'ബഹിരാകാശത്ത് വനിതകൾ' ; ലോക ബഹിരാകാശ വാരം

HIGHLIGHTS
  • ഒക്ടോബർ 4 മുതൽ 10 വരെ ലോക ബഹിരാകാശവാരം
world-space-week
Representative image. Photo Credits; Sergey Nivens/ Shutterstock.com
SHARE

എല്ലാവർഷവും ഒക്ടോബർ 4 മുതൽ 10 വരെ ലോക ബഹിരാകാശവാരം നൂറോളം രാജ്യങ്ങളിൽ വിവിധ പരിപാടികളോടെ ആഘോഷിക്കുന്നു. മനുഷ്യ നിർമിതമായ ആദ്യകൃത്രിമോപഗ്രഹം സ്പുട്‌നിക്-1 വിക്ഷേപിച്ച തീയതിയാണ് ഒക്ടോബർ 4 (1957). ബഹിരാകാശ ഉടമ്പടി (Outer Space Treaty) ഒപ്പുവച്ച ദിവസമാണ് ഒക്ടോബർ 10 (1967). 1999ലാണ് ഐക്യരാഷ്ട്ര സംഘടന ബഹിരാകാശ വാരാഘോഷം പ്രഖ്യാപിച്ചത്.

ഓരോ വർഷവും വിവിധ വിഷയങ്ങളെ ആസ്പദമാക്കിയാണ് ആഘോഷങ്ങൾ. ഇന്ത്യയിലും വിപുലമായ പരിപാടികളുണ്ട്. കേരളത്തിൽ ഇന്ത്യൻ സ്പേസ് റിസർച് ഓർഗനൈസേഷന്റെ (ഐഎസ്ആർഒ)  കീഴിലുള്ള വിവിധ സ്ഥാപനങ്ങൾ ചേർന്ന് വിദ്യാർഥികൾക്കും മുതിർന്നവർക്കും വേണ്ടി വിവിധ പരിപാടികൾ നടത്തുന്നു. വിവരങ്ങൾക്ക്: wsweek.vssc.gov.in

ലോക ബഹിരാകാശ വാരാഘോഷത്തിന്റെ ഈ വർഷത്തെ വിഷയം 'ബഹിരാകാശത്ത് വനിതകൾ' എന്നാണ്. ഇതുവരെ  69 വനിതകളാണ്  ബഹിരാകാശത്തെത്തിയത്. ഇത് ആകെ ബഹിരാകാശ യാത്രക്കാരുടെ 12%  മാത്രം. വനിതാ യാത്രക്കാരിൽ ഭൂരിഭാഗവും അമേരിക്കൻ വംശജരാണ്. ചാന്ദ്ര ദൗത്യങ്ങളിലാകട്ടെ, ഇതുവരെ സ്ത്രീ സാന്നിധ്യമില്ല. 2024ലെ ആർട്ടമിസ് ദൗത്യത്തിൽ സ്ത്രീ സാന്നിധ്യമുണ്ടാകുമെന്നാണു പ്രതീക്ഷ.

ആദ്യം വാലന്റീന

യൂറി ഗഗാറിനാണ് ആദ്യ ബഹിരാകാശ സഞ്ചാരിയെന്നു കൂട്ടുകാർ പഠിച്ചിട്ടുണ്ടാകുമല്ലോ. ‌1961 ഏപ്രിൽ 12ന് വിക്ഷേപിച്ച വോസ്റ്റോക്ക് (Vostok) എന്ന ബഹിരാകാശ വാഹനത്തിലായിരുന്നു ഗഗാറിന്റെ യാത്ര. ആദ്യത്തെ വനിതാ ബഹിരാകാശ സഞ്ചാരിയാരാണെന്നറിയാമോ? – വാലന്റീന തെരഷ്കോവ. 1963 ജൂൺ 16ന് വോസ്‌റ്റോക്ക് 6 എന്ന സ്പേസ് ഷട്ടിലിലായിരുന്നു യാത്ര. രണ്ടാമതൊരു വനിത ബഹിരാകാശാത്തിലെത്തുന്നത് പിന്നെ 20 വർഷം കഴിഞ്ഞാണ്. സോവിയറ്റ് യൂണിയനിലെ സ്വെറ്റ്‌ലാന സവിറ്റ്‌സ്‌കയ ആണത്. 1982 ഓഗസ്റ്റ് 19ലെ സോയൂസ് T-7 ദൗത്യത്തിന്റെ ഭാഗമായിരുന്നു അവർ. മറ്റൊരു റെക്കോർഡ് കൂടി അവർക്കുണ്ട്.- രണ്ടുതവണ ബഹിരാകാശ യാത്ര ചെയ്ത ആദ്യ വനിത. 1984 ജൂലൈ 17ലെ സോയൂസിന്റെ തന്നെ T-12 ദൗത്യത്തിന്റെ ഭാഗമായായിരുന്നു ഇത്. 

