ADVERTISEMENT

വേലിയേറ്റ വേലിയിറക്ക സ്വാധീനമുള്ള മേഖലയിൽ ലവണാംശമുള്ള മണ്ണിൽ വളരുന്ന ചെടികളാണു കണ്ടലുകൾ. പ്രകൃതി ദുരന്തങ്ങളെ പ്രതിരോധിക്കാനും വൈവിധ്യമാർന്ന ജീവികൾക്കു വാസമൊരുക്കാനും കണ്ടലുകൾക്കു സാധിക്കും.   ലവണാംശത്തെയും ഡെൽറ്റകളുടെ വലുപ്പത്തെയും ഒക്കെ ആശ്രയിച്ചാണു കണ്ടലിന്റെ വൈവിധ്യം. ലോകത്തെ ഏറ്റവും വലിയ കണ്ടൽ മേഖല ഗംഗ – ബ്രഹ്മപുത്ര നദികൾ കടലിൽ ചേരുന്ന സുന്ദർബൻ ഡെൽറ്റ മേഖലയാണ്. തമിഴ്നാട്ടിലെ ചിദംബരത്തിനു സമീപത്തെ പിച്ചവാരമാണ് ഇന്ത്യയിലെ രണ്ടാമത്തെ വലിയ കണ്ടൽ വനമേഖല. ആൻഡമാനിലും ഗുജറാത്തിലും കണ്ടൽ തുരുത്തുകൾ വിപുലമായുണ്ട്. ലക്ഷദ്വീപ് മേഖലയിൽ താരതമ്യേന കുറവാണ്.

കേരളത്തിലെ കണ്ടൽ

കേരളത്തിൽ പ്രധാനമായും  41 സ്ഥലങ്ങളിലാണു കണ്ടൽ വ്യാപിച്ചിരിക്കുന്നത്. സംസ്ഥാനത്തെ കണ്ടൽ വിസ്തൃതിയുടെ പകുതിയിലേറെ കണ്ണൂർ ജില്ലയിലാണ്. ചില കണ്ടൽ ഇനങ്ങൾ ചുരുക്കം സ്ഥലങ്ങളിൽ മാത്രം ഒതുങ്ങി നിൽക്കുന്നു. ചില്ലക്കമ്പട്ടി എന്നയിനം കണ്ടൽ വടക്കൻ കേരളത്തിൽ കുറവാണ്. കടക്കണ്ടൽ എന്നയിനം കൊല്ലം ആയിരം തെങ്ങ്, കണ്ണൂർ കവ്വായി തുടങ്ങിയ സ്ഥലങ്ങളിൽ മാത്രമാണുള്ളത്. പേനക്കണ്ടൽ വേമ്പനാട് മേഖലയിലാണു പ്രധാനമായും കാണുന്നത്. സ്വർണക്കണ്ടൽ എന്നയിനം കൂടുതലായും കാണുന്നതു കാസർകോട് മൊഗ്രാൽ പുത്തൂർ, മലപ്പുറം തിരൂർ, കോട്ടയം കുമരകം തുടങ്ങിയ മേഖലകളിലാണ്.

international-day-for-conservation-of-the-mangrove
കണ്ടൽ

കണ്ടൽ സംരക്ഷണം

സംസ്ഥാനത്ത് സംരക്ഷിക്കപ്പെടുന്ന പ്രധാന കണ്ടൽ മേഖലകൾ മംഗളവനം, കടലുണ്ടി, കുമരകം തുടങ്ങിയവയാണ്.  മുൻപു  കണ്ടൽ വളർന്നിരുന്ന, എന്നാൽ പിന്നീടു നികത്തപ്പെട്ടതോ മണ്ണിന്റെ ഘടന മാറിയതോ, ഉപ്പുവെള്ളം കയറുന്നതു  തടയപ്പെട്ടതോ ആയ സ്ഥലങ്ങളിൽ കണ്ടൽ വീണ്ടും വളരാൻ സാധ്യത കുറവാണ്. കടലിൽ നിന്നുള്ള വേലിയേറ്റം, വേലിയിറക്കം, ചെളി, ഫലഭൂയിഷ്ഠമായ മണ്ണ്, നല്ല മഴ, ആർദ്രത കൂടിയ നന്നായി സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലങ്ങളാണ് കണ്ടൽ വളരാൻ അനുയോജ്യമായവ. അതിനാൽ ഭൂമധ്യ രേഖയോടു ചേർന്ന ഉഷ്ണ, ഉപോഷ്ണ മേഖലകളിലെ വളക്കൂറുള്ള എക്കൽ അടിയുന്ന നദീ അഴിമുഖങ്ങളിലാണു കൂടുതലും കണ്ടൽ വളരുക.

