ADVERTISEMENT

വർഷത്തിൽ 2 തവണ പുതിയ വിവരങ്ങൾ ചേർത്തു പ്രസിദ്ധീകരിക്കുന്ന റെഡ് ഡേറ്റാ ബുക്കിന്റെ പുതുക്കിയ പതിപ്പ്  സെപ്റ്റംബർ 4ന് പുറത്തിറങ്ങി. അതിലെ വിവരങ്ങള്‍ എന്തൊക്കെ..?

മനുഷ്യന്റെ നിരന്തരമായ കടന്നുകയറ്റം പ്രകൃതിയിൽ സൃഷ്ടിക്കുന്ന ആഘാതങ്ങളെ ജാഗ്രതയോടെ നിരീക്ഷിക്കുകയും അവയ്ക്കെതിരെ ആഗോളതലത്തിൽ അതിശക്തമായി ശബ്ദിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന സംഘടനയാണ് IUCN (International Union for Conservation of Nature). ആഗോളതലത്തിൽ ജൈവവൈവിധ്യത്തിനും ആവാസവ്യവസ്ഥ വൈവിധ്യത്തിനും ഉണ്ടാകുന്ന  ശോഷണത്തെ തിരിച്ചറിഞ്ഞ് ലോകശ്രദ്ധയിൽ കൊണ്ടുവരുന്നതിൽ പ്രഥമസ്ഥാനം IUCNനുണ്ട്. 1948 ഒക്ടോബർ 5നു ഫ്രാൻസിൽ രൂപീകരിക്കപ്പെട്ട IUCN ഇന്നു ലോകത്താകമാനം 160 രാജ്യങ്ങളിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു. IUCNന്റെ ചരിത്രത്തിലെ ഏറ്റവും പ്രധാന നാഴികക്കല്ലായിരുന്നു റെഡ് ഡേറ്റാ ബുക്കിന്റെ (ചെമ്പട്ടിക) ആവിർഭാവം. ലോകത്താകമാനം വിവിധ ആവാസ വ്യവസ്ഥകളിൽ പലതരത്തിൽ വംശനാശ ഭീഷണി  നേരിടുന്ന ജീവജാലങ്ങളെ ഉൾപ്പെടുത്തി നിർമിക്കുന്ന വലിയ പട്ടികയാണു റെ‍ഡ് ഡേറ്റാ ബുക്ക് (The IUCN Red List of threatened Species). 1964ൽ ആണു റെഡ് ഡേറ്റാ ബുക്ക് ആദ്യമായി പുറത്തിറക്കിയത്.

the-iucn-mammal-red-data-book

ICUNന്റെ നേതൃത്വത്തിൽ സെപ്റ്റംബർ 3 മുതൽ 11 വരെ ഫ്രാൻസിലെ മാർസിലയിൽ (Marseille) നടന്ന വേൾഡ് കൺസർവേഷൻ കോൺഗ്രസ് പുതുക്കിയ റെഡ് ഡേറ്റാ ബുക്ക് പുറത്തിറക്കി. ഭൂമിയിലെ വ്യത്യസ്ത ആവാസ വ്യവസ്ഥകളിൽ അതിജീവനത്തിനായി ജീവവർഗങ്ങൾ നേരിടുന്ന സമ്മർദത്തെ അളക്കുന്ന ബാരോമീറ്റർ ആയി റെഡ് ഡാറ്റാ ബുക്കിനെ IUCN വിശേഷിപ്പിക്കുന്നു. 

iucn-red-list-of-threatened-species
യെല്ലോഫിൻ ചൂര / ചിത്രം: KellyMarvella, വിക്കിമീഡിയ കോമൺസ്

