ഷഡ്പദങ്ങൾ ഉറങ്ങാറുണ്ടോ? ഉണ്ടെങ്കില്‍ എങ്ങനെ?

HIGHLIGHTS
  • മനുഷ്യന്റെ ഉറക്കത്തിൽനിന്നു വിഭിന്നമാണ് ഷഡ്പദങ്ങളുടെ ഉറക്കം
do-Insects-sleep
SHARE

ഉണർന്നിരിക്കുക എന്നതുപോലെ പ്രധാനമാണ് ഉറക്കവും. ശരിയായ രീതിയിൽ ഉറങ്ങിയാൽ മാത്രമേ ശരിയായ രീതിയിൽ ഉണർന്നിരിക്കാൻ ശരീരത്തിനു സാധിക്കുകയുള്ളൂ. വർഗീകരണ തലത്തിൽ ഉയർന്ന ശ്രേണിയിൽ നിൽക്കുന്ന മനുഷ്യനുൾപ്പെടെയുള്ള ജീവികളിൽ ഉറക്കം സാധാരണമാണ്. എന്നാൽ നമുക്കു ചുറ്റുമുള്ള ഷഡ്പദങ്ങൾ ഉറങ്ങാറുണ്ടോ? ഉണ്ടെങ്കിൽ അവയുടെ ഉറക്കം എങ്ങനെ ആയിരിക്കാം? 

ഷഡ്പദങ്ങൾക്കും ഉറക്കമുണ്ട്

തേനീച്ചകൾ, ശലഭങ്ങൾ, പാറ്റ, തേൾ, ഈച്ചകൾ, വണ്ടുകൾ, ഉറുമ്പുകൾ തുടങ്ങിയ ഷഡ്പദങ്ങൾക്ക് ഉറക്കം വളരെ പ്രാധാന്യമുള്ള ജൈവപ്രവർത്തനമാണ്. എന്നാൽ മനുഷ്യന്റെ ഉറക്കത്തിൽനിന്നു വിഭിന്നമാണ് ഷഡ്പദങ്ങളുടെ ഉറക്കം. അവയ്ക്കു കൺപോളകൾ ഇല്ലാത്തതിനാൽ ഉറങ്ങുന്ന വേളയിൽ  കണ്ണുകൾ തുറന്നിരിക്കുന്നു. ശാരീരിക പ്രവർത്തനങ്ങളും പ്രതികരണശേഷിയും പരസ്പരമുള്ള ആശയവിനിമയങ്ങളും മന്ദഗതിയിലാകുന്ന ഉറക്കം പോലുള്ള അവസ്ഥയിലേക്ക് ഷഡ്പദങ്ങൾ ആണ്ടുപോകുന്നു. അത്തരം അവസ്ഥയെ ‘Torpor’ എന്നാണ് ജീവശാസ്ത്രം വിളിക്കുന്നത്. ആലങ്കാരികമായി ഉറക്കമെന്നും വിശേഷിപ്പിക്കാം.

do-Insects-sleep-fruit-fly
പഴയീച്ച (ഡ്രോസോഫില )ചിത്രം- Muhammad Mahdi Karim വിക്കി മീഡിയ കോമണ്‍സ്

പഴയീച്ചകൾ

ഉറക്കത്തെ സംബന്ധിച്ച ഏറെ പഠനങ്ങൾ നടന്ന ഷഡ്പദങ്ങളാണ് പഴയീച്ച (Fruit fly അല്ലെങ്കിൽ Drosophila). മനുഷ്യനെപ്പോലെ അവ പകൽവെളിച്ചത്തിൽ പ്രവർത്തനക്ഷമമാകുകയും രാത്രിയിൽ ഉറങ്ങുകയും ചെയ്യുന്നു. പലപ്പോഴും സമൃദ്ധമായ ഭക്ഷണത്തിനുശേഷം അവ ഗാഢനിദ്രയിലേക്ക് ആഴ്ന്നു പോകുന്നു. വിഡിയോ ടേപ്പ് ഉപയോഗിച്ചു നടത്തിയ പഠനങ്ങളിൽ സൂചിപ്പിക്കുന്നത് പെൺ പഴയീച്ചകൾ ഒരു ദിവസം 400 മുതൽ 800 മിനിറ്റ് വരെ ഉറങ്ങുമ്പോൾ ആൺ പഴയീച്ചകളുടെ ഉറക്കം 1100 മിനിറ്റ് വരെ നീളും. 

എന്നാൽ ഉൽപരിവർത്തനം (Mutation) സംഭവിച്ച പഴയീച്ചകളുടെ ഉറക്കം ഏകദേശം 3 മുതൽ 4 വരെ മണിക്കൂറുകൾ ആണ്. ഉറക്കത്തെ സ്വാധീനിക്കുന്ന Adenosine എന്ന രാസവസ്തു മനുഷ്യനിൽ പകൽസമയത്ത് ഉയർന്ന തോതിലും രാത്രിയിൽ താഴ്ന്നും കാണുന്നു. മനുഷ്യനെപ്പോലെ പഴയീച്ചകളിലും  Adenosine പ്രഭാതത്തിൽ ഉയർന്ന തോതിലും രാത്രിയിൽ കുറഞ്ഞ തോതിലും കാണുന്നതായി പഠനങ്ങൾ വ്യക്തമാക്കുന്നു.

