ADVERTISEMENT

വിവിധ ക്ലാസുകളിലെ സാമൂഹികശാസ്ത്ര പാഠങ്ങൾ എളുപ്പമാക്കാൻ സമ്പദ്ഘടനയുമായി ബന്ധപ്പെട്ട വാർത്തകൾക്കൊപ്പം എപ്പോഴും കേൾക്കുന്ന വാക്കാണല്ലോ ജിഡിപി. ഒരു രാജ്യം സാമ്പത്തികമായി എത്ര വളർന്നു എന്നു മനസ്സിലാക്കാൻ ആ രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉൽപാദനം (Gross Domestic Product- ജിഡിപി) എത്ര കൂടിയെന്നു നോക്കിയാൽ മതി. ജിഡിപി കുറഞ്ഞു എന്നു പറഞ്ഞാൽ രാജ്യം തളർന്നു എന്നാണ് അർഥം. 

അതായത്, രാജ്യത്തിന്റെ സാമ്പത്തിക നിലയുടെ അളവുകോൽ ആണു ജിഡിപി. ഒരു നിശ്ചിത കാലയളവിൽ രാജ്യത്തിന്റെ അതിർത്തിക്കകത്ത് ഉൽപാദിപ്പിക്കുന്ന എല്ലാ അന്തിമ ഉൽപന്നങ്ങളുടെയും സേവനങ്ങളുടെയും ആകെ മൂല്യമാണു ജിഡിപി. ഉപയോക്താവിലേക്ക് എത്തുന്ന അന്തിമ ഉൽപന്നത്തിന്റെയും സേവനത്തിന്റെയും മൂല്യം മാത്രമാണു ജിഡിപി കണക്കാക്കുമ്പോൾ പരിഗണിക്കുക.  

ഉദാഹരണത്തിന് നിങ്ങൾ ഒരു പാക്കറ്റ് പാൽ വാങ്ങുമ്പോൾ അതിന്റെ വില ജിഡിപിയിൽ ഉൾപ്പെടും. കാരണം അവിടെ പാൽ ആണ് അന്തിമ ഉൽപന്നം(finished product). നിങ്ങൾ അതു നേരിട്ടുള്ള ഉപഭോഗത്തിനു വാങ്ങുന്നതാണ്. എന്നാൽ ഒരു ഐസ്ക്രീം നിർമാതാവ് ഐസ്ക്രീം ഉണ്ടാക്കാൻ പാൽ വാങ്ങുമ്പോൾ ആ പാലിന്റെ വില ജിഡിപിയിൽ ഉൾപ്പെടില്ല. അവിടെ അന്തിമ ഉൽപന്നം എന്നു പറയുന്നത് ഐസ്ക്രീമാണ്. അന്തിമ ഉൽപന്നം ഉണ്ടാക്കാനായി വാങ്ങുന്ന മറ്റ് ഉൽപന്നങ്ങളുടെ വില ജിഡിപിയിൽ പരിഗണിക്കില്ലെന്നു ചുരുക്കം.

 

അതേസമയം ഐസ്ക്രീം ഉണ്ടാക്കുന്ന ഫാക്ടറിയിലെ യന്ത്രങ്ങളുടെ വില ജിഡിപിയിൽ ഉൾപ്പെടും. കാരണം യന്ത്രങ്ങൾ ഫാക്ടറി ഉടമ അന്തിമ ഉൽപന്നമായാണു വാങ്ങിയിരിക്കുന്നത്. അയാൾ ആ യന്ത്രം തന്റെ ഐസ്ക്രീമിന്റെ ഭാഗമായി വിൽപനയ്ക്കെത്തിക്കുന്നില്ല. എന്നാൽ ഐസ്ക്രീം നിർമാണത്തിനു യന്ത്രം ഉപയോഗിക്കുകയും ചെയ്യുന്നു. ഇതിനെ മൂലധന വസ്തുക്കൾ(കാപ്പിറ്റൽ ഗുഡ്സ്) എന്നാണ് പറയുന്നത്. 

നിങ്ങൾ ഒരു പുതിയ മൊബൈൽ ഫോൺ (പ്രൊഡ്യൂസ്ഡ് ഗുഡ്സ്) വാങ്ങുകയാണെങ്കിൽ അതിന്റെ വില ജിഡിപിയിൽ പരിഗണിക്കും. എന്നാൽ നിങ്ങൾ ഒരു പഴയ ഫോൺ ആണു വാങ്ങുന്നതെങ്കിൽ അതിനു നൽകുന്ന വില ജിഡിപിയിൽ ഉൾപ്പെടുന്നില്ല. 

