ADVERTISEMENT

നിറഞ്ഞിരിക്കുന്ന പാത്രത്തിലേക്കു വീണ്ടും എന്തെങ്കിലും ഇടാനോ വാതിലടച്ച മുറിയിലേക്ക് ആർക്കും കയറിച്ചെല്ലാനോ ആകില്ലല്ലോ. അതുപോലെയാണു നമ്മുടെ മനസ്സും. എല്ലാം അറിയുമെന്നും എല്ലാം തികഞ്ഞെന്നും വിശ്വസിക്കുന്ന മനസ്സിലേക്കും ബുദ്ധിയിലേക്കും പുതിയ കാര്യങ്ങൾക്കോ മാറ്റങ്ങൾക്കോ തരിമ്പും കടക്കാനാകില്ല. മുൻവിധികളും കടുംപിടിത്തങ്ങളും നമ്മുടെ വളർച്ച മുരടിപ്പിക്കും എന്ന് അർഥം. ഇന്ന്, ഇതാ ഇപ്പോൾ ഹൃദയത്തിന്റെയും ബുദ്ധിയുടെയും വാതിലുകൾ തുറക്കാം, ആ പാത്രങ്ങൾ നിറഞ്ഞു തൂവിയാണിരിക്കുന്നതെങ്കിൽ ചിലതിനെ എടുത്തു മാറ്റി പുതിയ ചിന്തകൾക്കും ആശയങ്ങൾക്കും വഴിയൊരുക്കാം. പതിരുകളെല്ലാം മാറ്റി നല്ലതിനെക്കൊണ്ടു നമ്മെ നിറയ്ക്കാം. 

ഇതെല്ലാം എന്തിനാണെന്നോ? സ്വയം പുതുക്കാൻ. മറ്റൊരാൾ ആയി മാറണമെന്ന് ആഗ്രഹിക്കുന്നതോ മറ്റുള്ളവരുമായി അനാവശ്യമായി മത്സരിക്കുന്നതോ അല്ല നമ്മുടെ വഴി. ശക്തിയും ദൗർബല്യവും സ്വയം തിരിച്ചറിയാം. ശക്തികളെ കൂടുതൽ ശക്തമാക്കാനും ദൗർബല്യങ്ങൾ പരിഹരിക്കാനുള്ള ശ്രമങ്ങളും ആകാം. അങ്ങനെ നമ്മുടെ തന്നെ പുതിയ വേർഷനെ സൃഷ്ടിക്കാം. അതെ, മികച്ച, പുതിയ ഞാൻ! കണ്ടിട്ടില്ലേ, കംപ്യൂട്ടറുകളിലും മറ്റും ഓപ്പറേറ്റിങ് സിസ്റ്റങ്ങളുടെ പുതിയ വേർഷനുകൾ വരുന്നത്.  അങ്ങനെയാണിതും, നമ്മുടെ സിസ്റ്റത്തെ കൂടുതൽ മെച്ചപ്പെടുത്തുക. അതിന് ഇതാ ചില വഴികൾ

സെൽഫ് ജേണലിങ് 

ഓരോ ദിവസത്തെയും സംഭവങ്ങൾ വിശദമായി കുറിക്കുന്നതാണു ഡയറിയെഴുത്തെങ്കിൽ സ്വയം വരുത്തേണ്ട മാറ്റങ്ങളിൽ  ഊന്നിയുള്ള വാചകങ്ങളും കുറിപ്പുകളും കോറിയിടുന്നതാണു സെൽഫ് ജേണലിങ്. കൊച്ചുകുട്ടികൾ മുതൽ ഏതു പ്രായക്കാർക്കും ഇത്തരം ജേണലിങ് ബുക്കുകളും ഡയറികളും വാങ്ങാൻ കിട്ടും. പ്രായത്തിന് അനുസരിച്ചു കുറിപ്പെഴുതാനുള്ള മാർഗനിർദേശങ്ങളും അതിൽ ഉണ്ടാകും.

 

ജേണൽ ബുക്ക് നമുക്ക് സ്വയം ഉണ്ടാക്കുകയും ചെയ്യാം. ഇഷ്ടമുള്ള ബുക്ക് തിരഞ്ഞെടുത്ത് ഒന്നാം പേജിൽ ‘പുതിയ ഞാൻ’ എന്നു കുറിക്കാം. പുതിയ എന്നതിനു ശേഷം സ്വന്തം പേരും എഴുതാം കേട്ടോ. തുടർന്നുള്ള പേജിൽ, നമ്മുടെ 10 മികവുകളും സ്വയം നമുക്ക് മാറ്റേണ്ടതായി തോന്നുന്ന 10 കാര്യങ്ങളും എഴുതാം.