യുഎസിൽ നിന്ന്  സാലി റൈഡ്

അമേരിക്കയുടെ ആദ്യ വനിതാ ബഹിരാകാശ സഞ്ചാരിയാണ് സാലി റൈഡ്. ലോകത്തെ മൂന്നാമത്തെ വനിതാ ബഹിരാകാശ സഞ്ചാരി കൂടിയാണവർ. 1983, 1984 വർഷങ്ങളിൽ 2 തവണ അവർ ആകാശംതൊട്ടു. 343 മണിക്കൂർ ബഹിരാകാശത്തു ചെലവിട്ട അവർ മറ്റൊരു ദൗത്യത്തിനു തയാറെടുത്തെങ്കിലും അതു മുടങ്ങി. ജൂഡിത്ത് റെസ്‌നിക് ആയിരുന്നു യുഎസിൽനിന്നുള്ള രണ്ടാമത്തെ വനിത. അവർ 1984ൽ ഡിസ്‌കവറിയുടെ പ്രഥമ ദൗത്യത്തിൽ പങ്കാളിയായിരുന്നു. 1986 ജനുവരി 28-ലെ സ്‌പേസ് ഷട്ടിൽ ദുരന്തത്തിലെ മരിച്ച 7 സഞ്ചാരികളിൽ ഒരാൾ ജൂഡിത്ത് ആയിരുന്നു. അവരുടെ രണ്ടാം ദൗത്യത്തിലായിരുന്നു അപകടം. ബഹിരാകാശ പേടകത്തിന് പുറത്തു പരീക്ഷണങ്ങൾ നടത്തിയ ആദ്യ അമേരിക്കൻ വനിത എന്ന നേട്ടം കാതറിൻ ഡി സള്ളിവനാണ്. 1984ൽ ആയിരുന്നു ഇത്.

അന്ന അടുത്ത വർഷം

സോവിയറ്റ് വിക്ഷേപണ ദൗത്യങ്ങളുടെ തുടർച്ചയായി റഷ്യ നടത്തിയ ബഹിരാകാശ ദൗത്യങ്ങളിലെ ആദ്യ വനിതാസഞ്ചാരി യീനാ വി.കൊണ്ടക്കോവ ആണ്. സോയൂസിലും സ്‌പേസ് ഷട്ടിലിലും യാത്ര ചെയ്ത വനിത എന്ന പദവിയും ഇവർക്കു സ്വന്തം. 2014ൽ ബഹിരാകാശത്തെത്തിയ യെലേന സെറോവയാണ്  രാജ്യാന്തര ബഹിരാകാശ നിലയം സന്ദർശിച്ച ആദ്യ റഷ്യൻ വനിത. വനിതകൾക്കായി പ്രത്യേക സ്‌പേസ് സ്യൂട്ട് വിഭാവന ചെയ്യുന്ന റഷ്യ തങ്ങളുടെ അന്ന കികിന  അടുത്ത വർഷം രാജ്യാന്തര ബഹിരാകാശ നിലയം സന്ദർശിക്കുമെന്നു കഴിഞ്ഞ വർഷം പ്രഖ്യാപിച്ചു. 

