ചൈനീസ് പ്രധാനമന്ത്രിയെ കൊല്ലാൻ എയർഇന്ത്യ വിമാനം തകർത്തപ്പോൾ- കാശ്മീർ പ്രിൻസസ്

HIGHLIGHTS
  • യാത്രക്കാരുടെ ക്യാബിനിലേക്കു കറുത്ത പുകയെത്തി നിറഞ്ഞു
  • തീ അനുനിമിഷം പടർന്നുകൊണ്ടിരിക്കുന്നു
disaster-in-the-air-the-crash-of-the-kashmir-princes-in-1955
Representative image. A Lockheed Constellation similar to the incident aircraft. Photo Credits/ Wikipedia.
SHARE

1955 ഏപ്രിൽ 11...ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം അന്നു വളരെ ഊഷ്മളമായിരുന്നു. കുറച്ചുനാൾ മുൻപാണു രാജ്യങ്ങൾ തമ്മിൽ പഞ്ചശീല തത്വങ്ങൾ സംബന്ധിച്ച ഉടമ്പടി നിലവിൽ വന്നത്. ചേരിചേരാ രാജ്യങ്ങളുടെ മുൻനിരനേതാക്കളായ ഇരു രാജ്യങ്ങളും ആ വർഷം ഏപ്രിൽ 18 മുതൽ ഇന്തൊനീഷ്യയിലെ ബാൻഡങ്ങിൽ ഏഷ്യൻ ആഫ്രിക്കൻ രാജ്യങ്ങളുടെ ഒരു ഉച്ചകോടി സംഘടിപ്പിച്ചുആ കോൺഫറൻസിലേക്കുള്ള യാത്രക്കാരെ വഹിച്ചു കൊണ്ടുവരാനായിരുന്നു എയർ ഇന്ത്യയുടെ കാശ്മീർ പ്രിൻസസ് അഥവാ ഫ്‌ളൈറ്റ് 300 എന്നറിയപ്പെട്ട വിമാനത്തിന്റെ നിയോഗം. അക്കാലത്തെ ചൈനീസ് പ്രധാനമന്ത്രിയായിരുന്ന ജോ എൻലായിയും വിമാനത്തിലെ യാത്രക്കാരുടെ ലിസ്റ്റിൽ ഉൾപ്പെട്ടിരുന്നു.

തായ്‌ലൻഡിലെ ബാങ്കോക്കിലേക്ക് ആദ്യം പറന്ന വിമാനം പിന്നീട് അവിടെ നിന്നു ഹോങ്കോങ്ങിലേക്കു പറന്നു. ക്യാപ്റ്റൻ ഡി.കെ.ജട്ടറായിരുന്നു പൈലറ്റ്. അക്കാലത്തെ ഇന്ത്യൻ വ്യോമമേഖലയിലെ പ്രമുഖരായ ജെ.സി, പഥക്, എം.സി.ദീക്ഷിത്, എൻജിനീയർ അനന്ത് ശ്രീധർ കർണിക് തുടങ്ങിയവർ വിമാനത്തിലുണ്ടായിരുന്നു. ഗ്ലോറിയ ബെറി ഡിസൂസയായിരുന്നു പ്രധാന എയർഹോസ്റ്റസ്.

വിമാനം ഹോങ്കോങ്ങിലെത്തി. ഇതിനിടെ അപരിചിതനായ പാശ്ചാത്യനെന്നു തോന്നിപ്പിക്കുന്ന ഒരു വ്യക്തി വൈമാനിക സംഘത്തോട് യാത്രയെപ്പറ്റിയൊക്കെ കുറച്ചു കാര്യങ്ങൾ ചോദിക്കാനെത്തി. എന്നാൽ വളരെ നയതന്ത്ര പ്രാധാന്യമുള്ള യാത്രയായിരുന്നതിനാൽ ഉത്തരങ്ങൾ പറയാതെ അയാളെ വൈമാനിക സംഘം മടക്കി. വിമാനത്തിലേക്ക് എല്ലായാത്രക്കാരും കയറി, ജോ എൻലായ് ഒഴികെ. ചൈനീസ് പ്രധാനമന്ത്രി അവസാന നിമിഷം യാത്ര ഒഴിവാക്കിയെന്നു വൈമാനികസംഘം മനസ്സിലാക്കി. 11 യാത്രക്കാരും 8 വൈമാനികരുമടങ്ങിയ 19 അംഗ സംഘം ഇന്തൊനീഷ്യയിലേക്കുള്ള യാത്ര തുടങ്ങി. യാത്രക്കാരിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളും മാധ്യമപ്രവർത്തകരും ഉൾപ്പെട്ടിരുന്നു.

