അഫ്ഗാനികളെ ഇന്ത്യയ്ക്കു പരിചയപ്പെടുത്തിയ കാബൂളിവാല-ടഗോറിന്റെ വികാരസാന്ദ്രമായ കൃതി

HIGHLIGHTS
  • നിറഞ്ഞ കണ്ണുകളോടെയല്ലാതെ ഈ കഥ ആർക്കും വായിച്ചു തീർക്കാനാവില്ല
kabuliwala-by-rabindranath-tagore
SHARE

താലിബാൻ അഫ്ഗാനിസ്ഥാനിൽ കാബൂൾ നഗരം പിടിച്ചടക്കിയതും അവിടെ രണ്ടാം ഭരണത്തിനു തുടക്കമിട്ടതും നമ്മൾ കഴിഞ്ഞദിവസങ്ങളിൽ വാർത്തകളിൽ കണ്ടുകൊണ്ടിരിക്കുകയാണ്. സ്ത്രീകളും കുട്ടികളുമടങ്ങിയ വൻ ജനക്കൂട്ടം രക്ഷതേടി പലായനം ചെയ്യുന്നു. വിമാനങ്ങളിൽ അവർ തിങ്ങിനിറഞ്ഞ് അഭയകേന്ദ്രങ്ങൾ തേടിപ്പായുന്നു.

കാബൂളിവാല എന്ന പേര് നമുക്കെല്ലാവർക്കും സുപരിചിതമാണ്. ഇന്ത്യയൊട്ടാകെ ആ പേര് പ്രശസ്തമായതിനു പിന്നിൽ വിശ്വമഹാസാഹിത്യകാരനും ഇന്ത്യയുടെ അഭിമാനവുമായ രവീന്ദ്രനാഥ് ടഗോറിന്റെ തൂലികയിലെ മഷിയാണ്. വടക്കേയിന്ത്യയിലും മറ്റും അഫ്ഗാനിസ്ഥാനിൽ നിന്നു വന്ന് ഇന്ത്യയിൽ താമസിക്കുന്ന പഷ്തൂൺ വംശജരെ വിളിക്കുന്ന പേരാണ് കാബൂളിവാല. ടഗോറിന്റെ കാലത്ത് കൊൽക്കത്തയിൽ ഇവരുണ്ടായിരുന്നു, ഇപ്പോഴുമുണ്ട്.

റഹിമുൻ എന്ന കാബൂളിവാലയും മിനി എന്ന കൊച്ചുബംഗാളി ബാലികയും തമ്മിലുള്ള ചങ്ങാത്തത്തിന്റെയും റഹിമുന് മിനിയോട് തോന്നുന്ന പിതൃനിർഭരമായ സ്‌നേഹത്തിന്റെയും കഥയാണ് കാബൂളിവാല പറയുന്നത്. മിനിയുടെ അച്ഛൻ ഈ കഥ നമ്മളോട് പറയുന്ന രീതിയിലാണു ടഗോർ കാബൂളിവാല ഒരുക്കിയിരിക്കുന്നത്. നിറഞ്ഞ കണ്ണുകളോടെയല്ലാതെ ഈ കഥ ആർക്കും വായിച്ചു തീർക്കാനാവില്ല. അത്രയ്ക്കും വികാരസാന്ദ്രമാണ് ഇതിലെ കഥാസന്ദർഭങ്ങൾ. കൊൽക്കത്തയിലെ ഉന്നതകുലജാതരായ ദമ്പതികളുടെ മകളായ മിനിക്ക് കാണുന്നതെല്ലാം കൗതുകമാണ്.

മേഘങ്ങൾക്കിടയിൽ ആനയുണ്ടോ തുടങ്ങി ആയിരമായിരം സംശയങ്ങൾ. ഒരിക്കൽ അവളുടെ അച്ഛൻ എന്തോ എഴുതിക്കൊണ്ടിരിക്കുന്നതിനിടെയാണ് തെരുവിലൂടെ നല്ലപൊക്കമുള്ള തലപ്പാവുള്ള ഒരു താടിക്കാരൻ ഒരു ഭാണ്ഡവുമായി നടക്കുന്നത് കാണുന്നത്. അയാളുടെ കൈയിൽ കിസ്മിസും ബദാമും ആൽമണ്ടുകളുമുണ്ടായിരുന്നു. മിനി അയാളെ കാബൂളിവാലാ എന്നു നീട്ടിവിളിച്ചു. അയാൾ വിളികേട്ടു വീട്ടിലെത്തി. പേടിച്ച മിനി ഓടിപ്പോയി.

എന്നാൽ പിന്നീട് കാബൂളിവാലയും മിനിയും തമ്മിലുള്ള ചങ്ങാത്തം അതിശക്തമായി. എല്ലാദിവസവും മിനിയെ കാണാൻ കാബൂളിവാല അതുവഴി വരും. കൊൽക്കത്തയിലെ ആ കൊച്ചുപെൺകൊടിയെ കാണുമ്പോൾ, അങ്ങലെ മലനിരകൾക്കപ്പുറത്തെ പരുക്കൻ പ്രകൃതിയിൽ തന്നെക്കാത്തിരിക്കുന്ന മിനിയുടെ അതേ പ്രായമുള്ള തന്റെ മകളെയാണ് കാബൂളിവാല ഓർത്തത്.

