അലക്‌സാണ്ടറെയും ചെങ്കിസ്ഖാനെയും മോഹിപ്പിച്ച മണ്ണ് : ഏഷ്യയുടെ 'ഹൃദയ' മായ അഫ്‍ഗാനിസ്ഥാൻ !

HIGHLIGHTS
  • പട്ടുപാതയിൽ ഇന്ത്യയിലേക്കുള്ള കവാടം
history-and-geography-of-afghanistan
Photo Credits; timsimages.uk/ Shutterstock.com
SHARE

ഏഷ്യയുടെ 'ഹൃദയ' മായ അഫ്‍ഗാനിസ്ഥാൻ കരയുന്ന കാഴ്ചകളാണു നാമിപ്പോൾ കാണുന്നത്. പൗരാണിക കാലം മുതൽ പതിനെട്ടാം നൂറ്റാണ്ടു വരെ ഏഷ്യയെയും യൂറോപ്പിനെയും കൂട്ടിയിണക്കിയിരുന്ന പ്രശസ്‌തമായ വ്യാപാരപാതയായിരുന്നു സിൽക് റൂട്ട് (പട്ടു പാത). വിവിധ രാജ്യങ്ങളുടെ ഉൽപന്നങ്ങൾ ലോകത്തിന്റെ പല ഭാഗങ്ങളിലേക്ക് എത്തിക്കൊണ്ടിരുന്ന ഈ പാതയിലെ പ്രധാന ഇടനാഴിയായിരുന്നു അഫ്‍ഗാനിസ്ഥാൻ. ഹൃദയമെന്ന വിളിപ്പേരിനു പിന്നിൽ അതാണ്. പട്ടുപാതയിൽ ഇന്ത്യയിലേക്കുള്ള കവാടം കൂടിയായിരുന്നു അവിടം. 

സിൽക് പാതയിലൂടെ ഒഴുകിയ ചൈനീസ് പട്ടും പേർഷ്യൻ വെള്ളിയും റോമിലെ സ്വർണവുമെല്ലാം കടന്നു പോയത് അഫ്‍ഗാനിലൂടെയായിരുന്നു. ചൈനീസ് പാട്ടുവ്യാപാരം കുതിച്ചുയർന്നതോടെയാണു പാതയ്ക്ക് ആ പേരു വീണത്. ലോകത്തെ ഏറ്റവും പുരാതനമായ ആ വാണിജ്യ വഴിയിലൂടെ വിവിധ സാസ്‌കാരങ്ങളും മതങ്ങളും സാമ്രാജ്യങ്ങളും അഫ്‌ഗാനിലെത്തി. സാമ്രാജ്യത്തലവന്മാർ ഇവിടം ലക്ഷ്യമിടാൻ കാരണം ഭൂമിശാസ്ത്രപരമായ നിർണായക സ്ഥാനം തന്നെയാണ്. വാണിജ്യ- രാഷ്ട്രീയ നീക്കങ്ങളിൽ തന്ത്രപ്രധാന സ്ഥലമെന്ന കീർത്തിയാണ് അഫ്‍ഗാനു വിനയായതും. 

AFGHANISTAN-CONFLICT/
Evacuation at Hamid Karzai Airport.

അലക്‌സാണ്ടറെയും ചെങ്കിസ്ഖാനെയും മോഹിപ്പിച്ച മണ്ണ് 

മഹാഭാരതത്തിൽ പരാമർശിക്കുന്ന ഗാന്ധാരം ഇവിടുത്തെ കാണ്ടഹാർ  ആണെന്നു  പറയുന്നു. കൊറാസാൻ എന്ന പേരിൽ അഫ്‍ഗാനെക്കുറിച്ചു പല യാത്രാഗ്രന്ഥങ്ങളിലും സൂചനയുണ്ട്. 

