ADVERTISEMENT

വർണവിവേചനത്തിനും പാരതന്ത്ര്യത്തിനും എതിരെ ജീവിതാവസാനംവരെ സന്ധിയില്ലാ പോരാട്ടം നടത്തിയ മഹാനായ നേതാവ് നെൽസൺ മണ്ടേലയുടെ ജന്മദിനമാണ് മണ്ടേല രാജ്യാന്തര ദിനമായി ആചരിക്കുന്നത്. ‘ഒരു കൈയ്ക്ക് മറ്റൊന്നിനെ പോറ്റാൻ കഴിയും’ എന്നതാണ് ഈ വർഷത്തെ ദിനാചരണ പ്രമേയം.

നെൽസൺ മുതൽ മഡിബ വരെ

ദക്ഷിണാഫ്രിക്കയിലെ കിഴക്കൻ കേപ് പ്രവിശ്യയുടെ ഭാഗമായ മവേസോ ഗ്രാമത്തിൽ 1918 ജൂലൈ 18നു നെൽസൺ മണ്ടേല ജനിച്ചു. സ്കൂൾ അധ്യാപികയാണു നെൽസൺ എന്ന ഇംഗ്ലിഷ് പേര് നൽകിയത്. പിതാവ് ചെറുപ്പത്തിൽ മരിച്ചു. ബിഎ പഠനത്തിനായി ഫോർട്ട് ഹെയർ സർവകലാശാലയിൽ ചേർന്നെങ്കിലും വർണ വിവേചനത്തിനെതിരെ സഹപാഠികളെ സംഘടിപ്പിച്ചു എന്ന കുറ്റം ചുമത്തി പുറത്താക്കി. ഒരു വക്കീൽ ഓഫിസിൽ ഗുമസ്തനായി ജോലി ലഭിച്ചതു വഴിത്തിരിവായി. രാഷ്ട്രീയ ചർച്ചകളുടെ സ്ഥിരം വേദിയായ അവിടെവച്ചു രാഷ്ട്രീയ ആശയങ്ങൾ മണ്ടേലയിൽ മൊട്ടിട്ടു. മുടങ്ങിയ ബിഎ പഠനം ഇക്കാലയളവിൽ പൂർത്തിയാക്കി.

ജയില്‍ വാസം  27 കൊല്ലം

1947ൽ ആഫ്രിക്കൻ നാഷനൽ കോൺഗ്രസ് യൂത്ത് ലീഗ് പ്രസിഡന്റ് ആയി. 1951ൽ ആഫ്രിക്കൻ നാഷണൽ കോൺഗ്രസ് (എഎൻസി) ദേശീയ പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ടു. സമര പോരാട്ടങ്ങൾക്കിടെ ഒന്നര വർഷം ഒളിവിൽ കഴിഞ്ഞ മണ്ടേലയെ ഗവൺമെന്റിനെതിരെ സായുധാക്രമണം ആസൂത്രണം ചെയ്തെന്ന കുറ്റംചുമത്തി അറസ്റ്റ് ചെയ്തു. 5 വർഷത്തെ തടവിനു കോടതി വിധിച്ചു. മണ്ടേല ജയിലിൽ കഴിയവെ 1964 ജൂൺ 12നു നടന്ന ചരിത്ര പ്രസിദ്ധമായ റിവോണിയ വിചാരണയിൽ രാജ്യദ്രോഹകുറ്റം ഉൾപ്പെടെ ചുമത്തി ജീവപര്യന്തം ശിക്ഷ വിധിച്ചു. തുടർന്നുള്ള 18 വർഷം റോബൻ ദ്വീപിലെ ജയിലിൽ. 1982 മാർച്ചിൽ പോൾസ്മുർ ജയിലിലേക്ക്. 1985ൽ ഉപാധികളോടെ ജയിൽ മോചനം വാഗ്ദാനം ചെയ്തെങ്കിലും മണ്ടേല നിഷേധിച്ചു.

1988 ഡിസംബറിൽ ക്ഷയരോഗബാധയെ തുടർന്ന് ആരോഗ്യം മോശമായ അദ്ദേഹത്തെ വിക്ടർ വെഴ്സ്റ്റർ ജയിലിലേക്ക് മാറ്റി. മുടങ്ങിയ നിയമബിരുദ പഠനം അവിടെ പൂർത്തിയാക്കി. ഫ്രെഡറിക് വില്യം ക്ലാർക്ക് ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് ആയതോടെ കാര്യങ്ങൾ ശുഭമായി. എഎൻസിയുടെ നിരോധനം നീക്കി. 1990 ഫെബ്രുവരി 11ന് 27 വർഷത്തെ ജയിൽവാസത്തിനുശേഷം നെൽസൺ മണ്ടേല മോചിതനായി. വീണ്ടും എഎൻസിയുടെ ദേശീയ പ്രസിഡന്റായി. 

ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ്

എല്ലാവിഭാഗം ജനങ്ങളേയും ഉൾപ്പെടുത്തി 1994 ഏപ്രിൽ 27ന് ആദ്യ ജനാധിപത്യ തിരഞ്ഞെടുപ്പ്. മെയ് 10നു  നെൽസൺ മണ്ടേല ദക്ഷിണാഫ്രിക്കയുടെ പ്രസിഡന്റായി അധികാരമേറ്റു. ‘ലോങ് വാക്ക് ടു ഫ്രീഡം’ (Long walk to freedom) എന്ന ആത്മകഥ പ്രസിദ്ധീകൃതമായതും ഇതേ വർഷം. പ്രസിഡന്റ് പദവിയിൽ അഞ്ചുവർഷം പൂർത്തിയാക്കിയ അദ്ദേഹം സജീവരാഷ്ട്രീയത്തോടു വിട പറഞ്ഞു. വാർധക്യസഹജമായ അസുഖത്തെ തുടർന്നു 2013 ഡിസംബർ 5ന് 95-ാം വയസ്സിൽ അന്ത്യം. മഹാത്മാഗാന്ധിയും ഇന്ത്യയും തന്റെ രാഷ്ട്രീയ ജീവിതത്തിലെ വലിയ സ്വാധീന ശക്തികളായിരുന്നു എന്നു നെൽസൺ മണ്ടേല വെളിപ്പെടുത്തിയിട്ടുണ്ട്.

പുരസ്കാരങ്ങള്‍

250ൽ ഏറെ പുരസ്കാരങ്ങൾ അദ്ദേഹത്തിനു ലഭിച്ചു. സമാധാനത്തിനുള്ള നൊബേൽ സമ്മാനം (1993), ഇന്ത്യയുടെ പരമോന്നത ബഹുമതിയായ ഭാരതരത്ന (1990), സോവിയറ്റ് യൂണിയന്റെ ലെനിൻ പീസ് പ്രൈസ് (1990), സാഘറോവ് പ്രൈസ് (1988) തുടങ്ങി പട്ടിക നീളുന്നു. ദക്ഷിണാഫ്രിക്കക്കാർ മഡിബ എന്നാണ് അദ്ദേഹത്തെ അഭിസംബോധന ചെയ്തിരുന്നത്. മണ്ടേലയുടെ വംശക്കാർ പ്രായത്തിൽ മുതിർന്നവരെ ബഹുമാന സൂചകമായി സംബോധന ചെയ്യുന്നത് അങ്ങനെയാണ്. നെൽസൺ എന്ന ഗ്രാമീണ ബാലനിൽനിന്നു മഡിബ എന്ന വിശ്വപൗരനിലേക്കുള്ള നെൽസൺ മണ്ടേലയുടെ സുദീർഘവും സംഭവ ബഹുലവുമായ ജീവിതയാത്ര ദക്ഷിണാഫ്രിക്കയുടെ മാത്രമല്ല, ലോകചരിത്രത്തിലെ തന്നെ സവിശേഷമായൊരു ഏടാണ്.

മണ്ടേല ദിനവും മണ്ടേല പ്രൈസും

നെൽസൺ മണ്ടേലയുടെ പോരാട്ട ചരിത്രം എക്കാലവും സ്മരിക്കപ്പെടുന്നതിനായി ഒരു ദിനാചരണത്തിന് ഐക്യരാഷ്ട്ര സഭ 2009 നവംബറിൽ അംഗീകാരം നൽകി. അതിനു തന്റെ ജന്മദിനം തന്നെ നിർദേശിച്ചതു നെൽസൺ മണ്ടേല ആയിരുന്നു. 2010 ജൂലൈ 18നു പ്രഥമ ‘നെൽസൺ മണ്ടേല രാജ്യാന്തരദിനം ആചരിച്ചു. ജീവിച്ചിരിക്കെ തന്നെ ഒരു വ്യക്തിയുടെ ദിനാചരണം നടത്തപ്പെടുന്ന അപൂർവതയായി അത്. മണ്ടേലയുടെ മരണശേഷം 2014ൽ അദ്ദേഹത്തിന്റെ പേരിൽ ഐക്യരാഷ്ട്ര സംഘടന ഒരു പുരസ്കാരവും ഏർപ്പെടുത്തി– യുണൈറ്റഡ് നേഷൻസ് നെൽസൺ മണ്ടേല പ്രൈസ്. അഞ്ചുവർഷം കൂടുമ്പോഴാണു പുരസ്കാരം സമ്മാനിക്കുക. ലോകത്തിന്റെ രണ്ടു വ്യത്യസ്ത ഭാഗങ്ങളിൽനിന്നായി സ്വജീവിതംകൊണ്ടു സമൂഹത്തിനു മഹത്തായ സംഭാവന നൽകിയ ഒരു പുരുഷനേയും ഒരു സ്ത്രീയേയുമാണു പുരസ്കാരത്തിനു തിരഞ്ഞെടുക്കുക. 2015ലും 2020ലും പുരസ്കാരം വിതരണം ചെയ്തു. ഇനി 2025ൽ.

English summary: Nelson Mandela International day

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com