ADVERTISEMENT

പഠിക്കാനോ മറ്റെന്തെങ്കിലും ലക്ഷ്യം നേടാനോ വേണ്ടി അൽപം പോലും വിശ്രമമില്ലാതെ പരിശ്രമിച്ചുകൊണ്ടേയിരിക്കുന്നതാണോ കഠിനാധ്വാനം? അതു ഫലവത്താണോ? രണ്ടിനും അല്ല എന്നാണ് ഉത്തരം. ലക്ഷ്യം നേടാനായി ശരീരവും മനസ്സും ഒത്തുചേർന്ന് നിരന്തരമായി ശ്രമിക്കാം, കൃത്യമായ ഇടവേളകളിൽ ഈ പരിശീലന രീതിയെ സ്വയം വിലയിരുത്താം, ഫലം കാണുന്നില്ലെങ്കിൽ മറ്റൊരു രീതിയിലേക്കു ചുവടുമാറ്റി പരിശ്രമം തുടരാം, വലിയ ലക്ഷ്യത്തിലേക്ക് അടുക്കുന്നതിനായി ആദ്യം ചെറിയ ചെറിയ ലക്ഷ്യങ്ങൾ മുന്നിൽ കണ്ട് അതു സ്വന്തമാക്കി മുന്നോട്ടുപോകാം, വിശ്രമത്തിനും വിനോദത്തിനും സമയം കണ്ടെത്തി മനസ്സിനും ശരീരത്തിനും ഉണർവു വീണ്ടെടുക്കാൻ അവസരം നൽകാം – അതെ ചങ്ങാതിമാരേ, കഠിനാധ്വാനം എന്ന ഒറ്റ വാക്കിനു പിന്നിൽ ഇങ്ങനെ കുറേയേറെ കാര്യങ്ങളുണ്ട്. ചെയ്യുന്ന കാര്യം അതേ പോലെ ഇടതടവില്ലാതെ ആവർത്തിക്കുന്നതല്ല കഠിനാധ്വാനം എന്നു ചുരുക്കം.

 

∙ ഹാർഡ് വർക്കും സ്മാർട് വർക്കും എന്നു കൂട്ടുകാർ കേട്ടിട്ടില്ലേ. ഇതു രണ്ടും ചേർന്ന രീതിയാണ് ഏറ്റവും ഫലപ്രദം. ലക്ഷ്യം നേടാനുള്ള ചില എളുപ്പവഴികൾ കണ്ടെത്തി (കുറുക്കുവഴിയല്ല കേട്ടോ) അതിലൂടെ മുന്നേറുന്നതാണു സ്മാർട് വർക് എന്നു ലളിതമായി പറയാം. ഉദാഹരണത്തിന്, ഒരാഴ്ചയ്ക്കു ശേഷം പരീക്ഷയാണെന്നിരിക്കട്ടെ. 

 

ഹാർഡ് വർക് മാത്രം തിരഞ്ഞെടുക്കുന്ന കുട്ടി മുഴുവൻ പാഠങ്ങളും തീർക്കണമെന്നു ലക്ഷ്യമിട്ട് ആദ്യ പേജ് മുതൽ പഠിക്കാനാരംഭിക്കും. ഓരോന്നും ഹൃദിസ്ഥമാക്കാനുള്ള കഠിനപ്രയത്നത്തിനിടയിൽ ഈ ദിവസത്തിനകം എല്ലാ അധ്യായങ്ങളും മുഴുമിപ്പിക്കാനാകില്ലെന്നു വരാം. സ്മാർട് വർക് രീതിയുള്ളവരോ – പരീക്ഷയ്ക്ക് ഇത്രദിവസം, ആകെ ഇത്ര പാഠങ്ങൾ എന്നു കണക്കെടുക്കും ആദ്യം. തുടർന്ന് പഠിക്കാൻ എളുപ്പമുള്ളത് ആദ്യം, പ്രാധാന്യമുള്ളത് ആദ്യം എന്നിങ്ങനെ തിരഞ്ഞെടുക്കുന്നു. 

 

എന്നാൽ, ഇതു ഫലപ്രദമാകണമെങ്കിൽ തിരഞ്ഞെടുക്കുന്ന പാഠങ്ങൾ കഠിന പരിശ്രമത്തിലൂടെ അതായത് ഹാർഡ് വർക്കിലൂടെ ഉള്ളിലുറപ്പിക്കണം. ഇപ്പോൾ മനസ്സിലായില്ലേ രണ്ടും ‘മിക്സ്’ ചെയ്യേണ്ടതിന്റെ ആവശ്യകത. ഒരു കാര്യം പ്രത്യേകം ഓർമിപ്പിക്കാം, പരീക്ഷയ്ക്കു മാർക്ക് വാങ്ങുക എന്നതു മാത്രമല്ല നമ്മുടെ പ്ലാൻ 2022–ന്റെ ലക്ഷ്യം. സ്മാർട്, ഹാർഡ് വർക്കുകളുടെ വ്യത്യാസം മനസ്സിലാകാൻ പരീക്ഷ ഉദാഹരണമാക്കിയെന്നു മാത്രം. 

 

∙ ഒരിക്കൽക്കൂടി പറയാം– വിജയത്തിലേക്കു കുറുക്കുവഴികൾ ഇല്ല. അതുകൊണ്ട് സ്മാർട് വർക് മാത്രം തിരഞ്ഞെടുത്ത് എക്കാലവും വിജയം കൈവരിക്കാമെന്നു തെറ്റിദ്ധരിക്കരുത്. ചില പ്രത്യേക മേഖലകളിലേ അതു നമുക്ക് ഉപയോഗപ്പെടുകയുള്ളൂ.അതുപോലെ, ഫലമുണ്ടാകുന്നുണ്ടോ എന്ന് ഇടയ്ക്കിടയ്ക്കു സ്വയം മാർക്കിട്ടു വിലയിരുത്താതെ കാടടച്ചു വെടിവയ്ക്കുന്ന രീതിയിലുള്ള കഠിനാധ്വാനം  കൊണ്ടും ഗുണമില്ല.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com