ADVERTISEMENT

അന്തരീക്ഷ വായുവിലേത് ഉൾപ്പെടെ എല്ലാ ആറ്റങ്ങൾക്കും തന്മാത്രകൾക്കും പോസിറ്റീവോ, നെഗറ്റീവോ ചാർജ് കാണും. ഒരേ ചാർജുള്ളവ പരസ്പരം വികർഷിക്കുകയും വിപരീത ചാർജുകൾ പരസ്പരം ആകർഷിക്കുകയും ചെയ്യും. ഇതാണു മിന്നലിനു പിന്നിലുള്ള ഏറ്റവും അടിസ്ഥാനമായ ശാസ്ത്രം. മേഘങ്ങളിലെ തന്മാത്രകൾ തമ്മിൽ നിരന്തരം കൂട്ടിയിടികൾ ഉണ്ടാകുന്നുണ്ട്. അടുത്തടുത്തുള്ള രണ്ടു മേഘങ്ങൾ തമ്മിലും ഇത്തരത്തിൽ ഉരസൽ നടക്കാറുണ്ട്. ഇവയുടെ ഫലമായി മേഘത്തിലെ തന്മാത്രകൾ ചാർജ് ചെയ്യപ്പെടുന്നു. മേഘങ്ങളിലെ പോസിറ്റീവ് ചാർജ് ഒരു ഭാഗത്തും നെഗറ്റീവ് ചാർജ് എതിർവശത്തും കൂട്ടമാകുന്നു. ചാർജ് അതിന്റെ പാരമ്യത്തിലെത്തുമ്പോൾ അവ പുറത്തേക്കു പ്രവഹിക്കപ്പെടുന്നു. മറ്റൊരു മേഘത്തിലേക്കോ, ഭൂമിയിലേക്കോ, ആകാശത്തേക്കോ ആകാം ഇത്. ഇവയാണു നമ്മൾ കാണുന്ന മിന്നലുകൾ.

ഇത്തരത്തിൽ പ്രവഹിക്കുന്ന മിന്നൽ കടന്നു പോകുമ്പോൾ ചുറ്റുമുള്ള അന്തരീക്ഷത്തെയും ചൂടു പിടിപ്പിക്കുന്നു. സൂര്യന്റെ ഉപരിതലത്തിനെക്കാൾ 5 ഇരട്ടി വരെ ഊഷ്മാവ് അന്തരീക്ഷത്തിൽ സൃഷ്ടിക്കാൻ മിന്നലിനു കഴിയും. മിന്നൽ കടന്നു പോകുന്നതോടെ വലിയ രീതിയിൽ ചാർജ് ലഭിക്കുന്ന അന്തരീക്ഷ തന്മാത്രകൾ വികസിക്കുകയും ചലിച്ചു തുടങ്ങുകയും ചെയ്യുന്നു. തന്മാത്രകളുടെ വേഗത്തിലുള്ള ചലനവും കൂട്ടിയിടിയും സമീപത്തെ മറ്റു തന്മാത്രകളെയും പ്രകമ്പനം കൊള്ളിക്കുന്നു. ഇതാണു നമ്മൾ ‘ഇടി’ എന്നു പറയുന്ന ശബ്ദമായി കേൾക്കുന്നത്.

 

മിന്നലുകൾ പലവിധം

ക്ലൗ‍ഡ് ടു ഗ്രൗണ്ട്

മേഘത്തിൽ ചാർജ് രൂപപ്പെടുമ്പോൾതന്നെ അതിനു ചുറ്റുമുള്ള അന്തരീക്ഷത്തിൽ എതിർ ചാർജ് രൂപപ്പെടുന്നു. മേഘത്തിലെ ചാർജ് എതിർ ചാർജായ ഭൂമിയിലേക്ക് അന്തരീക്ഷത്തിലൂടെ സഞ്ചരിച്ചെത്തുന്നു. ‘സിഗ് സാഗ്’ എന്നാണ് ഈ  ആകൃതിയെ പറയുന്നത്. ഭൂമിയിൽ ഏറ്റവും കൂടുതൽ നാശ നഷ്ടങ്ങൾക്കു വകയൊരുക്കുന്നതും ജീവഹാനി സൃഷ്ടിക്കുന്നതും ഇത്തരം മിന്നലുകളാണ്. ഇവയെത്തന്നെ മേഘങ്ങളിൽ നിന്നു പ്രവഹിക്കുന്ന ചാർജിനനുസരിച്ചു രണ്ടായി തിരിക്കാം.

നെഗറ്റീവ് ക്ലൗഡ് ടു ഗ്രൗണ്ട്

ഇവയാണ് ഏറ്റവും കൂടുതൽ കാണപ്പെടുന്ന ക്ലൗഡ് ടു ഗ്രൗണ്ട് മിന്നലുകൾ. മേഘത്തിന്റെ താഴ് ഭാഗത്തായി ഒത്തുചേരുന്ന നെഗറ്റീവ് ചാർജുകൾ ഭൂമിയിലേക്കു പ്രവഹിക്കുകയാണ് ഇവിടെ ചെയ്യുന്നത്. ഇത്തരം മിന്നലുകളെ തിരിച്ചറിയാൻ എളുപ്പമാണ്. അവയുടെ ശാഖകൾ താഴേക്കായിരിക്കും. അതായത് തല തിരിഞ്ഞ മരത്തിന്റെ ആകൃതിയിലാകും ഈ മിന്നലുകൾ കാണപ്പെടുക.