3 ഇന്ത്യൻ വംശജരും

സോവിയറ്റ് യൂണിയൻ, യുഎസ്, റഷ്യ എന്നീ രാജ്യങ്ങൾക്കു പുറമേ മറ്റുരാജ്യങ്ങളും സ്ത്രീകളെ ബഹിരാകാശത്തേക്ക് അയച്ചിട്ടുണ്ട്. ഇന്ത്യൻ വംശജരായ 3 വനിതകൾക്കും ബഹിരാകാശ യാത്രയ്ക്ക് അവസരം ലഭിച്ചിട്ടുണ്ട്. കൽപനാ ചൗള, സുനിതാ വില്യംസ്, സിരിഷ ബ‍ൻഡ്‌ല എന്നിവർ.  

കൽപനാ ചൗള

ഹരിയാനയിലെ കർണാലിൽ ജനനം. ചണ്ഡീഗഡിലെ പഞ്ചാബ് എൻജിനീയറിങ് കോളജ് പൂർവവിദ്യാർഥിനി. ടെക്‌സസ് അർലിങ്ടൺ, കൊളാറഡോ ബൊൾഡർ സർവകലാശാലകളിൽ ഉപരിപഠനം.നാസയിൽ എൻജിനീയറായിരുന്നു.  1997 നവംബർ 19ലെ STS-87 ദൗത്യത്തിന്റെ ഭാഗമായി സ്‌പേസ് ഷട്ടിൽ കൊളംബിയയിൽ ബഹിരാകാശത്തെത്തിയ ആറംഗ സംഘത്തിലെ അംഗം. ഈ ദൗത്യത്തിൽ 16,73,7177 കിലോമീറ്റർ യാത്ര, 15 ദിവസം 12 മണിക്കൂർ ബഹിരാകാശത്തു ചെലവിട്ടു. 

2003 ജനുവരി 16ന് നടന്ന STS-107 ദൗത്യത്തിനായി സ്‌പേസ് ഷട്ടിൽ കൊളംബിയയിലായിരുന്നു കൽപനയുടെ രണ്ടാം ദൗത്യം.  മടക്കയാത്രയിലെ പൊട്ടിത്തെറിയിൽ മരിച്ചു. സ്‌പേസ് ഷട്ടിൽ കൊളംബിയ 2003 ഫെബ്രുവരി 1- ന് അതിന്റെ ഇരുപത്തി എട്ടാമതു ദൗത്യം പൂർത്തീകരിക്കുന്നതിനു മുൻപാണ് അപകടത്തിൽപ്പെട്ടത്.

സുനിതാ വില്യംസ്

അമേരിക്കൻ പൗരത്വമുള്ള സുനിതയുടെ പിതാവിന്റെ കുടുംബം ഗുജറാത്തിലെ മെഹ്‌സാന ജില്ലയിലാണ്. വിദ്യാഭ്യാസ ശേഷം അമേരിക്കൻ നേവിയിൽ അംഗമായി. STS-116 (സ്‌പേസ് ഷട്ടിൽ ഡിസ്‌കവറി) ദൗത്യത്തിന്റെ ഭാഗമായി. 2006 ഡിസംബർ 9 STS-117 (അറ്റ്‌ലാന്റിസ്) ദൗത്യത്തിലൂടെ 2007 ജൂൺ 22-ന് ഭൂമിയിലേക്ക് മടങ്ങി. പല ഘട്ടങ്ങളിലായി 29 മണിക്കൂർ 17 മിനിറ്റ് അവർ ബഹിരാകാശ പേടകത്തിനു പുറത്തു ചെലവിട്ടു. 2007 ഏപ്രിൽ 26ന് ബഹിരാകാശത്തു മാരത്തൺ നടത്തിയ വ്യക്തി എന്ന നേട്ടത്തിനുടമയായി. 192 ദിവസമാണു ബഹിരാകാശത്തു ചെലവിട്ടത്.

