ADVERTISEMENT

ആശങ്കകൾക്കെല്ലാം  വിരാമമിട്ട്, കോവിഡ്  മൂലം മാറ്റിവയ്ക്കപ്പെട്ട ടോക്കിയോ ഒളിംപിക്സ് ജപ്പാനിൽ വിജയകരമായി പര്യവസാനിക്കുമ്പോൾ, മറ്റൊരു അതിജീവന ചരിത്രമായി അതു മാറുകയാണ്. ആണവ സ്ഫോടനത്തിൽ തകർന്നടിഞ്ഞെങ്കിലും അതിജീവനത്തിന്റെ പാഠങ്ങൾ ലോകത്തെ പഠിപ്പിച്ച ജപ്പാൻ, ഇപ്പോഴിതാ കോവിഡിനെയും ആത്മവിശ്വാസത്തോടെ നേരിട്ട് ലോകത്തിനു പുത്തനൂർജം പകർന്നുകൊണ്ടിരിക്കുന്നു. 1964ലെ ജപ്പാൻ ഒളിംപിക്സിനെ തുടർന്നുള്ള 57 വർഷങ്ങൾക്കിടെ സമസ്തമേഖലകളിലും ഈ കൊച്ചു ദ്വീപുരാഷ്ട്രം കൈവരിച്ച നേട്ടങ്ങൾ അവരുടെ കായിക മുന്നേറ്റത്തോടൊപ്പം ചേർത്തു പറയേണ്ടവ തന്നെയാണ്.

ഹിരോഷിമ ഓഗസ്റ്റ് 6

12 സൈനികരുമായി 1945 ഓഗസ്റ്റ് 6 തിങ്കളാഴ്ച പസിഫിക് സമുദ്രത്തിലെ ടിനിയൻ ദ്വീപിൽ നിന്നു പറന്നുയർന്ന എനോളഗെ–B29 എന്ന ബോംബർ യുദ്ധവിമാനമാണു ജപ്പാനിലെ ഹോൺഷു ദ്വീപ് നഗരമായ ‘ഹിരോഷിമ’യ്ക്കു മേൽ ‘ലിറ്റിൽ ബോയ്’ എന്ന അണുബോബ് വർഷിച്ചത്. ഒരു ലക്ഷത്തിലേറെ ജീവനാണ് ഇതിന്റെ തീനാളങ്ങളിൽ തൽക്ഷണം പൊലിഞ്ഞത്.

നാഗസാക്കി ഓഗസ്റ്റ് 9

എന്തിനു നാഗസാക്കിയിലും? നമ്മുടെ മനസ്സിലുയരുന്ന ചോദ്യമാണിത്. 2 സ്ഫോടനം ഉറപ്പിച്ചിരുന്നെങ്കിലും, ഇതു തുടക്കം മാത്രമാണെന്നും നിർദേശങ്ങൾ പാലിച്ചില്ലെങ്കിൽ ദുരന്തപ്പെരുമഴയാകും ഫലമെന്നും ഹിരോഷിമ ആക്രമണത്തിനു ശേഷം  ട്രൂമാൻ മുന്നറിയിപ്പു നൽകി. എന്നാൽ ജപ്പാൻ ചക്രവർത്തി ഇതു ചെവിക്കൊണ്ടില്ല. മാത്രമല്ല ചില വ്യവസ്ഥകൾ മുന്നോട്ടു വയ്ക്കുകയും ചെയ്തു. ക്ഷുഭിതരായ അമേരിക്ക, നാഗസാക്കിയിൽ ‘ഫാറ്റ് മാൻ’ എന്ന രണ്ടാം അണുബോംബ് വർഷിക്കുകയാണുണ്ടായത്.

olympics-japan-and-peace-treaty1

എന്തിന് ജപ്പാനെതിരെ യുദ്ധപ്രഖ്യാപനം?

രണ്ടാം ലോകയുദ്ധത്തിൽ വിസ്മയകരമായ മുന്നേറ്റമായിരുന്നു ജപ്പാന്റേത്. യൂറോപ്യൻ ശക്തികൾ ഈ പ്രകടനത്തിനു മുന്നിൽ ഭയചകിതരായി. 1941 ഡിസംബർ 7ന് അമേരിക്കൻ നാവിക കേന്ദ്രമായ പേൾ ഹാർബറും ബ്രിട്ടിഷ് യുദ്ധക്കപ്പലായ പ്രിൻസ് ഓഫ് വെയിൽസും ജപ്പാൻ ബോബിങ്ങിൽ തരിപ്പണമായി. ഇതെത്തുടർന്നാണു ബ്രിട്ടനും അമേരിക്കയും ജപ്പാനെതിരെ യുദ്ധപ്രഖ്യാപനം നടത്തിയത്.

അണുബോംബിന്റെ അരങ്ങേറ്റം

അമേരിക്കൻ പ്രസിഡന്റ് ഫ്രാങ്ക്ളിൻ റൂസ്‌വെൽറ്റിനു രണ്ടാം ലോകയുദ്ധത്തിന്റെ ആരംഭ നാളുകളിൽ ഒരു കത്തു കിട്ടി. വിഖ്യാത ശാസ്ത്രജ്ഞൻ ആൽബർട് ഐൻസ്റ്റൈൻ എഴുതിയതായിരുന്നു ആ കത്ത്. ജർമനിയിൽ നാസിസം കൊടികുത്തി വാണിരുന്ന ആ വേളയിൽ യുറേനിയം ഉപയോഗിച്ച് അവർ ആണവായുധം നിർമിക്കാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പായിരുന്നു കത്തിൽ.  അമേരിക്ക ഉടനടി ഒരു ആണവ ഗവേഷണ കേന്ദ്രം സ്ഥാപിക്കുകയും 6 വർഷത്തെ ഗവേഷണങ്ങളിലൂടെ ജർമനിക്കും മുന്നേ 1945 ൽ അണുബോബ് നിർമിക്കുകയും െചയ്തു. അതേ വർഷം ജൂലൈയിൽ ലോകത്തെ ആദ്യത്തെ ആണവ പരീക്ഷണമായ ‘ട്രിനിറ്റി’, ന്യൂമെക്സിക്കോയിലെ അലാമോഗാർഡോവിൽ നടത്തിക്കൊണ്ട് ആണവ യുഗത്തിന്റെ തുടക്കക്കാരായി. 

