ഭ്രാന്താലയത്തിന്റെ ഷെയ്ക്സ്പിയർ; ഫയദോർ ദസ്തയേവ്സ്കിയുടെ 200–ാം ജന്മവാർഷികം

HIGHLIGHTS
  • വിഖ്യാത റഷ്യൻ എഴുത്തുകാരൻ ഫയദോർ ദസ്തയേവ്സ്കിയുടെ 200–ാം ജന്മവാർഷികം
200th-birthday-of-fyodor-dasthayoviski
SHARE

വിപ്ലവാശയങ്ങൾ പ്രചരിപ്പിച്ചെന്ന കുറ്റം ചുമത്തിയാണ് പെട്രാഷെവ്സ്കി സംഘത്തെ സാർ ചക്രവർത്തിയുടെ പൊലീസ് പിടികൂടിയത്. ഏതാനും മാസത്തെ തടവിനു ശേഷം 1849 ഡിസംബർ 22ന് അവരെ സെമിനോവ്സ്കി ചത്വരത്തിലേക്കു കൊണ്ടുപോയി. അവിടെ ഫയറിങ് സ്ക്വാഡ് കാത്തുനിൽപ്പുണ്ടായിരുന്നു. തങ്ങളെ കാത്തിരിക്കുന്ന വിധി വിപ്ലവകാരികൾക്കു മനസ്സിലായി. വെടിയേറ്റു മരിക്കാൻ അവർ മനസ്സുകൊണ്ടു തയാറെടുത്തു. അന്ത്യോപചാരച്ചടങ്ങുകൾ നടന്നു. ആദ്യം വധശിക്ഷ ഏറ്റുവാങ്ങാനായി മൂന്നുപേരെ മുന്നോട്ടു നീക്കിനിർത്തി. വെടിയുണ്ടയേൽക്കാൻ ശിരസ്സു നിവർത്തി അവർ നിൽക്കുമ്പോൾ പെട്ടെന്നു പെരുമ്പറ മുഴങ്ങി, ഫയറിങ് സ്ക്വാഡിന്റെ തോക്കുകൾ താഴ്ന്നു. സാർ ചക്രവർത്തിയുടെ ദൂതൻ കുതിരപ്പുറത്തു പാഞ്ഞെത്തി. വിപ്ലവകാരികളുടെ വധശിക്ഷ ഇളവു ചെയ്തതായി അറിയിച്ചു. 

മരണത്തിനും ജീവിതത്തിനും ഇടയിൽ ആടിയുലഞ്ഞ ആ നിമിഷങ്ങൾ മൂന്നു വിപ്ലവകാരികളിൽ ഒരാളെ ഭ്രാന്തിലേക്കു തള്ളിവിട്ടു. എഴുത്തുകാരനായിരുന്ന മറ്റൊരാൾ മനസ്സിന്റെ ഭ്രാന്തവിചാരങ്ങളെ, നോവുകളെ നോവലുകളാക്കി അനശ്വരതയിലേക്ക് ഉയർന്നു. നിന്ദിതരും പീഡിതരുമായ മനുഷ്യരുടെ കഥകൾ പറഞ്ഞ ഫയദോർ മിഖായ്‌ലോവിച്ച് ദസ്തയേവ്സ്കിയായിരുന്നു വധശിക്ഷയിൽ നിന്നു രക്ഷപ്പെട്ട എഴുത്തുകാരൻ.

എടുത്തുചാട്ടം എഴുത്തിലേക്ക്

സൈന്യത്തിൽ നിന്നു വിരമിച്ച ഒരു ഡോക്ടറുടെ മകനായി 1821 നവംബർ 11ന് മോസ്കോയിലാണ് ദസ്തയേവ്സ്കി ജനിച്ചത്. കർക്കശക്കാരനായ അച്ഛനും ദയാലുവായ അമ്മയും ആ കുട്ടിയിൽ വലിയ സ്വാധീനം ചെലുത്തി. അമ്മ മരിച്ച് രണ്ടുവർഷമായപ്പോൾ അച്ഛൻ കൊല്ലപ്പെട്ടു. മിലിറ്ററി എൻജിനീയറിങ് അക്കാദമിയിലെ പഠനം കഴിഞ്ഞ് സബ് ലഫ്റ്റനന്റായ ദസ്തയേവ്സ്കി അധികം വൈകാതെ ജോലിയുപേക്ഷിച്ചു. എഴുത്തുകാരനായി ജീവിക്കാനായിരുന്നു തീരുമാനം. അക്കാലത്തെ ചില റഷ്യൻ എഴുത്തുകാരെപ്പോലെ ഭൂസ്വത്തില്ലാതിരുന്നതിനാൽ സാഹസികമായിരുന്നു തീരുമാനം. ഗുണനിലവാരത്തിൽ വിട്ടുവീഴ്ചയില്ലാതെ നിരന്തരമെഴുതുന്നതു വെല്ലുവിളിയായിരുന്നു. 

