എങ്ങനെ നല്ല വായനക്കാരാകാം; കൂട്ടുകൂടാം പുസ്തകങ്ങളോട്

HIGHLIGHTS
  • എഴുത്തു പഠിച്ചു കരുത്തു നേടുക, വായിച്ചു വളരുക
national-reading-day-and-death-anniversary-of-pn-panicker
Representative image. Photo Credits: avebreakmedia/ Shutterstock.com
SHARE

ജൂൺ 19 വായനദിനമാണ്. കേരളമെങ്ങും പടർന്നു പന്തലിച്ച ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ വളർച്ചയ്ക്കായി ജീവിതം ഉഴിഞ്ഞുവച്ച പി.എൻ.പണിക്കരുടെ ചരമവാർഷികദിനം. ഈ വായനദിനത്തിൽ, എങ്ങനെ നല്ല വായനക്കാരാകാമെന്നു വായിച്ചാലോ?

കൂട്ടുകൂടാം പുസ്തകങ്ങളോട്..

പുസ്തകത്തെ ശത്രുവിനെപ്പോലെ കാണുമ്പോഴാണു വായന വിഷമകരമാകുന്നത്. അതിനോടു പതുക്കെ കൂട്ടുകൂടണം. ഓരോ ദിവസവും ഏതാനും താളുകൾ വായിച്ചു തുടങ്ങാം. നിങ്ങൾക്ക് ഇഷ്ടമുള്ള ഏതു വിഷയത്തിലുള്ള പുസ്തകവുമാകാം. ടിവിയിലേക്കൊ മൊബൈലിലേക്കൊ തൽക്കാലം കണ്ണു പോകേണ്ട. കയ്യിലെ പുസ്തകത്തിൽ തന്നെയാകട്ടെ കണ്ണും മനസ്സും. പയ്യെത്തിന്നാൽ പനയും തിന്നാം എന്നു കേട്ടിട്ടില്ലേ? തുടക്കത്തിൽ വായനയും അങ്ങനെ മതി. അഞ്ചോ പത്തോ പേജ് വായിച്ചാൽ മതി ആദ്യദിവസങ്ങളിൽ. പതുക്കെ നിങ്ങളറിയാതെ തന്നെ വായനയുടെ വേഗം കൂടും. സ്വയം മറന്നു വായിക്കാൻ തുടങ്ങുമ്പോൾ ഒരു കാര്യം ഉറപ്പിക്കാം, നിങ്ങൾ വായനയുമായി ഇഷ്ടത്തിലായിക്കഴിഞ്ഞിരിക്കുന്നു. ഇനിയങ്ങോട്ട് ഒരു ദിവസം പോലും പിരിഞ്ഞിരിക്കാനാവാത്തത്ര അടുപ്പം തോന്നും. അങ്ങനെ പതുക്കെ വേണം വായനയുടെ വഴിയിലേക്ക് നമ്മളെ കൊണ്ടുപോകാൻ. ആരെങ്ക‍ിലും അടിച്ചേൽപ്പിക്കുന്ന കാര്യം ചെയ്യുമ്പോഴാണ് അതു ക്ലേശകരമാകുന്നത്. ഇവിടെയാകട്ടെ നാം സ്വയം അറിഞ്ഞും ആനന്ദിച്ചും വായിക്കുകയാണ്.

വായിച്ചു വിളയാം

കൂട്ടുകാർക്ക് വായിക്കാൻ ഇഷ്ടമാണോ? അതോ പുസ്തകം കാണുമ്പോഴേക്കും ഉറക്കം വരുമോ? വായനയെന്നതു നിങ്ങൾക്കൊരു വേദനയാണോ? എന്നാൽ ഈ ചെറുപ്പക്കാരന്റെ കഥ കേൾക്കൂ. ജന്മനാടിന്റെ സ്വാതന്ത്രൃത്തിനായി പോരാടിയതിന്റെ പേരിൽ ബ്രിട്ടിഷുകാർ അദ്ദേഹത്തിനു വധശിക്ഷ വിധിച്ചു. തൂക്കിക്കൊല്ലാൻ പോകുന്ന സമയം അറിയാമായിരുന്നതുകൊണ്ട് അവസാനമായി ഒരു പുസ്തകം വായിക്കാൻ തീരുമാനിച്ചു. റഷ്യൻ വിപ്ലവകാരി ലെനിന്റെ ജീവചരിത്രമാണു വായിച്ചു തുടങ്ങിയത്. തൂക്കുമരത്തിലേറും മുൻപ് ആ പുസ്തകം വായിച്ചു തീർക്കാനാവുമെന്ന് ഉറപ്പിച്ചിരുന്നു. 

