ഭൂമിയെപ്പോലൊരു ചന്ദ്രൻ ; ആ ‘ഭൂപട’ത്തിലെ പ്രത്യേകതകൾ

HIGHLIGHTS
  • ചന്ദ്രനിൽ ഒരേയൊരു സമുദ്രം മാത്രമേയുള്ളൂ
earth-and-moon-comparison
Moon. Photo credits :Milan Rademakers/Shutterstock.com
SHARE

കുട്ടിക്കാലത്ത് അമ്പിളിമാമനിലെ കറുത്ത മുയലിനെ കണ്ട് കൗതുകം കൂറിയവരായിരിക്കുമല്ലോ കൂട്ടുകാരെല്ലാം. എന്നാൽ ചന്ദ്രനിലെ ആ കറുത്ത മേഖലകൾ ശരിക്കും ചന്ദ്രോപരിതലത്തിൽ സൂര്യപ്രകാശത്തിന്റെ പ്രതിഫലനത്തിലെ 

ഏറ്റക്കുറച്ചിൽ കൊണ്ടു ഭവിക്കുന്നതാണെന്ന് ഇന്നു നമുക്കറിയാം. ഭൂമിയിലെപ്പോലെ ജലാശയങ്ങളല്ലെങ്കിലും സമുദ്രങ്ങളോടും കടലുകളോടും തടാകങ്ങളോടും സാദൃശ്യങ്ങളുള്ള സ്ഥലങ്ങൾ ചന്ദ്രോപരിതലത്തിലുമുണ്ട്. 

അതു കൊണ്ടു തന്നെ അതേ പേരുകളിലാണു ശാസ്ത്രലോകം അവയെ വർഗീകരിച്ചിരിക്കുന്നതും. ആയിരക്കണക്കിനു  വർഷങ്ങൾക്കു മുൻപേ അഗ്നിപർവതസ്ഫോടനങ്ങളാലും ഉൽക്കകൾ വീണും രൂപപ്പെട്ടവയാണ് അവ. 

ചന്ദ്രന്റെ ആ ‘ഭൂപട’ത്തിലെ പ്രത്യേകതകൾ നമുക്ക് പരിചയപ്പെട്ടാലോ...

∙ ചന്ദ്രന്റെ മഹാസമുദ്രം - ഓഷ്യനസ് പ്രോസെല്ലറം (Oceanus Procellarum) 

ഭൂമി 4 മഹാസമുദ്രങ്ങളാൽ ചുറ്റപ്പെട്ടതാണെങ്കിൽ ചന്ദ്രനിൽ ഒരേയൊരു സമുദ്രം മാത്രമേയുള്ളൂ. ചന്ദ്രമുഖത്തെ പടിഞ്ഞാറേ അറ്റത്ത് സ്ഥിതി ചെയ്യുന്ന ‘കൊടുങ്കാറ്റുകളുടെ സമുദ്രം’ എന്നറിയപ്പെടുന്ന ഓഷ്യനസ് പ്രോസെല്ലറം ആണിത്. ആകെ ചന്ദ്രോപരിതലത്തിന്റെ 10.5% വരും ഓഷ്യനസ് പ്രോസെല്ലറം. 2568 കിലോമീറ്ററാണ് ഇതിന്റെ ചുറ്റളവ്. ഭൂമിയിലെപ്പോലെ ജലം നിറഞ്ഞ സമുദ്രമല്ല, അഗ്നിപർവത വിസ്ഫോടനം കൊണ്ടു പുറന്തള്ളപ്പെട്ട മാഗ്മ ഉറച്ചുണ്ടായതാണ് ഓഷ്യനസ് പ്രോസെല്ലറം. 

∙ ചന്ദ്രനിലെ തടാകം - ലാക്കസ് വെറിസ് Lacus Veris (Lake of spring)

തടാകങ്ങൾ അല്ലെങ്കിൽ ചെറിയ സമതലങ്ങൾ എന്നർത്ഥം വരുന്ന ലാറ്റിൻ പദത്തിൽ നിന്നാണ് ചന്ദ്രനിലെ ‘ലാക്കസ്’ എന്ന പ്രയോഗം വന്നത്. ഇക്കൂട്ടത്തിൽ ഏറ്റവും വലുതാണ് ലാക്കസ് വെറിസ്. ഏകദേശം 396 കിലോമീറ്ററാണ് ‘വസന്തത്തിന്റെ തടാകം’ എന്നറിയപ്പെടുന്ന ലാക്കസ് വെറിസിന്റെ വ്യാസം. ചന്ദ്രക്കലയുടെ ആകൃതിയിലുള്ള ഈ തടാകം നേർത്ത ലാവാപ്രവാഹത്തിലൂടെ രൂപപ്പെട്ടതായാണ് കണക്കാക്കുന്നത്. 