 

ദിവസവും ഒരു നല്ല കാര്യമെങ്കിലും ചെയ്യും, തെറ്റു ചെയ്താൽ സോറി പറയുകയും തിരുത്തുകയും ചെയ്യും, പുതിയ ഹോബി തുടങ്ങും, പുസ്തക വായന ആരംഭിക്കും, ദിവസവും വ്യായാമം ചെയ്യും, ജങ്ക് ഫുഡ് ഒഴിവാക്കും, നഖംകടി മാറ്റും– തുടങ്ങി ചെയ്യാനുദ്ദേശിക്കുന്ന ഏതു കാര്യവും അടുത്ത പേജിൽ എഴുതാം. 

 

തിങ്കൾ, ചൊവ്വ, ബുധൻ, വ്യാഴം, വെള്ളി, ശനി, ഞായർ എന്നിങ്ങനെ പേജുകളെ വിഭജിക്കുകയാണ് അടുത്തപടി. ദിവസവും രാവിലെ ആദ്യം ചില ‘സ്വയം സ്നേഹക്കുറിപ്പുകൾ’ എഴുതാം. ഞാൻ നല്ലകുട്ടിയാണ്, കൂടുതൽ നല്ലയാളായി മാറാൻ ശ്രമിക്കും. സത്യസന്ധരായിരിക്കും, ചുറ്റുമുള്ളവരോടു സ്നേഹവും കരുണയും ഉള്ളവരാകും എന്നിങ്ങനെ. സെൽഫ് മോട്ടിവേഷൻ എന്നാണിതിനെ പറയുക. സ്വയം പ്രചോദിപ്പിക്കുക എന്നർഥം. 

 

പിന്നീട് അന്നു ചെയ്യാനുദ്ദേശിക്കുന്ന എന്തെങ്കിലും കാര്യം എഴുതാം. രാത്രി കിടക്കും മുൻപ് ഈ കാര്യങ്ങൾ ചെയ്തോ ഇല്ലയോ എന്നു കുറിക്കാം. ഇതുകൊണ്ടൊക്കെ എന്താണു മെച്ചമെന്നാണോ? സ്വയം വിലയിരുത്തിയും തിരുത്തിയും മുന്നേറുമ്പോൾ ആത്മവിശ്വാസം വർധിക്കും. ലക്ഷ്യങ്ങൾക്കു വ്യക്തതയും വ്യക്തിത്വത്തിനു തിളക്കവുമുണ്ടാകും. ‘ഞാൻ മാത്രമാണ് ശരി’ , ‘എല്ലാം ഞാൻ പറയുന്നതു പോലെ മാത്രം നടക്കണം’ തുടങ്ങിയ തെറ്റായ കാഴ്ചപ്പാടുകൾ മാറുകയും ചെയ്യും. 

 

എന്റെ ‘ഉബുണ്ടു’

കൂട്ടുകാർ ഉബുണ്ടു എന്നു കേട്ടിട്ടുണ്ടോ? സ്നേഹവും കൂട്ടായ്മയും നല്ല ചങ്ങാത്തങ്ങളുടെ കെട്ടുറപ്പുമാണു ജീവിതത്തിൽ ഏറ്റവും വേണ്ടതെന്നു നമ്മെ ഓർമിപ്പിക്കുന്ന ആഫ്രിക്കൻ ജീവിതചിന്തയാണിത്. I am because we are എന്ന് ആണ് ഇതിന്റെ അർഥം. അതായത്, ഞാൻ ഉള്ളത് നമ്മൾ ഉള്ളതുകൊണ്ടാണെന്ന്. ആർക്കും ഒറ്റയ്ക്കു നിലനിൽപില്ലെന്ന് അടിവരയിടുന്ന വാചകമാണല്ലോ ഇത്. തുറന്ന കാഴ്ചപ്പാടും പരസ്പര ബഹുമാനവും  പരിഗണനയും പങ്കുവയ്ക്കലും ആരോഗ്യകരമായ സാമൂഹിക ജീവിതവും അതു നൽകുന്ന സുരക്ഷിതത്വവും മനുഷ്യന് അനിവാര്യം. 