വായനയിലും ഒരു വിപ്ലവകാരിയായിരുന്നു അദ്ദേഹം. കയ്യിൽ കിട്ടിയതെന്തും അതു നോവലാകട്ടെ,  തത്വചിന്തയാകട്ടെ, സാമ്പത്തിക ശാസ്ത്രമോ രാഷ്ട്രീയമോ ആകട്ടെ ഒരേ ജിജ്ഞാസയോടെ വായിച്ചു. ഇന്ത്യക്കാരനായ ജയിൽ വാർഡറുടെ അറിവോടെ തന്നെ സുഹൃത്തുക്കൾ അദ്ദേഹത്തിനു പുസ്തകങ്ങൾ എത്തിച്ചിരുന്നു. ഒരു പുതിയ പുസ്തകമിറങ്ങിയെന്ന് അറിഞ്ഞാൽ പിന്നെ അതു വായിക്കാതെ ഇരിക്കപ്പൊറുതിയില്ലായിരുന്നു. ആ ചെറുപ്പക്കാരനാണ് അവസാനമായി ഒരു പുസ്തകം വായിച്ചു കൊണ്ടിരിക്കുന്നത്. പക്ഷേ ബ്രിട്ടിഷുകാർ അദ്ദേഹത്തിന്റെ വധശിക്ഷ 11 മണിക്ക‍ൂർ നേരത്തേയാക്കി. 

മരിക്കുന്നതിലായിരുന്നില്ല, ആ പുസ്തകം വായിച്ചു തീർക്കാനാവില്ലല്ലോ എന്നതിലായിരുന്നു വിപ്ലവകാരിയുടെ ദുഃഖം. ‘ഒരു അധ്യായം മുഴുമിക്കാനെങ്കിലും അനുവദിച്ചുകൂടേ?’ അദ്ദേഹം ജയിൽ അധികാരികളോട് ചോദിച്ചു. അവർക്ക് അതു സമ്മതമായിരുന്നില്ല. ബ്രിട്ടിഷ് സാമ്രാജ്യത്തിനെതിരെ ആയുധമെടുത്ത ആ ധീരനായ പോരാളിയെ കഴിവതും വേഗം ഇല്ലാതാക്കാൻ അവർ തീരുമാനിച്ചിരുന്നു. പകുതി പോലും വായിച്ചെത്താനാകാത്ത പുസ്തകം മടക്കിവച്ച് സുഹൃത്തുക്കളായ സുഖ്‌ദേവിന്റെയും രാജ്‌ഗുരുവിന്റെയും കൈകൾ കോർത്തുപിടിച്ച്, ശിരസ്സുയർത്തിപ്പിടിച്ച് അദ്ദേഹം തൂക്കുകയർ അണിയാനായി പോയി. അവസാനശ്വാസത്തോളം പുസ്തകത്തെ ഹൃദയത്തോടു ചേർത്തുപിടിച്ച ആ വായനക്കാരന്റെ പേര് നമുക്കു പരിചിതമാണ്–ഭഗത് സിങ്!

പത്രവായന

കൂട്ടുകാർ പത്രവായനയ്ക്ക് ഒരു നിശ്ചിത സമയം കണ്ടെത്തണം. എല്ലാ ദിവസവും ആ സമയത്ത് തന്നെ കഴിയുന്നതും പത്രം വായിക്കാൻ ശ്രദ്ധിക്കണം. പത്രം വായിക്കാൻ ഇരിക്കുമ്പോൾ ഒരു ഡയറിയോ ബുക്കോ കരുതണം. പ്രധാന സംഭവങ്ങൾ, ആളുകൾ, പുതിയ ശൈലികൾ ഒക്കെ തീയതി ഉൾപ്പെടെ ബുക്കിൽ കുറിച്ചു വയ്ക്കണം. പൊതുവിജ്ഞാനത്തിന്റെ വലിയൊരു ശേഖരമായി മാറും ആ കുറിപ്പുകൾ. സ്കൂളിലെ പരീക്ഷയിലും മത്സര പരീക്ഷകളിലും പ്രസംഗം, ക്വിസ്, ഉപന്യാസം, ഡിബേറ്റ് പോലുള്ള മത്സരങ്ങളിലും മികച്ച ജയം നേടാൻ ഈ കുറിപ്പുകൾ തീർച്ചയായും സഹായിക്കും. ഒന്നു ശ്രമിച്ചു നോക്കൂ...