കൊച്ചു പയ്യനും തടിയനും

ഹിരോഷിമയിലും നാഗസാക്കിയിലും വർഷിച്ച അണുബോംബുകളാണ് യഥാക്രമം ‘ലിറ്റിൽ ബോയി’യും ‘ഫാറ്റ് മാനും’. അമേരിക്കൻ പ്രസിഡന്റായിരുന്ന ഫ്രാങ്ക്ളിൻ  റൂസ്‌വെൽറ്റിന്റെയും ബ്രിട്ടിഷ് പ്രധാനമന്ത്രി വിൻസ്റ്റൻ ചർച്ചിലിന്റെയും ആകാരങ്ങളെ അനുസ്മരിച്ചാണ് ഇവയ്ക്ക് ഈ പേരുകൾ നൽകിയതത്രേ.  

യമഗൂച്ചിയെന്ന അദ്ഭുതം

ഔദ്യോഗിക ആവശ്യങ്ങൾക്കായി 1945 ഓഗസ്റ്റ് 6നു ഹിരോഷിമയിലെത്തിയ സുറ്റോമു യമഗൂച്ചിക്കു ബോംബാക്രമണത്തിൽ പരുക്കേറ്റു. സ്വദേശമായ നാഗസാക്കിയിൽ തിരിച്ചെത്തി ഓഗസ്റ്റ് 9നു ജോലിയിൽ പ്രവേശിച്ചപ്പോൾ അവിടെയും അദ്ദേഹത്തെ കാത്തിരിക്കുന്നു, മറ്റൊരു ആറ്റം ബോബ്! രണ്ടു തവണ വിഷവികിരണങ്ങളിൽ നിന്നും രക്ഷപ്പെട്ട ഈ ‘ഭാഗ്യവാൻ’ 65 വർഷങ്ങൾക്കു ശേഷം 2010 ജനുവരി 4ന് ആമാശയ കാൻസർ ബാധിച്ചു മരിക്കും വരെ അണുബോംബിന്റെ ഭീകരതകൾ ലോകർക്കു വിവരിച്ചു കൊടുത്തു കൊണ്ടിരുന്നു.

സഡാക്കോ

ടോക്കിയോ ഒളിംപിക്സിനു തിരശീല വീഴുമ്പോൾ, ഓട്ടക്കാരിയാകാനാഗ്രഹിച്ച ‘സഡാക്കൊ സസാക്കി’യെ തീർച്ചയായും നാം അനുസ്മരിക്കണം. അവൾക്കു 2 വയസ്സുള്ളപ്പോഴായിരുന്നു ഹിരോഷിമ ബോംബാക്രമണം. മരണത്തിൽ നിന്നു രക്ഷപ്പെട്ടെങ്കിലും അണുവികിരണം മൂലം സഡാക്കോയ്ക്ക് രക്താർബുദം ബാധിച്ചു. 1000 കടലാസു കൊക്കുകളുണ്ടാക്കി പ്രാർഥിച്ചാൽ ആഗ്രഹിക്കുന്നതു നടക്കുമെന്ന ജാപ്പനീസ് വിശ്വാസപ്രകാരം സഡാക്കോ ആശുപത്രിക്കിടക്കയിലിരുന്നു കൊക്കുകളെയുണ്ടാക്കി.

മരണത്തിനു മുൻപ് 644 കൊക്കുകളെ മാത്രമേ സഡാക്കോയ്ക്ക് ഉണ്ടാക്കാനായുള്ളൂ എന്നും കൂട്ടുകാരികളാണ് ബാക്കിയുള്ള കൊക്കുകളെ ഉണ്ടാക്കിയതെന്നുമുള്ള കഥയ്ക്കാണു ലോകവ്യാപക പ്രചാരം. സഡാക്കോ ആൻഡ് ദ് തൗസൻഡ് പേപ്പർ ക്രെയിൻസ് എന്ന നോവലിലെ ഭാവന സത്യമായി ആളുകൾ തെറ്റിദ്ധരിക്കുകയായിരുന്നു. ഹിരോഷിമ പീസ് മെമ്മോറിയൽ മ്യൂസിയത്തിലെ രേഖകൾ അനുസരിച്ച്, 1955 ഓഗസ്റ്റ് അവസാനമായപ്പോഴേക്കും സഡാക്കോ ആയിരം കൊക്കുകളെ ഉണ്ടാക്കിയിരുന്നു. സഡാക്കോയുടെ സഹോദരൻ മസാഹിറോ സസാക്കിയെഴുതിയ ദ് കംപ്ലീറ്റ് സ്റ്റോറി ഓഫ് സഡാക്കോ സസാക്കി എന്ന പുസ്തകത്തിൽ ഇക്കാര്യം വിശദീകരിക്കുന്നുണ്ട്.

 

English summary: Olympics Japan and peace treaty

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com