മിനിയും റഹിമുനും തമ്മിലുള്ള സംഭാഷണങ്ങൾ രസകരമാണ്. കാബൂളിവാലയുടെ ഭാണ്ഡത്തിലെന്താണെന്നായിരുന്നു മിനിക്ക് അറിയേണ്ടത്. അതിൽ ആനയാണെന്ന് കാബൂളിവാല ഉത്തരം നൽകും. എന്നാണ് അമ്മായിയച്ഛന്റെ വീട്ടിൽ പോകുന്നതെന്ന് എപ്പോഴും അയാൾ മിനിയോട് കളിയായി ചോദിക്കും. എന്നാണ് കല്യാണം കഴിക്കുന്നതെന്നാണ് ഉദ്ദേശിക്കുന്നത്.

എല്ലാ ജനുവരിയിലും റഹിമുൻ അഫ്ഗാനിലേക്കു മടങ്ങിയിരുന്നു. ഇതിനു മുൻപായി തനിക്ക് പണം തരാനുള്ളവരിൽ നിന്നെല്ലാം പണം അയാൾ സംഭരിക്കും. ഒരിക്കൽ ഇങ്ങനെ നടന്ന ഇടപാടുമായി ബന്ധപ്പെട്ട് ഒരു കശപിശയുണ്ടായി. ഇതെത്തുടർന്ന് കാബൂളിവാല ജയിലിലുമായി. കാബൂളിവാലയെ അറസ്റ്റ് ചെയ്തു കൊണ്ടുപോകുന്ന വഴി കൊച്ചുമിനി നോക്കിനിൽക്കുന്നതും കാബൂളിവാലയുടെ അപ്പോഴത്തെ വികാരങ്ങളും ടഗോർ ഭംഗിയായി വരച്ചിടുന്നു.

പിന്നീട് വർഷങ്ങൾ കഴിഞ്ഞാണു കാബൂളിവാല ജയിൽമോചിതനാകുന്നത്. അപ്പോഴേക്കും മിനി വളർന്നു യുവതിയായി കല്യാണപ്രായമെത്തിയിരുന്നു. അവളുടെ കല്യാണനാളിൽ മിനിയെകാണാനായി എത്തുന്ന കാബൂളിവാലയെ മിനിയുടെ അച്ഛൻ ആദ്യം വിലക്കും. മിനിക്കായി അയാൾ കുറേ ഉണക്കിയ പഴങ്ങളും പഴങ്ങളും മറ്റും കൊണ്ടുവന്നിരുന്നു. ഇതു മിനിക്ക് കൊടുക്കണമെന്നു പറഞ്ഞ് അപേക്ഷിക്കുന്ന കാബൂളി വാലയെ കണ്ട് ധർമസങ്കടത്തിലായ അച്ഛൻ മിനിയെ വിളിച്ചുകൊണ്ടുവരും. എന്നാൽ മിനിക്ക് അയാളെ ഇപ്പോൾ ഓർമയുണ്ടായിരുന്നില്ല. അമ്മായിയച്ഛന്റെ വീട്ടിൽ പോകുകയാണല്ലേ...എന്ന് കാബൂളിവാല ചോദിക്കുന്ന രംഗം വായനക്കാരുടെ കണ്ണുനനയിക്കുന്ന രീതിയിലാണു വിശ്വസാഹിത്യകാരൻ എഴുതിയിരിക്കുന്നത്.

പിന്നീട് കാബൂളിവാല തന്റെ മകളുടെ കാര്യം മിനിയുടെ അച്ഛനോടു പറയും. അവളുമിപ്പോൾ വിവാഹപ്രായമായിട്ടുണ്ടാകാം എന്നോർത്ത് ആശങ്കപ്പെടുന്ന ഒരച്ഛന്റെ നൊമ്പരം മിനിയുടെ അച്ഛനു നന്നായി മനസ്സിലാകുമായിരുന്നു. അദ്ദേഹം മിനിയുടെ കല്യാണത്തിനുള്ള തുകയിൽ നിന്ന് ഒരുഭാഗം കാബൂളിവാലയ്ക്കു നാട്ടിൽ പോകാനായി നൽകുന്നിടത്ത് കഥ അവസാനിക്കുന്നു. അതിരുകൾക്കും ഭാഷകൾക്കുമപ്പുറത്തുള്ള മനുഷ്യസ്‌നേഹത്തിന്റെ കഥയാണ് രവീന്ദ്രനാഥ് ടഗോർ കാബൂളിവാലയിലൂടെ വരച്ചിടുന്നത്. അദ്ദേഹം സാധന എന്ന മാസികയുടെ ഭാഗമായിരുന്ന കാലത്താണ് ഈ കഥയെഴുതിയത്. ഇന്ത്യൻ ഇംഗ്ലിഷ് സാഹിത്യത്തിലെ ഏറ്റവും മനോഹരമായ കഥകളിലൊന്നായി ഇതു വാഴ്ത്തപ്പെടുന്നു.

English summary: Kabuliwala by Rabindranath Tagore 

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN PADHIPURRA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പോഞ്ഞിക്കരയും പ്യാരിയും പിന്നെ കല്യാണരാമനും | Rewind Reels | Kalyanaraman movie

MORE VIDEOS
FROM ONMANORAMA