ADVERTISEMENT

പ്രകൃതിയുടെ മടിത്തട്ടാണ് മണ്ണ്. ആ മണ്ണിലാണ് ജീവൻ പൂത്തുലയുന്നത്. ഒരു പുതപ്പുപോലെ മണ്ണ് ഭൂമിയെ സംരക്ഷിക്കുന്നു; മനുഷ്യനും മറ്റെല്ലാ ജീവജാലങ്ങൾക്കും വേണ്ട ഭക്ഷണമൊരുക്കുന്നു.  മണ്ണിനായൊരു ദിനമുണ്ട്; ഡിസംബർ 05. ഐക്യരാഷ്ട്ര സംഘടനയ്ക്കു കീഴിലുള്ള ലോക ഭക്ഷ്യസംഘടന (Food and Agricultural Organization - FAO) 2014 മുതൽ ലോക മണ്ണുദിനം (World Soil Day) ആചരിച്ചുവരുന്നു. ആരോഗ്യമുള്ള മണ്ണിന്റെയും മണ്ണിന്റെ സുസ്ഥിര പരിപാലനത്തിന്റെയും പ്രാധാന്യത്തെക്കുറിച്ച് ആഗോള അവബോധം സൃഷ്ടിക്കുക എന്നതാണ് ഈ ദിനാചരണത്തിന്റെ ലക്ഷ്യം.

‘മണ്ണിൽ ലവണങ്ങൾ അടിഞ്ഞുകൂടുന്നത് തടയുക, മണ്ണിന്റെ ഉൽപാദനക്ഷമത വർധിപ്പിക്കുക’ (Halt soil Salinization, boost soil productivity) എന്നതാണ് ഈ വർഷത്തെ ലോക മണ്ണുദിനത്തിന്റെ മുദ്രാവാക്യം. 

 

ഭൂമിയിൽ ജീവന്റെ തുടക്കവും ഒടുക്കവും മണ്ണിലാണ്. മണ്ണിൽ കൃഷി ചെയ്താണ് മനുഷ്യൻ നാഗരികരായത്. കാർബൺ, ഹൈഡ്രജൻ, ഓക്സിജൻ പോലുള്ള മൂലകങ്ങളെ കൃത്യമായ അളവിൽ പിടിച്ചുനിർത്തി പ്രകൃതിയുടെ സന്തുലിതാവസ്ഥ സംരക്ഷിക്കുന്നതിലും കാലാവസ്ഥ രൂപപ്പെടുത്തുന്നതിലും മണ്ണിന് നിർണായക പങ്കുണ്ട്. മനുഷ്യനടക്കമുള്ള ജന്തുസസ്യജാലങ്ങൾക്ക് അവയുദ്ഭവിച്ച കാലം മുതൽ അന്നവും ആശ്രയവുമായ മണ്ണ് ഇന്ന് ഗുരുതരമായ ഭീഷണി നേരിട്ടുകൊണ്ടിരിക്കുകയാണ്. 

 

മണ്ണിൽ ആവശ്യമായതിലധികം ലവണങ്ങൾ അടിഞ്ഞുകൂടുന്ന ‘സലൈനൈസേഷൻ’ (Salinization), അമിതമായി സോഡിയം അടിഞ്ഞുകൂടുന്ന ‘സോഡിഫിക്കേഷൻ’ (Sodification) എന്നിവയാണ് ഈ ഭീഷണികളിൽ ഏറ്റവും പ്രധാനം.‌   

 

എന്താണ്  സലൈനൈസേഷൻ?

 