 

നല്ല സൗഹൃദങ്ങൾ തന്നെയാണ് ഇതിന്റെ ആദ്യപടി. പഠനകാലമാണല്ലോ നമുക്ക് ഏറ്റവുമധികം കൂട്ടുകാരെ തരുന്നത്. അവൻ എന്റെ ബെസ്റ്റ് ഫ്രണ്ടാണ്, അവൾ എന്റെ ബെസ്റ്റ് ഫ്രണ്ടാണ് എന്നു പറയുമ്പോഴുള്ള സന്തോഷം ഒന്നു വേറെതന്നെ. ചങ്ങാത്തം നല്ലതാണെന്നതു പോലെ തെറ്റായ കൂട്ടുകെട്ടുകൾ നമ്മെ മോശമായി സ്വാധീനിക്കുകയും ചെയ്യുമെന്നോർക്കാം. നമ്മൾ എന്തു ചെയ്താലും കൂടെ നിൽക്കുന്നവരല്ല യഥാർഥ സുഹൃത്തുക്കൾ. തെറ്റിലേക്കു പോകാതെ, നമ്മെ കൈവിടാതെ കാക്കുന്നവർ കൂടിയാകണം. 

 

‘ നിന്റെ കൂട്ടുകാരെ നോക്കിയാൽ അറിയാം, നീ ആരാണെന്ന്’ എന്ന വാചകം   ഹൃദയത്തിൽ കുറിച്ചിടാം. 

 

എന്റെ വിനോദം, എന്റെ ഹരം

 

രസകരമായ എന്തെങ്കിലും വിനോദം (ഹോബി) വളർത്തിയെടുക്കാം. ചിലർക്കു വായനയും മറ്റു ചിലർക്ക് കളിപ്പാട്ട നിർമാണവും വേറെ ചിലർക്ക് സിനിമാപ്പാട്ടുകൾ എഴുതിവയ്ക്കലുമൊക്കെയാകാം ഹരം. ഓരോരുത്തരും ഇഷ്ടമുള്ളതു കണ്ടെത്തൂ. നിങ്ങളുടെ വേറിട്ട വിനോദങ്ങളെക്കുറിച്ച് പഠിപ്പുരയ്ക്കു കത്തുകളെഴുതാം കേട്ടോ. 

 

മാനസിക ഉല്ലാസത്തിനു പുറമേ, പല പുത്തനറിവുകളും വിനോദങ്ങൾ നമുക്കു നൽകും. ഭാവനയും ശ്രദ്ധയും ഏകാഗ്രതയും വർധിക്കാനും അലസതയെ പടിക്കുപുറത്താക്കാനും വിനോദങ്ങളെപ്പോലെ മിടുക്ക് മറ്റൊന്നിനുമില്ല. 

 

എന്റെ മണ്ണ്, എന്റെ വായു, എന്റെ വെള്ളം

 

ചുറ്റുപാടുകളിലേക്ക് ഇറങ്ങിച്ചെല്ലുന്നത് സ്വയം മികവുറ്റവരാകുന്നതിന്റെ സുപ്രധാന ഏണിപ്പടിയാണെന്നു മറക്കല്ലേ. നമ്മുടെ മണ്ണും വെള്ളവും വായുവും മലിനമാകാതെ സംരക്ഷിക്കാൻ കുട്ടികൾ മുന്നിട്ടിറങ്ങിയാൽ സാധ്യമാകുമെന്നുറപ്പ്. വനങ്ങളും പുഴകളും തോടും പാടവും നശിക്കുന്നതു കൊണ്ടുള്ള കാലാവസ്ഥാ വ്യതിയാനം ലോകത്തെയാകെ ഭീതിപ്പെടുത്തുന്ന കാലമാണിത്. മരങ്ങൾ നട്ടുപിടിപ്പിച്ചും ഭൂമിയെ രക്ഷിക്കാനുള്ള പ്രവർത്തനങ്ങൾക്കു തുടക്കമിട്ടും നമുക്കിതിനു പരിഹാരം കാണണം. ഗ്രെറ്റ ട്യുൻബെർഗ് എന്ന  പെൺകുട്ടി ലോകമറിയുന്ന പരിസ്ഥിതി പ്രവർത്തകയായതു നിങ്ങൾക്കറിയാമല്ലോ. 

