ADVERTISEMENT

ഒക്ടോബർ രണ്ട്  ഗാന്ധി ജയന്തി. ലോകരാജ്യങ്ങളിൽ ഇന്ത്യയുടെ മേൽവിലാസമാണ് ഗാന്ധിജി. സത്യത്തിലും അഹിംസയിലും ഉറച്ചു നിന്നുള്ള ഗാന്ധിജിയുടെ ജീവിത ദർശനങ്ങൾക്ക് ലോകമെങ്ങും ആരാധകരുണ്ട്. ഒട്ടുമിക്ക രാജ്യങ്ങളിലും ഗാന്ധിജിയുടെ സ്മാരകങ്ങളുമുണ്ട്. ഭൂമിയുടെ ഒരറ്റം മുതൽ മറ്റേയറ്റം വരെ അത്തരം ചില ഗാന്ധി സ്മാരകങ്ങൾ പരിചയപ്പെടാം. 

mahatma-gandhi-monuments-around-the-world-iceland

1 ഗാന്ധി ഇന്ത്യൻ റസ്റ്ററന്റ്, റെയ്ക്ജാവിക്, ഐസ്‌ലൻഡ്

ഐസ്‌ലൻഡിന്റെ തലസ്ഥാനമായ റെയ്ക്ജാവികിലാണ് ഗാന്ധി ഇന്ത്യൻ റസ്റ്ററന്റ്. പുലാവ്, റെയ്ത്ത, ചട്നി തുടങ്ങിയ ഇന്ത്യൻ വിഭവങ്ങൾ തന്നെയാണ് ഇവിടെ വിളമ്പുന്നത്. ലോകത്തെ മറ്റു പല നഗരങ്ങളിലും ഗാന്ധിയുടെ പേരുള്ള റസ്റ്ററന്റുകളുണ്ട്.

mahatma-gandhi-monuments-around-the-world-china

2 രാജ്യാന്തര സൗഹൃദവനം, ബെയ്ജിങ്, ചൈന

 

ചൈനീസ് തലസ്ഥാനമായ ബെയ്ജിങ്ങിലെ ചൊവോയാങ് പാർക്കിൽ 2005ൽ സ്ഥാപിച്ച ഈ പ്രതിമ നിർമിച്ചത് പ്രശസ്ത ശിൽപിയായ യുവാൻ ഷികുനാണ്. പാർക്കിന്റെ പടിഞ്ഞാറേ ഭാഗത്ത്‌ സ്ഥിതി ചെയ്യുന്ന രാജ്യാന്തര സൗഹൃദ വനത്തിലാണ് ഗാന്ധിജി ഇരുന്നു വായിക്കുന്ന രൂപത്തിലുളള പ്രതിമ സ്ഥിതിചെയ്യുന്നത്.

3 ഗാന്ധി സ്മൃതി, ന്യൂഡൽ‌ഹി

മഹാത്മാ ഗാന്ധി  ജീവിതത്തിന്റെ അവസാനത്തെ 144 ദിവസങ്ങൾ ചെലവഴിച്ചതും 1948 ജനുവരി 30ന് കൊല്ലപ്പെട്ടതും ഇവിടെയാണ്.

12 കിടപ്പുമുറികൾ ഉള്ള ഈ വീട് 1928ൽ ഘനശ്യാംദാസ് ബിർലയാണ് നിർമിച്ചത്. ബിർല ഹൗസ് എന്നറിയപ്പെട്ടിരുന്ന ഇത് 1971ൽ സർക്കാർ ഏറ്റെടുക്കുകയും രാഷ്ട്രപിതാവിന്റെ സ്മാരകമാക്കി മാറ്റുകയും ചെയ്തു. 1973 ഓഗസ്റ്റ് 15ന് പൊതുജനങ്ങൾക്കായി തുറന്നു കൊടുത്തു. ഗാന്ധിജി ഉപയോഗിച്ചിരുന്ന മുറിയും വെടിയേറ്റു വീണ മുറ്റവുമൊക്കെ അതുപോലെ തന്നെ സംരക്ഷിച്ചിരിക്കുന്നു.

4 ടാവിസ്റ്റോക്ക് സ്ക്വയർ, ലണ്ടൻ, ഇംഗ്ലണ്ട്

ലണ്ടനിലെ ബ്ലൂംസ്ബറിയിലെ ടാവിസ്റ്റോക്ക് സ്ക്വയറിലെ ഗാന്ധി പ്രതിമ സ്ഥാപിച്ചത് ഗാന്ധിജിയുടെ ജന്മശതാബ്ദിക്കു തൊട്ടു മുൻപ് 1968ലാണ്. പോളിഷ് കലാകാരിയായ ഫ്രെഡ ബ്രില്യന്റ ആണ് ഈ വെങ്കലപ്രതിമ നിർമിച്ചത്. ജപ്പാനിലെ ആറ്റം ബോംബ് ആക്രമണത്തിൽ ഇരകളായവരുടെ ഓർമയ്ക്കായി ഒരു ചെറി മരവും ഇവിടെയുണ്ട്.

