ADVERTISEMENT

കൊടുംശൈത്യവും ഭക്ഷണദൗർലഭ്യവും അതിജീവിക്കുവാൻ പതിനായിരക്കണക്കിനു കിലോമീറ്റർ സഞ്ചരിക്കുന്ന പക്ഷികളുടെ ദേശാടനം ഒരു അദ്ഭുത പ്രതിഭാസമാണ്. ലോകമാകെയുള്ള ഏകദേശം  12,000 വ്യത്യസ്ത സ്പീഷീസ് പക്ഷികളിൽ നാലായിരത്തോളം സ്പീഷീസുകൾ ദേശാടനം നടത്തുന്നവയാണ്.

നിർത്താതെ പറന്ന വരവാലൻ ഗോഡ്‌വിറ്റ് 

ആർട്ടിക് ഉൾപ്പെടുന്ന വടക്കൻ ശൈത്യമേഖലകളിൽ വസിക്കുന്ന ദേശാടനപ്പക്ഷിയാണ് വരവാലൻ ഗോഡ്‌വിറ്റ്(Bar-tailed Godwit). ഗോഡ്‌വിറ്റുകളുടെ ദേശാടനത്തെക്കുറിച്ച് 2020ൽ ഒരു പഠനം നടന്നു. സെപ്റ്റംബർ 16ന് വടക്കേ അമേരിക്കയിലെ അലാസ്കയിൽ നിന്ന് പറക്കാൻ ആരംഭിച്ച ഗോഡ്‌വിറ്റ് പസിഫിക് സമുദ്രത്തിനു മുകളിലൂടെ തെക്കേ ദിക്കിലേക്കു സഞ്ചരിച്ച് 11 ദിവസംകൊണ്ട് ന്യൂസീലൻഡിലെ ഓക്‌ലാന്റ് തീരത്ത് എത്തി. 12,200 കിലോമീറ്റർ ദൂരം അതു പിന്നിട്ടിരുന്നു. രാത്രിയും പകലും തുടർച്ചയായി, ഭക്ഷണവും ജലവും ഒഴിവാക്കി, നിർത്താതെ തുടർച്ചയായ പറക്കൽ. മണിക്കൂറിൽ 89 കിലോമീറ്റർ വേഗത്തിൽ പോലും ഗോഡ്‌വിറ്റ് പറന്നിരുന്നു. ലോകത്ത് തുടർച്ചയായി ഏറ്റവും കൂടുതൽ ദൂരം പറന്ന് ദേശാടനം നടത്തിയത് അങ്ങനെ ഗോഡ്‌വിറ്റ് പക്ഷികളായി മാറി.

ആർട്ടിക് ടേണിന്റെ മഹായാനം

ദേശാടനപ്പക്ഷികളിൽ ഏറ്റവും കൂടുതൽ ദൂരം സഞ്ചരിക്കുന്ന പക്ഷിയാണ് കേവലം 150 ഗ്രാമിൽ താഴെ ശരീരഭാരമുള്ള ആർട്ടിക് ടേണുകൾ. ബ്രിട്ടനിലെ ന്യൂകാസിൽ യൂണിവേഴ്സിറ്റിയിലെ ഡോ. റിച്ചാർഡ് ബെവന്റെ നേതൃത്വത്തിൽ 2015ൽ ആർട്ടിക് ടേണിന്റെ സഞ്ചാരപഥത്തെ സംബന്ധിച്ച പഠനങ്ങൾ അദ്ഭുതാവഹമാണ്.29 ആർട്ടിക് ടേണുകളിൽ, സഞ്ചാരപാത മനസ്സിലാക്കുന്നതിനുള്ള ജിയോലൊക്കേറ്റേഴ്സ് ഘടിപ്പിച്ചായിരുന്നു പഠനം. ബ്രിട്ടന്റെ കിഴക്കൻ തീരത്ത് സ്ഥിതി ചെയ്യുന്ന ഫേൺ ഐലന്റിൽ നിന്ന്  2015 ജൂലൈ 25നു പക്ഷികൾ സഞ്ചാരം ആരംഭിച്ചു. അറ്റ്ലാന്റിക് മഹാസമുദ്രത്തിനു മീതെ തെക്ക് ദിശയിലേക്കു പറന്ന അവ 31 ദിവസത്തിനു ശേഷം ഓഗസ്റ്റ് 25നു ദക്ഷിണാഫ്രിക്കയുടെ തെക്കേ മുനമ്പിൽ എത്തി. അവിടെ നിന്ന് പിന്നീടു കിഴക്ക് ദിശയിലേക്കു പറന്ന് ഇന്ത്യൻ മഹാസമുദ്രത്തിനു മുകളിൽ പ്രവേശിച്ചു. ഒക്ടോബർ മുഴുവൻ അവ ഇന്ത്യൻ മഹാസമുദ്രത്തിലെ വിവിധ ദ്വീപുകളിൽ താവളമടിച്ചു. പിന്നീടു 3 ദിവസം തെക്കുദിശയിൽ പറന്ന് അന്റാർട്ടിക്കയുടെ തീരങ്ങളിൽ എത്തി.