∙ ചന്ദ്രനിലെ ചതുപ്പ് പാലസ് എപ്പിഡെമിയറം (Palus Epidemiarum) 

ഭൂമിയിലെപ്പോലെ ചെളി പുതഞ്ഞതല്ലെങ്കിലും ചന്ദ്രനിൽ ചതുപ്പുകളുമുണ്ട്. അവയിൽ ഏറ്റവും വലുതാണ് പാലസ് എപ്പിഡെമിയറം. ‘പകർച്ചവ്യാധികളുടെ ചതുപ്പ്’ എന്നാണ് വിചിത്രമായ ഈ പേരിനർഥം. ലാവ നിറഞ്ഞൊഴുകിയ പ്രദേശങ്ങളാണ് ഇവ. ബ്ലൂറീഡ് പുൽമേട് എന്നാണ് പാലസ് എപ്പിഡെമിയറം മുൻപ് അറിയപ്പെട്ടിരുന്നത്. 286 കിലോമീറ്റർ ആണ് ഇതിന്റെ ചുറ്റളവ്.

ചാന്ദ്ര ദിനം 

1969 ജൂലൈ 21ന് (യുഎസ് സമയപ്രകാരം ജൂലൈ 20) അമേരിക്കൻ ബഹിരാകാശ യാത്രികരായ നീൽ ആംസ്ട്രോങ്ങും എഡ്വിൻ അൽഡ്രിനും ചന്ദ്രനിൽ ഇറങ്ങിയ ആദ്യ മനുഷ്യരായതിന്റെ ഓർമയ്ക്കയാണ് എല്ലാ വർഷവും ജൂലൈ 21 ചാന്ദ്രദിനമായി ആചരിക്കുന്നത്

∙ ചന്ദ്രനിലെ താഴ്‌വര വാലിസ് സ്നെലിയസ്  (Vallis Snellius)

ചന്ദ്രോപരിതലത്തിലെ തെക്കു കിഴക്ക് ഭാഗത്ത് നേർരേഖയിൽ കാണുന്ന താഴ്‌വരയാണ് വാലിസ് സ്നെലിയസ്. 592 കിലോമീറ്ററാണ് ഇതിന്റെ നീളം. നേർരേഖയിലാണെങ്കിലും ചില സമയങ്ങളിലെ മണ്ണൊലിപ്പു കാരണം ഇതിന്റെ ആകൃതിയിൽ വ്യത്യാസം അനുഭവപ്പെടാറുണ്ട്. ഡച്ച് ശാസ്ത്രജ്ഞനായ വില്ലെബ്രോഡ് സ്നെലിയസിന്റെ പേരിൽ നിന്നാണ് ഈ താഴ്‌വരയുടെ പേരു വന്നത്

∙ ചന്ദ്രനിലെ കൊടുമുടി മോൺസ് ഹെയ്ജൻസ്  (Mons Huygens)

ഭൂമിയിലെ ഏറ്റവും വലിയ കൊടുമുടി  എവറസ്റ്റാണെങ്കിൽ ചന്ദ്രനിലേത് മോൺസ് ഹെയ്ജൻസാണ്. ഡച്ച് ജ്യോതി ശാസ്ത്രജ്ഞനായ ക്രിസ്റ്റ്യൻ ഹെയ്ജൻസിന്റെ പേരിൽ നിന്നാണ് ഈ പേരു വന്നത്. എവറസ്റ്റിന്റെ പകുതിയിലേറെ (5500 മീറ്റർ) ഉയരമുണ്ട് . ഇതിന്. പക്ഷേ ചന്ദ്രനിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയാണെങ്കിലും മോൺസ് ഹെയ്ജൻസ് ചന്ദ്രന്റെaഏറ്റവും ഉയരമുള്ള സ്ഥലമല്ല. ചാന്ദ്രപ്രതലത്തിൽ  നിന്ന്  35,387 അടി ഉയരമുള്ള സെലീനിയൻ സമ്മിറ്റിനാണ് ആ സ്ഥാനം. അതായത് എവറസ്റ്റിനെക്കാളും ഉയരം.

∙ ചന്ദ്രനിലെ ഉൾക്കടൽ - സൈനസ് മെഡി  (Sinus Medii)

ഭൂമിയിൽ കരഭാഗത്തേക്കു കയറിക്കിടക്കുന്ന ജലഭാഗത്തിനു പറയുന്ന പേരാണല്ലോ ബേ അഥവാ ഉൾക്കടൽ. ജലസാന്നിധ്യമില്ലെങ്കിലും ചന്ദ്രനിലും ഇതേ ആകൃതിയിലുള്ള ഉൾക്കടലുകളുണ്ട്. അവയിൽ ഏറ്റവും വലുതാണ് സൈനസ് മെഡി അഥവാ ബേ ഓഫ് ദി സെന്റർ. നമ്മൾ കാണുന്ന ചാന്ദ്രപ്രതലത്തിൽ മധ്യത്തിലായിട്ടാണ് ഇതിന്റെ സ്ഥാനം. 335 കിലോമീറ്റർ ആണ് സൈനസ് മെഡിയുടെ ആകെ ചുറ്റളവ്. 