3000 - 2000 ബിസിയിൽ തന്നെ നാഗരിക സംസ്‌കാരം  ഇവിടെ രൂപം കൊണ്ടതിന്റെ തെളിവുകൾ കണ്ടെത്തിയിട്ടുണ്ട്. ഇറാൻ - അക്മെനിയൻ  സാമ്രാജ്യകാലത്തെ (ബിസി 331) രേഖകളിൽ അഫ്‍ഗാനെക്കുറിച്ചു പറയുന്നു. ഈ സാമ്രാജ്യത്തെ തകർത്താണ് അലക്‌സാണ്ടർ ചക്രവർത്തിയുടെ ഗ്രീക്ക് അധിനിവേശം. അതിനു ശേഷം ഇന്ത്യയിലെ മൗര്യന്മാർ അഫ്‍ഗാൻ തെക്കുഭാഗം കീഴടക്കി രംഗപ്രവേശം ചെയ്‌തു; അതിനൊപ്പം ബുദ്ധമതവും ഇവിടെയെത്തി. തുടർന്ന് കുഷാൻ സാമ്രാജ്യത്തിന്റെ കാലം. പിന്നീട് ഇറാന്റെ (സാനിയൻ സാമ്രാജ്യം) നിയന്ത്രണത്തിലായി. ഇവരെ തോൽപിച്ചാണ് അറബ് അധിനിവേശം. ഇതോടെ ഇസ്‌ലാം വേരുറപ്പിച്ചു. മംഗോളിയയിൽ നിന്നു ചെങ്കിസ്ഖാൻ തുടക്കമിട്ട മംഗോൾ സാമ്രാജ്യത്തിന്റെ കീഴിലായി പിന്നീട് അഫ്‍ഗാൻ. ശേഷമെത്തിയ തൈമൂറിന്റെയും പിൻഗാമികളുടെയും  ഭരണകാലം 16 ആം നൂറ്റാണ്ടിന്റെ തുടക്കം വരെ തുടർന്നു. ഉത്തരേന്ത്യയിൽ നിന്നു മുഗൾ സാമ്രാജ്യം അഫ്‍ഗാനിലേക്കു വളർന്നത് അക്കാലത്താണ്. ഇതിനിടയിൽ ഒരു സമയത്ത് സിഖ് സാമ്രാജ്യവും കുറച്ചു കാലം അഫ്‍ഗാനിലുണ്ടായിരുന്നു. 

AFGHANISTAN-CONFLICT-PRESIDENT
അഷ്‌റഫ് ഗനി

ഇന്നത്തെ അഫ്‍ഗാൻ 

ആദ്യകാലം മുതൽ മേഖലയിൽ താമസിച്ചു വന്നിരുന്ന പഷ്‌തൂണുകളിൽ നിന്നാണ് അഫ്‍ഗാനിസ്ഥാൻ എന്ന പേര്. അഫ്‍ഗാൻ എന്നാൽ പഷ്‌തൂൺ എന്നു തന്നെ. പക്ഷേ, പഷ്‌തൂണുകളുടെ നാട് എന്ന അർഥത്തിൽ അഫ്‍ഗാനിസ്ഥാൻ എന്ന പേരു വ്യാപകമായി ഉപയോഗിക്കാൻ തുടങ്ങിയിട്ട് അഹമ്മദ് ഷാ ദുറാനി (അഹമ്മദ് ഖാൻ അബ്ദലി) അധികാരമേറ്റതോടെയാണ്. വിവിധ ഗോത്രങ്ങളെ ഒരുമിച്ചിണക്കി ആധുനിക രാജ്യത്തിന്റെ ശൈലിയിലേക്കു മാറ്റിയ ഷാ, 1740 കളിൽ ദുറാനി സാമ്രാജ്യത്തിനു തുടക്കമിട്ടു. ഇന്ത്യയിലേക്കുൾപ്പെടെ ഈ സാമ്രാജ്യം നീണ്ടു. 

ദുറാനി സാമ്രാജ്യം വീണതിനു ശേഷം, 1820 കളിൽ പഷ്‌തൂൺ നേതാവ് ദോസ്ത് മുഹമ്മദ് ഖാൻ ബറക്സായി അധികാരമേൽക്കും വരെ വീണ്ടും അവിടെ ഗോത്രസംഘർഷങ്ങൾ  തുടർന്നു.  

