ഉശിരുള്ള ഉബുണ്ടു

HIGHLIGHTS
  • ഐടി@സ്കൂളിന്റെ ഓപ്പറേറ്റിങ് സിസ്റ്റം ഉബുണ്ടു അടിസ്ഥാനമാക്കി നിർമിച്ചതാണ്
history-of-ubuntu-software
SHARE

ഉബുണ്ടു 21.10 ഓപ്പറേറ്റിങ് സിസ്റ്റം പുറത്തിറങ്ങിയെന്ന വാർത്ത നിങ്ങൾ കേട്ടിട്ടുണ്ടാകുമല്ലോ... നമ്മുടെ സ്കൂളുകളിൽ ഉപയോഗിക്കുന്ന ഐടി@സ്കൂളിന്റെ ഓപ്പറേറ്റിങ് സിസ്റ്റം ഉബുണ്ടു അടിസ്ഥാനമാക്കി നിർമിച്ചതാണ്. ഒരു കംപ്യൂട്ടറിനു രണ്ട് പ്രധാന ഘടകങ്ങൾ ആണ് ഉള്ളത് – ഹാർഡ്‌വെയറും സോഫ്റ്റ്‌വെയറും. കംപ്യൂട്ടറിന്റെ സ്ക്രീൻ, കീബോർഡ്, മൗസ് തുടങ്ങി ഭൗതികമായി കാണാനും തൊടാനും കഴിയുന്ന ഘടകങ്ങളെയാണു ഹാർഡ്‌വെയർ എന്നു പറയുന്നത്. ഈ ഉപകരണങ്ങൾ എങ്ങനെ പ്രവർത്തിക്കണമെന്നു തീരുമാനിക്കുന്നതു കംപ്യൂട്ടറിലെ സോഫ്റ്റ്‌വെയർ ആണ്. സോഫ്റ്റ്‌വെയറിനെ കാണാൻ കഴിയില്ല, നമ്മുടെ മനസ്സ് പോലെ. മനസ്സ് നമ്മുടെ ശരീരത്തെ നിയന്ത്രിക്കുന്നതു പോലെ കംപ്യൂട്ടറിന്റെ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നതു സോഫ്റ്റ്‌വെയറാണ്.

സോഫ്റ്റ്‌വെയറുകളെ പ്രധാനമായും രണ്ടായി തിരിക്കാം. 

1. സിസ്റ്റം സോഫ്റ്റ്‌വെയർ 

2. ആപ്ലിക്കേഷൻ സോഫ്റ്റ്‌വെയർ

ഏതെങ്കിലും ഒരു പ്രത്യേക ആവശ്യത്തിനു വേണ്ടി ഉള്ള സോഫ്റ്റ്‌വെയറുകളാണ് ആപ്ലിക്കേഷൻ സോഫ്റ്റ്‌വെയറുകൾ. ഉദാഹരണത്തിനു വെബ്സൈറ്റ് ബ്രൗസ് ചെയ്യാൻ ഉപയോഗിക്കുന്ന ബ്രൗസർ, കത്ത് ടൈപ്പ് ചെയ്യാൻ ഉദ്ദേശിക്കുന്ന വേഡ് പ്രോസസർ, വിവിധ ഗെയിമുകൾ തുടങ്ങി ഫോണുകളിലുള്ള വാട്സാപ്പും ഫെയ്സ്ബുക്കും വരെ ആപ്ലിക്കേഷൻ സോഫ്റ്റ്‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌വെയറുകളാണ്. കംപ്യൂട്ടറിന്റെ പൊതുവായ പ്രവർത്തന മേൽനോട്ടത്തിനു വേണ്ടി ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയർ ആണു സിസ്റ്റം സോഫ്റ്റ്‌വെയർ. ഏറ്റവും പ്രധാനപ്പെട്ട സിസ്റ്റം സോഫ്റ്റ്‌വെയർ ആണ് ഓപ്പറേറ്റിങ് സിസ്റ്റം (ഒഎസ്).സാധാരണഗതിയിൽ ഓപ്പറേറ്റിങ് സിസ്റ്റത്തെയാണു സിസ്റ്റം സോഫ്റ്റ്‌വെയർ എന്ന പദം കൊണ്ടു സൂചിപ്പിക്കുന്നത്. എന്നാൽ ഓപ്പറേറ്റിങ് സിസ്റ്റം അല്ലാത്ത സിസ്റ്റം സോഫ്റ്റ്‌വെയറുകളും ഉണ്ട് എന്നും മനസ്സിലാക്കണം.