2012 ജൂലൈ 15-ന് ബൈക്കനൂരിൽ നിന്നു റഷ്യൻ സോയൂസ് ദൗത്യത്തിലൂടെ വീണ്ടും രാജ്യാന്തര ബഹിരാകാശനിലയത്തിലേക്കു യാത്ര.  ISS ദൗത്യത്തിനിടയിൽ അതിന്റെ കമാൻഡറായും പ്രവർത്തിച്ചു. ഈ പദവിയിലെത്തുന്ന രണ്ടാമത്തെ വനിതയാണ് ഇവർ. 2012 സെപ്റ്റംബറിൽ ട്രയാത്‌ലൺ നടത്തിയ ആദ്യ സഞ്ചാരി എന്ന പദവി നേടി. 2012 നവംബർ 19ന് ദൗത്യശേഷം തിരിച്ചെത്തി. പലതവണയായി അവർ 50 മണിക്കൂർ 40 മിനിറ്റ് സ്‌പേസ്‌വാക് നടത്തിയിട്ടുണ്ട് സുനിത. ബഹിരാകാശത്ത് ആദ്യ ട്രയാത്‌ലൺ നടത്തിയതും സുനിതയാണ്.

സിരിഷ ബ‍ൻഡ്‌ല 

2021 ജൂലൈ 11-ന് വിർജിൻ ഗലക്റ്റിക് യൂണിറ്റി-22 ദൗത്യത്തിലൂടെയാണ് സിരിഷ ബഹിരാകാശത്തെത്തിയത്. ആന്ധ്രയിലെ ചിറാല പട്ടണത്തിൽ ജനിച്ച സിരിഷ നാലാം വയസ്സിലാണ് അച്ഛൻ ഡോ. ബാൻഡ്‌ല മുരളീധറിനും അമ്മ അനുരാധയ്ക്കുമൊപ്പം യുഎസിലെത്തിയത്.

നാസയിലേക്ക് ഒരു സ്റ്റഡി ടൂർ കൂടി പോയതോടെ ബഹിരാകാശ സ്വപ്നം ശക്തമായി. കൗമാരകാലത്ത് തന്നെ പൈലറ്റ് ലൈസൻസ് നേടിയ സിരിഷ നാസയിൽ ഇന്റേൺഷിപ് ചെയ്തു. ഇതിനൊപ്പം പെർഡ്യു സർവകലാശാലയിൽ നിന്ന് എയ്റൊനോട്ടിക്കൽ ആൻഡ് ആസ്ട്രനോട്ടിക്കൽ എൻജിനീയറിങ്ങിൽ ബിരുദം നേടി. തുടർന്ന് നാസയിലേക്കുള്ള സ്വപ്നയാത്രയ്ക്കു തുടക്കമിട്ടു. ബാക്കിയെല്ലാ ഘടകങ്ങളും അനുകൂലമായി. എന്നാൽ വൈദ്യപരിശോധനയിൽ കാഴ്ചശക്തി കുറവായതിനാൽ ഒഴിവാക്കപ്പെട്ടു.ഇത് കുറച്ചു കാലം സിരിഷയെ ദുഃഖത്തിലാഴ്ത്തി. എന്നാൽ പ്രതീക്ഷ കൈവിടാതെ അവൾ ബഹിരാകാശ മേഖലയിൽ തുടർന്നു. കമേഴ്സ്യൽ സ്പേസ് ഫ്ലൈറ്റ് ഫെഡറേഷന്റെ അസോഷ്യേറ്റ് ഡയറക്ടറായ അവർക്ക് 2015 ലാണ് വെർജിൻ ഗലാക്റ്റിക്കിൽ അവസരം ലഭിച്ചത്. 

വാലന്റീന തെരഷ്കോവ 

1937 മാർച്ച് 6ന് ജനിച്ച സോവിയറ്റ് വംശജയായ വാലന്റീന തെരഷ്കോവ ബഹിരാകാശത്തേക്കു കുതിക്കുമ്പോൾ 26 വയസ്സായിരുന്നു പ്രായം. ആദ്യ വനിതാ യാത്രിക എന്നതിനൊപ്പം ഏറ്റവും പ്രായം കുറഞ്ഞ ബഹിരാകാശ യാത്രിക എന്ന നേട്ടവും വാലന്റീനയ്ക്കു സ്വന്തം. ഒരു സഞ്ചാരി മാത്രമുണ്ടായിരുന്ന ഈ ദൗത്യത്തിൽ, ഭൂമിയെ 48 തവണ വലംവച്ച് 3 ദിവസത്തോളം അവർ ബഹിരാകാശത്തു ചെലവഴിച്ചു. തിരിച്ചെത്തിയ ശേഷം ഈ രംഗത്ത് ഇൻസ്ട്രക്ടറായി ജോലിക്കു ചേ‍ർന്ന അവർ 1997ൽ വിരമിച്ചു. ബഹിരാകാശ പദ്ധതിയിൽ പങ്കാളിയാവുന്നതിനു മുൻപ് അവർ ഒരു വസ്ത്ര നിർമാണശാലയിലെ തൊഴിലാളിയായിരുന്നു.  സോവിയറ്റ് യൂണിയനിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയിലും സജീവമായി പ്രവർത്തിച്ചിരുന്നു. വോസ്റ്റോക്ക്-3-ലെ യാത്രികനായിരുന്ന ആൻഡ്രിയോൺ നിക്കോളയേവാണ് ഭർത്താവ്.  

