ADVERTISEMENT

1973 ഏപ്രിൽ 3...ഒരു വേനൽദിനം. ന്യൂയോർക്ക് നഗരത്തിലെ തിരക്കേറിയ സിക്സ്ത് അവന്യുവിൽ നിൽക്കുകയായിരുന്നു മാർട്ടിൻ കൂപ്പർ എന്ന എൻജിനീയർ. കൈയിൽ ‘ബ്രിക്’ എന്ന് അദ്ദേഹം തന്നെ ചെല്ലപ്പേരിട്ടു വിളിച്ച ഒരു ഉപകരണവുമുണ്ടായിരുന്നു. മോട്ടറോളയിലെ ഉന്നത സാങ്കേതിക വിദഗ്ധനായിരുന്നു കൂപ്പർ.

മോട്ടറോളയുടെ പ്രതിയോഗികളായ ബെൽ ലബോറട്ടറിയിലെ തന്റെ പ്രതിയോഗിയായ സാങ്കേതിക വിദഗ്ധൻ ജോയൽ എൻഗെലിന്റെ ലാൻഡ്ഫോണിലേക്കാണു കൂപ്പർ വിളിച്ചത്. എൻഗെൽ താമസിയാതെ ഫോണെടുത്തു. ‘പ്രിയപ്പെട്ട ജോയൽ, ശബ്ദം ശരിയാണോ എന്നറിയാൻ വിളിച്ചതാണ്, ഞാൻ വിളിക്കുന്നത് ഒരു ശരിയായ സെല്ലുല്ലർ ഫോണിൽ നിന്നാണ്, കൊണ്ടുനടക്കാവുന്ന, കൈയിൽ പിടിക്കാവുന്ന യഥാർഥ മൊബൈൽ ഫോണിൽ നിന്ന്’. കൂപ്പർ ഇതു പറഞ്ഞപ്പോൾ എൻഗെൽ അൽപസമയം നിശ്ശബ്ദനായി. മൊബൈൽ ഫോൺ സാങ്കേതികവിദ്യ വികസിപ്പിക്കാനായി മോട്ടറോളയും ബെൽ ലബോറട്ടറിയും തമ്മിൽ കിടമൽസരം നടക്കുന്ന കാലമായിരുന്നു അത്. തന്റെ പ്രതിയോഗി വിജയം നേടിക്കഴിഞ്ഞെന്ന് എൻഗെൽ മനസ്സിലാക്കി.കുറച്ചു സമയത്തിനകം ആ ഫോൺ സംഭാഷണം അവസാനിച്ചു.

കാര്യം ഈഗോയുടെ പുറത്തു വിളിച്ചതാണെങ്കിലും ചരിത്രത്തിൽ രേഖപ്പെടുത്തിയ ഒരു ഫോൺ സംഭാഷണമായിരുന്നു അത്. ലോകത്തിലെ ആദ്യ മൊബൈൽ സംഭാഷണം. പിൽക്കാലത്ത് മൊബൈൽ സാങ്കേതികവിദ്യ നവീകരണങ്ങളുടെ കൊടുമുടികൾ കയറി. ഇന്ന് ലോകജനതയുടെ കൈയിലുള്ള മൊബൈലുകളിൽ ടിവി കാണാം, ഇന്റർനെറ്റ് എടുക്കാം, ടിക്കറ്റുകൾ ബുക്ക് ചെയ്യാം...അനന്തമായ സേവനങ്ങളാണ് അവ നൽകുന്നത്. ഇതിന്റെയെല്ലാം തുടക്കമായിരുന്നു ആ ഫോൺ സംഭാഷണം.

∙മൊബൈലിന്റെ ആദ്യകാലം

1940ൽ ബെൽ ലബോറട്ടറീസിൽ, എൻജിനീയറായ ഡൗഗ് റിങ് എഴുതിയ പ്രബന്ധത്തോടെയാണു മൊബൈൽ ഫോൺ വികസിപ്പിക്കാനുള്ള ആശയങ്ങൾക്കു തുടക്കമായത്. 1947ൽ അമേരിക്കൻ ടെലിഫോൺ ആൻഡ് ടെലിഗ്രാഫ് കമ്പനി കാറുകളിൽ ഉപയോഗിക്കാവുന്ന ഫോൺ സംവിധാനം കണ്ടെത്തി. കാർ ഫോണുകൾ എന്ന് ഇവ അറിയപ്പെട്ടു. 1968ൽ യുഎസ് ഫെഡറൽ കമ്യൂണിക്കേഷൻ കമ്മിഷൻ, ഇലക്ട്രോമാഗ്നെറ്റിക് സ്പെക്ട്രത്തിന്റെ ഉയർന്ന ഫ്രീക്വൻസി മേഖല ഉപയോഗിക്കുന്ന മൊബൈൽ ഫോൺ വികസിപ്പിക്കാൻ അമേരിക്കൻ ടെലിഫോൺ ആൻഡ് ടെലിഗ്രാഫ് കമ്പനിയോട് ആവശ്യപ്പെട്ടതോടെ മേഖലയിൽ കിടമത്സരം ഉടലെടുത്തു. അക്കാലത്ത് ഈ കമ്പനിക്ക് ടെലികോം രംഗത്ത് അപ്രമാദിത്വമുണ്ടായിരുന്നു. ഇതു പൊളിക്കണമെന്ന് മോട്ടറോള കമ്പനി നിശ്ചയിച്ചു.ഇതിനുള്ള നിയോഗം മാർട്ടിൻ കൂപ്പറിനായിരുന്നു.