ലിനക്സ് തന്നെ പലത്

ഉബുണ്ടു, ഡെബിയൻ, ഫെഡോറ, റെഡ് ഹാറ്റ്, സെന്റ് ഒഎസ്, സൂസി ലിനക്സ്, ഭാരത് ഓപ്പറേറ്റിങ് സിസ്റ്റം എന്നിവയെല്ലാം ലിനക്സിന്റെ തന്നെ വകഭേദങ്ങളാണ്.

ഉബുണ്ടു ലോകം

ഇംഗ്ലണ്ടിലെ കാനോനിക്കൽ എന്ന കമ്പനിയാണ് ഉബുണ്ടു വികസിപ്പിച്ചെടുത്തത്. ഇവരെ കൂടാതെ ഒട്ടേറെ സോഫ്റ്റ്‌വെയർ ഡവലപ്പർമാരും സൗജന്യമായി ഉബണ്ടുവിലേക്കു സംഭാവന ചെയ്യുന്നു. ഡെബിയൻ എന്ന ലിനക്സിൽ പരിഷ്കാരങ്ങൾ വരുത്തിയാണ് ഉബുണ്ടു ഉണ്ടാക്കിയത്. ഉബുണ്ടുവിൽ മാറ്റങ്ങൾ വരുത്തിയാണു നമ്മുടെ ഐടി@സ്കൂൾ ഓപ്പറേറ്റിങ് സിസ്റ്റം നിർമിച്ചത്.

‘ഞാൻ ഉള്ളത് നമ്മൾ ഉള്ളതുകൊണ്ടാണ്, മനുഷ്യത്വം മറ്റുള്ളവരോടും’ എന്നതാണ് ഉബുണ്ടു തത്വശാസ്ത്രം. 2004ലാണ് ഉബുണ്ടുവിന്റെ ആദ്യ പതിപ്പ് ഇറക്കിയത്. എല്ലാ ആറുമാസം കൂടുമ്പോഴും ഉബുണ്ടു പുതിയ പതിപ്പ് ഇറക്കും. ഒരു പതിപ്പ് ഇറക്കി കുറച്ചുനാൾ ഉപയോഗിക്കുപ്പോൾ ചില പോരായ്മകൾ അനുഭവപ്പെട്ടു തുടങ്ങും. ആ പോരായ്മകൾ പരിഹരിച്ചു പുതിയ പതിപ്പ് ഇറക്കും. മറ്റ് ഒഎസുകളും ഇടയ്ക്കിടെ പുതിയ പതിപ്പ് ഇറക്കാറുണ്ട്.

ഉബുണ്ടുവിലെ ഓരോ പതിപ്പിനും ഓരോ പേര് ഉണ്ടാകും. ഒരേ അക്ഷരത്തിൽ തുടങ്ങുന്ന രണ്ട് ഇംഗ്ലിഷ് വാക്കുകൾ ചേ‍ർന്നതാകും പതിപ്പിന്റെ പേര്. ആദ്യത്തെ വാക്ക് ഒരു വിശേഷണവും രണ്ടാമത്തെ വാക്ക് ഒരു മൃഗത്തിന്റെ പേരും ആയിരിക്കും. ഇപ്പോൾ ഇറങ്ങിയ പതിപ്പിന്റെ പേര് impish indri എന്നാണ്. Impish എന്നുവച്ചാൽ  വികൃതിയായ എന്നർഥം.  indri എന്നാൽ മഡഗാസ്കറിൽ കാണുന്ന കുരങ്ങിനോട് സാദൃശ്യം ഉള്ള ഒരു ജീവിയാണ്.. കുരങ്ങുവർഗം തന്നെ.. 

