ഇന്ത്യയുടെ പക്ഷിമനുഷ്യൻ: ഓർമകളുടെ ചിറകടികൾ

HIGHLIGHTS
  • കാടും പുഴയുമെല്ലാം താണ്ടി ആയിരക്കണക്കിനു കിലോമീറ്റർ അദ്ദേഹം സഞ്ചരിച്ചു
salim-ali-the-birdman-of-india
സാലിം അലി
SHARE

പക്ഷികൾക്കായി പകുത്തുകൊടുത്തതായിരുന്നു സാലിം മൊഹിയുദ്ദീൻ അബ്ദുൽ അലിയുടെ ജീവിതം. കുട്ടിക്കാലത്ത് അമ്മാവനെപ്പോലെ ശിക്കാരിയാവുന്നതു സ്വപ്നം കാണുകയും സമ്മാനമായി കിട്ടിയ എയർ ഗൺ കൊണ്ട് കുരുവികളെ വീഴ്ത്തുകയും ചെയ്ത സാലിം അലി മുതിർന്നപ്പോൾ പക്ഷിനിരീക്ഷണത്തിന്റെ വഴിയാണ് തിരഞ്ഞെടുത്തത്. വംശനാശത്തിന്റെ വക്കത്തു നിന്ന് അപൂർവങ്ങളായ ഒട്ടേറെ ഇനം പക്ഷികളെ അതിജീവനവഴിയിലേക്കു തിരിച്ചുകൊണ്ടുവരാൻ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾക്കായി. 

മുംബൈയിലെ ധനികകുടുംബത്തിൽ 1896 നവംബർ 12നാണ് അദ്ദേഹം ജനിച്ചത്. കുട്ടിക്കാലത്തേ ഉപ്പയെയും ഉമ്മയെയും നഷ്ടമായി. ബന്ധുവാണ് ആ കുട്ടിക്കു തണലായത്. ഒരു ബിരുദം പോലുമില്ലാതെ പഠനം അവസാനിപ്പിക്കേണ്ടിവന്ന സാലിമിന്റെ മനസ്സു മുഴുവൻ പക്ഷികളിലായിരുന്നു. വിവാഹം കഴിഞ്ഞതോടെ സ്വന്തമായി ഒരു വരുമാനം കണ്ടെത്താതെ തരമില്ലെന്നു വന്നു. ബർമയിലുള്ള സഹോദരന്റെ അടുത്തേക്കു പോയത് ജോലിക്കായാണ്. എന്നാൽ പക്ഷികളോടുള്ള ഭ്രമം അവിടെയും പിന്തുടർന്നു. കച്ചവടം തന്നെപ്പോലെ ഒരാൾക്കു പറഞ്ഞിട്ടുള്ളതല്ലെന്നു മനസ്സിലാക്കി ഇന്ത്യയിലേക്കു മടങ്ങിയ ആ ചെറുപ്പക്കാരൻ സുവോളജിക്കൽ സർവേ ഓഫ് ഇന്ത്യയിൽ ജോലിക്കു ശ്രമിച്ചെങ്കിലും യോഗ്യത തടസ്സമായി. ഒടുവിൽ പ്രിൻസ് ഓഫ് വെയിൽസ് മ്യൂസിയത്തിലാണ് ചേർന്നത്. ഉന്നതപഠനമില്ലെങ്കിൽ ചെറിയ ജോലിയിൽ ഒതുങ്ങിക്കൂടേണ്ടി വരുമെന്നു തിരിച്ചറിഞ്ഞ സാലിം ബർലിൻ സർവകലാശാലയിൽ പരിശീലനം നേടി. തിരിച്ചെത്തിയപ്പോഴും ജോലിയെന്ന സ്വപ്നം അകന്നുപൊയ്ക്കൊണ്ടിരുന്നു. കിഹിം എന്ന കടലോര ഗ്രാമത്തിൽ താമസിച്ച് അദ്ദേഹം പക്ഷിനിരീക്ഷണം തുടർന്നു. 

വിഖ്യാതമായ ബോംബെ നാച്ചുറൽ ഹിസ്റ്ററി സംഘടിപ്പിച്ച പക്ഷി സർവേയുടെ ഭാഗമായി. യാത്രകളിലും നിരീക്ഷണങ്ങളിലുമെല്ലാം ഭാര്യ തെഹ്മിനയായിരുന്നു ഒപ്പം നിന്നത്. ശസ്ത്രക്രിയയ്ക്കിടെ ഭാര്യ മരിച്ചതോടെ സാലിം ജീവിതത്തിൽ ഒറ്റയ്ക്കായി. ചിട്ടയായ നിരീക്ഷണം, പഠനം, എഴുത്ത് എന്നിവയിലൂടെയാണ് ഈ 

ദുഃഖത്തെ മറികടക്കാൻ അദ്ദേഹം ശ്രമിച്ചത്. കാടും പുഴയുമെല്ലാം താണ്ടി ആയിരക്കണക്കിനു കിലോമീറ്റർ അദ്ദേഹം സഞ്ചരിച്ചു. ഗതാഗതസൗകര്യങ്ങൾ വേണ്ടത്രയില്ലാതിരുന്ന കാലത്തും കേരളത്തിലെ ഉൾഗ്രാമങ്ങളിൽ വരെ അദ്ദേഹം എത്തി. സാലിം അലിയുടെ ക്ലാസിക് പുസ്തകം ‘ദ് ബുക്ക് ഓഫ് ഇന്ത്യൻ ബേഡ്സ്’ പുറത്തിറങ്ങിയത് 1941ലാണ്. സൈലന്റ് വാലി പ്രക്ഷോഭത്തിന് അദ്ദേഹം അകമഴിഞ്ഞ പിന്തുണ നൽകി. ഭരത്പൂർ  പക്ഷി സങ്കേതം സ്ഥാപിക്കാൻ മുൻകയ്യെടുത്തു. കീടനിയന്ത്രണത്തിൽ തുന്നാരൻ പക്ഷികൾ വഹിക്കുന്ന പങ്കും ഇത്തിൾക്കണ്ണിയുടെ പരാഗണത്തിൽ അടയ്ക്കാക്കുരുവികൾ വഹിക്കുന്ന പങ്കുമെല്ലാം ലോകം അറിഞ്ഞത് സാലിമിന്റെ ബൈനോക്കുലറിലൂടെയാണ്. ‘ഒരു കുരുവിയുടെ പതനം’ എന്ന ആത്മകഥ ഏറെ പ്രശസ്തമാണ്. പത്മവിഭൂഷൺ അടക്കമുള്ള ബഹുമതികൾ ലഭിച്ചു. 1987ൽ 91–ാം വയസ്സിൽ അദ്ദേഹം ഓർമയായി.

English Summary : Salim Ali - The birdman of India

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN PADHIPURRA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മരക്കാർ കാവലിന് ഭീഷണിയാകുമോ? | Nithin Renji Panicker | Ranjin Raj | Rachel David

MORE VIDEOS
FROM ONMANORAMA