ADVERTISEMENT

ഗ്രീക്ക് പുരാണത്തിലെ ഒരു കഥ പറയാം. ഒളിംപ്യൻസും ടൈറ്റൻസും തമ്മിലുള്ള ഘോര യുദ്ധത്തിനൊടുവിൽ ഒളിംപ്യൻസ് വിജയിക്കുന്നു. വിജയാരവങ്ങൾക്കുശേഷം ചർച്ച നടന്നു. ആകാശവും സമുദ്രവും പാതാളവുമടങ്ങുന്ന മൂന്നു ലോകങ്ങളുടെയും അധിപർ ആരായിരിക്കണം. സ്യൂസ് ആകാശത്തിന്റെ അധിപനായി. അദ്ദേഹത്തിന്റെ സഹോദരങ്ങളായ പോസിഡോൺ സമുദ്രത്തിന്റെയും ഹേഡീസ് പാതാളത്തിന്റെയും ആധിപത്യം ഏറ്റെടുത്തു.

അന്നു മനുഷ്യകുലം സമ്പന്നമായിരുന്നു. ആവശ്യാനുസരണം മഴ ലഭിക്കുന്നതിനാൽ അവരുടെ ധാന്യക്കലവറ നിറഞ്ഞു തുളുമ്പി. അതോടെ മനുഷ്യർ ആകാശത്തിന്റെ അധിപനെ മറന്നു. ക്രുദ്ധനായ സ്യൂസ് മഴയെ തടഞ്ഞു നിർത്തി വരൾച്ച കൊണ്ടുവന്നു. ഭക്ഷ്യക്ഷാമംമൂലം വലഞ്ഞ ജനം സ്യൂസിനെ ആരാധിക്കാൻ തുടങ്ങി. മനസ്സു നിറയുന്ന സമയം മഴ നൽകിയും അല്ലാത്തപക്ഷം വരൾച്ചയിലൂടെയും സ്യൂസ് മനുഷ്യനെ നിയന്ത്രിച്ചു. ആരാധനയിലെ പിഴവുകൾ ചൂണ്ടിക്കാണിക്കാൻ ഇടയ്ക്കിടെ ഇടിയും മിന്നലും അയച്ച് സ്യൂസ് മനുഷ്യനെ ഞെട്ടിച്ചു.

കാലാവസ്ഥാ പ്രവചനം

മഴ അല്ലെങ്കിൽ കാലാവസ്ഥ മനുഷ്യജീവിതത്തെ, സമ്പല്‍സമൃദ്ധിയെ വല്ലാതെ സ്വാധീനിക്കാറുണ്ട്. പുരാതനകാലം മുതല്‍ തന്നെ മനുഷ്യർ അവരുടേതായ രീതിയിൽ കാലാവസ്ഥ നിർവചിക്കുകയോ പ്രവചിക്കുകയോ ചെയ്തിരുന്നു.

കാലാവസ്ഥാ പ്രവചനത്തിൽ ഒട്ടേറെ ഘടകങ്ങൾ സ്വാധീനിക്കാറുണ്ടെങ്കിലും ആപേക്ഷിക ആർദ്രത, ഊഷ്മാവ്, അന്തരീക്ഷ മർദം, കാറ്റിന്റെ വേഗം, ദിശ ഇവയാണു സുപ്രധാനം. 

ആപേക്ഷിക ആർദ്രത–ഹൈഗ്രോ മീറ്റർ, ഊഷ്മാവ്–തെർമോമീറ്റർ, അന്തരീക്ഷ മർദം–ബാരോമീറ്റർ, കാറ്റിന്റെ ദിശ–അനിമോമീറ്റർ എന്നിവയാണ് അളക്കാനുള്ള ഉപകരണങ്ങൾ. ഭൗമോപരിതലത്തിലെയോ അൽപം ഉയരത്തിലോ ഉള്ള അന്തരീക്ഷ മാനകങ്ങൾ ഇവകൊണ്ട് അളക്കാം. പക്ഷേ, വളരെ ഉയരത്തിൽ നാമിതെങ്ങനെ അളക്കും?. ഇതിനാണു കാലാവസ്ഥാ ബലൂണുകൾ, സൗണ്ടിങ് റോക്കറ്റുകൾ, സാറ്റലൈറ്റുകൾ എന്നിവ നാം ഉപയോഗിക്കുന്നത്.

