ആഗോള വല; വിവിധ തരം നെറ്റ്‍‌വർക്കുകളെ അറിയാം

HIGHLIGHTS
  • ഒരു രാജ്യത്തെയോ, ഒട്ടേറെ രാജ്യങ്ങളിലെയോ നെറ്റ്‌വർക്കുകളുടെ കൂട്ടമാണ് WAN
internet-and-different-types-of-networks
SHARE

ഒരാൾക്കു ലോകത്തുള്ള മറ്റുള്ളളവരുമായി വിവരങ്ങൾ, സോഫ്റ്റ്‌വെയർ, ഹാർഡ്‌വെയർ എന്നിവ പങ്കുവയ്ക്കുന്നതിനു സഹായിക്കുന്ന, പരസ്പരം ബന്ധിപ്പിക്കപ്പെട്ട കംപ്യൂട്ടറുകളുടെയും ഉപകരണങ്ങളുടെയും ശൃംഖലയാണു കംപ്യൂട്ടർ നെറ്റ്‌വർക്.

വിവിധ തരം നെറ്റ്‍‌വർക്കുകൾ

PAN (പഴ്സനൽ ഏരിയ നെറ്റ്‌വർക്)

ഒരു വ്യക്തിയുടെ ഉപകരണങ്ങൾ തമ്മിൽ ബന്ധിപ്പിച്ചിരിക്കുന്നതിനെ സൂചിപ്പിക്കുന്നു. ഉദാ: ഫോണും കംപ്യൂട്ടറും ബന്ധിപ്പിക്കുന്നത്.

LAN (ലോക്കൽ ഏരിയ നെറ്റ്‌വർക്)

ചെറിയ മേഖല, അതായത് ഒരു ഓഫിസ്, കെട്ടിടം തുടങ്ങിയവയിലെ കംപ്യൂട്ടറുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന നെറ്റ്‌‌വർക്കുകളെ LAN എന്നു പറയുന്നു.

MAN (മെട്രോപ്പൊലിറ്റൻ ഏരിയ നെറ്റ്‌വർക്)

ഒരു നഗരത്തിലെ, അല്ലെങ്കിൽ ഐടി പാർക്കുകൾ പോലെയുള്ള ഒരു വലിയ കെട്ടിട സമുച്ചയത്തിലെ നെറ്റ്‌വർക്കുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന നെറ്റ്‌വർക്കാണിത്. ഉദാ: കേബിൾ ടിവി. ഒന്നിലധികം LANകളുടെ കൂട്ടമാണ് MAN

WAN ( വൈഡ് ഏരിയ നെറ്റ്‌വർക്)

ഒരു രാജ്യത്തെയോ, ഒട്ടേറെ രാജ്യങ്ങളിലെയോ നെറ്റ്‌വർക്കുകളുടെ കൂട്ടമാണ് WAN. ഉദാ: ഇന്റർനെറ്റ്. വലിയൊരു പ്രദേശത്തെ MANകളുടെ കൂട്ടമാണ് WAN എന്നും പറയാം.

ടോപ്പോളജി

നെറ്റ്‌വർക്കിൽ കംപ്യൂട്ടറുകളെയും മറ്റ് ഉപകരണങ്ങളെയും ഘടിപ്പിച്ചിരിക്കുന്ന രീതിയാണു ടോപ്പോളജി. ടോപ്പോളജികൾ വിവിധ തരമുണ്ട്. നെറ്റ്‌വർക്കിന്റെ പ്രവർത്തനം അനുസരിച്ചും ചെലവനുസരിച്ചുമാണ് ഏതു ടോപ്പോളജി വേണം എന്നു തീരുമാനിക്കുക. വിവിധ നെറ്റ്‌വർക്കുകളെ തമ്മിൽ ബന്ധിപ്പിക്കുന്നതിനു നെറ്റ്‌വർക് ടോപ്പോളജി എന്നു പറയും.

ട്രീ ടോപ്പോളജി

ഒരു ബസ് ടോപ്പോളജിയിൽ കംപ്യൂട്ടറുകൾക്കു പകരം മറ്റു നെറ്റ്‌വർക്കുകൾ ഉൾപ്പെടുത്തുന്നതിനെയാണു ട്രീ ടോപ്പോളജി എന്നു പറയുന്നത്. മരത്തിനു മുകളിലേക്കു പോകുമ്പോൾ ശാഖകൾ കൂടുതലാണല്ലോ, അതുപോലെ ട്രീ ടോപ്പോളജിയിൽ മുകളിലേക്കു പോകുമ്പോൾ ഒരു നിരയിലുണ്ടാകുന്ന കംപ്യൂട്ടറുകളുടെ എണ്ണവും കൂടും. എവിടെയെങ്കിലും വച്ചു ബന്ധം മുറിഞ്ഞാൽ രണ്ടു ട്രീ ടോപ്പോളജികളാകും ഉണ്ടാകുക. ലാൻഡ്‌ലൈനിന്റെയും മറ്റും കേബിളുകൾ ചിലയിടത്തു വച്ചു പലതായി പിരിഞ്ഞു കാണാറില്ലേ, അവയിൽ ചിലതു വീണ്ടും പിരിയും. അത്തരം നെറ്റ്‌വർക്കുകൾ ട്രീ ടോപ്പോളജിയാണ്.