5  യൂണിയൻ സ്ക്വയർ പാർക്ക്, ന്യൂയോർക്ക്, യുഎസ്എ

mahatma-gandhi-monuments-around-the-world-austria

 

മൻഹാറ്റനിലെ യൂണിയൻ സ്ക്വയറിലാണ് കാന്തിലാൽ ബി.പട്ടേൽ നിർമിച്ച ഗാന്ധി പ്രതിമയുള്ളത്. 1986 ഒക്ടോബർ രണ്ടിനാണ് പ്രതിമ സ്ഥാപിച്ചത്. യുഎസിൽ തന്നെ, കലിഫോർണിയയിലെ ലേക്‌ ഷ്രൈനിൽ ഗാന്ധിയുടെ ചിതാഭസ്മം സൂക്ഷിച്ചിട്ടുമുണ്ട്. ഇന്ത്യയ്ക്കു പുറത്ത് ഏറ്റവും കൂടുതൽ ഗാന്ധി സ്മാരകങ്ങളുള്ള രാജ്യമാണ് യുഎസ്എ.

mahatma-gandhi-monuments-around-the-world-chile

6 സമാധാനത്തിന്റെ പൂന്തോട്ടം, വിയന്ന, ഓസ്ട്രിയ

ഓസ്ട്രിയൻ ചിത്രകാരനായ വെർണർ ഹൊർവാത് എണ്ണച്ചായത്തിൽ വരച്ച ഗാന്ധിജിയുടെ ചുവർചിത്രമാണ് വിയന്നയിലെ ‘സമാധാനത്തിന്റെ പൂന്തോട്ട’ത്തിൽ ഉള്ളത്.

mahatma-gandhi-monuments-around-the-world-houston

7 ഇന്ത്യൻ സ്ക്വയർ, സാന്തിയാഗോ, ചിലെ

ചിലെ തലസ്ഥാനമായ സാന്തിയാഗോയിലെ പ്ലാസ ഡെ ലാ ഇന്ത്യയിൽ ഗാന്ധിജി, നെഹ്റു, രവീന്ദ്രനാഥ ടഗോർ എന്നിവരുടെ പ്രതിമകളുണ്ട്. 2019ൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇവിടം സന്ദർശിച്ചിരുന്നു.

mahatma-gandhi-monuments-around-the-world-janeeva

8 മഹാത്മാ ഗാന്ധി ഡിസ്ട്രിക്ട്, ഹൂസ്റ്റൻ

യുഎസിലെ ടെക്സസ് സംസ്ഥാനത്തെ ഹൂസ്റ്റൺ നഗരത്തിൽ ഇന്ത്യൻ വംശജർ കൂടുതലായി താമസിക്കുന്ന പ്രദേശമാണ് മഹാത്മാ ഗാന്ധി ഡിസ്ട്രിക്ട്. ലിറ്റിൽ ഇന്ത്യ, ഹിൽക്രോഫ്റ്റ് എന്നും ഇത് അറിയപ്പെടുന്നു. ഒട്ടേറെ ഇന്ത്യൻ, പാക്കിസ്ഥാനി റസ്റ്ററന്റുകൾ ഇവിടെയുണ്ട്.

mahatma-gandhi-monuments-around-the-world-southafrica

9  ഗാന്ധി പ്രതിമ, ജനീവ, സ്വിറ്റ്സർലൻഡ് 

ഇന്ത്യയും സ്വിറ്റ്സർലൻഡും തമ്മിൽ 1948ൽ ഒപ്പുവച്ച സൗഹൃദ ഉടമ്പടിയുടെ സ്മരണയ്ക്കായി, 2007ൽ ഇന്ത്യൻ സർക്കാർ സമ്മാനിച്ച ഗാന്ധി പ്രതിമയാണ് ജനീവയിലെ അരിയാന പാർക്കിലേത്. ‘എന്റെ ജീവിതമാണ് എന്റെ സന്ദേശം’ എന്ന ഗാന്ധി വാക്യത്തിന്റെ ഫ്രഞ്ച് വിവർത്തനമാണ് പ്രതിമയ്ക്കു താഴെ എഴുതി വച്ചിരിക്കുന്നത്. 

