ADVERTISEMENT

1845 ജൂലൈ 9...ജോൺ ഗ്രിഗറി എന്ന എൻജിനീയർ ഉത്തരധ്രുവത്തിലേക്ക് ഒരു പര്യവേക്ഷണ യാത്രയ്ക്കുള്ള ഒരുക്കത്തിലായിരുന്നു. ഗ്രീൻലൻഡിലെ ഇടത്താവളത്തിലെത്തിയ ഗ്രിഗറി, തന്റെ ഭാര്യ ഹന്നയ്ക്ക് ഒരു കത്തെഴുതി. ഇതായിരുന്നു അവസാനത്തെ ആശയവിനിമയം. പിന്നീട് ഗ്രിഗറിയുടെ കുടുംബത്തിലാർക്കും അദ്ദേഹത്തെപ്പറ്റി യാതൊരു വിവരവും ലഭിച്ചില്ല. 176 വർഷങ്ങൾക്കിപ്പുറം ഗ്രിഗറിയുടെ മൃതശരീരം കണ്ടെത്തിയിരിക്കുകയാണ് കാനഡയിലെ വാട്ടർലൂ സർവകലാശാലാ ഗവേഷകൻ ഡഗ്ലസ് സ്റ്റാന്റന്റെ നേതൃത്വത്തിലുള്ള സംഘം. ഡിഎൻഎ മാച്ചിങ്, അതിനൂതനമായ ഫേഷ്യൽ മോഡലിങ് തുടങ്ങിയവയുടെ സഹായത്താൽ.

 

∙ ഭാഗ്യംകെട്ട യാത്ര

 

സർ ജോൺ ഫ്രാങ്ക്ലിൻ എന്ന പര്യവേക്ഷകന്റെ നേതൃത്വത്തിലായിരുന്നു ആ ഉത്തരധ്രുവ പര്യവേക്ഷണം.

എച്ച്എംഎസ് ഇറബസ്, എച്ച്എംഎസ്  ടെറർ എന്നീ രണ്ടു കപ്പലുകളായാണ് ഗ്രിഗറിയും 128 പേരടങ്ങുന്ന പര്യവേക്ഷണ സംഘവും ഉത്തരധ്രുവ മേഖലയിലേക്കു യാത്ര തിരിച്ചത്. ഗ്രീൻലൻഡിന്റെ ഇടതുവശത്തായും കാനഡയുടെ മുകൾഭാഗത്തായും സ്ഥിതി ചെയ്യുന്ന കനേഡിയൻ ആർക്ടിക് മേഖലയിലെ പഠനങ്ങളായിരുന്നു പര്യവേക്ഷണ സംഘത്തിന്റെ ലക്ഷ്യം.

 

എന്നാൽ അവിടത്തെ കിങ് വില്യം ദ്വീപിൽ നിന്നു യാത്ര തിരിച്ച കപ്പൽ മഞ്ഞിലുറഞ്ഞു നിശ്ചലമായി പോയി. കപ്പലിനുള്ളിൽ യാത്രികർ മൂന്നുവർഷത്തോളം പെട്ടു. കപ്പലിൽ കടൽവെള്ളം ശുദ്ധജലമാക്കാനുള്ള സംവിധാനവും ജീവിക്കാനാവശ്യമായ ഭക്ഷണവും (ഉണക്കിയ മാംസവും പരിപ്പുവർഗങ്ങളുമെല്ലാം) ഉണ്ടായിരുന്നു. ഇതിനാൽ 1845 മുതൽ 1848 വരെയുള്ള മൂന്നുവർഷക്കാലം ഇവർ അതിനുള്ളിൽ ജീവിച്ചു. ഒരു തരത്തിൽ പറഞ്ഞാൽ കനത്തമഞ്ഞത്ത് ഒന്നു പുറത്തുപോലും ഇറങ്ങാൻ സാധിക്കാത്തവിധമുള്ള ഒരു ലോക്ഡൗൺ.