ചൂരയ്ക്ക് ആശ്വസിക്കാം

കുടുത, കേര, വെള്ള കേര തുടങ്ങിയ പേരുകളിൽ അറിയപ്പെടുന്ന ചൂര (Tuna) മലയാളികൾക്ക് ഏറ്റവും പ്രിയങ്കരമാണ്. അവയുടെ പതിനഞ്ചോളം സ്പീഷീസുകൾ ലോകത്തു കാണപ്പെടുന്നു. ശരാശരി 15 വർഷത്തോളം ജീവിക്കുന്ന പസിഫിക് ബ്ലൂഫിൻ ചൂരയ്ക്ക് 4 മീറ്ററോളം നീളവും 150 കിലോയിൽ കൂടുതൽ തൂക്കവും ഉണ്ടാകും. വർഷംതോറും ശരാശരി 6800 മെട്രിക് ടൺ ചൂര ലോകത്താകമാനം പിടിക്കുന്നു എന്നാണു കണക്ക്. വംശനാശഭീഷണി നേരിടുന്ന ജീവവർഗത്തിൽ ഉൾപ്പെട്ടിരുന്ന ചൂരയ്ക്ക്, IUCNന്റെ പുതുക്കിയ റെഡ് ഡേറ്റാ ബുക്കിൽ ആശ്വാസകരമായ സ്ഥാനം കൈവന്നിരിക്കുന്നു. അറ്റ്ലാന്റിക് ബ്ലൂഫിൻ ചൂരയെ വംശനാശഭീഷണി നേരിടുന്ന ജീവികളുടെ പട്ടികയിൽ നിന്നു നീക്കി ആശങ്കാജനകമല്ലാത്ത ജീവവർഗങ്ങളുടെ പട്ടികയിലേക്കു ചേർത്തു.  സതേൺ ബ്ലൂഫിൻ ചൂരയെ ഗുരുതര വംശനാശഭീഷണി നേരിടുന്ന പട്ടികയിൽ നിന്നു വംശനാശ ഭീഷണി നേരിടുന്ന ജീവികളുടെ പട്ടികയിലേക്കു മാറ്റി. ആൽബക്കോർ, യെല്ലോഫിൻ ചൂരയെ ആശങ്കാജനകമല്ലാത്ത ജീവവർഗങ്ങളുടെ പട്ടികയിലേക്കു ചേർത്തു.

 

നാശം മുന്നില്‍ക്കണ്ട് ഒട്ടേറെ സസ്യങ്ങള്‍

 

ലോകത്തിലെ പ്രധാന ധാന്യവിളകൾ വംശനാശഭീഷണി നേരിട്ടുകൊണ്ടിരിക്കുന്നു എന്നു റെഡ് ഡേറ്റാ ബുക്ക് ചൂണ്ടിക്കാട്ടുന്നു. എഴുപതോളം ധാന്യവിളകൾ വംശനാശഭീഷണി അഭിമുഖീകരിക്കുന്നവയാണ്. വനില, പരുത്തി, അവക്കാഡോ, ഉരുളക്കിഴങ്ങ്, തക്കാളി, വാഴ, ആപ്പിൾ, ഇഞ്ചി തുടങ്ങിയ വിളകളുടെ വന്യസ്പീഷ്യസുകൾ വംശനാശഭീഷണി നേരിടുന്ന ജീവവർഗങ്ങളുടെ പട്ടികയിലേക്കു ചേർക്കപ്പെട്ടിരിക്കുന്നു.

പല്ലി ഭീമൻമാർ ഭീഷണിയില്‍

 

ഇന്തൊനീഷ്യയിലെ കൊമോഡോ, റിൻകാ, ഗിലി തുടങ്ങിയ ദ്വീപുകളിൽ അധിവസിക്കുന്ന ഭീമാകാരൻമാരായ പല്ലിവർഗമാണ് കൊമോഡോ ഡ്രാഗൺ. 3 മീറ്റർ വരെ നീളവും, 150 കിലോയിൽ കൂടുതൽ ഭാരവും അവയ്ക്കുണ്ട്. ശവശരീരങ്ങളെ ഭക്ഷിക്കുന്ന പല്ലി ഭീമൻമാർ ചിലപ്പോൾ കാട്ടുപോത്തുകളെ വരെ ആക്രമിച്ചു ഭക്ഷണമാക്കും. എന്നാൽ അവയുടെ അവസ്ഥ തികച്ചും ആശങ്കാജനകമാണ്. പുതിയ പട്ടികയില്‍  അവയെ വംശനാശ സാധ്യതയുള്ള ജീവികളുടെ പട്ടികയിൽ നിന്നു വംശനാശ ഭീഷണി നേരിടുന്ന ജീവികളുടെ പട്ടികയിലേക്കു മാറ്റിയിരിക്കുന്നു. കാലാവസ്ഥ വ്യതിയാനം മൂലം സംഭവിക്കുന്ന കടൽ നിരപ്പിന്റെ വർധന, അതിവേഗം തുടർന്നുകൊണ്ടിരിക്കുന്ന ആവാസ വ്യവസ്ഥയുടെ ശോഷണം തുടങ്ങിയ ഗുരുതരമായ പ്രശ്നങ്ങൾ അവയുടെ നിലനിൽപ് പരുങ്ങലിലാക്കുന്നു.

