ലോകത്തിലെ ഏറ്റവും വലിയ ധനികന്റെ ബഹിരാകാശ യാത്ര 20ന്

HIGHLIGHTS
  • 20,600 കോടി യുഎസ് ഡോളറാണ് ബെസോസിന്റെ ആസ്തി.
earths-richest-man-jeff-bezos-to-blast-off-into-space
ബ്ലൂ ഒറിജിന്റെ ബഹിരാകാശ വാഹനത്തിന്റെ പരീക്ഷണ വിക്ഷേപണം. ചിത്രം: റോയിട്ടേഴ്സ്
SHARE

സമ്പന്നൻമാരെല്ലാം ഭൂമി വിട്ടു ബഹിരാകാശം സന്ദർശിക്കുന്നതിന്റെ തിരക്കിലാണ്. വെർജിൻ ഗലാക്റ്റിക് കമ്പനിയുടെ ഉടമയും ശതകോടീശ്വരനുമായ റിച്ചഡ് ബ്രാൻസൻ വിഎസ്എസ് യൂണിറ്റി എന്ന റോക്കറ്റ് വിമാനത്തിൽ ബഹിരാകാശം തൊട്ടു തിരികെ വന്ന വാർത്ത അറിഞ്ഞിരിക്കുമല്ലോ. അടുത്ത ഊഴം ജെഫ് ബെസോസിന്റേതാണ്. ഈ മാസം 20നാണു ലോകത്തിലെ ഏറ്റവും വലിയ ധനികനും ആമസോൺ സ്ഥാപകനുമായ ബെസോസ് തന്റെ കമ്പനിയായ ബ്ലൂ ഒറിജിന്റെ വാഹനത്തിൽ ബഹിരാകാശത്തേക്കു യാത്ര തിരിക്കുന്നത്.

യാത്രികർ ആരൊക്കെ?

jeff-bezos
ജെഫ് ബെസോസ്

ജെഫ് ബെസോസ്– ബ്ലൂംബർഗ് പട്ടിക പ്രകാരം 20,600 കോടി യുഎസ് ഡോളറാണ് ബെസോസിന്റെ ആസ്തി. 1993ൽ തന്റെ വീടിന്റെ ഗാരിജിൽ ബെസോസ് തുടങ്ങിയ ആമസോൺ എന്ന ഓൺസൈന്‍ ബുക്‌സ്റ്റോറാണ് പിൽക്കാലത്ത് ലോകത്തിലെ പ്രമുഖ ഇ–കൊമേഴ്സ് കമ്പനിയായി മാറിയത്.

ജെഫ് ബെസോസിനൊപ്പം മൂന്ന് യാത്രികർ കൂടിയുണ്ട്. 

oliver-damen-is-to-become-the-youngest-person-to-head-into-space
ഒലിവർ ഡീമൻ

മാർക് ബെസോസ്- ജെഫ് ബെസോസിന്റെ സഹോദരൻ. ബിസിനസുകാരനും കാരുണ്യപ്രവർത്തകനുമായ മാർക് ഒരു സ്വയം സന്നദ്ധ അഗ്നിശമന സേനാംഗം കൂടിയാണ്.

ഒലിവർ ഡീമൻ- വിദ്യാർഥി. പതിനെട്ടു വയസ്സുള്ള ഒലിവറിനെ മറ്റൊരു യാത്രക്കാരൻ യാത്ര ഉപേക്ഷിച്ചതിനെത്തുടർന്നാണ് ഉൾപ്പെടുത്തിയത്. യാത്ര വിജയിച്ചാൽ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ബഹിരാകാശ യാത്രികനായി ഒലിവർ മാറും.

വാലി ഫങ്ക്- അമേരിക്കയിലെ ആദ്യകാല വനിതാ പൈലറ്റുമാരിലൊരാൾ. യാത്ര വിജയിച്ചാൽ ബഹിരാകാശത്തെത്തുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തിയാകും 82 വയസ്സുകാരിയായ വാലി ഫങ്ക്.