∙പ്രതിഭാശാലിയായ കൂപ്പർ

1928ൽ ചിക്കാഗോയിൽ ജനിച്ച മാർട്ടിൻ കൂപ്പർ ഇന്നും ജീവിച്ചിരുപ്പുണ്ട്. ഇലിനോയ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ഇലക്ട്രിക്കൽ എൻജിനീയറിങ്ങിൽ ബിരുദം നേടിയ ശേഷം കൂപ്പർ കുറച്ചുകാലം യുഎസ് നേവിയിൽ നാവികനായി ജോലി നോക്കി. 1954 ൽ മോട്ടറോളയിൽ ചേർന്ന അദ്ദേഹം വയർലെസ് ആശയവിനിമയ സംവിധാനങ്ങളുമായി ബന്ധപ്പെട്ടുള്ള കമ്പനിയുടെ ഗവേഷണ മേഖലയിലാണു പ്രവർത്തിച്ചിരുന്നത്.

മൊബൈൽഫോൺ വികസിപ്പിക്കാനുള്ള നിയോഗം എത്തിച്ചേ‍ർന്നതോടെ സ്ഥിരോൽസാഹിയായ ഈ എൻജിനീയർ ഉണർന്നു പ്രവർത്തിച്ചു. ഒടുവിൽ അദ്ദേഹത്തിന്റെ പ്രയത്നം ഫലപ്രാപ്തിയിലെത്തി. ഡൈനാമിക് അഡാപ്റ്റീവ് ടോട്ടൽ ഏരിയ കവറേജ് (ഡൈനടാക്) എന്ന പേരിൽ ആദ്യ മൊബൈൽ ഫോൺ അദ്ദേഹം യാഥാർഥ്യമാക്കുക തന്നെ ചെയ്തു. 23 സെന്റിമീറ്റർ നീളവും ഒരു കിലോ ഭാരവുള്ള ഈ ഫോണിന്റെ ബാറ്ററി സമയം വെറും 35 മിനിറ്റ് മാത്രമായിരുന്നു!

അതും കഴിഞ്ഞ് പത്തുവർഷം വിവിധ ഗവേഷണങ്ങളും പരിഷ്കരിക്കലും നടത്തിയിട്ടാണ് 1983ൽ ഉപഭോക്താക്കൾക്കായുള്ള ആദ്യ മൊബൈൽ ഫോൺ മോട്ടറോള വിപണിയിൽ ഇറക്കിയത്. ഡൈനടാക്ക് 8000 എക്സ് എന്നു പേരിട്ട ഈ ഫോണിന് 3995 യുഎസ് ഡോളറായിരുന്നു (ഏകദേശം ഇന്നത്തെ 3 ലക്ഷം രൂപ) വില.

∙ ഇന്ത്യയിലെ ആദ്യ സംസാരം

1995 ജൂലൈ 31നാണ് ഇന്ത്യയിൽ ആദ്യത്തെ മൊബൈൽ ഫോൺ സംഭാഷണം നടന്നത്. അന്നത്തെ കേന്ദ്ര ടെലികോം മന്ത്രി സുഖ് റാമും ബംഗാൾ മുൻ മുഖ്യമന്ത്രി ജ്യോതി ബസുവും തമ്മിലായിരുന്നു സംഭാഷണം. നോക്കിയയുടെ ഹാൻഡ്സെറ്റുകളാണ് ഇരുവരും ഉപയോഗിച്ചത്.മോദി–ടെലസ്ട്ര എന്ന നെറ്റ്‌വർക്ക് വഴിയായിരുന്നു സംഭാഷണം. ഇന്ത്യയിലെ ബി.കെ.മോദി ഗ്രൂപ്പും ഓസ്ട്രേലിയയിലെ ടെലസ്ട്ര കമ്പനിയും തമ്മിലുള്ള ഒരു സംയുക്തസംരംഭമായിരുന്നു ഈ നെറ്റ്‌വർക്ക്.

English Summary: Martin Cooper and history of mobile phones

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com