ADVERTISEMENT

പരിസ്ഥിതി മലിനീകരണത്തെക്കുറിച്ച് വിവിധ ക്ലാസുകളിൽ പഠിക്കാനുണ്ടല്ലോ....അതിന്റെ ഭീകരത വ്യക്തമാക്കുന്ന മിനമാത രോഗത്തെ അറിയാം.

കോമഡി സീരിയലിൽ മുഴുകിയിരുന്ന ചിന്നുമോൾ നിർത്താതെ ചിരിച്ചുകൊണ്ടേയിരുന്നു. 

ചിരിയങ്ങു നീണ്ടുപോയപ്പോൾ അച്ഛൻ ചോദിച്ചു, ‘എന്താ ചിന്നൂ നീ ‘മിനമാത’ രോഗികളെപോലെ ചിരിക്കുന്നത്?’ 

അതേതായാലും ചിന്നുമോളുടെ ചിരി അൽപമൊന്നടക്കി. 

ടിവി ഓഫാക്കി അവൾ ചോദിച്ചു ‘എന്താണച്ഛാ ഈ മിനമാത രോഗം?’

‘ജപ്പാനിലെ ഒരു പട്ടണമാണ് മിനമാത. വായുടെ  ചുറ്റുമുള്ള പേശികളുടെ ചലനശേഷി നഷ്ടപ്പെടുക വഴി, അവിടത്തെ ജനങ്ങൾക്കു നിർത്താതെയുള്ള ചിരിയിലേക്കു വഴുതിവീഴേണ്ടി വന്നു.’ 1956–ലാണ് ഇതു സംഭവിച്ചത്.

‘ഹോ... ഭയാനകം. ആലോചിക്കാൻ പോലും സാധിക്കുന്നില്ല. ആ പാവങ്ങൾ ചിരി നിർത്താനാവാതെ എത്ര ബുദ്ധിമുട്ടിയിരിക്കും?! ഈ ചിരി രോഗത്തിനു കാരണമെന്തായിരുന്നുവച്ഛാ...?’

‘മെർക്കുറി അഥവാ രസം ശരീരത്തിലെത്തുമ്പോൾ, വിഷബാധ മൂലം കേന്ദ്ര നാഡീവ്യൂഹത്തിനു സംഭവിക്കുന്ന തകരാറുകളായിരുന്നു ഈ ‘മരണച്ചിരി’ രോഗത്തിനു കാരണം.’

‘എങ്ങനെയാണച്ഛാ ഈ രാസ യൗഗികങ്ങൾ നമ്മുടെ ശരീരത്തിലെത്തുന്നത്?’

‘വിഷലിപ്തമായ മത്സ്യങ്ങളെയും മറ്റു ജലജീവികളെയും ആഹാരമാക്കുമ്പോഴാണ് മനുഷ്യനിലേക്ക് ഈ രോഗം പടരുന്നത്. സ്വാഭാവികമായും മനുഷ്യൻ ജലാശയങ്ങളിലേക്കൊഴുക്കുന്ന രാസമാലിന്യങ്ങൾ തന്നെയാണ് ഈ മിണ്ടാപ്രാണികളെ വിഷമയമാക്കുന്നത്. മത്സ്യങ്ങളുടെ ചെകിളകൾ വഴി മീഥൈൻ അടങ്ങിയ മെർക്കുറി വേഗം നുഴഞ്ഞുകയറും. മനുഷ്യൻ ഇവയെ ഭക്ഷിക്കുമ്പോൾ രക്തത്തിലെത്തുന്ന ലോഹാംശം, ചുവന്ന രക്താണുക്കളുമായി കലരുന്നു. പിന്നീടവ കരളിലും തലച്ചോറിലുമൊക്കെ വ്യാപിക്കും. താമസിയാതെ ഞരമ്പുകളുടെ ചലനശേഷിയും നഷ്ടപ്പെട്ടു തുടങ്ങും.’

 

‘മനുഷ്യൻ തന്നെയാണ് ഇവിടെയും യഥാർഥ വില്ലൻ അല്ലേ... എന്താണച്ഛാ ‘മിനമാത’യിൽ തന്നെ ഈ രോഗം ഉദ്ഭവിക്കുവാൻ കാരണം?’

‘അതു പറയാം... പ്ലാസ്റ്റിക് നിർമിക്കുന്നതിനുള്ള പ്രധാന വസ്തുക്കളാണ് അസറ്റാൽഡിഹൈഡും വിനൈൽ ക്ലോറൈഡും. ഇവ നിർമിക്കുന്ന ‘ചിസോ കോർപറേഷൻ’ എന്ന കമ്പനി 1907ൽ ഈ നഗരത്തിൽ പ്രവർത്തനമാരംഭിച്ചു.

