ADVERTISEMENT

രണ്ടാം ലോക യുദ്ധത്തിനു തൊട്ടു മുൻപുള്ള കാലം. ജർമനിയിൽ അധികാരത്തിൽ വന്ന നാത്‌സി പാർട്ടി മേധാവി അഡോൾഫ് ഹിറ്റ്ലർ അയൽരാജ്യമായ ചെക്കൊസ്ലൊവാക്യയെ (അന്ന് പ്രോക്ടറേറ്റ് ഓഫ് ബൊഹീമിയ ആൻഡ് മൊറാവിയ) വരുതിയിലാക്കി, അവിടെ ഒരു പാവ സർക്കാരിനെ സ്ഥാപിച്ചു. ഇതിനെതിരെ 1939 ഒക്ടോബർ 28ന് പ്രാഗിലെ ചാൾസ് സർവകലാശാലയിലെ മെഡിക്കൽ വിദ്യാർഥികൾ പ്രകടനം നടത്തി. ഈ മുന്നേറ്റത്തെ പൊലീസ് രൂക്ഷമായി നേരിട്ടു. തുടർന്നു നടന്ന വെടിവയ്പിൽ യാൻ ഒപ്ലറ്റാൽ എന്ന വിദ്യാർഥി കൊല്ലപ്പെട്ടു. 

 

നവംബർ 15ന് പ്രാഗിൽ നിന്ന് മൊറാവിയയിലേക്കുള്ള ഒപ്ലറ്റാലിന്റെ ശവസംസ്കാരയാത്രയിൽ പതിനായിരക്കണക്കിനു പേർ പങ്കുചേർന്നു. യാത്ര പതിയെ ഒരു നാത്‌സി വിരുദ്ധ റാലിയായി മാറി. ഇതിനെതിരെയും സർക്കാർ ശക്തമായ നടപടിയെടുത്തു. 

 

വിദ്യാഭ്യാസ സ്ഥാപനങ്ങളെല്ലാം അപ്രതീക്ഷിതമായി അടച്ചിട്ട സർക്കാർ ആയിരത്തോളം വിദ്യാർഥികളെ അറസ്റ്റ് ചെയ്ത് കോൺസൻട്രേഷൻ ക്യാംപുകളിലേക്കയച്ചു. നവംബർ 17ന് വിചാരണ കൂടാതെ 9 വിദ്യാർഥികളെയും പ്രഫസർമാരെയും കൊലപ്പെടുത്തി. 

 

motivational-story-of-dr-apj-abdul-kalam
ഡോ.എ.പി.ജെ.അബ്ദുൽ കലാം

പ്രാഗിലെ ഓർമകളോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച് ബ്രിട്ടനിലെ നാഷനൽ യൂണിയൻ ഓഫ് സ്റ്റുഡന്റ്സ് ഓഫ് ഇംഗ്ലണ്ട് ആൻഡ് വെയ്ൽസ് 1941 നവംബർ 17 രാജ്യാന്തര വിദ്യാർഥി ദിനമായി ആചരിച്ചു. 

 

പിന്നീട് പല രാജ്യങ്ങളിലുള്ള വിദ്യാർഥികൾ ദിനാചരണത്തിൽ പങ്കുചേർന്നു. 1989ൽ സംഭവത്തിന്റെ 50–ാം വാർഷികത്തിൽ പ്രാഗിൽ നടന്ന പ്രകടനവും അക്രമാസക്തമായി. ഈ പ്രകടനം പക്ഷേ വക്ലാവ് ഹാവലിന്റെ നേതൃത്വത്തിൽ നടന്ന സമാധാനപരമായ ‘വെൽവറ്റ് വിപ്ലവ’ത്തിനു പ്രേരകമായി. അങ്ങനെ ചെക്കോസ്ലാ‌വാക്യയുടെ ചരിത്രത്തിലെ അവിസ്മരണീയ ദിനങ്ങളിലൊന്നായി രാജ്യാന്തര വിദ്യാർഥി ദിനം. 

 

ചെക്കൊസ്ലൊവാക്യ വിഭജിച്ച് രൂപം കൊണ്ട ചെക്ക് റിപ്പബ്ലിക്കിലും സ്ലോവാക്യയിലും നവംബർ 17 ഔദ്യോഗിക അവധി ദിനമാണ്. 

 

ലോക വിദ്യാർഥി ദിനം 

 

രാജ്യാന്തര വിദ്യാർഥി ദിനം പോലെ ലോക വിദ്യാർഥി ദിനവുമുണ്ട്.  മുൻ ഇന്ത്യൻ പ്രസിഡന്റ് ഡോ.എ.പി.ജെ.അബ്ദുൽ കലാമിന്റെ ജന്മദിനമായ ഒക്ടോബർ 15നാണ് ഇത് ആചരിക്കുന്നത്. 2010ൽ ഐക്യരാഷ്ട്ര സംഘടനയാണ് ഒക്ടോബർ 15 ലോക വിദ്യാർഥി ദിനം പ്രഖ്യാപിച്ചത്. ‘പഠനം; മനുഷ്യനും ഭൂമിക്കും ഐശ്വര്യത്തിനും സമാധാനത്തിനും വേണ്ടി’ എന്നതായിരുന്നു ഈ വർഷത്തെ ലോക വിദ്യാർഥി ദിനാചരണത്തിന്റെ പ്രമേയം. 

 

English Summary : International students day

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com