ADVERTISEMENT

കോവിഡ് വ്യാപനം തടയുന്നതിനും മഹാമാരിയെ ഉന്മൂലനം ചെയ്യുന്നതിനും മിക്ക ആഘോഷങ്ങളും വേണ്ടെന്നു വയ്ക്കുകയോ വെട്ടിച്ചുരുക്കുകയോ ചെയ്ത ഒന്നര വർഷമാണല്ലോ കടന്നുപോയത്. എങ്കിലും ആഘോഷങ്ങളുടെ വൈവിധ്യം ഇല്ലാതാവുന്നില്ല. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ രസകരമായ ചില പ്രാദേശിക ഉത്സവങ്ങൾ പരിചയപ്പെടാം. 

ബൊസാങ് അംബ്രെല്ല ഫെസ്റ്റിവൽ

തായ്‌ലൻഡിലെ ബൊസാങ് ഗ്രാമത്തിൽ ജനുവരിയിൽ നടക്കുന്ന ഫെസ്റ്റിവലാണിത്. മൂന്നു ദിനം നീളുന്ന ഫെസ്റ്റിവലിലെ മുഖ്യാകർഷണം ബഹുവർണ സാ പേപ്പർ കുടകളാണ്. മൾബറിച്ചെടിയുടെ തോൽ സംസ്കരിച്ചെടുത്തുണ്ടാക്കുന്ന പ്രത്യേകതരം പേപ്പർ ഉപയോഗിച്ചു നിർമിക്കുന്നവയാണ് സാ പേപ്പർ അംബ്രല. കുടയുടെ ശീലയിൽ പരമ്പരാഗത ചായക്കൂട്ടുകൾകൊണ്ടു ചിത്രപ്പണികൾ നടത്തി കൂടുതൽ മനോഹരമാക്കുന്നു. സാ പേപ്പർ അംബ്രല നിർമാ‌ണവിദ്യ ബൊസാങ് ഗ്രാമീണരെ അഭ്യസിപ്പിച്ച സന്യാസിയോടുള്ള ആദരസൂചകമായാണത്രെ ഫെസ്റ്റിവൽ.

ബാറ്റിൽ ഓഫ് ഫ്ലവേഴ്സ്

ഇറ്റലിയിലെ പുഷ്പ കൃഷിക്കു പേരുകേട്ട വെന്റമിഗ്ലിയയിൽ സംഘടിപ്പിക്കുന്ന വിളവെടുപ്പുത്സവം. രണ്ടു ദിനം നീളുന്ന ഫെസ്റ്റിവൽ ജൂൺ മധ്യത്തിലാണ്. മികച്ച വിളവു ലഭിച്ചതിനു ഭൂമിമാതാവിനോടുള്ള നന്ദി സൂചകമായും അടുത്ത തവണയും നൂറുമേനി വിളവു കിട്ടുന്നതിനുമാണ് ‘ബാറ്റിൽ ഓഫ് ഫ്ലവേഴ്സ്’ സംഘടിപ്പിക്കുന്നത്. പുഷ്പാലംകൃതമായ ഫ്ലോട്ടുകളും അകമ്പടിയായ നൃത്ത–ഗായക സംഘങ്ങളും ചേർന്ന ഘോഷയാത്രയാണു ഫെസ്റ്റിവലിന്റെ ഏറ്റവും വലിയ ആകർഷണം. ഘോഷയാത്രയ്ക്കൊപ്പം നിറയെ പുഷ്പവുമായി നീങ്ങുന്ന ട്രക്കുകളിൽനിന്നു വീഥിയുടെ ഇരുവശത്തും തടിച്ചുകൂടിയ ജനങ്ങൾക്കുമേൽ പുഷ്പവൃഷ്ടി നടത്തും. അവർ തിരികെ ട്രക്കിലുള്ളവർക്കു നേരെയും പൂവ് എറിയും. പുഷ്പം ആയുധമാക്കി നടത്തുന്ന ഈ പ്രതീകാത്മക ആക്രമണ–പ്രത്യാക്രമണമാണു ഫെസ്റ്റിവലിന്റെ പേരിന് ആധാരം.