‘എന്നിട്ട്?’ ചിന്നുമോൾ ഉത്സാഹത്തോടെ ചോദിച്ചു. മെർക്കുറിയായിരുന്നു അവരുടെ നിർമാണ പ്രവർത്തനങ്ങളുടെ ഉൽപ്രേരകം അഥവാ Catalyst.

 

‘രാസപ്രവർത്തനത്തിൽ നേരിട്ടു പങ്കെടുക്കാതെ പ്രവർത്തനത്തെ ത്വരിതപ്പെടുത്തുന്നതാണ് ഉൽപ്രേരകമെന്നു കെമിസ്ട്രി ക്ലാസിൽ ഞാൻ പഠിച്ചിട്ടുണ്ട്.’

 

‘മിടുക്കി.’ മെർക്കുറി ഉൾപ്പെട്ട മാലിന്യം മിനമാത ഉൾക്കടലിലേക്കു നിർബാധം ഒഴുകിയപ്പോൾ മീനുകൾ കൂട്ടത്തോടെ ചത്തുപൊങ്ങിത്തുടങ്ങി. മത്സ്യബന്ധന തൊഴിലാളികൾ കമ്പനിക്കെതിരെ പരാതി ബോധിപ്പിച്ചുവെങ്കിലും ഇതു തങ്ങളുടെ പ്രവർത്തനം കൊണ്ടല്ലെന്നു കമ്പനി വിശദീകരിക്കുകയാണുണ്ടായത്. എന്നാൽ അധികം താമസിയാതെ കടൽകാക്കകളും മറ്റു പക്ഷികളുമൊക്കെ വിറങ്ങലിച്ചു ചാകുവാൻ തുടങ്ങി!

പൂച്ചകളെ ഏറെ ബാധിച്ച ഈ രോഗം, അവയെ നിയന്ത്രിക്കാനാവാത്ത ഒരു നൃത്താവസ്ഥയിലേക്കെത്തിച്ചതിനാൽ മാർജ്ജാര നൃത്തരോഗം (Dancing Cat Fever) എന്നും ഇതറിയപ്പെട്ടു. അതിശീഘ്രം മനുഷ്യനിലേക്കും രോഗം വ്യാപിച്ചപ്പോഴാണ് ഇതിന്റെ ഗുരുതരാസവ്ഥ ലോകം അറിഞ്ഞത്.

‘അതിക്രൂരം... ഈ കമ്പനിക്കെതിരെ ആരും രംഗത്തു വന്നില്ലേ... ആ പാവങ്ങളെ രക്ഷിക്കാൻ ആരുമുണ്ടായിരുന്നില്ലേ...’ ചിന്നുവിന്റെ ദേഷ്യവും സങ്കടവും മുഖത്തു പ്രകടമായിരുന്നു.

 

‘വന്നുവല്ലോ... മിനമാത ആശുപത്രിയിലെ ഡോ.ഹജിമേ ഹൊസോക്കാവ കമ്പനിക്കെതിരെ പോരാടുവാൻ തന്നെ തീരുമാനിച്ചു. നഗരത്തിനു പുറത്തുനിന്നു പൂച്ചകളെ കൊണ്ടുവന്ന്, ‘ജലത്തിലെ മെർക്കുറിയാണു രോഗ കാരണമെന്ന്’ പരീക്ഷണങ്ങളിലൂടെ അദ്ദേഹം തെളിയിച്ചു. ഒടുവിൽ എല്ലാവരും കമ്പനിക്കെതിരായപ്പോൾ സർക്കാരും ശക്തമായ നിലപാടെടുത്തു.

 

‘മനുഷ്യൻ പരിസ്ഥിതിയോടു കാണിക്കുന്ന ക്രൂരത ഇനിയും അവസാനിക്കുന്നില്ലല്ലോ അച്ഛാ... അനുഭവങ്ങളിൽ നിന്നും അവൻ പഠിക്കുന്നില്ലല്ലോ...’

‘മോളേ, നമ്മുടെ പെരിയാറിലും മറ്റു ചില നദികളുടെ അടിത്തട്ടിലും മെർക്കുറിയുടെ യൗഗികങ്ങൾ അടിഞ്ഞുകൂടുന്നതായി കണ്ടെത്തിയിട്ടുണ്ട്. നാം സൂക്ഷിച്ചേ പറ്റൂ...’

‘അല്ലെങ്കിൽ മറ്റൊരു ‘മിനമാത’ ഇവിടെയും ആവർത്തിക്കാം... അല്ലേയച്ഛാ...’

‘അതെ ജാഗ്രതൈ.’

 

English summary: Minamata disease and environmental effects

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com