ദ് ഗ്രേറ്റ് ഗെയിം 

മധ്യേഷ്യയിലും അഫ്‍ഗാനിലും അധിപത്യമുറപ്പിക്കാൻ പഴയ സോവിയറ്റ് യൂണിയനും (യുഎസ്എസ്ആർ) ബ്രിട്ടനും തമ്മിൽ നടന്ന പോരിനെയാണു ദ് ഗ്രേറ്റ് ഗെയിം എന്നു ചരിത്രം വിളിക്കുന്നത്. ദോസ്ത്  മുഹമ്മദിന്റെ ഭരണകാലത്താണിതിന്റെ തുടക്കം. തീരാ യുദ്ധങ്ങളുടെ കാലവും ഇവിടെത്തുടങ്ങുന്നു. ചില മേഖലകളിൽ റഷ്യയും മറ്റിടങ്ങളിൽ ബ്രിട്ടനും ശേഷിച്ച സ്ഥലത്തു പഷ്‌തൂണുകളും ഭരിച്ചിരുന്ന സമയമാണിത്. ഇതിനിടെ, ബ്രിട്ടനും അഫ്‍ഗനുമായി 3 യുദ്ധങ്ങൾ നടന്നു. 1880 ൽ ദുറാനി നേതാവ് അബ്‍ദുറഹ്‌മാൻ അധികാരം നേടിയപ്പോൾ റഷ്യ-ബ്രിട്ടൻ ബന്ധം തരക്കേടില്ലാതെ മുന്നോട്ടു കൊണ്ടുപോകാനും ഗോത്രങ്ങളെ ഒരുമിപ്പിക്കാനുമായി. 21 വർഷത്തെ ഈ ഭരണകാലത്താണ് പുതിയ കാലത്തേതു പോലെയുള്ള ഭരണസംവിധാനം അഫ്‍ഗാനിൽ തുടങ്ങുന്നത്. അദ്ദേഹത്തിന്റെ മകൻ ഹബീബുല്ലയും (ഭരണകാലം 1901-1919 )പിതാവിന്റെ ഭരണപരിഷ്‌കാരങ്ങൾ തുടർന്നു. 

സ്വാതന്ത്ര്യം, റഷ്യയുടെ സ്വാധീനം കമ്യൂണിസത്തിന്റെ വരവ്

മൂന്നാം ബ്രിട്ടിഷ് -അഫ്‍ഗാൻ യുദ്ധം അവസാനിപ്പിച്ച റാവൽപിണ്ടി  ഉടമ്പടിയോടെ 1919 ൽ ബ്രിട്ടനിൽ നിന്ന് അഫ്‍ഗാനിസ്ഥാൻ  ഔദ്യോഗികമായി സ്വാതന്ത്ര്യം നേടി. സ്വതന്ത്ര രാജ്യത്തെ പ്രധാന വെല്ലുവിളി ഗോത്രവിഭാഗങ്ങളുടെ പോരും റഷ്യ- ബ്രിട്ടൻ പ്രശ്‌നങ്ങളും വളർന്നു വരുന്ന മറ്റ് ലോക ശക്തികളുമായുള്ള ബന്ധവും തന്നെയായിരുന്നു. 

ഹബീബുല്ലയുടെ മകൻ അമാനുല്ലയുടെ ഭരണകാലത്തിനു ശേഷമാണ് അഫ്‍ഗാനിലെ അവസാന രാജാവ് അധികാരമേറ്റത്; അമാനുല്ലയുടെ മരുമകൻ മുഹമ്മദ് സാഹിർ ഷാ. 1973 വരെ 40 വർഷം ഷാ ഭരിച്ചു. 

സോവിയറ്റ് യൂണിയനോടും കമ്യൂണിസത്തോടും ആഭിമുഖ്യമുള്ള ബന്ധു മുഹമ്മദ് ദാവൂദ് ഖാൻ ആയിരുന്നു പ്രധാനമന്ത്രി. പിന്നീടു ഖാനെ ഷാ പുറത്താക്കി. 

woman-evacuated-from-Kabul
Woman evacuated from Kabul

ബാബ്റക് കർമൽ, നൂർ മുഹമ്മദ് തരാകി എന്നിവർ 1965 ൽ പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി ഓഫ് അഫ്‍ഗാനിസ്ഥാൻ (പിഡിപിഎ) എന്ന റഷ്യൻ ചായ്‌വുള്ള  കമ്യൂണിസ്‌റ്റ്  മോഡൽ പാർട്ടിക്കു രൂപം നൽകി. 1973 ൽ ഷായെ സൈനിക അട്ടിമറിയിലൂടെ പുറത്താക്കിയ ഖാൻ രാജ്യം റിപ്പബ്ലിക് ആയെന്നും താൻ പ്രസിഡന്റാണെന്നും പ്രഖ്യാപിച്ചു. 