∙ ചന്ദ്രനിലെ ഗർത്തം ക്രാറ്റർ ബെയ്‌ലി (Crater Bailly) 

ഉൽക്കാപതനങ്ങൾ കൊണ്ടും മറ്റും സംഭവിക്കുന്നതാണ് ക്രാറ്റർ അഥവാ ഗർത്തം. ചന്ദ്രനിലെ ഏറ്റവും വലിയ ഗർത്തങ്ങളിലൊന്നാണ് ബെയ്‌ലി. ചന്ദ്രന്റെ തെക്ക്- പടിഞ്ഞാറു ഭാഗത്തായാണ് ഇത് സ്ഥിതി ചെയ്യുന്നത്. ഫ്രഞ്ച് ജ്യോതിശാസ്ത്രജ്ഞനായ ജീൻ എസ്. ബെയ്‌ലിയുടെ പേരിൽ നിന്നാണ് ഇതിനു പേര് കിട്ടിയത്. പൗർണമി ദിനത്തിൽ ഇത് വ്യക്തമായി കാണാനാവും. 301കിലോമീറ്ററാണ് ക്രാറ്റർ ബെയ്‌ലിയുടെ ചുറ്റളവ്.

ഒരേ മുഖം :ചന്ദ്രന്റെ ഒരു മുഖം മാത്രമാണ് നമ്മൾ ഭൂമിയിൽ നിന്ന് കാണുന്നത്. അതിനു കാരണമെന്തെന്നോ– ചന്ദ്രൻ ഭൂമിയെ ചുറ്റുന്നതോടൊപ്പം സ്വയം കറങ്ങുന്നുമുണ്ട്. ചന്ദ്രന് സ്വയം കറങ്ങാനും (27ദിവസം )ഭൂമിയെ ചുറ്റാനും (27.3 ദിവസം )എടുക്കുന്ന സമയം ഏതാണ്ട് തുല്യമാണ്. അതു കൊണ്ടു തന്നെ എല്ലായ്പ്പോഴും ചന്ദ്രന്റെ ഒരു ഭാഗം മാത്രമാണ് ഭൂമിക്ക് അഭിമുഖമായി വരിക.

∙ചന്ദ്രനിലെ കടൽ - മേർ ഫ്രിഗോരിസ് Mare Frigoris (Sea of cold)

സമുദ്രത്തെക്കാളും വലുപ്പം കുറഞ്ഞതാണ് കടൽ. ചന്ദ്രന്റെ ഉത്തരധ്രുവത്തിൽ സ്ഥിതി ചെയ്യുന്ന മേർ ഫ്രിഗോരിസ് ആണ് ചന്ദ്രനിലെ ഏറ്റവും വലിയ കടൽ. ‘തണുത്ത കടൽ’ എന്നാണ് ഈ പേരിന്റെ അർഥം. ഇറ്റാലിയൻ ജ്യോതി ശാസ്ത്രജ്ഞനായ ജിയോവെന്നി റിച്ചിയൊലിയാണ് ഈ പേര് നൽകിയത്. വൃത്താകൃതിയിലുള്ള മറ്റു കടലുകൾക്ക് വിഭിന്നമായി മേർ ഫ്രിഗോരിസ് നീണ്ടതും നേർത്തതുമായിട്ടാണ് കാണപ്പെടുന്നത്. ഏകദേശം 1596 കിലോമീറ്ററാണ് ഇതിന്റെ ചുറ്റളവ്.

ഇതുവരെ ചന്ദ്രനിൽ കാൽ കുത്തിയവർ  

1.നീൽ ആംസ്ട്രോങ്  2.എഡ്വിൻ ആൽഡ്രിൻ 3.ചാൾസ് കൊൺറാഡ്  4.അലൻ ബീൻ 5.അലൻ ഷെപ്പേഡ്  6.എഡ്ഗാർ മിച്ചൽ 7.ഡേവിഡ് സ്കോട്ട് 8.ജയിംസ് ഇർവിൻ 9.ജോൺ യങ്  

10.ചാൾസ് ഡ്യൂക്ക്  11.ഹാരിസൺ ഷ്മിറ്റ്  12.യൂജിൻ സർനാൻ

English summary: Earth and Moon comparison

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN PADHIPURRA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ആ ഷോട്ട് കഴിഞ്ഞപ്പോൾ ഞാൻ ഗിരീഷ് ഗംഗാധരന് ഒരു ഉമ്മ കൊടുത്തു |Kunchacko Boban | Bheemante Vazhi | Manorama Online

MORE VIDEOS
FROM ONMANORAMA