ADVERTISEMENT

വരാന്തയിലിരുന്ന്, പണ്ടു താൻ ഒന്നാം ലോകയുദ്ധത്തിൽ പങ്കെടുത്ത കഥ പേരക്കുട്ടിയായ പക്രൂസിനു പറഞ്ഞുകൊടുക്കുകയായിരുന്നു കേണൽ ഡിക്രൂസ്.

‘ഞാനും എന്റെ കീഴിലുള്ള സൈനികരും വടക്കൻ ഫ്രാൻസിൽ ജർമൻ സൈന്യത്തിനെതിരെ പോരാടുകയായിരുന്നു. പെട്ടെന്ന് ശത്രുസൈന്യം ഒരു ലോറിയിൽ കയറി അങ്ങോട്ടെത്തി. വെള്ളം കുടിച്ചുകൊണ്ടിരുന്ന ഞങ്ങളുടെ നേർക്ക് അവർ ഒരു ഗ്രനേഡ് വലിച്ചെറിഞ്ഞു. അതു പൊട്ടാൻ സെക്കൻഡുകൾ മാത്രം, പൊട്ടിയാൽ ഞാനും എന്റെ നൂറു പടയാളികളും തവിടുപൊടി. 

ഒന്നും നോക്കിയില്ല, ഞാൻ കുടിച്ചുകൊണ്ടിരുന്ന വെള്ളം ആ ഗ്രനേഡിനുള്ളിലേക്ക് ഒഴിച്ചുകൊടുത്തു. ഗുമു ഗുമാന്ന് പുക ഉയർന്നു. ഇപ്പോ പൊട്ടിത്തെറിച്ച് എല്ലാം തന്തൂരിയാകും എന്ന രീതിയിൽ ജർമനിക്കാർ പുച്ഛിച്ച് ഞങ്ങളെ നോക്കി ചിരിച്ചു. ഒടുവിൽ ഗ്രനേഡ് ഒരു ചീറ്റു ചീറ്റി. ചൂടുവെള്ളം തെറിച്ച് ജർമൻ പട്ടാളക്കാരുടെ ദേഹത്തെല്ലാം വീണു. ആകപ്പാടെ പൊള്ളിയ അവർ നിലവിളിച്ചു.

ഇതറിഞ്ഞ ഇന്ത്യയുടെയും പാക്കിസ്ഥാന്റെയും വരെ പട്ടാളത്തലവൻമാർ എനിക്ക് അഭിനന്ദന സന്ദേശമയച്ചു. നാസയുടെ കെമിസ്ട്രി വിഭാഗം എന്റെ ഒരു അഭിമുഖവും ചോദിച്ചു. കൂടാതെ അന്ന് വൈകുന്നേരം തന്നെ ഞങ്ങളുടെ സൈന്യാധിപൻ വിവരമറിഞ്ഞെത്തുകയും എന്നെ പിടിച്ച് അഭിനന്ദിച്ച ശേഷം ഒരു മെഡൽ സമ്മാനിക്കുകയും ചെയ്തു.’ ഇതു പറഞ്ഞ് ഡിക്രൂസ് ഒരു മെഡലെടുത്ത് പക്രൂസിനെ കാണിച്ചു. ‘ഇതാണ് ആ മെഡൽ, അതിൽ എഴുതിയിരിക്കുന്നത് വായിക്കൂ പക്രൂസ്’ അദ്ദേഹം ആവശ്യപ്പെട്ടു. പക്രൂസ് അതു വായിച്ചു. ‘ഒന്നാം ലോകയുദ്ധത്തിൽ ഫ്രാൻസിന്റെ പടയാളികളെ രക്ഷിച്ചതിന് കേണൽ ഡിക്രൂസിനുള്ള അംഗീകാരം’ എന്നായിരുന്നു അതിൽ എഴുതിയിരുന്നത് ഇതു വായിച്ച പക്രൂസ് ക്ഷുഭിതനായി മെഡൽ വലിച്ചെറിഞ്ഞു. ‘അപ്പൂപ്പൻ പറയുന്നതെല്ലാം പച്ചക്കള്ളമാണ്. ഈ മെഡലും കള്ളമാണ്’ അവൻ പറഞ്ഞു. കേണൽ ഡിക്രൂസ് ഞെട്ടിപ്പോയി.‘അതെങ്ങനെ നിനക്ക് മനസ്സിലായി’ അദ്ദേഹം ചോദിച്ചു.

കഥ പൊളിക്കാമോ?

എന്തു കൊണ്ടായിരിക്കാം പക്രൂസ് അങ്ങനെ പറഞ്ഞത്.  ഡിക്രൂസ് പറഞ്ഞതു കളവാണെന്നും മെഡലും കഥയും വ്യാജമാണെന്നും അവന് എങ്ങനെ മനസ്സിലായി? ഒന്നിലധികം കാരണങ്ങളാണു പക്രൂസ് പറ​​ഞ്ഞത്, അവയെന്തൊക്കെ?

 

ഉത്തരം കടലാസിൽ എഴുതി ചിത്രമെടുത്ത്  

#HaiKidsPakrus എന്ന ഹാഷ്ടാഗോടു കൂടി സോഷ്യൽ മീഡിയയിൽ പങ്കു വയ്ക്കണം.

English Summary : Hai Kids Vacation Special - World war story of Colonel D'cruz

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com