സ്ത്രീകൾക്കുൾപ്പെടെ കൂടുതൽ സ്വാതന്ത്ര്യം ഉറപ്പാക്കി പുതിയ ഭരണഘടനയുണ്ടാക്കി. 1978 ൽ ഖാനെ വധിച്ച ശേഷം തരാകി പ്രസിഡന്റും കർമൽ ഡെപ്യൂട്ടിയുമായി പിഡിപിഎ സർക്കാർ അധികാരത്തിലേറി.

അതിനിടെ, സോവിയറ്റ് യൂണിയനെതിരെ അഫ്‍ഗാന്റെ വിവിധ ഭാഗങ്ങളിൽ ചെറുപ്പക്കാർ യുദ്ധസന്നദ്ധരായി സംഘടിച്ചു തുടങ്ങി. 1979 ൽ വീണ്ടും അട്ടിമറി. തരാകിയെ മറ്റൊരു നേതാവ് ഹഫീസുല്ല അമീൻ വധിച്ചു. ഇതോടെ പ്രത്യക്ഷമായി രംഗത്തെത്തിയ സോവിയറ്റ് യൂണിയന്റെ പിന്തുണയോടെ പിഡിപിഎ അമീറിനെ കൊലപ്പെടുത്തി. മറ്റൊരു പിഡിപിഎ നേതാവ് ബാബ്റക് കർമൽ പ്രധാനമന്ത്രിയായി.  

kabuliwala-by-rabindranath-tagore

മിനിയുടെ കാബൂളിവാല 

ഇന്ത്യയും അഫ്‍ഗാനിസ്ഥാനുമായുള്ള നൂറ്റാണ്ടുകൾ പഴക്കമുള്ള ബന്ധത്തെ ഒറ്റ വരിയിൽ ഇങ്ങനെ പറയാം ; രവീന്ദ്രനാഥ ടഗോർ വാക്കുകളിലൂടെ വരച്ചിട്ട കാബൂളിവാലയുടെ സ്നേഹം. കാബൂളിവാലയെന്ന ബംഗാളി ചെറുകഥ 1829 ലാണ് അദ്ദേഹം എഴുതിയത്; 129 വർഷം മുൻപ്. കാബൂളിൽ നിന്നെത്തിയ ആൾ എന്നാണ് ആ പേരിന്റെ അർഥം. കൊൽക്കത്തയിൽ ഉണങ്ങിയ പഴങ്ങളും മറ്റും വിൽക്കാനായി കാബൂളിൽ നിന്നെത്തിയ നാടോടി. തലപ്പാവു ധരിച്ച് ചുമലിൽ നീളൻ സഞ്ചി തൂക്കി, കൈകളിൽ ഉണക്കമുന്തിരികളുമായി എത്തുന്ന അദ്ദേഹത്തിന്റെ കൂട്ടുകാരിയാകുന്ന മിനിയെന്ന 5 വയസ്സുകാരി. അഫ്‍ഗാനിലുള്ള തന്റെ മകളെ കാണാൻ കഴിയാത്ത വിഷമം ആ കാബൂളിവാല മറന്നിരുന്നത് മിനിയെ കാണുമ്പോഴായിരുന്നു. അവരുടെ ചങ്ങാത്തവും സ്നേഹവും പാതിവഴിയിൽ അവസാനിക്കുന്നത് വായനക്കാരിൽ വിങ്ങൽ നിറയ്ക്കും. കൂട്ടുകാർ കാബൂളിവാല വായിക്കുമല്ലോ. കഥയെ ആസ്‌പദമാക്കി ഹിന്ദിയിൽ ഉൾപ്പെടെ സിനിമകൾ ഇറങ്ങിയിട്ടുണ്ട്. 

