ADVERTISEMENT

നരകം എന്ന സങ്കല്പത്തെപ്പറ്റി പറയുമ്പോൾ എല്ലാം മനസിലേക്ക് ഓടിയെത്തുന്നത് കത്തിയെരിയുന്ന അഗ്നിനാളമാണ്. എന്നാൽ ആർക്കും അത്തരത്തിൽ ഒരു സ്ഥലം നേരിൽ കാണാനുള്ള അവസരം ലഭിച്ചിട്ടുമില്ല. പ്രസ്തുത നരകത്തിലേക്കുള്ള വാതിൽലെന്നു വിശേഷിപ്പിക്കപ്പെടുന്ന ഒരു സ്ഥലം ഈ ഭൂമിയിലുണ്ട്. ഉയർന്നു പൊങ്ങുന്ന അഗ്നി നാളങ്ങൾ കൊണ്ട് സർവം ചുട്ടെരിക്കപ്പെടുന്ന ഒരിടം. അതും ഒരു വലിയ മരുഭൂമിയുടെ നടുവില്‍. തുര്‍ക്മെനിസ്ഥാനില്‍ സ്ഥിതി ചെയ്യുന്ന ഈ സ്ഥലം ഒരു ഗ്യാസ് കേറ്റർ ആണ്. 

 

കാസ്പിയന്‍ കടലും ഖസാക്കിസ്ഥാന്‍, ഉസ്ബെസ്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ഇറാന്‍ എന്നീ രാജ്യങ്ങളുമെല്ലാം അതിർത്തി പങ്കിടുന്ന തുര്‍ക്മെനിസ്ഥാനിൽ രാജ്യത്തിന്റെ ഏകദേശം 70 ശതമാനത്തോളം ഭാഗവും മരുഭൂമിയാണ്. അവിടെയാണ് ദെർവാസാ ഗ്യാസ് ക്രേറ്റർ സ്ഥിതി ചെയ്യുന്നത്.

 

ലോകത്തിലെ തന്നെ ഏറ്റവും വലിയ പ്രകൃതി വാതക ശേഖരങ്ങളിലൊന്നാണിതെന്നാണ് കരുതപ്പെടുന്നത്. ഈ പ്രദേശം ഇപ്പോഴും നിര്‍ത്താതെ എരിഞ്ഞുകൊണ്ടിരിക്കുന്നതിന് കാരണം ഇവിടുത്തെ മീഥെയ്ന്‍ വാതകത്തിന്റെ സാന്നിധ്യമാണ്. 1971 ലാണ് ഈ പ്രദേശത്തെ അഗ്നിഗോളമായി മാറ്റിയത്.

 

തുര്‍ക്മെനിസ്ഥാന്‍ സോവിയറ്റ് യൂണിയന്‍റെ ഭാഗമായിരുന്ന കാലത്താണ് സോവിയറ്റ് ശാസ്ത്രഞ്ജർ കണ്ടെത്തിയതാണ് ഇവിടുത്തെ വാതക നിക്ഷേപം. എണ്ണപ്പാടമാണെന്നു കരുതി കുഴിച്ചപ്പോള്‍ വളരെ അപ്രതീക്ഷിതമായി ഒരു ഗര്‍ത്തം ഇവിടെ രൂപപ്പെടുകയും അതില്‍ നിന്നും മനുഷ്യ ജീവനുതന്നെ ദോഷകരമാകുന്ന വാതകങ്ങള്‍ പുറത്തുവരുവാന്‍ തുടങ്ങുകയും ചെയ്തു. അത്തരത്തിൽ വിഷവാതകങ്ങളിലൂടെ ഇവിടെ അപകടങ്ങൾ വരാതിരിക്കുന്നതിനായി ഈ പ്രദേശത്ത് തീ ഇടുകയായിരുന്നു. 

 

വാതകങ്ങൾ ഉടനടി കത്തി നശിക്കുമെന്ന പ്രതീക്ഷയോടെയാണ് തീ ഇട്ടതെങ്കിലും 50 വർഷങ്ങൾക്കിപ്പുറവും അഗ്നി ഗോളമായിത്തന്നെ ഈ പ്രദേശം നിലനിൽക്കുന്നു. ഇപ്പോൾ പല സഞ്ചാരികളും ഏറെ ആസ്വദിക്കുന്ന ഒരു ദൃശ്യമായി മാറിക്കഴിഞ്ഞു. രാത്രി കാലങ്ങളിലാണ് ഇതിന്റെ ഭംഗി വർധിക്കുന്നത്. രാത്രിയിൽ  ചുവന്നുതെളിഞ്ഞു കത്തുന്ന തീജ്വാലകള്‍ കിലോമീറ്ററുകള്‍ അകലെ നിന്നുപോലും കാണുവാന്‍ സാധിക്കും.ഇപ്പോൾ ഈ പ്രദേശം പ്രകൃതി സംരക്ഷണ കേന്ദ്രത്തിന്റെ ഭാഗമായി സംരക്ഷിക്കപ്പെട്ടു വരികയാണ്.

 

English Summary: Darvaza gas crater- The gates of hell 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com