migration-of-birds1
ആർട്ടിക് ടേണ്‍

അന്റാർട്ടിക് ഭൂഖണ്ഡത്തിൽ 3 മാസം ചെലവഴിച്ച് അന്റാർട്ടിക് മഹാസമുദ്രത്തിന്റെ തെക്കേ അറ്റമായ വെഡൽ കടലിലേക്ക് (Weddell sea) യാത്ര ആരംഭിച്ചു. വെഡൽ കടലിൽ 20 ദിവസം  ചെലവഴിച്ചശേഷം മാർച്ച് 24ന് മടക്കയാത്ര തുടങ്ങി. 42 ദിവസം സഞ്ചരിച്ച് അവ യാത്ര തുടങ്ങിയ ഫേൺ ഐലന്റിൽ തിരിച്ചെത്തി. 10 മാസം നീണ്ട ദേശാടനത്തിൽ 96000 കിലോമീറ്റർ ദൂരം അവ പിന്നിട്ടിരുന്നു. ചരിത്രത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന പക്ഷികളുടെ സഞ്ചാരദൂരങ്ങളിൽ ഏറ്റവും ദൈർഘ്യമുള്ള ദേശാടനമായിരുന്നു അത്.

ഹിമാലയത്തിനും മീതെ കുറിത്തലയൻ വാത്ത 

വർഷംതോറും 5000 കിലോമീറ്റർ ദൂരം വരെ ദേശാടനം നടത്തുന്ന പക്ഷികളാണ് Bar-headed goose എന്ന കുറിത്തലയൻ വാത്തകൾ. ശൈത്യകാലത്ത് മംഗോളിയയിലൂടെ ടിബറ്റ് കടന്നു വടക്കൻ ചൈനയിലൂടെ ഇന്ത്യയിൽ പ്രവേശിക്കുന്ന വാത്തകൾ‌ തെക്കൻ കേരളത്തിൽ വരെ സന്ദർശനം നടത്താറുണ്ട്. ഇന്ത്യയിലേക്കു പ്രവേശിക്കുന്നതിനായി 8000 മീറ്ററിനും മീതെ ഉയരത്തിൽ പറന്ന് അവ ഹിമാലയത്തെ മുറിച്ചു കടക്കുന്നു. ഹിമാലയത്തിലെ അതിശൈത്യത്തെയും അവിടെ വീശുന്ന മണിക്കൂറിൽ 300 കിലോമീറ്ററിൽ കൂടുതൽ വേഗമുള്ള ശക്തമായ ഹിമക്കാറ്റിനെയും അതിജീവിച്ചു പറക്കാൻ വാത്തകൾക്കു കഴിവുണ്ട്. ഓക്സിജൻ വെറും 10% ആയി പരിമിതപ്പെട്ടിരിക്കുന്ന ഹിമാലയൻ കൊടുമുടികളിലൂടെ അവ സുരക്ഷിതരായി പറക്കുന്നു. ഹെലികോപ്റ്ററിനു പോലും പറക്കാൻ സാധിക്കാത്ത ആ പ്രതികൂല സാഹചര്യങ്ങളിൽ ദിവസം 1600 കിലോമീറ്റർ ദൂരം വരെ കുറിത്തലയൻ വാത്തകൾ പറക്കുന്നതായി ചില പഠനങ്ങൾ സൂചിപ്പിക്കുന്നു.