സോവിയറ്റ് വിരുദ്ധ പോരാട്ടം, യുഎസിന്റെ ആയുധ സഹായം 

സോവിയറ്റ് യൂണിയന്റെ ഇടപെടലിനെതിരെ ശക്തമായി സംഘടിച്ച് അഫ്‍ഗാൻ യുവാക്കൾ യുദ്ധം ആരംഭിച്ചു. ഇവർക്ക് ആയുധങ്ങൾ എത്തിച്ചു കൊടുത്താണ് യുഎസിന്റെ രംഗപ്രവേശം. യുഎസിന്റെ സാമ്പത്തിക, ആയുധ സഹായത്തോടെ 1989 ൽ റഷ്യയെ അഫ്‍ഗാനിൽ നിന്നു തുരത്തി. 1986 മുതലുള്ള ഡോ. മുഹമ്മദ് നജീബുല്ല സർക്കാർ (പിഡിപിഎ)പൂർണ അധികാരം നേടുകയും ചെയ്‌തു. ആഭ്യന്തര പ്രശ്‌നങ്ങളും ഗോത്രപ്പോരുകളും തകർന്ന സാമ്പത്തിക, ആരോഗ്യമേഖലകളും അഫ്‍ഗാനെ തളർത്തിയ കാലമാണിത്. സോവിയറ്റ് യൂണിയനെതിരെ യുദ്ധം ചെയ്‌തിരുന്ന സംഘത്തിലെ ചിലർ നജീബുല്ലയെ പുറത്താക്കി. 1992 ൽ കാബൂൾ പിടിച്ചു. ആഭ്യന്തര കലാപം മൂർഛിച്ചതോടെ 1992-1994 കാലത്താണ് വിവിധ ഗോത്രങ്ങളെ ഒരുമിപ്പിക്കാനായി ഒരു സംഘം പ്രവർത്തനം തുടങ്ങിയതും. 1994 താലിബാൻ (അർഥം വിദ്യാർഥികൾ) രൂപീകരിച്ചതും. 1996 ൽ താലിബാൻ ഭരണം പിടിക്കുകയും നജീബുല്ലയെ വധിക്കുകയും ചെയ്‌തു. 

അൽഖായിദ നേതാവ് ഉസാമ ബിൻ ലാദന് താലിബാൻ അഭയം കൊടുത്തതോടെ യുഎസ് ശത്രുപക്ഷത്തായി. 2001 ൽ അൽഖായിദ യുഎസിലെ വേൾഡ് ട്രേഡ് സെന്റർ അക്രമിച്ചതോടെ യുഎസ് സഖ്യസേന സർവശക്തിയോടെയും അഫ്‍ഗാനിലെത്തി. താലിബാനെ കീഴടക്കി 2001 ഡിസംബറിൽ ഹാമിദ് കർസായിയെ പ്രസിഡന്റാക്കി. 2014 ലാണ് അഷ്‌റഫ്  ഗനി പ്രസിഡന്റായത്. യുഎസ് സൈന്യം അഫ്‍ഗാൻ വിടും വരെ പോരാട്ടം തുടരുമെന്നു പ്രഖ്യാപിച്ച് ഇക്കാലയളവിൽ എല്ലാം താലിബാൻ ആക്രമണങ്ങൾ നടത്തിയിരുന്നു. തുടർന്ന് ഒപ്പിട്ട താലിബാൻ - യുഎസ് സമാധാനക്കരാർ കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ യാഥാർഥ്യമായി. എന്നാൽ, യുഎസ് സൈന്യം ഒറ്റയടിക്കു പിന്മാറിയതോടെ, താലിബാൻ വീണ്ടും ഭരണം പിടിക്കുകയും ഗനി നാടു വിടുകയും ചെയ്‌തതാണു കഴിഞ്ഞദിവസങ്ങളിൽ നാം കണ്ടത്.

English summary: History and geography of Afghanistan

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN PADHIPURRA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ദുരിതപ്പെയ്ത്തോ?, മേഘവിസ്ഫോടനമോ?– മനോരമ ഓൺലൈൻ എക്സ്പ്ലെയ്നർ

MORE VIDEOS
FROM ONMANORAMA