പോസിറ്റീവ് ക്ലൗഡ് ടു ഗ്രൗണ്ട്

വളരെക്കുറച്ചു മാത്രം കാണപ്പെടുന്ന ഈ മിന്നലുകൾ അത്യധികം അപകടകാരികളാണ്. മേഘത്തിൽ രൂപപ്പെട്ട പോസിറ്റീവ് ചാർജ് ഭൂമിയിലേക്കു പ്രവഹിക്കുകയാണ് ചെയ്യുന്നത്. ഇവയ്ക്കു ശാഖകൾ കുറവായിരിക്കും. പ്രകാശത്തിനു തീവ്രത വളരെ കൂടുതലാണ്. ഇവ ഭൂമിയിൽ പതിക്കുമ്പോഴുണ്ടാകുന്ന ശബ്ദവും കൂടുതലാണ്. പലപ്പോഴും ഫ്രീക്വൻസി കുറഞ്ഞ സോണിക് ബൂം സൃഷ്ടിക്കാറുമുണ്ട്.

ക്ലൗഡ് ടു എയർ

മേഘങ്ങളിൽ നിന്നു സമീപത്തെ വായുവിലേക്കു പ്രവഹിക്കുന്നവയാണു ക്ലൗഡ് ടു എയർ മിന്നലുകൾ. ഇവ ശാഖകളായി തിരിഞ്ഞ് അവസാനിക്കുന്നു. ഭൂമിയിൽ പതിക്കാറില്ല. ശക്തമായ മഴയ്ക്കും പേമാരിക്കും കാരണമായേക്കാവുന്ന മേഘങ്ങളിൽ നിന്നാണു മിക്കവാറും ഇത്തരം മിന്നലുകൾ രൂപപ്പെടുന്നത്.

ഗ്രൗണ്ട് ടു ക്ലൗഡ്

ആകാശത്തു നിന്നു ഭൂമിയിലേക്ക് പതിക്കുന്ന മിന്നലുകളുടെ നേരെ എതിരാണ് ഈ മിന്നലുകൾ. അവ ഭൂമിയിൽ നിന്നു മേഘങ്ങളിലേക്കാണു പ്രവഹിക്കുന്നത്. ഇവ തിരിച്ചറിയാൻ കഴിയുന്നത് ശാഖകളുടെ പ്രത്യേകത കൊണ്ടാണ്. താഴെ നിന്നു മുകളിലേക്കാവും ഇവയുടെ ശാഖകൾ പിരിയുന്നത്. ഇവയിലും മേഘത്തിന്റെ ചാർജിനനുസരിച്ച് പോസിറ്റീവ്/ നെഗറ്റീവ് മിന്നൽ എന്നു തരംതിരിക്കാം.

ഇൻട്രാ ക്ലൗഡ്

ഒരു മേഘത്തിന്റെ തന്നെ ഉള്ളിലുള്ള വിവിധ ചാർജ് ഏരിയകൾ തമ്മിലുള്ള ചാർജ് പ്രവാഹമാണ് ഇൻട്രാ ക്ലൗഡ് മിന്നൽ. മിക്കവാറും മഴമേഘങ്ങൾക്കുള്ളിലാണ് ഇത്തരം മിന്നലുകൾ രൂപപ്പെടുന്നത്. അവ ആ മേഘത്തെയാകെ പ്രകാശ പൂരിതമാക്കും. അതിലൂടെ മിന്നിലിനെ തിരിച്ചറിയാം. ഇത്തരം മിന്നലുകൾ കൂടുതലായി കാണപ്പെടുന്നത് വേനൽക്കാലത്താണ്.

ക്ലൗ‍ഡ് ടു ക്ലൗഡ്

ഒരു മേഘത്തിലെ ചാർജിത കണങ്ങൾ മറ്റൊരു മേഘത്തിലെ എതിർ ചാർജുള്ള മേഖലയിലേക്കു സഞ്ചരിക്കുന്നതിനെയാണ് ക്ലൗഡ് ടു ക്ലൗഡ് അഥവാ ഇന്റർ ക്ലൗഡ് മിന്നൽ എന്നു പറയുന്നത്. ഇവയുടെ സഞ്ചാരം ആകാശത്തു കുറുകെ വര വരച്ചതുപോലെയായിരിക്കും. ഭൂമിയിൽ വലിയ പ്രത്യാഘാതങ്ങൾ പ്രത്യക്ഷത്തിൽ ഉണ്ടാക്കില്ലെങ്കിലും വളരെ കൂടിയ അളവിൽ ചാർജുള്ള മേഘങ്ങൾ തമ്മിൽ ഇത്തരത്തിൽ മിന്നൽ പ്രവാഹം ഉണ്ടായാൽ മേഘവിസ്ഫോടനത്തിനു വഴിവച്ചേക്കാം.     വളരെക്കുറച്ച് അവസരങ്ങളിൽ  മാത്രമേ അങ്ങനെ സംഭവിക്കൂ.

English summary : Different types of lightning

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com