Premier-Zhou-Enlai
Zhou Enlai. Photo credits : Wikipedia

എല്ലാം വളരെ സുഗമമായിരുന്നു. ഹോങ്കോങ് വിമാനത്താവളത്തിൽ നിന്നു കൃത്യമായി വിമാനം ടേക്ക് ഓഫ് നടത്തി. കാലാവസ്ഥ മികച്ചതായിരുന്നു. വിമാനം തെക്കൻ ചൈനാക്കടലിനു മുകളിലേക്കു പറന്നുപൊങ്ങി. യാത്രക്കാർ അവരവരുടെ കാര്യങ്ങളിൽ ഏർപെട്ടു. ഇന്തൊനീഷ്യയിലെത്താൻ ഇനിയും ആറര മണിക്കൂർ വേണം. രാഷ്ട്രീയ രാജ്യാന്തര ചർച്ചകൾ വിമാനത്തിൽ ചൂടുപിടിച്ചു. എയർ ഹോസ്റ്റസ് എല്ലാവർക്കും ഭക്ഷണവും സിഗരറ്റുകളും നൽകി.യാത്ര തുടങ്ങിയിട്ട് അഞ്ചു മണിക്കൂർ പിന്നിട്ടു. വിമാനം 18000 അടി ഉയരത്തിൽ, 185 നോട്ട് വേഗതയിൽ സഞ്ചരിച്ചുകൊണ്ടിരുന്നു. ജക്കാർത്തയിൽ സന്ധ്യയ്ക്ക് ഏഴരയോടെ വിമാനം ലാൻഡ് ചെയ്യുമെന്ന് പൈലറ്റ് അറിയിപ്പു നൽകി. അപ്പോളാണ് പെട്ടെന്ന് ആ സ്‌ഫോടനശബ്ദം ഉയർന്നത്.

ആർക്കും ഒന്നും മനസ്സിലായില്ല. യാത്രക്കാരുടെ ക്യാബിനിലേക്കു കറുത്ത പുകയെത്തി നിറഞ്ഞു. ക്യാപ്റ്റൻ ജട്ടർ, ദീക്ഷിത്, കർണിക് തുടങ്ങിയവർ സ്‌ഫോടനം എവിടെയാണെന്ന് അന്വേഷിച്ചു നടന്നു. അതിനിടെ ജട്ടർ ആ വാർത്ത പുറത്തുവിട്ടു. എൻജിൻ റൂമും ഇന്ധനടാങ്കും അഗ്നിബാധയേറ്റിരിക്കുകയാണ്. തീ അനുനിമിഷം പടർന്നുകൊണ്ടിരിക്കുന്നു. വിമാനം മലേഷ്യയ്ക്കും ഇന്തൊനീഷ്യയ്ക്കും ഇടയിലെ കടലിലുള്ള ദ്വീപായ നാറ്റുന ദ്വീപുകളുടെ മുകളിലായിരുന്നു. വിമാനത്തിലെ എല്ലാ ആശയവിനിമയ മാർഗങ്ങളും നിലച്ചിരുന്നു. തീയണയ്ക്കാൻ എൻജിനിലേക്കു കാർബൺഡയോക്‌സൈഡ് വാതകം പ്രവഹിപ്പിച്ചെങ്കിലും അതു മതിയായിരുന്നില്ല. വൈകിപ്പോയിരുന്നു.

യാത്രക്കാരുടെ ക്യാബിനിൽ പുക നിറഞ്ഞു. ശ്വാസത്തിനായി അവർ അലമുറയിട്ടു. അന്നത്തെ കാലത്ത് വിമാനത്തിൽ ഓക്‌സിജൻ മാസ്‌കുകളുണ്ടായിരുന്നില്ല. എൻജിനീയർ എ.എസ്. കർണിക് വിമാനത്തിന്റെ എല്ലാ വാതിലുകളും തുറന്നിട്ടു. ഇതിനിടയിൽ വിമാനം താഴേക്കു കുതിച്ചു തുടങ്ങിയിരുന്നു. ഒടുവിൽ അതു കടലിൽ ജലസമാധി കണ്ടെത്തി. സമുദ്രജലത്തിലേക്ക് ഊക്കോടെ പതിച്ച അത് മൂന്നായി പൊട്ടിച്ചിതറി. ആകാശവാണി വിമാനം തകർന്ന വാർത്ത ഇന്ത്യയിൽ താമസിയാതെ റിപ്പോർട്ട് ചെയ്തു. ഇന്ത്യൻ പത്രങ്ങളും പിറ്റേന്ന് ആ വാർത്ത ഹെഡ്‌ലൈനാക്കി. 

