോഡ്‌നി കിങ് തന്നെ പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ട് കലാപം നിർത്താൻ ജനങ്ങളോട് ആവശ്യപ്പെട്ടു. നമുക്കെല്ലാം ഒരുമിച്ച് പൊയ്ക്കൂടേ? എന്നുള്ള റോഡ്‌നിയുടെ അഭ്യർഥന പിറ്റേന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തയായി. അഞ്ചാം ദിനത്തോടെ കലാപം ഒടുങ്ങി. പക്ഷേ അപ്പോഴേക്കും 50 മരണം സംഭവിച്ചിരുന്നു. ഇതിൽ 10 പേർ പൊലീസ് വെടിവയ്പിലാണു കൊല്ലപ്പെട്ടത്. രണ്ടായിരത്തിലധികം പേർക്ക് പരുക്കേറ്റു. ആയിരത്തിലധികം കെട്ടിടങ്ങൾ നശിപ്പിക്കപ്പെട്ടു. 100 കോടി യുഎസ് ഡോളറിന്റെ നഷ്ടമാണ് ലൊസാഞ്ചലസ് നഗരത്തിൽ അന്നേ ദിവസം ഉണ്ടായത്.

ബാക്കിപത്രം

കേസ് വീണ്ടും തുടർന്നു. റോഡ്‌നി കിങ്ങിന് നഷ്ടപരിഹാരമായി ഒരു തുക ലഭിച്ചു. അതുവച്ച് ഒരു വീടു പണിത് അയാൾ താമസം തുടങ്ങി. മദ്യപാനത്തിൽ നിന്നു രക്ഷ നേടാൻ പല ശ്രമങ്ങളും റോഡ്‌നി നടത്തി .2012ൽ റോഡ്‌നിയെ മരിച്ച നിലയിൽ കണ്ടെത്തി. റോഡ്‌നിയെ തല്ലിച്ചതച്ച 4 പൊലീസുകാരും സർവീസിൽ നിന്നു പുറത്താക്കപ്പെട്ടു. ഇതിൽ രണ്ടു പേർക്ക് രണ്ടരവർഷം തടവും ലഭിച്ചു. റോഡ്‌നി കിങ്ങിനെയും ലൊസാഞ്ചലസ് കലാപത്തെയും അടിസ്ഥാനപ്പെടുത്തി നിരവധി സിനിമകളും ഡോക്യുമെന്‌ററികളും പുറത്തിറങ്ങി. നാഷനൽ ജ്യോഗ്രഫിക്കിന്‌റെ എൽഎ 92 ഇതിൽ ഏറ്റവും പ്രശസ്തം.

English Summary : Rodney king and Los Angeles riots of 1992

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN PADHIPURRA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കലാലയങ്ങളിലേക്ക് തിരികെ

MORE VIDEOS
FROM ONMANORAMA