പതിനാറാം വയസ്സിൽ ഒറ്റയ്ക്ക് ലോകം ചുറ്റിയ ധീരവനിത; സമുദ്രസഞ്ചാരികൾക്കിടയിലെ സൂപ്പർ സ്റ്റാറുകൾ

famous-explorers-whose-discoveries-changed-the-world
ലോറ ഡെക്കർ
SHARE

ഭൂമിക്കു ഗോളാകൃതിയാണെന്നും അതുകൊണ്ടുതന്നെ ഏതൊരിടത്തുനിന്നും നേർരേഖയിൽ യാത്രതിരിക്കുന്ന ഒരാൾക്ക് പുറപ്പെട്ടിടത്തുതന്നെ തിരിച്ചെത്താനും  കഴിയുമെന്നും തെളിയിച്ചതു മഗെല്ലൻ എന്ന പോർച്ചുഗീസ് നാവികന്റെ നേതൃത്വത്തിലുള്ള കപ്പൽയാത്രയാണല്ലോ. നാം ജീവിക്കുന്ന ലോകത്തെക്കുറിച്ചു പല പുതിയ അറിവുകളും നൽകിയത് അദ്ദേഹത്തെപ്പോലുള്ള സമുദ്രസഞ്ചാരികളാണ്. ആധുനിക കാലത്ത് മത്സ്യബന്ധനം മുതൽ രാജ്യാന്തര വ്യാപാരം, ശാസ്ത്രം എന്നിവ വരെയുള്ള കാര്യങ്ങളിൽ കടൽയാത്രികർക്കു നിർണായ പങ്കുണ്ട്. ഇവരെ ആദരിക്കുന്നതിനു വേണ്ടിയാണ് ഐക്യരാഷ്ട്ര സംഘടനയുടെ ഇന്റർനാഷനൽ മാരിടൈം ഓർഗനൈസേഷൻ 2011 മുതൽ ജൂൺ 25 സമുദ്രസഞ്ചാരികളുടെ ദിനമായി ആചരിക്കുന്നത്. ‘സമുദ്രയാത്രികർക്കു നല്ലൊരു ഭാവി’ എന്നതാണ് ഈ വർഷത്തെ ദിനാചരണത്തിന്റെ ചിന്താവിഷയം.  സമുദ്രസഞ്ചാരികൾക്കിടയിലെ സൂപ്പർ സ്റ്റാറുകളാണ് കടലിലൂടെ ഭൂഗോളം ചുറ്റിയവർ. അങ്ങനെയുള്ള ചിലരെ പരിചയപ്പെടാം.

ലോറയുടെ ലോകം

പതിനാറാം വയസ്സിൽ ഒറ്റയ്ക്ക് ലോകം ചുറ്റിയ ധീരവനിതയാണു ന്യൂസീലൻഡിൽ ജനിച്ച ലോറ ഡെക്കർ. 2010 ഓഗസ്റ്റ് 21നു യാത്ര തുടങ്ങിയ ലോറ 518 ദിവസങ്ങൾ കൊണ്ടു പ്രദക്ഷിണം പൂർത്തിയാക്കി. 2009ൽ ലോകസഞ്ചാരത്തിനു വേണ്ടി അനുമതി തേടിയപ്പോൾ കോടതി ലോറയെ വിലക്കിയിരുന്നു. പിറ്റേവർഷം മറ്റൊരു കോടതിയാണു വിലക്ക്  നീക്കിയത്. ഗപ്പി എന്ന പായ്ക്കപ്പലിലായിരുന്നു ലോറയുടെ ചരിത്രപ്രസിദ്ധമായ ലോക സഞ്ചാരം.

famous-explorers-whose-discoveries-changed-the-world
മഗല്ലൻ

തിരിച്ചെത്താതെ മഗല്ലൻ

സമുദ്രം വഴിയുള്ള ആദ്യത്തെ ലോകപ്രദക്ഷിണം ഫെർഡിനൻഡ് മഗെല്ലന്റെ പേരിലാണ് അറിയപ്പെടുന്നതെങ്കിലും ആ ദൗത്യം പൂർത്തിയാക്കിയത് അദ്ദേഹമായിരുന്നില്ല. ഫിലിപ്പീൻസിൽ വച്ച് തദ്ദേശവാസികളുമായുള്ള ഏറ്റുമുട്ടലിൽ മഗെല്ലൻ കൊല്ലപ്പെട്ടു. തുടർന്ന് സഹനാവികൻ  യുവാൻ സെബാസ്റ്റ്യൻ എൽകാനോയാണു സ്പെയിനിൽ തിരിച്ചെത്തി സഞ്ചാരം പൂർത്തിയാക്കിയത്. 5 കപ്പലുകൾ ദൗത്യത്തിലുണ്ടായിരുന്നെങ്കിലും അതിൽ വിക്ടോറിയ എന്ന കപ്പൽ മാത്രമാണ് യാത്ര പൂർത്തിയാക്കിയത്.