വെള്ളത്തിൽ അലിഞ്ഞുചേരുന്ന പൊട്ടാസ്യം, മഗ്‌നീഷ്യം, കാൽസ്യം, ക്ലോറൈഡ്, സൾഫേറ്റ്, കാർബണേറ്റ്, ബൈകാർബണേറ്റ്, സോഡിയം തുടങ്ങിയ ലവണങ്ങൾ മണ്ണിൽ അടിഞ്ഞുകൂടുന്നതിനെയാണ് സലൈനൈസേഷൻ എന്നുപറയുന്നത്. മണ്ണിൽ അലിഞ്ഞുചേരുന്ന ലവണങ്ങൾ ജലത്തിനൊപ്പം സഞ്ചരിക്കുന്നു. ജലാംശം വറ്റുന്നതോടെ അത് മണ്ണിൽ ഉറച്ചുപോകുന്നു. ലവണങ്ങൾ, പ്രത്യേകിച്ചും സോഡിയം ലവണങ്ങൾ, മണ്ണിൽ അമിതമാകുന്നത് ചെടികളുടെ വളർച്ച മുരടിക്കാൻ കാരണമാകുന്നു. മണ്ണിൽ അധിവസിക്കുന്ന സകല സൂക്ഷ്മജീവികളെയും ഇത് നശിപ്പിക്കുന്നു. അതോടെ മണ്ണിന്റെ ഫലപുഷ്ടി നഷ്ടമാകും. സോഡിയം അമിതമാകുന്നത് മണ്ണിന്റെ ഘടനയെത്തന്നെ സാരമായി ബാധിക്കുന്നു. അതോടെ, കൃഷി സാധ്യമാകാത്തവിധം മണ്ണ് തരിശായി മാറുന്നു. 

 

ഇങ്ങനെ മണ്ണ് മോശമാകുന്നതിന് രണ്ടു കാരണങ്ങളുണ്ട്. ആദ്യത്തേത് സ്വാഭാവികവും രണ്ടാമേത്തത് മനുഷ്യനിർമിതവുമാണ്. ഭൂമിശാസ്ത്രപരമായ പ്രത്യേകത മൂലം ചിലയിടങ്ങളിൽ ഭൂമിക്കടിയിലെ ലവണത്വം കൂടുതലുള്ള ജലം മേൽമണ്ണിൽ കലരാം, മണ്ണിന്റെ ഘടന, വെള്ളപ്പൊക്കം, വരൾച്ച, കാറ്റ്, കാലാവസ്ഥയിലെ മറ്റു പ്രത്യേകതകൾ തുടങ്ങിയവയും മണ്ണിലെ സ്വാഭാവിക ലവണത്വത്തിനു (Salinity) കാരണമാകാം. അശാസ്ത്രീയമായ ജലസേചന സംവിധാനം, രാസവളങ്ങളുടെ അമിതമായ ഉപയോഗം, ജലമലിനീകരണം, വ്യാവസായികമാലിന്യങ്ങളുടെ പുറന്തള്ളൽ തുടങ്ങി മണ്ണിന്റെ ഉൽപാദനക്ഷമത നശിപ്പിക്കുന്ന മനുഷ്യജന്യമായ കാരണങ്ങൾ ഒട്ടനവധിയാണ്.   

 

ലവണത്വമേറെയുള്ള മണ്ണിൽ വളരുന്ന ചെടികൾക്ക് ജലവും ലവണങ്ങളും വലിച്ചെടുക്കാനുള്ള കഴിവ് കുറവായിരിക്കും. മാത്രമല്ല, ഇങ്ങനെയുള്ള മണ്ണിൽ ചെടികൾക്ക് ഹാനികരമായ വിഷാംശം അടിഞ്ഞുകൂടുകയും ചെയ്യും. സലൈനൈസേഷൻ തടയുക, മണ്ണിന്റെ ആരോഗ്യം സംരക്ഷിക്കുക, മണ്ണിന്റെ ശരിയായ പരിപാലനത്തിനായി സമൂഹത്തെ പ്രോത്സാഹിപ്പിക്കുക, ആരോഗ്യകരമായ ആവാസവ്യവസ്ഥയും ജനക്ഷേമവും ഒന്നിച്ചു കൊണ്ടുപോകേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ലോകത്തെ ബോധവൽക്കരിക്കുക എന്നിവയാണ് 2021–ലെ മണ്ണുദിനാചരണത്തിലൂടെ ലോകഭക്ഷ്യസംഘടന ലക്ഷ്യമിടുന്നത്. 

 

ദിനാചരണത്തിന്റെ നാൾവഴികൾ

 

2002 – മണ്ണിനായൊരു ദിനം എന്ന ആശയം ഇന്റർനാഷനൽ യൂണിയൻ ഓഫ് സോയിൽ സയൻസസ് (IUSS) ആദ്യമായി മുന്നോട്ടുവച്ചു. തുടർന്ന്, തായ്‌‌ലൻഡ് രാജാവിന്റെ നേതൃത്വത്തിൽ, ഗ്ലോബൽ സോയിൽ പാർട്ണർഷിപ്പിന്റെ സഹകരണത്തോടെ അതിനുള്ള നടപടികൾ മുന്നോട്ടുപോയി.   