Wally Funk, Jeff Bezoz
വാലി ഫങ്ക്, ജെഫ് ബെസോസ്

യാത്ര എങ്ങനെ?

ന്യൂ ഷെപേഡ് എന്ന ബ്ലൂ ഒറിജിന്റെ ബഹിരാകാശപേടകത്തിലാണു ബെസോസിന്റെയും സംഘത്തിന്റെയും യാത്ര. ബഹിരാകാശത്തെത്തിയ ആദ്യ അമേരിക്കക്കാരനായ അലൻ ഷെപേഡിന്റെ സ്മരണാർഥമാണു പേടകത്തിനു പേരു നൽകിയിരിക്കുന്നത്. റൺവേയിൽ ഓടേണ്ട ആവശ്യമില്ലാത്ത വെർട്ടിക്കൽ ടേക്ക് ഓഫ്, വെർട്ടിക്കൽ ലാൻഡിങ് സാങ്കേതികവിദ്യകളിലാണു പേടകം പ്രവർത്തിക്കുന്നത്. വെർജിൻ ഗലാക്റ്റിക്കിന്റെ വിഎസ്എസ് യൂണിറ്റിക്ക് റൺവേ ആവശ്യമായിരുന്നു.

ഇതു വരെ 15 ആളില്ലാ പറക്കും പരീക്ഷണങ്ങൾ ന്യൂ ഷെപേഡിൽ ബ്ലൂ ഒറിജിൻ നടത്തിയിട്ടുണ്ട്. ബെസോസിനെയും കൊണ്ടുപോകുന്ന ദൗത്യത്തിലാകും ആദ്യമായി പേടകം ആളെ വഹിക്കുന്നത്.

ഒരു ക്രൂ ക്യാപ്‌സ്യൂളും ബൂസ്റ്റർ റോക്കറ്റുമടങ്ങിയതാണ് ന്യൂ ഷെപേഡ്. ക്രൂ മൊഡ്യൂളിലാണു യാത്രക്കാർ ഇരിക്കുക. പരമാവധി 6 പേർക്ക് ഇരിക്കാം. എല്ലാ യാത്രക്കാർക്കും നിരീക്ഷണത്തിനായി വലിയ ജാലകങ്ങൾ സീറ്റിനഭിമുഖമായുണ്ട്. ബഹിരാകാശത്തെ കാഴ്ചകൾ ഇതിലൂടെ കാണാം, ആസ്വദിക്കാം, പഠനങ്ങൾ നടത്താം.

വെസ്റ്റ് ടെക്‌സസിലെ സ്‌പേസ്‌പോർട്ടിൽ നിന്നാണു യാത്ര തുടങ്ങുന്നത്. ക്രൂമൊഡ്യൂളും റോക്കറ്റും ഇവിടെ നിന്നു മുകളിലേക്കു കുതിക്കും. രണ്ടരമിനിറ്റ് പറന്നതിനു ശേഷം ക്രൂമൊഡ്യൂൾ റോക്കറ്റിൽ നിന്നു വേർപെടും. റോക്കറ്റ് തിരിച്ചു ഭൂമിയിലെത്തി സുരക്ഷിതമായി ലാൻഡ് ചെയ്യും. തുടർന്നു 11 മിനിറ്റ് നീണ്ടുനിൽക്കുന്ന യാത്രയിൽ ഭൗമനിരപ്പിൽ നിന്നു നൂറിലധികം കിലോമീറ്റർ ഉയരത്തിൽ ക്രൂമൊഡ്യൂൾ എത്തും. ബഹിരാകാശത്തിന്റെ പരമ്പരാഗത അതിർത്തി നിർവചനമായ കാർമൻ രേഖ പിന്നിട്ടുള്ള യാത്ര. ഏതാനും മിനിറ്റുകൾ കൂടി ബഹിരാകാശത്തു നിന്ന ശേഷം ക്രൂമൊഡ്യൂൾ തിരിച്ചിറങ്ങി ഭൗമോപരിതലത്തിലേക്ക് എത്തും. തുടർന്നു പാരഷൂട്ടുകളുടെയും ലാൻഡിങ് റോക്കറ്റുകളുടെയും സഹായത്തോടെ ലാൻഡ് ചെയ്യും.