മധ്യ ഏഷ്യൻ ആകാശപാത

വടക്കൻ ആർട്ടിക് മേഖലകളിലെ പ്രജനന സ്ഥലങ്ങളിൽ നിന്ന് ശൈത്യകാലത്ത് ദേശാടനപ്പക്ഷികൾ അന്റാർട്ടിക് ഭൂഖണ്ഡം ഉൾപ്പെടെയുള്ള തെക്കൻ ഭൂപ്രദേശങ്ങളിലേക്കു ദേശാടനം തുടങ്ങുന്നു. ഇത്തരത്തിൽ പക്ഷികൾ സഞ്ചരിക്കുന്ന ആകാശപ്പാതകളെ ‘ആകാശ ഗമന പാതകൾ’ അല്ലെങ്കിൽ ‘ഫ്ലൈവേസ്’ എന്നു പറയുന്നു. ലോകത്തിൽ അത്തരത്തിൽ 9 പ്രധാന ആകാശ ഗമനപാതകൾ ഉണ്ട്. ആർട്ടിക് മേഖലയിൽ നിന്ന് ഇന്ത്യൻ ഉപഭൂഖണ്ഡത്തിലേക്കു തുറക്കപ്പെടുന്ന ആകാശ ഗമന പാതയാണ് ‘മധ്യ ഏഷ്യൻ ആകാശ ഗമന പാത’. വടക്ക് സൈബീരിയ മുതൽ മാലദ്വീപ് വരെ മുപ്പതോളം രാജ്യങ്ങൾ ഇതിൽ ഉൾക്കൊള്ളുന്നു. പതിമൂവായിരത്തിലേറെ കിലോമീറ്റർ ദൂരം വരുന്ന മധ്യ ഏഷ്യൻ ഫ്ലൈവേയിലൂടെ ഇരുനൂറോളം വ്യത്യസ്ത സ്പീഷീസിൽപെടുന്ന ദശലക്ഷക്കണക്കിനു ദേശാടനപ്പക്ഷികൾ വർഷാവർഷം സഞ്ചരിക്കുന്നു. ഇന്ത്യയിൽ പ്രധാനമായും ദേശാടനപ്പക്ഷികൾ വിരുന്നെത്തുന്നതു മധ്യ ഏഷ്യൻ ഫ്ലൈവേയിലൂടെയാണ്.

ഇന്ത്യ–ദേശാടനപ്പക്ഷികളുടെ പറുദീസ

ഇന്ത്യയിൽ ദേശാടനപ്പക്ഷികൾ വിരുന്നെത്തുന്നത് പ്രധാനമായും സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിലാണ്. മുപ്പതോളം രാജ്യങ്ങളിൽ നിന്ന് പക്ഷികൾ ഇന്ത്യയിലെത്തുന്നു. ഏകദേശം  370 വ്യത്യസ്ത സ്പീഷീസ് പക്ഷികൾ ഇന്ത്യയിലെത്തുന്നുണ്ട്. ഫ്ലെമിംഗോ പക്ഷികൾ, ക്രെയിൻസ്, ബ്ലൂത്രോട്ട് ബേ‍ഡ്, ഗോഡ്‌വിറ്റ്, വാർബ്ലറുകൾ, ഏഷ്യൻ ബ്രൗൺ ഫ്ലൈക്യാച്ചർ, സാന്റ്പൈപ്പർ, ബ്ലൂ ടെയ്ൽഡ് ബീ ഈറ്റർ, വേഡർ പക്ഷികൾ തുടങ്ങിയവ ഇന്ത്യയിലെത്തുന്ന ദേശാടനപ്പക്ഷികളാണ്. കേരളത്തിൽ വർഷംതോറും നൂറ്റൻപതിലേറെ വ്യത്യസ്ത സ്പീഷീസ് പക്ഷികൾ ദേശാടനം നടത്തുന്നുണ്ട്. കേരളത്തിന്റെ സമൃദ്ധമായ നീർത്തട ആവാസവ്യവസ്ഥകളും വിശാല പാടശേഖരങ്ങളും ചതുപ്പുകളും കടൽതീരവും ദേശാടനപ്പക്ഷികളുടെ സന്ദർശനത്തിന് അനുകൂല ഘടകമാണ്. യൂറോപ്യൻ റോളർ, അമുർ ഫാൽക്കൺ തുടങ്ങിയ അപൂർവ ഇനം ദേശാടനപ്പക്ഷികളെ കേരളത്തിൽ പക്ഷിനിരീക്ഷകർ കണ്ടെത്തിയിട്ടുണ്ട്.

ദേശാടനപ്പക്ഷി ദിനം

ഒക്ടോബർ ഒൻപതാണു ലോക ദേശാടനപ്പക്ഷി ദിനം. ദേശാടന പക്ഷികളെ മനസ്സിലാക്കാനും അവ നേരിടുന്ന ഭീഷണികളെ ജനശ്രദ്ധയിലെത്തിക്കുന്നതിനും ദേശാന്തരങ്ങളില്ലാതെ ലോകം മുഴുവൻ സഞ്ചരിക്കുന്ന ദേശാടന പക്ഷികളുടെ സംരക്ഷണത്തിനായി ആഗോള കൂട്ടായ്മ അനിവാര്യമാണ് എന്ന സന്ദേശം ലോകശ്രദ്ധയിൽ എത്തിക്കുന്നതിനുമായി യുഎന്നിന്റെ നേതൃത്വത്തിൽ വർഷംതോറും ലോക ദേശാടന പക്ഷി ദിനം ആചരിക്കുന്നു. ‘‘പാടാം, ഉയർന്നു പറക്കാം, ഒരു പക്ഷിയെപ്പോലെ’’ എന്നായിരുന്നു 2021ലെ ലോക ദേശാടന പക്ഷി ദിനത്തിന്റെ സന്ദേശം.

English summary : Migration of birds

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com