മൊണാർക്ക് ചിത്രശലഭം 

ഒട്ടേറെ പഠനങ്ങൾ നടന്നിട്ടുള്ള ശലഭവർഗമാണ് മൊണാർക്ക്. അവയ്ക്ക് പക്ഷികളെപ്പോലെ ദേശാടനം നടത്താനുള്ള  കഴിവുണ്ട്. ഏകദേശം 4800 കിലോമീറ്റര്‍ അവ ഒരു വർഷം ദേശാടനം  നടത്തുന്നു. കൂട്ടത്തോടെ ദേശാടനം നടത്തുന്ന ചിത്രശലഭങ്ങൾ പകലിന്റെ അന്ത്യയാമങ്ങളിൽ, മരക്കൊമ്പുകളിലോ കുറ്റിക്കാടുകളിലോ കൂട്ടം ചേർന്ന് പറ്റിപ്പിടിച്ച് വിശ്രമാവസ്ഥയിലേക്കും പിന്നീട് ഉറക്കത്തിലേക്കും നീങ്ങുന്നു. ഉറങ്ങുമ്പോൾ ചിറകുകൾ മടക്കിവയ്ക്കുന്നതായും ഒരു പ്രത്യേക നിർജീവാവസ്ഥയിലേക്ക് ആണ്ടുപോകുന്നതായും  കണ്ടെത്തിയിട്ടുണ്ട്.

പാറ്റകൾ

രാത്രിയിൽ പ്രവർത്തനനിരതമാകുന്ന ജീവിയാണു പാറ്റ. പകൽ വീടുകളിൽ നമ്മൾ കാണാതെ ഒളിഞ്ഞിരിക്കുന്ന പാറ്റ രാത്രി പ്രകാശമണച്ചാൽ പെട്ടെന്നു പ്രവർത്തനനിരതരാകുന്നു. തുടർന്നു വരുന്ന 3 മുതൽ 4 മണിക്കൂറുകൾക്കുള്ളിൽ അവ ഭക്ഷണം തേടുകയും പ്രത്യുൽപാദനം നടത്തുകയും ചെയ്യുന്നു. പിന്നീടു വിശ്രമാവസ്ഥയിലേക്കു പിൻവാങ്ങുന്നു. നീളമുള്ള ആന്റിനകൾ മടക്കി, ശരീരം തറയിലേക്കു ചേർത്ത്, ഉദ്ദീപനങ്ങളോടു പ്രതികരിക്കാതെ ഉറക്കാവസ്ഥയിലേക്ക് അവ വഴുതി വീഴുന്നതായി  കണ്ടെത്തിയിട്ടുണ്ട്.

ഉറുമ്പുകളുടെ ഉറക്കം എങ്ങനെയാണ്?

സദാ ചലിച്ചുകൊണ്ടിരിക്കുന്ന ഉറുമ്പുകൾക്ക് ഉറക്കമുണ്ടോ? ഉണ്ടെന്നു ശാസ്ത്രം. ഉറുമ്പുസമൂഹത്തിലെ ജോലിക്കാരും റാണിയും ചെറിയ ദൈർഘ്യമുള്ള പരമ്പരകളായിട്ടാണ് ഉറങ്ങുന്നതെന്നു പഠനങ്ങൾ പറയുന്നു. ജോലിക്കാരായ ഉറുമ്പുകളിൽ ഏകദേശം 1.1 മിനിറ്റ് ദൈർഘ്യമുള്ള, ശരാശരി 253 ഉറക്കം ഒരു ദിവസം ആവർത്തിക്കുന്നു. ആകെ 4.8 മണിക്കൂർ  ഒരു ദിവസത്തിൽ ഉറങ്ങുന്നു എന്നു സാരം.  

റാണിയുടെ ഉറക്കം ദിവസത്തിൽ 92 പ്രാവശ്യം ആവർത്തിക്കപ്പെടുന്നു. ഏകദേശം 6 മിനിറ്റ് വീതം ദൈർഘ്യമുള്ളതാണ് ഈ ഉറക്കങ്ങൾ. ആന്റിനകൾ പരസ്പരം സ്പർശിച്ചാണ് ഉറുമ്പുകൾ‍ സന്ദേശം കൈമാറുന്നത്. എന്നാൽ ഉറക്കസമയത്ത്  ആന്റിനകൾ മടക്കിവയ്ക്കുന്നു. മറ്റ് ഉറുമ്പുകളുടെ സന്ദേശങ്ങളോട് പ്രതികരിക്കാൻ  വിമുഖത കാട്ടുകയും ചെയ്യുന്നു. റാണി ഉറുമ്പ് കൂടിന്റെ കേന്ദ്രഭാഗത്താണു കാണുന്നതെങ്കിലും മറ്റ് ഉറുമ്പുകളുമായി സ്പർശിക്കാതെ സ്വയം സൂക്ഷിക്കുന്നു. എന്നാൽ ഉറക്കസമയത്തു മറ്റ് ഉറുമ്പുകൾ റാണിയെ സ്പർശിച്ചാലും അവ അറിയുന്നില്ല. റാണിയുടെ ആന്റിനയുടെ ആകൃതിയിലും ഉറക്കസമയത്ത് മാറ്റങ്ങളുണ്ടാകും.