വേഗവായനയ്ക്ക്

പുസ്തകങ്ങൾ വേഗം വായിച്ചു തീർക്കാനാകുന്നില്ലല്ലോ എന്നു വിഷമിക്കേണ്ട. എത്ര കൂടുതൽ വായിക്കുന്നോ അതനുസരിച്ച് വേഗവും കൂടിക്കോളും. ഒറ്റനോട്ടത്തിൽ നൂറിലേറെ വാക്കുകൾ മനസ്സിൽ പതിയുന്നവരുണ്ട്. പരിശീലനം കൊണ്ടു വായനയുടെ വേഗം വർധിപ്പിക്കാം. വായിക്കുമ്പോൾ ഒരു പേനയോ പെൻസിലോ കയ്യിൽ ഉണ്ടാകുന്നതു നല്ലതാണ്. അല്ലെങ്കിൽ ചൂണ്ടുവിരൽ ഉപയോഗിച്ചാലും മതി. കണ്ണുകൾ നീങ്ങുന്നതിന് അനുസരിച്ച് പേനയോ വിരലോ നീങ്ങട്ടെ. അങ്ങനെയാകുമ്പോൾ വായന വേഗത്തിൽ നടക്കും. കണ്ണുകൾ പരതി നടക്കില്ല. വേഗത്തിൽ വായിക്കാനുള്ള ഒരു ഉപായമാണിത്. പുറകോട്ടുപോയി വായിച്ചതുതന്നെ വീണ്ടും വായിക്കുന്ന ഒരു ശീലം ചിലർക്കുണ്ട്. ഇതു വായനയുടെ വേഗത്തെ ബാധിക്കും. പ്രധാന ആശയങ്ങൾ മനസ്സിൽ നിൽക്കുന്നില്ലെങ്കിൽ അതിന് അടിവരയിട്ടു പോകാം. ഒരു അധ്യായം പൂർത്തിയായതിനു ശേഷം മതി, പിന്തിരിഞ്ഞുള്ള വായന. 

അതിവേഗ വായനക്കാർ പയറ്റുന്ന ചില തന്ത്രങ്ങളുണ്ട്. ഒരു വാക്യത്തിന്റെ തുടക്കത്തിലെ നാലോ അഞ്ചോ വാക്കുകൾ കഴിഞ്ഞുവരുന്ന വാക്കിലാവണം നിങ്ങളുടെ കണ്ണ് പതിയേണ്ടത്. അപ്പോൾ സ്വാഭാവികമായും ആദ്യ വാക്കുകളും അതിനൊപ്പം പതിഞ്ഞോളും. ഇതു വലിയ ആനക്കാര്യമാണെന്നു കരുതേണ്ട. അറിയാതെ തന്നെ വായനയുടെ തന്ത്രങ്ങൾ സ്വായത്തമായിക്കോളും.

മലയാളിയുടെ മഹാ ലൈബ്രേറിയൻ

ഇന്നു കേരളത്തിൽ എവിടെത്തിരിഞ്ഞു നോക്കിയാലും ഒരു വായനശാല കാണാം. ഒരുകാലത്ത് അതായിരുന്നില്ല സ്ഥിതി. പുസ്തകങ്ങൾ എന്നതു കിട്ടാക്കനിയായിരുന്നു. പണം കൊടുത്തു പുസ്തകങ്ങൾ വാങ്ങാൻ പലർക്കും കഴിയുമായിരുന്നില്ല. എസ്.കെ.പൊറ്റെക്കാട്ടിന്റെയും ചങ്ങമ്പുഴയുടെയുമൊക്കെ കൃതികൾ വിദൂരസ്ഥലങ്ങളിൽ നിന്നു കൊണ്ടുവന്ന് കൈകൊണ്ടു പകർത്തിയെടുത്ത് തിരികെക്കൊടുത്തിരുന്ന കാലമുണ്ടായിരുന്നു. ഏറെ ദൂരം നടന്ന് ചങ്ങമ്പുഴയുടെ ‘രമണൻ’ വാങ്ങാനായി പോയതിനെയും രാത്രി ഉറക്കമിളച്ച് ഊഴമിട്ടിരുന്ന് അതു പകർത്തിയതിനെയും കുറിച്ച്  പ്രശസ്ത എഴുത്തുകാരൻ എം.ടി.വാസുദേവൻ നായർ എഴുതിയിട്ടുണ്ട്. 