 

ഇതിനിടെ മുപ്പതുപേരോളം കപ്പലിനുള്ളിൽ മരിച്ചു. മൂന്നുവർഷം പിന്നിട്ടിട്ടും തങ്ങളെ രക്ഷിക്കാൻ ആരുമെത്താത്തതിൽ കപ്പലിലുള്ള യാത്രികർ ഹതാശരായി. ഭക്ഷണവും തീർന്നിരുന്നു. വിദൂരമായ തെക്കൻ ദിശയിൽ സ്ഥിതി ചെയ്യുന്നെന്നു പറയപ്പെടുന്ന ഒരു കച്ചവടക്കാരുടെ കേന്ദ്രത്തിലെത്തുകയായിരുന്നു ഇവരുടെ ലക്ഷ്യം. കനത്ത മഞ്ഞുകാറ്റിലും പെയ്ത്തിലും അത്തരമൊരു യാത്ര നടത്തുന്നത് തന്നെ വലിയ റിസ്കായിരുന്നു. പക്ഷേ ആ റിസ്ക് അവർ ഏറ്റെടുത്തു.

പക്ഷേ അവർക്കു ഭാഗ്യമുണ്ടായിരുന്നില്ല. യാത്ര ചെയ്ത എല്ലാവരും മഞ്ഞിൽ മരിച്ചു. വളരെ തീവ്രമായ കാലാവസ്ഥയുള്ള മേഖലയിൽ ഇതെപ്പറ്റി കൂടുതൽ അന്വേഷണങ്ങൾ ‌അക്കാലത്ത് നടന്നില്ല. പിന്നീട് 1997ലും 2013ലുമായി  പ്രദേശത്തു നിന്ന് ഒട്ടേറെ അസ്ഥികൂടങ്ങളും മറ്റു ജൈവവസ്തുക്കളുമൊക്കെ ശാസ്ത്രജ്ഞർക്കു ലഭിച്ചിരുന്നു. എന്നാൽ ഇവയൊക്കെ ആരുതേടാണെന്ന് ആർക്കുമറിയില്ലായിരുന്നു. ഫ്രാങ്ക്ളിൻ സംഘത്തിൽ ഉൾപ്പെട്ടവരിൽ മരിച്ചവർ അജ്ഞാതരായി തുടർന്നു.

 

എന്നാൽ ഗ്രിഗറിയുടെ കുടുംബം തിരച്ചിൽ തുടർന്നുകൊണ്ടേയിരുന്നു. തലമുറകൾ പിന്നിട്ട തിരച്ചിൽ. ഇന്ന് ജോൺ ഗ്രിഗറിയുടെ പിൻതലമുറക്കാരനായ ജൊനാഥൻ ഗ്രിഗറി ദക്ഷിണാഫ്രിക്കയിലെ പോർട് എലിസബത്തിലാണു ജീവിക്കുന്നത്. ഗ്രിഗറി കുടുംബം വാട്ടർലൂ സർവകലാശാലയിലെ ശാസ്ത്രജ്‍ഞരുമായി നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരുന്നു. ഒടുവിൽ ജൊനാഥൻ ഗ്രിഗറിയുടെ ഡിഎൻഎ, കണ്ടെത്തിയ അസ്ഥികൂടങ്ങളിൽ ഒന്നിന്റേതുമായി യോജിച്ചു. പിന്നീട് നടത്തിയ നിരവധി പരീക്ഷണങ്ങളും മോഡലിങ്ങും അസ്ഥികൂടത്തിന്റെ ഉടമ, ജോൺ ഗ്രിഗറിയാണെന്നു തന്നെ തെളിയിച്ചു.

 

ജോൺ ഗ്രിഗറിയുടെ വിധി എന്തായിരുന്നെന്നും ശാസ്ത്രജ്ഞർ കണ്ടെത്തിയിട്ടുണ്ട്. ഇറബസ് കപ്പലിൽ മൂന്നു വർഷത്തോളം ഗ്രിഗറിയും ജീവിച്ചിരുന്നു. ഭക്ഷണദൗർലഭ്യത്താൽ കപ്പൽ വിട്ട്  മറ്റൊരു ജനവാസമേഖല അന്വേഷിച്ചു പോയ സംഘത്തിലും ഗ്രിഗറിയുമുണ്ടായിരുന്നു. ഒടുവിൽ കൊടുംമഞ്ഞ് ഗ്രിഗറിയുടെ അന്തകനായി. ഫ്രാങ്ക്ലിൻ പര്യവേക്ഷണ സംഘത്തിൽ നിന്നു ലഭിച്ച മറ്റ് 26 അസ്ഥികൂടങ്ങൾ കൂടി പരിശോധനയ്ക്കു വിധേയമാക്കാൻ ശ്രമിക്കുകയാണ് ശാസ്ത്രജ്ഞർ. ഇവർ ആരെന്നു കണ്ടെത്താനായി.

English Summary : John Franklin expedition remains identified John Gregory

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com