ADVERTISEMENT

രാജ്യാന്തര ശാസ്ത്ര മേഖലയ്ക്ക് ആവേശം നൽകി നാസയുടെ പാർക്കർ സോളർ പ്രോബ് സൂര്യന്റെ അന്തരീക്ഷം ഭേദിച്ചെന്ന വാർത്ത പുറത്തുവന്നിരിക്കുന്നു. ഇതാദ്യമായാണ് ഒരു മനുഷ്യനിർമിത വസ്തു സൗര അന്തരീക്ഷം ഭേദിച്ച് കടക്കുന്നത്. തീർച്ചയായും അഭിനന്ദനാർഹമായ നേട്ടമാണ് നാസ ഇതിലൂടെ കൈവരിച്ചിരിക്കുന്നത്.

 

eugene-parker-the-pioneer-behind-the-mission-to-touch-the-sun
Photo Credit: NASA/Johns Hopkins APL

പാർക്കർ സോളർ പ്രോബിലെ പാർക്കർ എന്ന പേര് യുഎസിലെ ഒരു ഭൗതികശാസ്ത്രജ്ഞന്റേയാണ്. യുഎസിലെ ഷിക്കാഗോ സർവകലാശാലയിൽ ജ്യോതിശാസ്ത്രജ്ഞനായ യൂജീൻ പാർക്കറിനോടുള്ള ബഹുമാനാർഥമാണ് ഈ പേര് നൽകിയിരിക്കുന്നത്. ജീവിച്ചിരിക്കുന്ന ഒരു വ്യക്തിയുടെ പേര് ബഹിരാകാശപേടകത്തിനു നൽകുന്നത് നാസയുടെ ചരിത്രത്തിൽ അപൂർവമായ കാര്യമാണ്.

 

യുഎസിലെ പ്രശസ്തമായ മിഷിഗൻ സർവകലാശാലയിൽ നിന്നു ബിഎസ് ഡിഗ്രിയും കലിഫോർണിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ നിന്നു 1951ൽ പിഎച്ച്ഡിയും അദ്ദേഹം നേടി. 1955 മുതൽ ഷിക്കാഗോ സർവകലാശാലയിൽ അധ്യാപകനും ഗവേഷകനുമായി ചേർന്നു. സൂര്യനെ സംബന്ധിച്ച ഗവേഷണത്തിലും പഠനത്തിലുമാണ് പാർക്കർ ശ്രദ്ധ ചെലുത്തിയത്. 1950ൽ സൂപ്പർസോണിക് സോളർവിൻഡ് എന്ന സൗരവാതത്തെക്കുറിച്ചും സൂര്യന്റെ വൈദ്യുത കാന്തിക മണ്ഡലത്തിന്റെ ഘടനയെക്കുറിച്ചും അദ്ദേഹം സിദ്ധാന്തങ്ങൾ ആവിഷ്‌കരിച്ചു. എന്നാൽ ഇത് അംഗീകരിക്കുന്നതിലും പ്രസിദ്ധീകരിക്കുന്നതിലും അക്കാലത്തെ പല വിദഗ്ധരും സംശയം പ്രകടിപ്പിച്ചു. എന്നാൽ ഇതു കണക്കിലെടുക്കാതെ അസ്‌ട്രോഫിസിക്കൽ ജേണൽ എന്ന പ്രശസ്ത ശാസ്ത്രജേണലിന്റെ എഡിറ്ററായിരുന്ന, പിൽക്കാലത്ത് നൊബേൽ ജേതാവായ ഇന്ത്യൻ ശാസ്ത്രജ്ഞൻ സുബ്രഹ്‌മണ്യൻ ചന്ദ്രശേഖർ ഇതു പ്രസിദ്ധീകരിച്ചു. ചന്ദ്രശേഖറിന്റെ ഈ ഇടപെടൽ യൂജീൻ പാർക്കറുടെ പിൽക്കാല ശാസ്ത്രജീവിതത്തിനും കരിയറിനും നൽകിയ ഇന്ധനം ചില്ലറയല്ല.

 

പിൽക്കാലത്ത് പാർക്കറുടെ പ്രവചനങ്ങൾ ശരിയാണെന്നു നിരവധി പഠനങ്ങൾ തെളിയിച്ചു. 1962ലെ മാരിനർ 2 ദൗത്യം ഇതിന്റെ പ്രായോഗിക തെളിവുകളും നൽകി. പാർക്കറുടെ പഠനങ്ങൾ, സൗരവാതം, സൗരാന്തരീക്ഷമായ കൊറോണ, സൂര്യന്റെ കാന്തികമണ്ഡലം എന്നിവയെക്കുറിച്ച് നിർണായകമായ അവബോധം ശാസ്ത്രജ്ഞർക്കു നൽകുന്നതായിരുന്നു. അദ്ദേഹം 1979ൽ എഴുതിയ കോസ്മിക്കൽ മാഗ്നറ്റിക് ഫീൽഡ്‌സ് എന്ന പുസ്തകം വിവിധ തലമുറകളിലുള്ള ജ്യോതിശാസ്ത്രജ്ഞരെ ഉദ്ദീപിപ്പിച്ചുകൊണ്ടിരിക്കുന്നു. നാഷനൽ മെഡൽ ഓഫ് സയൻസ്, ക്യോട്ടോ പ്രൈസ്, ബ്രൂസ് മെഡൽ, റോയൽ അസ്‌ട്രോണമിക്കൽ സൊസൈറ്റി ഗോൾഡ് മെഡൽ തുടങ്ങിയ ഉന്നത പുരസ്‌കാരങ്ങൾ ഈ മഹാപ്രതിഭയെ തേടി വന്നിട്ടുണ്ട്.

 

English Summary : Eugene Parker, the pioneer behind the 'mission to touch the sun

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com