 

2013 – ജൂണിൽ ചേർന്ന ലോക ഭക്ഷ്യസംഘടനായോഗത്തിൽ ലോക മണ്ണുദിനം (WSD) എന്ന ആശയം ഐകകണ്ഠ്യേന അംഗീകരിച്ചു. ദിനാചരണത്തിനുള്ള ഔദ്യോഗികമായ അംഗീകാരത്തിനായി അവർ ഐക്യരാഷ്ട്രസംഘടനയെ സമീപിക്കുകയും 2013 ഡിസംബറിൽ ചേർന്ന ഐക്യരാഷ്ട്രസംഘടനയുടെ  

68–ാമത് പൊതുയോഗത്തിൽ ദിനാചരണത്തിന് അംഗീകാരമാവുകയും ചെയ്തു.

2014 ഡിസംബർ 05 – ‘ലോക മണ്ണുദിന’ത്തിന്റെ ആദ്യ ഔദ്യോഗികാചരണം. 

 

മണ്ണറിവുകൾ 

 

∙ലോകാരോഗ്യസംഘടനയുടെ കണക്കനുസരിച്ച് ഭൂമിയിലെ ഏതാണ്ട് 33 ശതമാനം മണ്ണിനും മൂല്യശോഷണം സംഭവിച്ചുകഴിഞ്ഞു. മണ്ണ് നശിക്കുന്നതിന്റെ നിരക്ക് ഇന്ന് അപകടരമാംവിധം ഉയർന്നുകൊണ്ടിരിക്കുകയാണ്. 

 

∙ആഗോള ഭക്ഷ്യസുരക്ഷയ്ക്കുള്ള ഏറ്റവും വലിയ ഭീഷണിയാണ് മണ്ണുമലിനീകരണം (Soil Pollution). ലോകമെങ്ങും വൻതോതിൽ ഉൽപാദിപ്പിക്കുന്ന രാസവസ്തുക്കൾ, പ്ലാസ്റ്റിക്–ഇലക്ട്രോണിക് മാലിന്യങ്ങൾ, സംസ്കരിക്കാത്ത മലിനജലം തുടങ്ങിയവ മണ്ണിൽ കലരുന്നത് ഭക്ഷ്യശ‍ൃംഖലയെ ബാധിക്കുകയും അതുവഴി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാവുകയും ചെയ്യുന്നു. 

 

∙മണ്ണിൽ അമിതമായി ലവണങ്ങൾ കലരുന്നതുമൂലം ഓരോ വർഷവും 15 ലക്ഷം ഹെക്ടർ കൃഷിയിടങ്ങൾ ഉപയോഗശൂന്യമാകുന്നു എന്നാണ് കണക്ക്. 

 

∙മണ്ണിന്റെ ലവണത്വം ഉയരുന്നതുവഴി ഏതാണ്ട് 230 കോടി രൂപയുടെ കൃഷിനാശമാണ് വർഷംതോറും സംഭവിക്കുന്നത്.

 

∙ലവണങ്ങൾ കലർന്നതുമൂലം ഉൽപാദനക്ഷമത കുറഞ്ഞ മണ്ണ് ലോകത്തകെ 83 കോടി ഹെക്ടറോളം വരുമെന്നാണ് കണക്ക്. അതായത്, ഭൂമിയുടെ ഏതാണ്ട് 8.7 ശതമാനം. ലവണത്വമേറിയ മണ്ണ് അടങ്ങിയ സ്ഥലങ്ങളുള്ള ഒരു ആഗോള ഭൂപടം ലോക ഭക്ഷ്യസംഘടന പുറത്തുവിട്ടിട്ടുണ്ട്. അതിൽ അധികവും ആഫ്രിക്ക, ഏഷ്യ, ലാറ്റിൻ അമേരിക്ക എന്നിവിടങ്ങളിലെ താരതമ്യേന വരണ്ട പ്രദേശങ്ങളാണ്.

 

English Summary : World soil day

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com