പതിനായിരം അഫ്ഗാൻ പടയാളികളെ ചെറുത്ത 21 സൈനികർ: സാരാഗഡിക്ക് 125

HIGHLIGHTS
  • സൈനികർ അകലെ നിന്നു വൻ പൊടിപടലം ഉയരുന്നത് കണ്ട് അമ്പരന്നു
125-year-of-saragarhi-battle
ചിത്രത്തിന് കടപ്പാട് : ട്വിറ്റർ
SHARE

300 സ്പാർട്ടൻസ് എന്ന വിശ്വവിഖ്യാത ഹോളിവുഡ് ചിത്രം പലരും കണ്ടിട്ടുണ്ടാകും. ലക്ഷക്കണക്കിന് അംഗങ്ങൾ വരുന്ന, പേർഷ്യൻ രാജാവ് സെർസെക്സിന്റെ നേതൃത്വത്തിലുള്ള വൻപടയെ സ്പാർട്ടയുടെ രാജാവായ ലിയോണിഡസിന്റെ കീഴിൽ 300 പേരടങ്ങുന്ന സൈന്യം തെർമോപ്പിലി എന്ന ഗ്രീക്ക് പ്രദേശത്ത് എതിരിട്ടു നിൽക്കുന്നതാണ് കഥ. ചരിത്രത്തിലെ ഏറ്റവും മികച്ച ലാസ്റ്റ് സ്റ്റാൻഡ് അഥവാ അവസാന ചെറുത്തുനിൽപ്പുകളിലൊന്നായിട്ടാണ് തെർമോപ്പിലി യുദ്ധം പരിഗണിക്കപ്പെടുന്നത്. എന്നാ‍ൽ തെർമോപ്പിലിയെ വെല്ലുന്ന  ഒരു ചെറുത്തുനിൽപ് ഇന്ത്യൻ ഉപഭൂഖണ്ഡത്തിലുണ്ടായിട്ടുണ്ട്. അതായിരുന്നു സാരാഗഡി പോരാട്ടം. ലോകമെമ്പാടുമുള്ള യുദ്ധചരിത്ര പുസ്തകങ്ങളിൽ ഇടം പിടിച്ചിട്ടുള്ള ഈ വിഖ്യാതയുദ്ധം അതിന്റെ 125ാം വാർഷികത്തിലേക്കാണു കടന്നിരിക്കുന്നത്.

ഇപ്പോൾ പാക്കിസ്ഥാനിൽ സ്ഥിതിചെയ്യുന്ന മേഖലയിൽ സ്ഥിതി ചെയ്ത ഒരു കമ്യൂണിക്കേഷൻ ടവറായിരുന്നു സാരാഗഡി. 1897ൽ ബ്രിട്ടീഷ് ഭരണത്തിൻകീഴിൽ, ഇന്ത്യയുടെ ഭാഗമായിരുന്നു ഈ പ്രദേശം. അഫ്ഗാൻ അതിർത്തിയോട് ചേർന്നു കിടക്കുന്ന മേഖലയിൽ സ്ഥിതി ചെയ്ത ഈ ടവർ ലോക്ഹാർട്, ഗുലിസ്ഥാൻ എന്നീ കോട്ടകൾക്ക് നടുക്കായാണ് ഉണ്ടായിരുന്നത്. വടക്കുപടിഞ്ഞാറൻ അതിർത്തി പ്രവിശ്യയിലെ സൈനിക വിന്യാസങ്ങളുടെ വലിയൊരുപങ്കും ഈ കോട്ടകളെ അടിസ്ഥാനപ്പെടുത്തിയായിരുന്നു. ഇരു കോട്ടകളും തമ്മിൽ മോഴ്സ് കോഡ് ഉപയോഗിച്ചുള്ള ആശയവിനിമയം സാരാഗഡിയിൽ നിന്നു നടന്നിരുന്നതിനാൽ നയതന്ത്രപരമായി വളരെ പ്രസക്തമായിരുന്നു ഈ മേഖല. കോട്ടപോലെ തന്നെ ബന്തവസാക്കിയ കൽകെട്ടിടമായിരുന്നു സാരാഗഡി.

അന്നത്തെ ബ്രിട്ടിഷ് ഇന്ത്യൻ സൈന്യത്തിന്റെ കീഴിലുള്ള 36ാം സിഖ് റെജിമെന്റ് സൈനികരാണ് ഇവിടെ ഉണ്ടാകാറുള്ളത്. സാധാരണ ഗതിയിൽ 40 സൈനികർ നിലയുറപ്പിക്കുന്ന സാരാഗഡിയിൽ അന്നു പക്ഷേ 21 പേർ മാത്രമാണുണ്ടായിരുന്നത്. 