ആരവത്തോടെ ആദ്യ നോവൽ

പാവപ്പെട്ടവർ(Poor Folk) എന്ന ആദ്യ നോവലിനെ ബെലിൻസ്കിയെപ്പോലുള്ള പ്രമുഖരായ നിരൂപകർ മുക്തകണ്ഠം പുകഴ്ത്തി. ഗോഗളിനു(Gogol) ശേഷം റഷ്യൻ സാഹിത്യത്തിലാര് എന്ന ചോദ്യത്തിന് ഉത്തരമായെന്നു വിലയിരുത്തലുകളുണ്ടായി. എന്നാൽ അതിന് അൽപായുസ്സായിരുന്നു. ദ് ഡബിൾ, വൈറ്റ് നൈറ്റ്സ് തുടങ്ങി പിന്നീട് ഇറങ്ങിയ കൃതികൾ അതിരൂക്ഷമായി വിമർശിക്കപ്പെടുകയും പലരും ദസ്തയേവ്സ്കിയെ എഴുതിത്തള്ളുകയും ചെയ്തു. ഇക്കാലത്താണ് അദ്ദേഹം വിപ്ലവാശയങ്ങളിൽ ആകൃഷ്ടനായതും പിടിയിലായതും. 

ഉള്ളം കലങ്ങിയെങ്കിലും ഉജ്വല രചനകൾ

വധശിക്ഷയിൽ നിന്നു രക്ഷപ്പെട്ടെങ്കിലും സൈബീരിയയിൽ  തടവിൽ കഴിയേണ്ടി വന്നു. ഉള്ളും ഉടലും കാർന്നുതിന്ന കൊടിയ ഹിമവർഷങ്ങൾ. വേദനയുടെയും പശ്ചാത്താപത്തിന്റെയും വിശ്വാസത്തിന്റെയും തലങ്ങളിലൂടെ ദസ്തയേവ്സ്കിയുടെ മനസ്സ് കടന്നുപോയി. വിപ്ലവത്തിൽ നിന്ന് മനസ്സ് മതവിശ്വാസത്തിലേക്കു മാറി. സൈബീരിയൻ ജീവിതത്തെ അദ്ദേഹം നോവലുകളിലേക്കു പകർത്തിയെങ്കിലും വായനക്കാർ അവയെ കാര്യമായി പരിഗണിച്ചില്ല. 

പടിഞ്ഞാറൻ യൂറോപ്പിൽ രണ്ടു വർഷം താമസിച്ചു തിരിച്ചെത്തുമ്പോഴേക്കും ഭാര്യയും സഹോദരനും മരിച്ചുകഴിഞ്ഞിരുന്നു. കുമിഞ്ഞുകൂടിയ കടം കൂടിയായതോടെ മനസ്സ് ചരടു പൊട്ടിയ പട്ടമായി. ചൂതാട്ടശാലകളിലെ നിത്യസന്ദർശകനായ ദസ്തയേവ്സ്കിയെ അപസ്മാരം നിരന്തരം വേട്ടയാടി. വിഷാദവും ധൂർത്തും  നിഗ്രഹോൽസുകതയും ഏറ്റുപറച്ചിലുകളുമെല്ലാം ചേർന്നു കുഴമറിഞ്ഞ ആ മനസ്സിൽ നിന്നാണ് നോട്ട്സ് ഫ്രം അണ്ടർഗ്രൗണ്ട്, ദ് ഗാംബ്ലർ, ദ് ക്രൈം ആൻഡ് പണിഷ്മെന്റ്, ഇഡിയറ്റ്, ദി പൊസെസ്ഡ് തുടങ്ങിയ ക്ലാസിക്കുകൾ വാർന്നുവീണത്. 