റേഡിയോസോണ്ട്

ഉയരം, മർദം, ഊഷ്മാവ്, കാറ്റ്, ആപേക്ഷിക ആർദ്രത ഇവ അളക്കുന്ന അത്യാധുനിക ഉപകരണങ്ങൾ ഒന്നടങ്കം ഉള്ളടക്കം ചെയ്തിരിക്കുന്ന നിരീക്ഷണ സംവിധാനമാണിത്. ബലൂണിന്റെ സ്ഥാന നിർണയത്തിനായി GPS സെൻസറുകളും ഉണ്ടാവും. ബലൂൺ സഞ്ചരിക്കുന്ന വഴിയിലെ അന്തരീക്ഷ മാനകങ്ങൾ രേഖപ്പെടുത്തുകയും അവ കാലാവസ്ഥാ നിലയത്തിലെ റിസീവറിലേക്ക് അയച്ചു കൊടുക്കുകയും ചെയ്യും. 403 മെഗാഹെര്‍ട്സ് (MHz) അല്ലെങ്കിൽ 1680 MHz റേഡിയോ ഫ്രീക്വൻസിയാണു പ്രസരണത്തിനായി ഉപയോഗിക്കുന്നത്. റിസീവറിലെത്തുന്ന വിവരങ്ങൾ കംപ്യൂട്ടർ സഹായത്തോടെ അപഗ്രഥിച്ചാണു കാലാവസ്ഥാ നിർണയം സാധ്യമാക്കുന്നത്.

കാലാവസ്ഥാ ബലൂണുകള്‍

ഇലാസ്തികത കൂടിയ ലാറ്റെക്സുകൊണ്ടോ ക്ലോറോപ്രിൻ (Chloroprene) കൊണ്ടോ നിർമിച്ച ഭീമൻ ബലൂണുകളാണിവ. ഹൈഡ്രജൻ അല്ലെങ്കിൽ ഹീലിയം വാതകങ്ങളാണു നിറയ്ക്കുക. ഇത്തരം വാതകങ്ങൾക്കു ഭാരം കുറവായതിനാൽ മുകളിലേക്കുയരാൻ സഹായിക്കുന്നു. എത്തേണ്ട ഉയരം  കണക്കാക്കി വാതകത്തിന്റെ അളവ് വ്യത്യാസപ്പെടുത്താം. ബലൂണുമായി റേഡിയോ സോണ്ട്(RADIOSONDE) എന്ന ഉപകരണം ഘടിപ്പിക്കും. ബലൂണുകൾ ഏകദേശം 40 കിലോമീറ്റര്‍ ഉയരത്തിൽവരെ എത്തും. ഉയരം കൂടുന്തോറും അന്തരീക്ഷ മർദം കുറയും. ബോയിൽ നിയമം അനുസരിച്ചു മർദം കുറഞ്ഞാൽ വാതകത്തിന്റെ വ്യാപ്തം വർധിക്കും. അതിന്റെ ഫലമായി ബലൂണുകൾ പൊട്ടുന്നു. ഒരു പാരഷൂട്ടിന്റെ സഹായത്തോടെ റേഡിയോസോണ്ടിനെ തിരിച്ചെടുക്കാം.

സൗണ്ടിങ് റോക്കറ്റുകൾ

40 കിലോമീറ്ററിന് അപ്പുറം ബലൂണുകൾക്കു സഞ്ചരിക്കാനാവില്ല. വളരെ ഉയരത്തിൽ കാലാവസ്ഥാ പഠനത്തിനായി സാറ്റലൈറ്റുകൾ ഉണ്ട്. ഇവയ്ക്കിടയിലെ കാലാവസ്ഥാ പഠനത്തിനാണു നാം സൗണ്ടിങ് റോക്കറ്റുകൾ ഉപയോഗിക്കുന്നത്. അതായത്, ഏകദേശം 48 km- 145 km പരിധിയിൽ. 

ഒന്ന് അല്ലെങ്കിൽ രണ്ടു ഘട്ടങ്ങളുള്ള ചെറു റോക്കറ്റുകളാണിവ. ഖര ഇന്ധനങ്ങളാണ് ഇത്തരം റോക്കറ്റുകളിൽ ഉപയോഗിക്കുന്നത്. 100Kg വരെ പേലോഡ് വഹിക്കാനാവും. പേലോഡെന്നതു റേഡിയോ സോണ്ടു തന്നെയാണ്. റോക്കറ്റിന്റെ പ്രക്ഷേപണ പഥത്തിലെ വിവിധ അന്തരീക്ഷ മാനകങ്ങൾ ഇത് അളക്കും. ഒരു നിശ്ചിത ഉയരത്തിൽ റേഡിയോ സോണ്ട് എത്തുകയും ഒരു പാരഷൂട്ടിന്റെ സഹായത്തോടെ തിരിച്ചിറങ്ങുകയും ചെയ്യും. അതായത് പാത പരാബൊളയായിരിക്കും.

രോഹിണി റോക്കറ്റ് സീരീസ് ഇന്ത്യയുടെ സൗണ്ടിങ് റോക്കറ്റ് സീരീസ് ആണ്. RH-75, RH-100, RH-200, RH-300, RH-560 ഇവ സീരീസിലെ ചില റോക്കറ്റുകളാണ്. ഈ വർഷം മാർച്ചിലാണ് RH-560 വിക്ഷേപിച്ചത്.

English summary: Climate measurement instruments and study

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com