സുനോമ കൗണ്ടി ഹാർവെസ്റ്റ് ഫെയർ

അമേരിക്കയിലെ സുനോമ കൗണ്ടിയിൽ സെപ്റ്റംബർ അവസാനമോ ഒക്ടോബർ ആദ്യമോ സംഘടിപ്പിക്കുന്ന മൂന്നു ദിനം നീളുന്ന ഫെസ്റ്റിവലാണ് സൊനോമ കൗണ്ടി ഹാർവെസ്റ്റ് ഫെയർ. മുന്തിരി കർഷകർ, വൈൻ ഉൽപാദകർ, വൈൻ ട്രേഡേഴ്സ്, വൈൻ പ്രിയർ, പ്രഫഷനൽ വൈൻ ടേസ്റ്റേഴ്സ് എന്നിവരുടെ ഒത്തുചേരൽ വേദികൂടിയാണ് ഇത്. ഫെസ്റ്റിവലിനോട് അനുബന്ധമായ നിരവധി മൽസരങ്ങളിൽ ഏറ്റവും ശ്രദ്ധേയം ‘ഗ്രേപ്പ് സ്റ്റോസ് ചാംപ്യൻഷിപാ’ണ്. തടികൊണ്ടു നിർമിച്ച വലിയ വീപ്പകളിൽ മുന്തിരി നിറയ്ക്കുന്നു. മൽസരാർഥികൾ ഓരോ വീപ്പകളിലായി കയറിനിന്നു ചവിട്ടിക്കുഴച്ചും ചിക്കി ഒതുക്കിയുമെല്ലാം മുന്തിരിച്ചാറെടുക്കുന്നു. വീപ്പയുടെ അടിത്തട്ടിനു തൊട്ടുമുകളിലായി സ്ഥാപിച്ച കുഴലിലൂടെ മുന്തിരിച്ചാറു പുറത്തേക്ക് ഒഴുകും. അതു മറ്റൊരാൾ ശേഖരിക്കും.  മുന്തിരിച്ചാറിന്റെ അളവ്, ഗുണനിലവാരം എന്നിവ മാനദണ്ഡമാക്കി വിജയിയെ നിശ്ചയിക്കും.

Tomatina–festival
Tomatina festival. Photo credits : Migel/ Shutterstock.com

ലാ ടൊമാറ്റിന‌

സ്പെയിനിലെ ബൂണിയോൾ പട്ടണത്തിൽ ഓഗസ്റ്റിലെ അവസാന ബുധനാഴ്ച നടത്തുന്ന ഫെസ്റ്റിവലാണു ലാ ടൊമാറ്റിന. ഫെസ്റ്റിവലിൽ പങ്കെടുക്കുന്നവർ പരസ്പരം പഴുത്ത തക്കാളി പരസ്പരം എറിഞ്ഞു കൊള്ളിക്കുന്നു.

തക്കാളി ഉത്സവത്തിന്റെ കൃത്യമായ ചരിത്രം രേഖപ്പെടുത്തിയിട്ടില്ലെങ്കിലും പ്രചാരത്തിലുള്ള ഒരു കഥയിതാണ്.  1945 ൽ ഒരു കൂട്ടം യുവാക്കൾ പ്രതിഷേധമായി തക്കാളി പരസ്പരം എറിഞ്ഞു. അതു പിന്നെ ഒരു ആചാരം പോലെയായി. ബൂണിയോൾ ടൗൺ കൗൺസിലിന്റെ നടപടികൾ പട്ടണവാസികളെ അതൃപ്തരാക്കി. കൗൺസിൽ അംഗങ്ങളെ ലക്ഷ്യംവച്ചു തക്കാളി ആയുധമാക്കി ഒളിയാക്രമണം പതിവായി. പൊറുതിമുട്ടിയ കൗൺസിൽ ജനദ്രോഹപരമായ നടപടികൾ പിൻവലിച്ചു. പിന്നീട് എല്ലാ വർഷവും ആഘോഷം സംഘടിപ്പിച്ചുപോന്നുവെന്നാണു മറ്റൊരു കഥ. 

സർക്കിൾ വിൽ പംപ്കിൻ ഷോ‌

അമേരിക്കയിലെ സർക്കിൾവിൽ പ്രദേശത്തു മത്തങ്ങ വിളവെടുപ്പിനോട് അനുബന്ധിച്ചു സംഘടിപ്പിക്കുന്ന ഫെസ്റ്റിവലാണു സർക്കിൾവിൽ പംപ്കിൻ ഷോ. പ്രാദേശിക കർഷകർ ഉൽപാദിപ്പിച്ച മത്തങ്ങകളുടെ പ്രദർശനമാണു ഫെസ്റ്റിവലിലെ മുഖ്യ ആകർഷണം. ഏറ്റവും ഭാരമേറിയ മത്തങ്ങ ഉൽപാദിപ്പിച്ച കർഷകനു സമ്മാനമുണ്ട്. 891 കിലോഗ്രാം ആണു ഫെസ്റ്റിവലിൽ ഇതുവരെ പ്രദർശിപ്പിച്ച ഏറ്റവും വലിയ മത്തങ്ങയുടെ ഭാരം. പംപ്കിൻ പീത്‌സ, പംപ്കിൻ ബർഗർ, പംപ്കിൻ ജാം, പംപ്കിൻ കേക്ക് തുടങ്ങിയ ഒട്ടനവധി മത്തങ്ങ വിഭവങ്ങൾ ഉൾപ്പെടുത്തി നടത്തുന്ന പ്രദർശനവും ഫെസ്റ്റിവലിന്റെ ഭാഗമായുണ്ട്.

English Summary : Different fetivals around the world

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com