അന്നയെന്ന നങ്കൂരം

നെറികെട്ട ഒരു പ്രസാധകനിൽ നിന്ന് ദസ്തയേവ്സ്കി തുക കൈപ്പറ്റിയിരുന്നു. നിശ്ചിത തീയതിക്കുള്ളിൽ നോവൽ എഴുതിക്കൊടുത്തില്ലെങ്കിൽ 9 വർഷത്തേക്ക് ദസ്തയേവ്സ്കി എഴുതുന്നതെല്ലാം പ്രതിഫലം നൽകാതെ പ്രസിദ്ധീകരിക്കാൻ പ്രസാധകന് അനുമതി നൽകുന്ന ഉടമ്പടിയിൽ ഒപ്പിടേണ്ടി വന്നു. പറഞ്ഞ കാലാവധി തീരാൻ വെറും ഒരു മാസം മാത്രം ബാക്കിനിൽക്കെ, നോവൽ കേട്ടെഴുതാൻ ഒരു സ്റ്റെനോഗ്രഫറെ നിയമിച്ചു. ‘ദ് ഗാംബ്ലർ’ കേട്ടെഴുതിയ അന്ന ഗ്രിഗോറ്യേവ്‌നയെ അദ്ദേഹം വിവാഹം ചെയ്തു. ചുഴികളുള്ള ആഴക്കടലിൽ ആടിയുലഞ്ഞിരുന്ന ദസ്തയേവ്സ്കിയുടെ ജീവിതത്തിന്റെ നങ്കൂരമായി അന്ന മാറി. ‘ബ്രദേഴ്സ് കാരമസോവ്’ എന്ന അവസാന നോവൽ പുറത്തുവന്നതോടെ ദസ്തയേവ്സ്കിയെന്ന എഴുത്തുകാരന് ആരാധകരേറി. 

സഹനത്തിന്റെ ഉപാസകൻ

ഫ്രാൻസ് കാഫ്ക, ജോർജ് ഓർവൽ തുടങ്ങി ഓർഹൻ പാമുക്ക് വരെയുള്ള എഴുത്തുകാരെയും നീത്ഷെയെപ്പോലുള്ള തത്വചിന്തകരെയും പ്രചോദിപ്പിക്കാൻ ദസ്തയേവ്സ്കിയെന്ന റഷ്യൻ ഇതിഹാസത്തിനായി. ക്രൈം ആൻഡ് പണിഷ്മെന്റ് എന്ന നോവലിൽ റസ്കോൽനിക്കോവ്, സോന്യയുടെ മുന്നിൽ മുട്ടുകുത്തിക്കൊണ്ട് പറയുന്നു: ‘നിന്റെ മുന്നിലല്ല ഞാൻ മുട്ടുകുത്തിയത്, മുഴുവൻ മനുഷ്യ സഹനത്തിനും മുന്നിലാണ്’. പല കാലങ്ങളിലെ വായനക്കാർ ദസ്തയേവ്സ്കിക്കു മുന്നിൽ മുട്ടുകുത്തുന്നതും മനുഷ്യസഹനത്തിന്റെ അപാരമായ ആവിഷ്കാരത്തിൽ മനസ്സലിഞ്ഞാണ്. ‘ഭ്രാന്താലയത്തിന്റെ ഷെയ്ക്സ്പിയർ’ എന്നു വിശേഷിപ്പിക്കപ്പെട്ട ദസ്തയേവ്സ്കിയെ കാഫ്ക വിശേഷിപ്പിച്ചത്, തനിക്കു രക്തബന്ധം തോന്നിച്ച എഴുത്തുകാരൻ എന്നാണ്. ആ രക്തബന്ധം പല തലമുറകളിലൂടെ ഇടമുറിയാതെ തുടരുന്നു.

English Summary : 200th birthday of Fyodor Dasthayoviski

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN PADHIPURRA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മരക്കാർ കാവലിന് ഭീഷണിയാകുമോ? | Nithin Renji Panicker | Ranjin Raj | Rachel David

MORE VIDEOS
FROM ONMANORAMA