 

രാജ്യത്ത് ഉൽപന്നങ്ങൾ എത്രമാത്രം ഉൽപാദിപ്പിച്ചു എന്നതു വളർച്ചയുടെ മർമപ്രധാന കാര്യമായതിനാലാണു പുതിയ ഉൽപന്നങ്ങളുടെ വില മാത്രം ജിഡിപിയിൽ കണക്കാക്കുന്നത്. ഇന്ത്യയിൽ കൃഷി, വ്യവസായം, സേവന മേഖല എന്നിവയാണു ജിഡിപി കണക്കാക്കാൻ പ്രധാനമായും പരിഗണിക്കുന്ന രംഗങ്ങൾ. ജിഡിപിയിൽ പരിഗണിക്കുന്ന ഉൽപന്നങ്ങളെല്ലാം ഈ രാജ്യത്ത് ഉൽപാദിപ്പിച്ചതായിരിക്കണം. ഇറക്കുമതി ചെയ്തു വിൽക്കുന്ന ഉൽപന്നങ്ങളുടെ വില ജിഡിപിയിൽ കണക്കാക്കില്ല.

സാധനങ്ങളുടെയും സേവനങ്ങളുടെയും ഉപഭോഗം, രാജ്യത്തെ നിക്ഷേപം, സർക്കാർ ചെലവിടുന്നത്, ആകെ കയറ്റുമതി മൂല്യത്തിൽനിന്ന് ഇറക്കുമതി മൂല്യം കുറച്ചാൽ എത്ര കിട്ടും എന്നിവ ചേർത്തു വയ്ക്കുമ്പോഴുള്ള ആകെ മൂല്യമാണ്  ജിഡിപി. നോമിനൽ ജിഡിപി, റിയൽ ജിഡിപി എന്നിങ്ങനെ രണ്ട് തരത്തിൽ ജിഡിപി കണക്കാക്കുന്നു. 

നോമിനൽ ജിഡിപി– കൂടുതൽ വിൽപന നടന്നില്ലെങ്കിലും വിലക്കയറ്റം മൂലം ഒരു അന്തിമ ഉൽപന്നത്തിന്റെ മൂല്യം തൊട്ടടുത്ത വർഷം കൂടിയതു നോമിനൽ ജിഡിപിയിൽ കണക്കാക്കുന്നു. എന്നാൽ യഥാർഥത്തിൽ ഇവിടെ ഉൽപാദനം കൂടിയിട്ടില്ല. വില മാത്രമാണു കൂടിയത്. അതുകൊണ്ടു സമ്പദ്‌വ്യസ്ഥയിൽ വളർച്ചയുണ്ടായി എന്ന് അർഥമില്ല. 

റിയൽ ജിഡിപി– സാമ്പത്തിക രംഗത്തിന്റെ യഥാർഥ വളർച്ച അറിയാനാകുക ഈ ജിഡിപി കണക്കാക്കലിലൂടെയാണ്. ഒരു അടിസ്ഥാന വർഷം വച്ച് അന്നത്തെ ഉൽപന്നത്തിന്റെ വിലയാണ് ഇവിടെ പരിഗണിക്കുക. ഉദാഹരണത്തിന് 2012ലെ പഞ്ചസാരയുടെ വില അടിസ്ഥാനമാക്കുകയാണെന്നു വയ്ക്കുക. 2020ൽ ഈ വിലയ്ക്കു  പഞ്ചസാര വിറ്റാൽ എത്ര തുക കിട്ടും എന്നതാണു  കണക്കാക്കുക. ഉപഭോഗം കൂടിയിട്ടുണ്ടെങ്കിൽ അതിവിടെ കൃത്യമായി കാണിക്കും. അല്ലാതെ വിലക്കയറ്റം മൂലമുള്ള കൂടിയ മൂല്യമല്ല.

ഉപഭോഗം+ നിക്ഷേപം+ സർക്കാർ ചെലവിടുന്നത്+ ഇറക്കുമതി കിഴിച്ചുള്ള കയറ്റുമതി മൂല്യം = ജിഡിപിഉപഭോഗം+ നിക്ഷേപം+ സർക്കാർ ചെലവിടുന്നത്+ ഇറക്കുമതി കിഴിച്ചുള്ള കയറ്റുമതി മൂല്യം = ജിഡിപി

English summary: How is  DGP related to economic growth

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com