വിസ്തൃതമായ നദീമുഖങ്ങൾ ഇവിടെയില്ല. കണ്ടൽ വനങ്ങളിൽ പകുതിയിലേറെ സ്വകാര്യ വ്യക്തികളുടെ കയ്യിലാണെന്നു പഠനങ്ങളുണ്ട്. ഈ സ്ഥലങ്ങൾ വിലയ്ക്കു വാങ്ങി കണ്ടൽ റിസർവ് വനങ്ങളാക്കുന്ന പദ്ധതി വനംവകുപ്പിനുണ്ട്. തദ്ദേശ സ്ഥാപനങ്ങളുടെയും മറ്റും കൈവശമുണ്ടായിരുന്ന കണ്ടൽ പ്രദേശങ്ങളെ 2015ൽ കണ്ടൽ റിസർവ് വനമാക്കി മാറ്റിയിട്ടുണ്ട്. റീബിൽഡ് കേരളയിലും സ്ഥലം ഏറ്റെടുക്കാൻ പദ്ധതിയുണ്ട്.

 

∙ ലോകത്തുള്ള കണ്ടൽ ഇനങ്ങൾ – 80

∙ഇന്ത്യയിൽ കാണുന്നവ – 54

∙കേരളത്തിലെ ഇനങ്ങൾ – 17

∙ഇന്ത്യയിലെ കണ്ടൽ വിസ്തൃതി – 4975  ചതുരശ്ര കിലോമീറ്റർ

∙കേരളത്തിലെ കണ്ടൽ വിസ്തൃതി –21.17  ചതുരശ്ര കിലോമീറ്റർ

∙ലോകത്തെ കണ്ടൽക്കാടുകളുടെ 2.7 % ആണ്  ഇന്ത്യയിലുള്ളത്

∙ലോകത്തെ ഏറ്റവും വലിയ കണ്ടൽ  മേഖല – സുന്ദർബൻ, ബംഗാൾ (4260 ചതുര കിലോമീറ്റർ)

international-day-for-conservation-of-the-mangrove2
കണ്ടൽ

∙ഇന്ത്യയിൽ കൂടുതൽ കണ്ടൽ ഇനങ്ങൾ കാണുന്നത് – ഭിതർകനിക, ഒഡീഷ(30 ഇനങ്ങൾ)

 

അതിജീവനത്തിന്റെ വേരുകൾ

 

പ്രസവിക്കുന്ന സസ്യങ്ങൾ (വിവിപാരസ്) എന്ന വിഭാഗത്തിൽ ചില കണ്ടല്‍ ഇനങ്ങൾ ഉൾപ്പെടുന്നു. വിത്ത് പുറത്തു വരുമ്പോൾ അതില്‍ ഇലയുടെ മുകുളം കൂടി ഉണ്ടായിരിക്കും. ചിലതില്‍  ഇതിന് ഒരു കോട്ടിങ് കൂടി ഉണ്ടാകും. വെള്ളത്തിൽ പൊങ്ങിക്കിടക്കാൻ വിത്തിനു സാധിക്കും. പന്നൽ വിഭാഗത്തിലുള്ള കണ്ടലുകളുടെ ഉയരം ഒന്നര മീറ്റർ മാത്രമാണ്. ഇങ്ങനെ ഏതാനും ഇനങ്ങൾ ഒഴികെയുള്ളവ  ഉയരത്തിൽ വളരും. ഉപ്പട്ടി എന്നയിനം 20 മീറ്റർ വരെ ഉയരത്തിൽ വളരാറുണ്ട്.

ചില കണ്ടലുകൾക്കു താങ്ങുവേരുകളുണ്ടാകും. ചെളികൂടിയ സ്ഥലങ്ങളിൽ വളരുന്ന കണ്ടലുകളിൽ ഇത്തരം വേരുകളുണ്ടാകും. വേരുകൾക്ക് ഓക്സിജൻ വേണം. അതിനായി സൂക്ഷ്മ സുഷിരങ്ങളിലൂടെ ഓക്സിജൻ എത്തിക്കാൻ സാധിക്കും. നക്ഷത്രക്കണ്ടൽ പോലെയുള്ള ഇനങ്ങൾക്കു ശ്വസന വേരുകൾ തന്നെ പ്രത്യേകമായുണ്ട്. ഇത്തരത്തിലുള്ള പല അനുകൂലനങ്ങളും കണ്ടലുകളിൽ കാണാം. ലവണാംശം കൂടിയാൽ അതിനെ ഇലകളിലൂടെ പുറന്തള്ളാൻ കണ്ടലിനു കഴിയും.

∙ വിവരങ്ങൾക്ക് കടപ്പാട് : എം.രമിത്, ഓഫിസർ ഇൻ ചാർജ്, കണ്ണൂർ കണ്ടൽ പ്രൊജക്ട്

 

English summary: International day for conservation of the Mangrove

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com