1897 സെപ്റ്റംബർ 12ന് പുലർച്ചെ ഒൻപതുമണി. സാധാരണഗതിയിൽ കോട്ടയിൽ കാപ്പിയും പ്രഭാതഭക്ഷണവും കഴിഞ്ഞ് ഡ്യൂട്ടിയിലായിരുന്ന സൈനികർ അകലെ നിന്നു വൻ പൊടിപടലം ഉയരുന്നത് കണ്ട് അമ്പരന്നു നിന്നു. ബൈനോക്കുലറിലൂടെ അങ്ങോട്ടേക്കു നോക്കിയ അവർ ഞെട്ടിപ്പോയി. പതിനായിരത്തിലധികം അഫ്ഗാൻ പടയാളികൾ സാരാഗഡിയിലേക്കു മാർച്ച് ചെയ്യുകയാണ്. പഷ്തൂൺ ഗോത്രങ്ങളായ അഫ്രിദി, ഒറാക്സായ് എന്നീ വിഭാഗങ്ങളിൽ പെട്ടവരായിരുന്നു പടയാളികൾ.

ഗുലിസ്ഥാൻ കോട്ടയും, ലോക്ഹാർട്ട് കോട്ടയും തമ്മിലുള്ള ആശയവിനിമയം സാരാഗഡി വഴി നടക്കുന്നതിനാൽ സാരാഗഡി തകർത്താൽ ഈ കോട്ടകളെ ഒറ്റപ്പെടുത്താമെന്ന് അഫ്ഗാൻ പടയാളികൾ വിചാരിച്ചു. 

സാരാഗഡിയിൽ പാറാവു നിന്നിരുന്ന ഗുർമുഖ് സിങ് ആക്രമണവിവരം മോഴ്സ് കോഡ് വഴി കമാൻഡിങ് ഓഫിസറായ കേണൽ ഹട്ടനെ അറിയിച്ചു. ശത്രു അടുത്തെത്താറായെന്നും സഹായിക്കണമെന്നുമായിരുന്നു ആ സന്ദേശം. എന്നാൽ സ്ഥിതിഗതികൾ അനുകൂലമല്ലെന്നും കാത്തുനിൽക്കെന്നുമായിരുന്നു ഹട്ടന്റെ മറുപടി. അന്നത്തെ ദിവസം ഗുർമുഖ് സിങ്ങിനൊരു തലവേദനയായിരുന്നു. സാധാരണ മോഴ്സ് കോഡ് വഴിയുള്ള ഹീലിയോഗ്രാഫ് സന്ദേശങ്ങൾ അയയ്ക്കുന്നതും മറുപടി വായിക്കുന്നതും മൂന്നു പേരുടെ പണിയാണ്. എന്നാൽ ഇതെല്ലാം ഗുർമുഖ് ഒറ്റയ്ക്കു ചെയ്യേണ്ടിവന്നു. നൂറുകണക്കിന് സന്ദേശങ്ങൾ ഇപ്രകാരം അയയ്ക്കേണ്ടിയും വന്നു.

ഹവീൽദാർ ഇഷാർ സിങ്ങായിരുന്നു സാരാഗഡിയിലെ പ്ലറ്റൂണിന്റെ തലവൻ. പഞ്ചാബിലെ ജാഗ്രോണിൽ ജനിച്ച അദ്ദേഹം വിവിധയുദ്ധങ്ങളിൽ പങ്കെടുത്തിട്ടുള്ള ആളായിരുന്നു. ആക്രമണകാരികളോട് ചെറുത്തുനിൽക്കാൻ ഇഷാർ സിങ് തീരുമാനിച്ചു. 21 ആളുകളെ ഉണ്ടായിരുന്നുള്ളു. ആയുധങ്ങളും വെടിയുണ്ടകളും കുറവ്. എങ്കിലും കീഴടങ്ങാൻ അവർ ഒരുങ്ങിയില്ല. ആ ദിവസം മുഴുവൻ അഫ്ഗാൻ പടയോട് എതിർത്തു നിന്ന സിഖ് പടയിൽ എല്ലാവരും വീരമൃത്യു മരിച്ചു. ആ ദിവസത്തിന്റെ ആനുകൂല്യം ലഭിച്ച ബ്രിട്ടിഷ് സൈന്യം കോട്ടകളിൽ കൂടുതൽ സൈന്യത്തെയും പടയാളികളെയും എത്തിച്ച് കരുത്തു കൂട്ടുകയും രണ്ടു ദിവസത്തിനുള്ളിൽ അഫ്ഗാൻകാരുടെ കൈയിൽ നിന്നു നിയന്ത്രണം ഏറ്റെടുക്കുകയും ചെയ്തു.

ബ്രിട്ടിഷ് റാണി, സിഖ് സൈന്യത്തിന്റെ ധീരതയെ പ്രശംസിച്ച് വീരമൃത്യു വരിച്ച എല്ലാവർക്കും ഇന്ത്യൻ ഓർഡർ ഓഫ് മെറിറ്റ് ബഹുമതി നൽകി. 

English summary: 125 year of Saragarhi battle

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN PADHIPURRA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഉരുൾ പൊട്ടിയ കൂട്ടിക്കലിന്റെ ആകാശദൃശ്യങ്ങൾ

MORE VIDEOS
FROM ONMANORAMA