സ്വെറ്റ്‌ലാന സവിറ്റ്‌സ്‌കയ  

സോവിയറ്റ് യൂണിയനിൽ 1948 ഓഗസ്റ്റ് 6-ന് ജനനം. വൈമാനികയായിരുന്ന അവർ രണ്ടുവട്ടം ബഹിരാകാശ യാത്രിക എന്ന നേട്ടം കൈവരിച്ചു. ആദ്യ ദൗത്യത്തിൽ ഏഴ് ദിവസത്തിലേറെ ബഹിരാകാശത്തു ചെലവഴിച്ചു. രണ്ടാം ദൗത്യത്തിൽ മൂന്നര മണിക്കൂറിലേറെ ബഹിരാകാശ വാഹനത്തിനു പുറത്തു കഴിയുകയും വാഹനത്തിനു പുറത്തുകഴിഞ്ഞ ആദ്യ വനിത എന്ന പദവി നേടുകയും ചെയ്തു. യുദ്ധ വൈമാനികയായിരുന്നു. സ്‌പേസ്‌വാക് ചെയ്യുന്ന ആദ്യ വനിത, രണ്ട് ദൗത്യങ്ങളിൽ സല്യൂട്ട് സ്‌പേസ് സ്റ്റേഷനിൽ പറന്ന ആദ്യ വനിത എന്നീ റെക്കോർഡുകളും അവർക്കുണ്ട്.

നേട്ടങ്ങളിൽ ഒന്നാമത്

അന്ന ലീ ഫിഷർ - ബഹിരാകാശ സഞ്ചാരിയായ ആദ്യ അമ്മ.

ഷാനൻ ലൂസിഡ് -മിർ സ്‌പേസ് സ്റ്റേഷനിൽ സഞ്ചരിച്ച അമേരിക്കൻ വനിത, അഞ്ചു ബഹിരാകാശ യാത്രകൾ നടത്തിയ ആദ്യ വനിത.

കാതറിൻ സി. തോർട്ടൺ- മൂന്ന് തവണ പേടകത്തിനു പുറത്തെ പ്രവർത്തികളിൽ പങ്കെടുത്ത ആദ്യ വനിത.

മിലി ഹ്യൂസ് ഫുൾഫോഡ് ആദ്യ വനിതാ പേലോഡ് വിദഗ്ധ 

സൂസൻ ജെ. ഹെംസ് - പേടകത്തിനു പുറത്തുള്ള ദൈർഘ്യമേറിയ ജോലികൾ ചെയ്ത വനിത (8 മണിക്കൂർ 56 മിനിറ്റ്)

എലീൻ കോളിൻസ്- ആദ്യ വനിതാ ഷട്ടിൽ പൈലറ്റും കമാൻഡറും

അനൗഷ അൻസാരി - ആദ്യ വനിതാ സ്‌പേസ് ടൂറിസ്റ്റ്, ആദ്യ ഇറാനിയൻ ബഹിരാകാശ വനിതാ സഞ്ചാരി

വാലി ഫങ്ക് -ഏറ്റവും പ്രായം കൂടിയ ബഹിരാകാശ സഞ്ചാരി.82–ാം വയസ്സിലായിരുന്നു യാത്ര.

English summary : World space week

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN PADHIPURRA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ദുരിതപ്പെയ്ത്തോ?, മേഘവിസ്ഫോടനമോ?– മനോരമ ഓൺലൈൻ എക്സ്പ്ലെയ്നർ

MORE VIDEOS
FROM ONMANORAMA