പേടിക്കണം സ്രാവുകളും തിരണ്ടികളും

razan al mubarak
റസാൻ അൽ മുബാറക്ക്

സ്രാവുകളും തിരണ്ടികളും വലിയതോതിൽ വേട്ടയാടപ്പെടുന്ന മത്സ്യ ഇനങ്ങളാണ്. 37% സ്രാവുകളും തിരണ്ടികളും അതിരൂക്ഷമായ വംശനാശ ഭീഷണിയിലാണെന്നു പുതുക്കിയ റിപ്പോർട്ടിൽ പറയുന്നു. അമിതമായ മത്സ്യബന്ധനം അവയെ വംശനാശത്തിലേക്കു തള്ളിവിടുന്നു. ആവാസ വ്യവസ്ഥാശോഷണവും കാലാവസ്ഥാ വ്യതിയാനത്തെ തുടർന്നു സമുദ്രങ്ങളിൽ ഉണ്ടാകുന്ന മാറ്റങ്ങളും സ്രാവുകളെയും തിരണ്ടികളെയും അതിരൂക്ഷമായി ബാധിക്കുന്നു.

ഭീഷണിയില്ലാത്ത‌ ജീവികൾ കുറവ്

ഭൂമിയിൽ 38,000ൽ ഏറെ സ്പീഷീസുകൾ വംശനാശ ഭീഷണിയെ അഭിമുഖീകരിക്കുന്നു. എണ്‍പതോളം സ്പീഷീസുകൾ വംശനാശത്തിനു വിധേയമായി. 8400ൽ ഏറെ സ്പീഷീസുകൾ ഗുരുതരമായ വംശനാശത്തിന്റെ വക്കിലുള്ള ജീവിവർഗത്തിന്റെ പട്ടികയിൽ ഇടംപിടിച്ചിരിക്കുന്നു. 15,000ൽ ഏറെ സ്പീഷ്യസുകൾ പുതിയതായി വംശനാശ സാധ്യതയുള്ള ജീവവർഗങ്ങളുടെ പട്ടികയിൽ ചേർക്കപ്പെട്ടു. 24% ഉഭയജീവിവർഗങ്ങളും 26% സസ്തനി വർഗങ്ങളും 14% പക്ഷി വർഗങ്ങളും 33% പവിഴ പുറ്റുകളും വംശനാശഭീഷണി അഭിമുഖീകരിക്കുന്നു

ഇനി റസാൻ നയിക്കും

യുഎഇക്കാരിയായ  റസാൻ അൽ മുബാറക്കിനെ IUCNന്റെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുത്തു. IUCNന്റെ 73 വർഷത്തെ ചരിത്രത്തി‍ൽ പ്രസിഡന്റ് പദവിയിലെത്തുന്ന രണ്ടാമത്തെ വനിതയും ആദ്യ അറബ് വംശജയുമാണ്. ‘എൻവയൺമെന്റൽ ഏജൻസി അബുദബി’യുടെ മാനേജിങ് ഡയറക്ടർ പദവിയിൽ പ്രവർത്തിക്കുകയായിരുന്നു റസാൻ. എം.എസ്.സ്വാമിനാഥൻ, അശോക് ഹോസ്‌ല തുടങ്ങിയ പരിസ്ഥിതി ശാസ്ത്രജ്ഞർ IUCNന്റെ മുൻ പ്രസിഡന്റുമാരായിരുന്നു.\

English summary: IUCN Red List of Threatened Species

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com