ബെർലിൻ ബങ്കറിലെ ആത്മഹത്യ: അഡോൾഫ് ഹിറ്റ്ലറിന്റെ അന്ത്യനിമിഷങ്ങൾ

HIGHLIGHTS
  • ഭാര്യയ്ക്കു കൊടുത്തശേഷം സയനൈഡ് നിറച്ച കാപ്സ്യൂൾ അയാൾ വിഴുങ്ങി
  • തന്റെ മരണമുറപ്പാക്കാനായി സ്വയം തലയ്ക്കു വെടിവയ്ക്കുകയും ചെയ്തു
adolf-hitler-the-natsi-dictator-s-life-and-suicide
Adolf Hitler, giving Nazi salute. To Hitler's right is Rudolph Hess. 1939.. Photo credit :Everett Collection/Shutterstock.com
SHARE

76 വർഷങ്ങൾക്ക് മുൻപ് ഒരു ഏപ്രിൽ 30. ബെർലിനിൽ തന്റെ ഔദ്യോഗിക ആസ്ഥാനത്തിനു താഴെയുള്ള ബങ്കറിൽ ഇരിക്കുകയായിരുന്നു അയാൾ. കൂട്ടിന് ഒരു ദിവസം മുൻപ് വിവാഹം കഴിച്ച ഭാര്യ മാത്രം. എല്ലാ പ്രതീക്ഷകളും അയാൾക്കു നശിച്ചിരുന്നു. ഒരിക്കൽ ഒരു രാജ്യത്തിന്റെ വികാരങ്ങളെ വാനോളമുയർത്തിയ പ്രസംഗങ്ങൾ പുറത്തു വന്ന അയാളുടെ തൊണ്ട മരവിച്ചിരുന്നു. ഒരു ജനതയെ നിയന്ത്രിച്ച മാസ്മരികശക്തിയുള്ള കണ്ണുകൾ കലങ്ങിയിരുന്നു. രാജ്യം വിട്ടോടാൻ സുഹൃത്തുക്കളും അഭ്യുദയകാംക്ഷികളും അയാളോട് പറഞ്ഞെങ്കിലും അതിനും തോന്നിയില്ല. ഭാര്യയ്ക്കു കൊടുത്തശേഷം സയനൈഡ് നിറച്ച കാപ്സ്യൂൾ അയാൾ വിഴുങ്ങി. തന്റെ മരണമുറപ്പാക്കാനായി സ്വയം തലയ്ക്കു വെടിവയ്ക്കുകയും ചെയ്തു.ഭീകരതയുടെയും മനുഷ്യത്വമില്ലായ്മയുടെയും ഒരു യുഗം ആ ബങ്കറി‍ൽ പിടഞ്ഞുതീർന്നു...ആയിരം വർഷങ്ങൾ നാത്‌സി ഭരണമെന്ന വലിയ സ്വപ്നത്തെ വെട്ടിമുറിച്ചിട്ടുകൊണ്ട്.

അഡോൾഫ് ഹിറ്റ്ലർ എന്ന സമീപകാല ചരിത്രത്തിലെ സമാനതകളില്ലാത്ത ക്രൂരഭരണാധികാരിയുടെ അന്ത്യനിമിഷങ്ങളായിരുന്നു ഇത്. ഒരു പതിറ്റാണ്ടിലധികം ലോകരാഷ്ട്രീയരംഗത്തെ മൊത്തത്തിൽ പിടിച്ചുകുലുക്കി ആളുകളിൽ ഭീതിയും ഭയവും ദു:ഖവും നിറച്ച 56കാരനായ ഫ്യൂററിന്റെ അവസാനം. 1943 മുതൽ തന്നെ ജർമനിയുടെ പതനം സുനിശ്ചിതമായിരുന്നു. ആ വർഷം ഫെബ്രുവരിയിൽ തന്നെ സ്റ്റാലിൻഗ്രാഡ് യുദ്ധത്തിൽ ജർമനിയുടെ ആറാം സേന സോവിയറ്റ് പടയ്ക്കു മുന്നിൽ അടിയറവു പറഞ്ഞു. പിന്നീടങ്ങോട്ടു തകർച്ചകളുടെ പരമ്പരകളായിരുന്നു. തൊട്ടടുത്ത വർഷമായ 1944 ജൂണിൽ സഖ്യകക്ഷികൾ ഫ്രാൻസിലെ നോർമൻഡി പിടിച്ചടക്കുകയും ജർമൻപടയെ തള്ളിനീക്കുകയും ചെയ്തു. കിഴക്കു നിന്നും പടിഞ്ഞാറു നിന്നും ഒരേപോലെ സൈനികസമ്മർദ്ദം ഉടലെടുത്തു. ജർമൻ സൈന്യാധിപർ തന്നെ ആസന്നമായ ഒരു തോൽവിയെപ്പറ്റി ചർച്ചകൾ നടത്തുകയും ഹിറ്റ്ലറിനെ വധിക്കാൻ പദ്ധതിയിടുകയും ചെയ്തു.