കൂടാതെ ഇറങ്ങിയവർഷം, ഇറങ്ങിയ മാസം എന്നതിന്റെ അടിസ്ഥാനത്തിൽ ഉബുണ്ടു അതിന്റെ പതിപ്പിനെ പറയാറുണ്ട്. ഉദാഹരണത്തിന് 21.10 എന്ന പതിപ്പ് 2021 പത്താം മാസത്തിലാണ് ഇറങ്ങിയത്. ഓരോ നാലാമത്തെ പതിപ്പിനും long term evolution എന്നാണു പറയുക. രണ്ടു വർഷം കൂടുമ്പോൾ പുറത്തിറക്കും.

ഓപ്പറേറ്റിങ് സിസ്റ്റം (ഒഎസ്)

മറ്റു സോഫ്റ്റ്‌‌വെയറുകൾക്കു പ്രവർത്തിക്കാനാവശ്യമായ സാഹചര്യം ഒരുക്കുകയാണു ഒഎസ് ചെയ്യുന്നത്. ഓരോ കമ്പനിക്കും അനുസരിച്ച് ഒഎസിൽ മാറ്റങ്ങൾ കാണും. നമുക്കു പരിചിതമായ ചില കമ്പനികളുടെ ഓപ്പറേറ്റിങ് സിസ്റ്റങ്ങൾ നോക്കാം.

∙ മൈക്രോസോഫ്റ്റ് വിൻഡോസ് ( Windows XP, windows 7, 8, 10)

∙ ലിനക്സ്, യുനിക്സ്, ആൻഡ്രോയ്ഡ്

∙ ആപ്പിൾ മാക് ഒഎസ്

ഓപ്പൺസോഴ്സ് – ക്ലോസ്ഡ് സോഴ്സ് സോഫ്റ്റ്‌വെയറുകൾ

നിങ്ങൾ ഒരു ഹോട്ടലിൽ ബിരിയാണി കഴിക്കാൻ കയറുന്നു എന്നു കരുതുക. നിങ്ങൾ പണം കൊടുത്തു ബിരിയാണി വാങ്ങി. ബിരിയാണിയുടെ റെസിപ്പി നിങ്ങൾക്ക് തരാൻ അവർ തയാറായാൽ അതിനെ നമ്മൾ ഓപ്പൺ സോഴ്സ് എന്നു പറയാം. അതായത് നിങ്ങൾ വാങ്ങിയ സോഫ്റ്റ്‌വെയറിൽ എന്തു മാറ്റം വരുത്താനും നിങ്ങൾക്ക് അനുവാദമുണ്ടായിരിക്കും. ആവശ്യങ്ങൾക്കനുസരിച്ചു സോഫ്റ്റ്‌വെയർ രൂപപ്പെടുത്തിയെടുക്കാൻ കഴിയും.

ചില കമ്പനികൾ സോഫ്റ്റ്‌വെയർ എങ്ങനെ നിർമിച്ചെന്ന രഹസ്യം പൊതുജനത്തിനു പങ്കുവയ്ക്കാൻ തയാറാകില്ല. അത്തരം സോഫ്റ്റ്‌വെയറുകളാണു ക്ലോസ്ഡ് സോഴ്സ്. ഉദാഹരണം: വിൻഡോസ്.

ഫ്രീ – പ്രൊപ്രൈറ്ററി സോഫ്റ്റ്‌വെയറുകൾ

ഒരു സോഫ്റ്റ്‌വെയർ ഉപയോഗിക്കണമെങ്കിൽ അതുണ്ടാക്കിയ ആൾക്കു പണം കൊടുക്കണമെങ്കിൽ അതിനു നമ്മൾ പ്രൊപ്രൈറ്ററി സോഫ്റ്റ്‌വെയർ എന്നു പറയുന്നു. പണം വാങ്ങാതെ ഉപയോഗിക്കാൻ നൽകുന്നവ ഫ്രീ സോഫ്റ്റ്‌വെയർ എന്നും പറയും. മിക്ക ലിനക്സ് സോഫ്റ്റ്‌വെയറുകളും ഫ്രീ, ഓപ്പൺ സോഴ്സ് ആണ്.

English summary: History of Ubuntu software

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN PADHIPURRA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മരക്കാർ കാവലിന് ഭീഷണിയാകുമോ? | Nithin Renji Panicker | Ranjin Raj | Rachel David

MORE VIDEOS
FROM ONMANORAMA