famous-explorers-whose-discoveries-changed-the-world
ജീൻ ബാരറ്റ്

വേഷം മാറി ലോകം ചുറ്റൽ

സമുദ്രത്തിലൂടെ ലോകത്തെ പ്രദക്ഷിണം ചെയ്ത ആദ്യത്തെ വനിതയാണ് ഫ്രഞ്ചുകാരിയായ ജീൻ ബാരറ്റ്. 1766-1769ൽ ലൂയിസ് അന്റോയ്ൻഡി ബൊഗൈൻവില്ലയുടെ നേതൃത്വത്തിൽ നടന്ന സമുദ്ര പര്യടനത്തിലെ അംഗമായിരുന്നു ഇവർ. പുരുഷനായി വേഷം മാറിയായിരുന്നു ബാരറ്റിന്റെ പര്യടനം. നല്ലൊരു സസ്യശാസ്ത്രജ്ഞ കൂടിയായ ബാരറ്റിന്റെ പേരിലാണ് മഡഗാസ്കറിൽ അവർ കണ്ടെത്തിയ ഒരു കുറ്റിച്ചെടി (ബാരറ്റിയ ബോണഫിഡിയ) അറിയപ്പെടുന്നത്. 2008ൽ ഇന്റർനാഷനൽ അസ്ട്രോണമിക്കൽ യൂണിയൻ പ്ലൂട്ടോയിലെ മലനിരകൾക്കും ബാരറ്റിന്റെ പേരു നൽകി.

famous-explorers-whose-discoveries-changed-the-world
ജോഷ്വ സ്ലോകം

ഒറ്റയ്ക്കൊരു ലോകപ്രദക്ഷിണം

ഒറ്റയ്ക്കു ലോകം ചുറ്റിയ ആദ്യത്തെയാളാണ് അമേരിക്കക്കാരനായ ജോഷ്വ സ്ലോകം. 1895-98 കാലയളവിൽ സ്പ്രേ എന്ന കപ്പലിലായിരുന്നു അദ്ദേഹത്തിന്റെ യാത്ര. 1895 ഏപ്രിൽ 24ന് ബോസ്റ്റണിൽ നിന്നു യാത്ര തിരിച്ച അദ്ദേഹം 1898 ജൂൺ 27ന് 119 കിലോമീറ്റർ അകലെയുള്ള ന്യൂപോർട്ടിൽ തിരിച്ചെത്തി. തന്റെ യാത്രയെക്കുറിച്ച് ‘സെയ്‌ലിങ് എലോൺ എറൗണ്ട് ദ് വേൾഡ്’ എന്ന പുസ്തകവുമെഴുതി. 1909 നവംബറിൽ സ്പ്രേയിൽ തന്നെ നടത്തിയ മറ്റൊരു യാത്രയ്ക്കിടയിൽ അദ്ദേഹത്തെ കാണാതായി.

famous-explorers-whose-discoveries-changed-the-world
സർ ഫ്രാൻസിസ് ഡ്രേക്ക്

ഇംഗ്ലിഷ് ഹീറോ, സ്പാനിഷ് വില്ലൻ

ഇംഗ്ലിഷുകാർ വീരനായും സ്പാനിഷുകാർ വില്ലനായും കരുതുന്ന നാവികനാണ് സർ ഫ്രാൻസിസ് ഡ്രേക്ക് (1540-1596). ലോകത്തെ പ്രദക്ഷിണംവച്ച ആദ്യത്തെ ഇംഗ്ലിഷുകാരനാണ് ഇദ്ദേഹം. 1577 മുതൽ 1580 വരെ നീണ്ട ഒറ്റ ദൗത്യത്തിലാണ് ഡ്രേക്ക് ലോകപ്രദക്ഷിണം നടത്തിയത്. തങ്ങൾ കയ്യടക്കിവച്ചിരിക്കുന്ന സമുദ്രമേഖലകളിലേക്ക് കടന്നു കയറിയതാണ് ‍ഡ്രേക്കിനെ സ്പാനിഷുകാർക്കിടയിൽ വില്ലനാക്കിയത്. 1588ൽ സ്പാനിഷ് കപ്പൽപടയെ പരാജയപ്പെടുത്തിയ ഇംഗ്ലിഷ് സേനയുടെ വൈസ് അഡ്മിറൽ ആയിരുന്നു അദ്ദേഹം. എലിസബത്ത് രാജ്ഞി സർ പദവി നൽകി ആദരിച്ച ഡ്രേക്കിനെ കടൽക്കൊള്ളക്കാരനായി പ്രഖ്യാപിക്കുകയാണ് സ്പെയിൻ രാജാവ് ചെയ്തത്. അദ്ദേഹത്തെ പിടികൂടുന്നവർക്ക് പാരിതോഷികം പ്രഖ്യാപിക്കുകയും ചെയ്തു.

English summary: Famous explorers whose discoveries changed the world

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN PADHIPURRA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കേക്കുന്നുണ്ടോ, ഓണത്തിനും കേക്കായി!

MORE VIDEOS
FROM ONMANORAMA