ADVERTISEMENT

പഠിച്ചു മിടുക്കരാകാനും നല്ല വ്യക്തികളായി വളരാനും കുട്ടിക്കൂട്ടുകാർക്കു മാനസികോല്ലാസം വളരെ പ്രധാനമാണല്ലോ. പിരിമുറുക്കങ്ങൾ ഒക്കെ ഒഴിഞ്ഞ ശാന്തമായ മനസ്സാണ് നിങ്ങൾക്ക് അതിനു വേണ്ടത്. അങ്ങനെ സുന്ദരമായ മാനസികാവസ്ഥ രൂപപ്പെടുത്തിയെടുക്കാൻ നൃത്തത്തെക്കാൾ മികച്ചൊരു കലാരൂപം വേറെയില്ല. ശരീരവും മനസ്സും തമ്മിലുള്ള പാകം കൃത്യമാക്കാനും ആരോഗ്യകരമായ ജീവിതശൈലി പിന്തുടരാനും നൃത്തപഠനം, പ്രത്യേകിച്ചു ഭരതനാട്യം പോലെ ഉള്ള ശാസ്ത്രീയ നൃത്തം, നിങ്ങളെ സഹായിക്കും.

മിടുക്കരാകാൻ ആനന്ദനൃത്തം 

ശാന്തതയോടെയും സന്തോഷത്തോടെയും പഠനത്തെയും ജീവിതത്തെയും സമീപിക്കാനുള്ള മനോഭാവമാണ് നൃത്തമടക്കമുള്ള കലാപഠനം നമുക്കു തരുന്നത്. അങ്ങേയറ്റം ഏകാഗ്രത വേണം നൃത്തത്തിന്. ഒരു കൈവിരൽ മുദ്രയിൽ, കൺകോണിൽ വിരിയേണ്ട ഭാവത്തിൽ വരെ മനസ്സുറപ്പിച്ചു ചെല്ലാൻ കഴിയണം. അതിനു വേണ്ട ക്ഷമയും പ്രധാനമാണ്. ചെയ്യുന്ന കാര്യത്തിൽ മതിയായ ശ്രദ്ധയും അതു ഫലപ്രാപ്തിയിലെത്തിക്കാനുള്ള ക്ഷമയും ഏതു മേഖലയിലും മികവു പുലർത്താൻ അനിവാര്യമാണല്ലോ. നൃത്തം കൃത്യമായി അഭ്യസിക്കുന്ന കുട്ടികളിൽ ഓർമശക്തിയും മെച്ചപ്പെട്ടതായാണ് കണ്ടുവരുന്നത്.

dance-and-mental-health-dancer-sarada-thampi-write1

ആരോഗ്യം ശരീരത്തിനും മനസ്സിനും

ഈ കോവിഡ് കാലത്ത് നിങ്ങളെല്ലാം ഒരു വർഷത്തിലേറെയായി ഓൺലൈൻ ക്ലാസ്സുകളിലാണല്ലോ. ഇനിയും അതു തുടരാനുള്ള സാധ്യതയാണു കാണുന്നത്. തുടർച്ചയായ ഓൺലൈൻ പഠനം സ്വാഭാവികമായും വിരസമായി മാറും. വളർച്ചയുടെ ഘട്ടത്തിൽ ഓടിച്ചാടി നടക്കേണ്ട സമയത്താണ് ലാപ്ടോപ്പിനും ഫോണിനും മുന്നിൽ തളയ്ക്കപ്പെടുന്നത്. ഇതു നമ്മുടെ മാനസികവും ശാരീരികവുമായ ഫിറ്റ്നസിനെ പ്രതികൂലമായി ബാധിക്കാം. നൃത്തപഠനം ഈ സാഹചര്യത്തെ മറികടക്കാൻ നിങ്ങളെ സഹായിക്കും. തലയും കഴുത്തും മുതൽ കാൽപ്പാദങ്ങൾ വരെയുള്ള ശരീരഭാഗങ്ങളുടെ താളനിബദ്ധമായ ചലനവും ഏകോപനവുമാണ് നൃത്തത്തിലൂടെ ഉണ്ടാകുന്നത്. തലച്ചോറിലും അതു ക്രിയാത്മകമായ തരംഗങ്ങൾ സൃഷ്ടിക്കും. അങ്ങനെ മാനസികമായും ശാരീരികമായും ആരോഗ്യമുള്ളവരായിരിക്കാൻ നൃത്തം നമ്മളെ സഹായിക്കും. അപ്പോൾ, ചുവടുകൾ വച്ചു തുടങ്ങൂ. നിങ്ങളുടെ ചിലങ്കകൾ ശബ്ദിക്കട്ടെ, നൃത്തം തുടങ്ങട്ടെ!

dance-and-mental-health-dancer-sarada-thampi-write2

ഭരതനാട്യ അവതരണത്തിനു മുൻപും ശേഷവും നർത്തകി നമസ്കാരം ചെയ്യുന്ന വിധം. ഭരതനാട്യത്തിന്റെ ആദ്യ പാഠങ്ങളിലൊന്നാണ് നമസ്കാരം. 

രക്ഷിതാക്കളോട്

പഠിക്കുന്ന സമയത്ത് ഡാൻസും പാട്ടും കളിച്ചു നടന്നാൽ പോരാ, എന്ന് കുട്ടികളെ ശാസിക്കുകയല്ല ചെയ്യേണ്ടത്. മറിച്ച് ആ നൃത്തവും സംഗീതവും അവരുടെ പഠനത്തെ സഹായിക്കും എന്നു നമ്മൾ മനസ്സിലാക്കണം.

English Summary : Dance and mental health - Dancer Sarada Thampi writes

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com