തേനീച്ചകൾ

തേനീച്ചകളുടെ സാമൂഹികജീവിതത്തിൽ ഉറക്കത്തിനു വളരെ പ്രാധാന്യമുണ്ട്. ഉറക്കമില്ലാതെ വന്നാൽ തേനീച്ച താൻ കണ്ടെത്തിയ ഭക്ഷണസ്രോതസിന്റെ ദിശ മറ്റുള്ളവർക്കു വ്യക്തമാക്കുന്നതിനായി കാണിക്കുന്ന ‘നൃത്ത’ത്തിന് പിഴവ് സംഭവിക്കുന്നു. ഉറങ്ങാത്ത തേനീച്ചകൾക്ക് പലപ്പോഴും  വഴി െതറ്റി,  തങ്ങളുടെ കൂടുകളിലേക്കുള്ള ബന്ധം നഷ്ടമാകുന്നു. പൊതുവെ രാത്രി ഉറങ്ങുന്നവരാണു തേനീച്ചകൾ. ദിവസം 5 മുതൽ 8 മണിക്കൂർവരെ അവർ ഉറങ്ങാറുണ്ട്. ഉറക്കസമയത്ത് തേനീച്ചകൾ ആന്റിനയുടെ ചലനം നിർത്തുകയും പരസ്പരം കാലുകളിൽ മുറുകെ പിടിക്കുകയും ചെയ്യാറുണ്ടെന്ന് ചില പഠനങ്ങൾ വ്യക്തമാക്കുന്നു.

സിർക്കേഡിയൻ റിഥവും ജൈവഘടികാരവും

മനുഷ്യനുൾപ്പെട്ട ജീവികളുടെ ശാരീരിക പ്രവർത്തനങ്ങൾ 24 മണിക്കൂർ ഘടികാരത്തിന്റെ വിവിധ ഘട്ടങ്ങൾക്കനുസരണമായി ചിട്ടപ്പെടുത്തിയിരിക്കുന്നു. ഉറക്കവും ഉണർന്നിരിക്കലും ഇതിന്റെ ഭാഗമാണ്. ഇതിനെ സിർക്കേഡിയൻ റിഥം (Circadian rhythm) എന്ന് വിശേഷിപ്പിക്കുന്നു. സിർക്കേഡിയൻ റിഥത്തിനനുസരിച്ച് ശരീരത്തിനുണ്ടാകുന്ന മാറ്റങ്ങൾക്ക് വഴികാട്ടിയാകുന്നത് മസ്തിഷ്കത്തിലെ ജൈവഘടികാരത്തിന്റെ (Biological clock) പ്രവർത്തനത്താലാണ്. അമേരിക്കൻ ഗവേഷകരായ ജെഫ്രി സി. ഹാൾ (Jeffrey C. Hall), മൈക്കൽ റോസ്ബാഷ് (Michael Rosbash), മൈക്കൽ ഡബ്ല്യു. യങ് (Michael W. Young) എന്നിവർ ഉറക്കത്തിനു കാരണമാകുന്ന ജൈവഘടികാരത്തിന്റെ പ്രവർത്തനത്തെ സംബന്ധിച്ച് പഴയീച്ചയിൽ നടത്തിയ പഠനങ്ങൾ ചരിത്രമായി മാറി. അവർ 'Period’ എന്ന ജീനിനെ പഴയീച്ചയിൽനിന്നു കണ്ടുപിടിച്ചു. രാത്രി പ്രവർത്തനക്ഷമമാകുന്ന 'Period’ ജീൻ പഴയീച്ചയിൽ ഉറക്കത്തിനെയും ഒാർമയെയും നിയന്ത്രിക്കുന്നു എന്നു കണ്ടെത്തി. അവരുടെ കണ്ടുപിടിത്തത്തിന് 2017ലെ വൈദ്യശാസ്ത്ര നൊബേൽ സമ്മാനം ലഭിച്ചു.

English summary: Do insects sleep

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN PADHIPURRA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഉരുൾ പൊട്ടിയ കൂട്ടിക്കലിന്റെ ആകാശദൃശ്യങ്ങൾ

MORE VIDEOS
FROM ONMANORAMA