 

എന്റെ വായന

 

വയറിനു ഭക്ഷണമെന്നതു പോലെ മനസ്സിന്റെ വളർച്ചയ്ക്കുള്ള പോഷകാഹാരങ്ങളിൽ ഒന്നാണു വായന. മികച്ച പുസ്തകങ്ങൾ ചിന്തകളെയും കാഴ്ചപ്പാടുകളെയും ഉണർത്തും. ദിവസവും പത്രവായന ശീലമാക്കുന്നത് അറിവു വർധിപ്പിക്കുകയും ചുറ്റുപാടും നടക്കുന്ന കാര്യങ്ങളെക്കുറിച്ചുള്ള ബോധ്യം വളർത്തുകയും ചെയ്യും. പത്രത്തിലെ പ്രധാന വാർത്തകളും വിവരങ്ങളും കുറിച്ചു വയ്ക്കുന്നത് വിവിധ പരീക്ഷകൾക്കു മാത്രമല്ല, പ്രസംഗ, ഉപന്യാസ മത്സരങ്ങൾക്കുൾപ്പെടെ പ്രയോജനകരമാകും. ഒരു ഖണ്ഡിക എങ്കിലും ഉറക്കെ വായിക്കുന്നത് സ്ഫുടത ഉറപ്പിക്കാനും സഹായിക്കും. 

 

എന്റെ ആരോഗ്യം, നമ്മുടെ ആരോഗ്യം

 

കോവിഡ് പഠിപ്പിച്ച ആരോഗ്യപാഠങ്ങൾ മറക്കല്ലേ. മാസ്ക് ധരിക്കാനും അകലം പാലിക്കാനും സോപ്പിട്ടു കൈകഴുകാനും സാനിറ്റൈസർ ഉപയോഗിക്കാനും സ്വയം ഓർക്കാം. കൂട്ടുകാരെ ഓർമിപ്പിക്കാം. സ്കൂളിൽ നിന്നു വന്നാലുടൻ കുളിച്ച് വസ്ത്രം മാറാൻ ശ്രദ്ധിക്കാം. ജങ്ക്, ഫാസ്റ്റ് ഫൂഡ് ഒഴിവാക്കി നല്ല ഭക്ഷണം ശീലിക്കാം. ശരീരത്തിന് ആയാസം കിട്ടുന്ന രീതിയിൽ ഓടിക്കളിക്കുകയും വേണം. പൊതുസ്ഥലത്ത് മാലിന്യവും പ്ലാസ്റ്റിക്കും വലിച്ചെറിഞ്ഞും തുപ്പിയും  രോഗം പടർത്താതിരിക്കാം. വീട്ടിലുള്ളവർക്കും നല്ല ആരോഗ്യശീലങ്ങൾ പറഞ്ഞുകൊടുക്കണേ. 

 

എന്റെ നന്മ, നമ്മുടെ നന്മ

 

നമ്മുടെ കൂട്ടുകാർക്കിടയിൽ തന്നെ ഉണ്ടാകും വളരെ കഷ്ടപ്പെട്ടു ജീവിക്കുന്നവർ. പുതിയ ഉടുപ്പോ നല്ല ആഹാരമോ കിട്ടാത്തവർ. അവരോടു സഹതാപം കാട്ടുകയല്ല, നാമെല്ലാം ഒറ്റക്കെട്ടാണെന്ന ആത്മവിശ്വാസം കൊടുത്ത് ചേർത്തു നിർത്തുകയാണു വേണ്ടത്. നമുക്കു കിട്ടിയിട്ടുള്ള അനുഗ്രഹങ്ങൾ പങ്കുവയ്ക്കാനും ചുറ്റുമുള്ളവരെ സഹായിക്കാനും കഴിയുന്ന കുട്ടികൾ നാടിന്റെ എത്ര വലിയ സമ്പത്താണെന്നോ. അനാഥരെയും അഗതികളെയും സന്ദർശിക്കാനും സമയം കണ്ടെത്താം. വീട്ടിലെ ജോലികൾ കുടുംബാംഗങ്ങൾ എല്ലാവരും ഒരുമിച്ച് ഏറ്റെടുത്തു ചെയ്യാം.

English Summary : School reopening and new beginnings

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com