10 ഗാന്ധി പ്രതിമ, പീറ്റർമാരിസ്ബർഗ്, ദക്ഷിണാഫ്രിക്ക

1893 മേയിൽ യാത്രയ്ക്കിടെ വെള്ളക്കാരനായ ഒരാൾ ഗാന്ധിജിയെ ട്രെയിനിൽ നിന്ന് തള്ളി പുറത്താക്കിയ സ്ഥലമാണ് ദക്ഷിണാഫ്രിക്കയിലെ പീറ്റർമാരിസ്ബർഗ്.  ഗാന്ധിയുടെ വെങ്കല പ്രതിമ ഇന്നു പീറ്റർമാരിസ്ബർഗിലെ ചർച്ച് സ്ട്രീറ്റിൽ നിലകൊള്ളുന്നുണ്ട്. പീറ്റർമാരിസ്ബർഗ് റെയിൽവേ സ്റ്റേഷനിൽ ഇരുമുഖങ്ങളുള്ള മറ്റൊരു അർധകായ ഗാന്ധി പ്രതിമയുമുണ്ട്. കോട്ടും ടൈയും അണി‍ഞ്ഞ ചെറുപ്പക്കാരൻ ഗാന്ധി ഒരു ഭാഗത്തും കണ്ണട വച്ച്, ശരീരത്തിന്റെ മേൽഭാഗം മറയ്ക്കാതെയുള്ള ഗാന്ധി മറുഭാഗത്തും.

mahatma-gandhi-monuments-around-the-world-doha

11 ഗാന്ധി പ്രതിമ, സിഡ്നി

ഓസ്ട്രേലിയിലെ സിഡ്നി, ബ്രിസ്ബേൻ, കാൻബറ  നഗരങ്ങളിലെല്ലാം ഗാന്ധി പ്രതിമയുണ്ട്. ന്യൂ സൗത്ത് വെയ്ൽസ് സർവകലാശാല വർഷം തോറും ഗാന്ധി സ്മാരക പ്രഭാഷണവും സംഘടിപ്പിക്കുന്നു.

mahatma-gandhi-monuments-around-the-world-footboller

12  ബുദ്ധിയുള്ള 3 കുരങ്ങൻമാർ, ദോഹ, ഖത്തർ

ഖത്തർ തലസ്ഥാനമായ ദോഹയിലെ സാംസ്കാരിക ഗ്രാമമായ കത്താറയിൽ ഇന്ത്യൻ കലാകാരനായ സുബോധ് ഗുപ്ത നിർമിച്ചതാണ് ഗാന്ധിയുടെ ‘മൂന്ന് കുരങ്ങുകളെ’ അനുസ്മരിപ്പിക്കും വിധമുള്ള ഈ പ്രതിമകൾ. ‘തിന്മ കാണരുത്, തിന്മ കേൾക്കരുത്, തിന്മ പറയരുത്' എന്ന ജാപ്പനീസ് സന്ദേശമാണ് വാ പൊത്തിയും കണ്ണു പൊത്തിയും കാതു പൊത്തിയും ഇരിക്കുന്ന 3 കുരങ്ങുകളെക്കൊണ്ട് ഉദ്ദേശിക്കുന്നത്. എന്നാൽ കുരങ്ങുകൾക്കു പകരം സൈനിക വേഷത്തിലുള്ള ശിൽപങ്ങളാണ് സുബോധ് ഗുപ്ത നിർമിച്ചത്.

മഹാത്മാ ഗാന്ധി എന്ന ഫുട്ബോളർ

‘മഹാത്മാ ഗാന്ധി ഹെബെരിപ്പോ മാറ്റോസ് പിറസ്’– ഇങ്ങനെയൊരാളെക്കുറിച്ച് കേട്ടിട്ടുണ്ടോ? ബ്രസീലുകാരനായ ഒരു ഫുട്ബോൾ താരമാണിത്. 1992ൽ ജനിച്ച ഇദ്ദേഹത്തിന് ഗാന്ധിജിയോടുള്ള ആദരസൂചകമായിട്ടാണ് മാതാപിതാക്കൾ ഇങ്ങനെ പേരു നൽകിയത്. ഇപ്പോൾ ബ്രസീലിയൻ ക്ലബ് ഇപോറയുടെ താരമാണ് മഹാത്മാ ഗാന്ധി. 

 

ഗാന്ധി പേനകൾ 

 

സ്വിസ് ആഡംബര പേന നിർമാതാക്കളായ മോ ബ്ലാ 2009ൽ ഗാന്ധിജിയുടെ സ്മരണാർഥം ലിമിറ്റഡ് എഡിഷൻ സ്വർണ പേനകൾ പുറത്തിറക്കാൻ തീരുമാനിച്ചു. 241 പേനകളാണ് മോ ബ്ലാ പുറത്തിറക്കിയത്. 1930ൽ ദണ്ഡി യാത്രയിൽ ഗാന്ധിജി നടന്ന 241 മൈൽ ദൂരത്തെ അനുസ്മരിച്ചായിരുന്നു ഇത്.

English summary : Mahatma Gandhi monuments around the world

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com