ഇവയെല്ലാം പരാജയപ്പെട്ടു. എന്നാൽ ഇതിനു പ്രതികാരമായി ഹിറ്റ്ലർ നടത്തിയ നടപടികളിൽ നാലായിരത്തിലധികം ജർമൻകാരാണു കൊല്ലപ്പെട്ടത്. 1945 ജനുവരിയായപ്പോഴേക്കും സോവിയറ്റ് സേന ബെർലിൻ പിടിച്ചടക്കുമെന്ന നില വന്നു. ഇതോടെ തന്റെ ഓഫിസിന് 55 അടി താഴെ സ്ഥിതി ചെയ്ത ബങ്കറിലേക്കു ഹിറ്റ്ലർ പിൻവാങ്ങി. യുദ്ധങ്ങളോ പൊടുന്നനെയുള്ള വ്യോമാക്രമണങ്ങളോ വന്നാൽ ഉടനടി രക്ഷപ്പെടാനായാണ് ആ ബങ്കർ പണികഴിപ്പിച്ചിരുന്നത്. 18 മുറികളുണ്ടായിരുന്ന അതിൽ പ്രത്യേക വൈദ്യുതി, ജല വിതരണ സംവിധാനങ്ങളുമുണ്ടായിരുന്നു. കൂടെ ഭാര്യ ഈവാ ബ്രൗണും ജീവിച്ചു.

ജനുവരിക്കു ശേഷം ഹിറ്റ്ലർ ഒരു തവണ മാത്രമേ ആ ബങ്കറിനു പുറത്തു വന്നിരുന്നുള്ളൂ. ഉന്നത നാത്‌സി കമാൻഡർമാരായ ഹെർമൻ ഗറിങ്, ഹെയിൻറിച് ഹിംലർ, ജോസഫ് ഗീബൽസ് എന്നിവരുമായി ബങ്കറിൽ അയാൾ കൂടിക്കാഴ്ച നടത്തി. ഭരണപരമായ പല തീരുമാനങ്ങളുമെടുത്തത് ഇത്തരം ചർച്ചകളിലാണ്. മരിക്കുന്നതിനു മുൻപായി അഡ്മിറൽ കാൾ ഡോണിറ്റ്സ് എന്നയാളെ രാഷ്ട്രമേധാവിയും ഗീബൽസിനെ ചാൻസലറുമാക്കിയതായിരുന്നു ഹിറ്റ്ലറിന്റെ അവസാനതീരുമാനം.

ഹിറ്റ്ലറിന്റെയും ഈവയുടെയും മൃതശരീരങ്ങൾ പിന്നീട് നാത്‌സി അനുകൂലികൾ ചാൻസലറിയുടെ പൂന്തോട്ടത്തിൽ സംസ്കരിച്ചു. താമസിയാതെ തന്നെ സോവിയറ്റ് പട ബെർലിൻ ആക്രമിച്ചു കീഴ്പ്പെടുത്തി. അവർ ഹിറ്റ്ലറിന്റെ ചിതാഭസ്മം അവിടെനിന്നു മാറ്റി. വരുംകാലങ്ങളിൽ ഹിറ്റ്ലറിന്റെ ആരാധകർ അവിടെ അയാൾക്കായി ഒരു സ്മാരകം പണിയാതിരിക്കാനായിരുന്നു അത്. അറുപതു ലക്ഷത്തോളം ജൂതരുടെയും ലക്ഷക്കണക്കിന് അല്ലാത്തവരുടെയും പടുമരണത്തിനു കാരണക്കാരനായ, ചരിത്രകാരൻ ഇയാൻ കെർഷോവിന്റെ ഭാഷയിൽ ‘വർത്തമാന കാല രാഷ്ട്രീയതിന്മയുടെ’ ആൾരൂപമായ, ഒരു ലോകയുദ്ധത്തിനു തുടക്കം കുറച്ച് അനേകലക്ഷങ്ങളെ പിന്നെയും കുരുതി കൊടുത്ത ഏകാധിപതിയുടെ കഥ അവിടെ അവസാനിച്ചു, നാത്‌സി ജർമനിയുടെയും.

English Summary: Adolf Hitler the Natsi dictator's life and suicide

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN PADHIPURRA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കുതിരയെ ചേർത്തു പിടിച്ച് ടൊവീനോ; ഫോട്ടോഷൂട്ട് മേക്കിങ് വിഡിയോ

MORE VIDEOS
FROM ONMANORAMA