മെഷ് ടോപ്പോളജി

നെറ്റ്‌വർക്കിലെ എല്ലാ കംപ്യൂട്ടറുകളും പരസ്പരം ബന്ധിപ്പിച്ചിരിക്കുന്ന ടോപ്പോളജി. എല്ലാ ഉപകരണങ്ങളും ബന്ധിപ്പിക്കപ്പെട്ടതിനാൽ ഒരു ഉപകരണമോ, കേബിളോ തകർന്നാലും നെറ്റ്‌വർക്കിന് ഒന്നും സംഭവിക്കില്ല. ഏറ്റവും വിശ്വാസയോഗ്യമായ നെറ്റ‌്‌വർക്കാണിത്. ഏറ്റവും ചെലവേറിയതും.

റിങ് ടോപ്പോളജി

വൃത്താകൃതിയിലുള്ള രൂപമാണിതിന്. കംപ്യൂട്ടറുകൾക്കു മറ്റൊന്നിലേക്കു രണ്ടു വശത്തുകൂടി വിവരങ്ങൾ കൈമാറാൻ സാധിക്കു. കേബിളിന് എന്തെങ്കിലും തകരാറുണ്ടായാൽ ബസ് ടോപ്പോളജിയിലേക്കു മാറും. ഒരു കംപ്യൂട്ടർ തകരാറിലാകുകയാണെങ്കിൽ മൊത്തം നെറ്റ്‌വർക്കും തകരും എന്നതാണു പോരായ്മ.

പോയിന്റ് ടു പോയിന്റ്

രണ്ടു കംപ്യൂട്ടറുകളെയോ ഉപകരണങ്ങളെയോ തമ്മിൽ ബന്ധിപ്പിച്ചുകൊണ്ടുള്ള നെറ്റ്‌വർക്കാണിത്. ചെറിയ കേബിൾ ഉപയോഗിച്ചു സ്കൂൾ ലാബിലെ രണ്ടു കംപ്യൂട്ടറുകളെ തമ്മിൽ ബന്ധിപ്പിക്കുന്നത് ഇതിന് ഉദാഹരണമാണ്. കേബിൾ കേടായാൽ കണക്‌ഷനും പോകും.

ബസ് ടോപ്പോളജി

ഒരു കേബിളിലേക്ക് ഒട്ടേറെ കംപ്യൂട്ടറുകളെ ഘടിപ്പിച്ചിരിക്കുന്ന രീതിയാണിത്. പുതിയ കംപ്യൂട്ടറുകൾ ഘടിപ്പിക്കാൻ എളുപ്പമാണ്. പക്ഷേ, തമ്മിൽ ബന്ധിപ്പിക്കുന്ന കേബിളിനു കേടുപാടു സംഭവിച്ചാൽ രണ്ടു നെറ്റ്‌വർക്കുകളായി മുറിയും. സാധാരണ ഓഫിസുകളിൽ ബസ് ടോപ്പോളജിയാണ് ഉണ്ടാകുക.

സ്റ്റാർ ടോപ്പോളജി

ഒരു കേന്ദ്രീകൃത സംവിധാനത്തിലേക്ക് എല്ലാ കംപ്യൂട്ടറുകളും ബന്ധിപ്പിച്ചരിക്കുന്ന രീതിയാണിത്. ഒരു കംപ്യൂട്ടറോ, അതിലേക്കുള്ള കേബിളോ തകരാറിലായാലും മറ്റുള്ളവ പ്രവർത്തനക്ഷമമായിരിക്കും. എന്നാൽ കേന്ദ്രീകൃത സംവിധാനം കേടായാൽ നെറ്റ്‌വർക് തകരാറിലാകും. ഒരു ഇന്റർനെറ്റ് കണക്‌ഷനിൽ ഒന്നിലേറെ ഉപകരണങ്ങൾ പ്രവർത്തിപ്പിക്കുന്നത് ഉദാഹരണം. സെർവർ ഉള്ള സ്ഥാപനങ്ങൾ സ്റ്റാർ ടോപ്പോളജിയിലാണു പ്രവർത്തിക്കുന്നത്. ഇവിടെ സെർവറാണു കേന്ദ്രീകൃത സംവിധാനം.

ഹൈബ്രിഡ് ടോപ്പോളജി

ഒന്നലധികം ടോപ്പോളജികൾ ഒരു നെറ്റ്‌വർക്കിൽ വരുന്നതിനെയാണു ഹൈബ്രിഡ് ടോപ്പോളജി എന്നു പറയുന്നത്. ഇന്നു ലോകത്തുള്ള മിക്ക നെറ്റ്‌വർക്കുകളും ഹൈബ്രിഡ് ടോപ്പോളജിയിലാണു പ്രവർത്തിക്കുന്നത്. ഉപയോഗത്തിനനുസരിച്ചു നെറ്റ്‌വർക്കുകളെ ഡിസൈൻ ചെയ്യാൻ കഴിയും എന്നതാണു ഹൈബ്രിഡ് ടോപ്പോളജിയുടെ ഗുണം.

English summary : Internet and different types of networks

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN PADHIPURRA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മരക്കാർ കാവലിന് ഭീഷണിയാകുമോ? | Nithin Renji Panicker | Ranjin Raj | Rachel David

MORE VIDEOS
FROM ONMANORAMA