തെക്കൻ ചൈനാക്കടലിൽ എയർഇന്ത്യ വിമാനം തകർന്നെന്നും അതിൽ യാത്രക്കാരും ജീവനക്കാരുമായുണ്ടായിരുന്ന 19 അംഗ സംഘം മരിച്ചുവെന്നുമായിരുന്നു വാർത്ത. എന്നാൽ എല്ലാവരും മരിച്ചിരുന്നില്ല. കർണിക്, ദീക്ഷിത്, പഥക് എന്നീ വൈമാനികർ രക്ഷപ്പെട്ടിരുന്നു. ഇവരെ പ്രദേശത്ത് പട്രോളിങ് നടത്തിയ ബ്രിട്ടിഷ് കപ്പൽ എച്ച്എംഎസ് ഡെംപർ രക്ഷിച്ചു.വിമാനത്തിന്റെ തകർച്ചയുടെ കാരണം താമസിയാതെ കണ്ടെത്തി. വിമാനത്തിന്റെ ഉള്ളറയിൽ ആരോ സ്ഥാപിച്ച ബോംബ് പൊട്ടിത്തെറിച്ചത്, ഇന്ധനടാങ്കിൽ തീപിടിപ്പിച്ച് വലിയ അഗ്നിബാധയ്ക്ക് ഇടവരുത്തുകയായിരുന്നു എന്നായിരുന്നു അത്. തങ്ങൾക്കെതിരിയെുള്ള സിഐഎ ഗൂഢാലോചനയാണ് ഇതെന്നായിരുന്നു ചൈനയുടെ ആദ്യ പ്രതികരണം.

സംഭവത്തിൽ അന്നത്തെ ഇന്ത്യൻ വിദേശകാര്യമന്ത്രി വി.കെ.കൃഷ്ണമേനോൻ ശക്തമായി ഇടപെട്ടു. തുടരന്വേഷണം നടന്നു. ഒടുവിൽ വിമാനത്തിൽ ബോംബു വച്ചയാളെ കണ്ടെത്തി. ഹോങ്കോങ് എയർപോർട്ടിൽ ജോലി ചെയ്തിരുന്ന സോ സൂ എന്ന വ്യക്തിയായിരുന്നു ഇതിനു പിന്നിൽ. കുത്തഴിഞ്ഞ ജീവിതം നയിച്ചിരുന്ന സോ പണത്തിന് വേണ്ടിയാണ് ഇതു ചെയ്തത്. ആറുലക്ഷം ഹോങ്കോങ് ഡോളറുകളാണ് ഇതിന് അയാൾക്കു വാഗ്ദാനം ചെയ്യപ്പെട്ട തുക. ആരായിരുന്നു ഈ പദ്ധതിക്കു പുറകിൽ ?

സോ പിന്നീട് ഈ രഹസ്യം വെളിപ്പെടുത്തി. ചൈനയിൽ കമ്യൂണിസ്റ്റ് വിപ്ലവം വന്നപ്പോൾ അവിടത്തെ ദേശീയവാദികളായ കുമിന്താങ് പാർട്ടി അംഗങ്ങൾ തയ്‌വാനിലേക്കു പോകുകയും അവിടെ സർക്കാരുണ്ടാക്കുകയും ചെയ്തു. അവരായിരുന്നു പദ്ധതിക്കു പിന്നിൽ ജോ എൻലായിയെ കൊല്ലുകയായിരുന്നു അവരുടെ ലക്ഷ്യം. എന്നാൽ നേരത്തെ ലഭിച്ച രഹസ്യവിവരപ്രകാരം ജോ എൻലായ് യാത്രയിൽ നിന്നു പിന്മാറി. ശ്രമത്തിൽ ബലിയാടായത് ഇന്ത്യയുടെ വിമാനവും 16 ജീവനുകളും. സോ സൂ പിന്നീട് കസ്റ്റഡിയിൽ നിന്നു രക്ഷപ്പെട്ടു തയ്‌വാനിലേക്കു കടന്നു.

English Summary: Disaster in the air- The crash of the Kashmir princes in 1955

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN PADHIPURRA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഒടുവിൽ കാട്ടുപന്നി തോറ്റു, തോമസ് ജയിച്ചു

MORE VIDEOS
FROM ONMANORAMA