അറിവിന്റെ ആകാശം

ആകാശം എന്ന ഒരു അതിർത്തി യഥാർഥത്തിൽ ഇല്ല. വായുമണ്ഡലത്തിന്റെ മുകളടുക്കുകളിൽ സൂര്യപ്രകാശം വീണ് ചിതറുമ്പോൾ

ഉയരത്തിൽ  നീലാകാശം ഉള്ളതായി നമുക്കു തോന്നും. പക്ഷേ, ഉയരത്തിലേക്കു പോയാൽ അങ്ങനെ നീല നിറം കാണാനാവില്ല. അങ്ങനെ വായുമണ്ഡലവും കടന്നു മുകളിലേക്കു പോയാൽ ഒട്ടും വായു ഇല്ലാത്ത മേഖലയിൽ എത്തും. അവിടെ മുതൽ ബഹിരാകാശം തുടങ്ങുകയായി. സൂര്യപ്രകാശം ഏറ്റുവാങ്ങി പ്രസരിപ്പിക്കാൻ വായുതന്മാത്രകൾ ഇല്ലാത്തതിനാൽ അവിടെ അതി ശൈത്യമാണ്. മൈനസ് 270 ഡിഗ്രി സെൽഷ്യസ് ഒക്കെയാണു താപനില. ആകാശ ഗോളങ്ങൾക്കിടയിലുള്ള ശൂന്യമായ പ്രദേശമാണ് ബഹിരാകാശം എന്നു പൊതുവെ പറയാം. പേരുപോലെ, പൂർണമായും ശൂന്യമല്ല ഇവിടം. വളരെ കുറഞ്ഞ സാന്ദ്രതയിൽ, ഹീലിയവും ഹൈഡ്രജനും പ്ലാസ്മാവസ്ഥയിൽ ഇവിടെ കാണം. സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 100 കിലോമീറ്റർ ഉയരെ, കാർമൻ ലൈൻ മുതലാണ് ബഹിരാകാശത്തിന്റെ തുടക്കം എന്നു ശാസ്ത്രജഞർ പൊതുവെ അംഗീകരിച്ചിട്ടുണ്ട്.

∙കോൺസ്‌റ്റാന്റിൻ സ്വോൾകോവ്‌സ്‌കി  എന്ന റഷ്യക്കാരനെ ബഹിരാകാശ ശാസ്‌ത്രത്തിന്റെ പിതാവ് എന്നു വിളിക്കുന്നു

∙ ലെയ്ക എന്ന നായയാണ് ബഹിരാകാശത്ത് എത്തിയ ആദ്യ ജീവി (1957)

∙ 1934ൽ സോവിയറ്റ് യൂണിയനിൽ ജനിച്ച യൂറി ഗഗാറിൻ ആണു ബഹിരാകാശത്ത് എത്തിയ ആദ്യ മനുഷ്യൻ. 1961 ഏപ്രിൽ 12നാണു വോസ്‌തോക്ക്1 എന്ന വാഹനത്തിൽ  ഗഗാറിൻ ബഹിരാകാശത്ത് എത്തിയത്. ഒരു മണിക്കൂറും 48 മിനിറ്റും അദ്ദേഹം അവിടെ ചെലവഴിച്ചു. 1968 മാർച്ച് 27ന് അദ്ദേഹം തന്നെ പറത്തിയ മിഗ് വിമാനം തകർന്ന് ഗഗാറിൻ മരിച്ചു.

English summary: Earth's richest man Jeff Bezos to blast off into space

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN PADHIPURRA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫിറ്റ്നസിന് നീന്തൽ, തീറ്റയായി ഡ്രൈ ഫ്രൂട്സ്; പന്തയക്കോഴികളുടെ പരിശീലനം ഇങ്ങനെ

MORE VIDEOS
FROM ONMANORAMA