pn-panicker

മലയാളിക്ക് ഒന്നു കൈ നീട്ടിയാൽ തൊടാവുന്നത്ര അടുത്തേക്കു പുസ്തകങ്ങളെ കൊണ്ടുവന്നതു വായനശാലകളാണ്. അതിനു നാം പി.എൻ.പണിക്കരെന്ന അക്ഷരമനുഷ്യനോടു കടപ്പെട്ടിരിക്കുന്നു. വായനശാലകളില്ലാത്ത ഒരു ഗ്രാമവും ഉണ്ടാകരുതെന്ന സ്വപ്നമാണ് അദ്ദേഹത്തെ നയിച്ചത്. ഗ്രന്ഥശാലാ സംഘം രൂപീകരിച്ച് ഒരു സാംസ്കാരിക വിപ്ലവം തന്നെ അദ്ദേഹം സൃഷ്ടിച്ചു. 

പണിക്കർ തുടക്കമിട്ട തിരുവിതാംകൂർ ഗ്രന്ഥശാലാ സംഘമാണു പിൽക്കാലത്ത് കേരള ഗ്രന്ഥശാലാ സംഘമായി മാറിയത്. എഴുത്തു പഠിച്ചു കരുത്തു നേടുക, വായിച്ചു വളരുക, ചിന്തിച്ചു പ്രബുദ്ധരാവുക തുടങ്ങിയ മുദ്രാവാക്യങ്ങളുയർത്തി വായനയുടെ പ്രചാരകനായി അദ്ദേഹം കടന്നുചെല്ലാത്ത ഇടങ്ങൾ കേരളത്തിൽ കുറവായ‍ിരിക്കും. 

പുതുവായിൽ നാരായണപ്പണിക്കർ എന്ന പി.എൻ.പണിക്കരുടെ ചരമവാർഷികദിനമായ ജൂൺ 19 നാം വായന ദിനമായി ആഘോഷിക്കുന്നു; ജൂൺ 19 മുതൽ 25 വരെ വായനവാരമായും.

പാഠപുസ്തക വായന

പൂർണ ഏകാഗ്രതയോടെ വേണം പാഠപുസ്തകം വായിക്കാൻ. വായിക്കുന്ന ഭാഗം കൃത്യമായി മനസ്സിലാക്കി പോകണം. മനസ്സിലാകാത്ത ഭാഗങ്ങൾ അപ്പോൾതന്നെ സംശയം പരിഹരിക്കാൻ മാർഗമുണ്ടെങ്കിൽ അങ്ങനെ ചെയ്യണം. അല്ലെങ്കിൽ കുറിച്ചു വയ്ക്കണം. വായിക്കുമ്പോൾ അടിവരയിടുന്നതുകൊണ്ടോ വശങ്ങളിൽ എഴുതുന്നതുകൊണ്ടോ പ്രശ്നമില്ല. മനസ്സിൽ പതിയാൻ അത് ഉപകരിക്കും. വായിച്ച കാര്യങ്ങൾ പിന്നീടു വെറുതെയിരിക്കുമ്പോൾ ഓർത്തു നോക്കണം. പലതവണ ശ്രമിച്ചിട്ടും ഓർമയിൽ വരാത്ത  കാര്യങ്ങൾ വീണ്ടും പുസ്തകത്തിൽ നോക്കാം. അടുത്ത തവണ അത് ഓർമയിൽ കിട്ടും. പാഠപുസ്തകത്തിൽ വായിച്ച കാര്യങ്ങളുടെ കൂടുതൽ വിവരങ്ങൾ മറ്റു പുസ്തകങ്ങളിലും മാസികകളിലും പത്രങ്ങളിലും ഒക്കെ നോക്കി വായിക്കുന്നതും അവയുടെ നോട്ട് കുറിച്ചു വയ്ക്കുന്നതും  ആ വിഷയത്തിൽ നല്ല ഗ്രാഹ്യം ഉണ്ടാകാൻ ഉപകരിക്കും.

English summary: National Reading Day and death anniversary of P.N. Panicker

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN PADHIPURRA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫിറ്റ്നസിന് നീന്തൽ, തീറ്റയായി ഡ്രൈ ഫ്രൂട്സ്; പന്തയക്കോഴികളുടെ പരിശീലനം ഇങ്ങനെ

MORE VIDEOS
FROM ONMANORAMA