ADVERTISEMENT

ഹായ്, കൂട്ടുകാരേ നാളെ ക്രിസ്മസ്. സ്നേഹവും പങ്കുവയ്ക്കലും നന്മയും ത്യാഗവും ക്ഷമയും സഹനവും എളിമയും കൊണ്ട് ലോകത്തെ പ്രചോദിപ്പിച്ച യേശു ക്രിസ്തുവിനെ നിങ്ങൾക്കറിയാമല്ലോ. പ്ലാൻ 2022ൽ നാം പറയുന്നതും പ്രചോദനത്തെ (motivation) കുറിച്ചാണ്. 

 

∙ ചുറ്റുമുള്ളവരുടെ സംസാരത്തിലും അനുഭവത്തിലും നിന്ന്, പ്രകൃതിയിൽ നിന്ന്, പുസ്തകങ്ങളിൽ നിന്ന്, മഹതികളുടെയും മഹാന്മാരുടെയും ജീവിതങ്ങളിൽ നിന്ന്– എല്ലാം പ്രചോദനം കിട്ടാം. അടിവരയിട്ടു പറയട്ടേ, മുന്നോട്ടു പോകാൻ പ്രേരിപ്പിക്കുന്നതു മാത്രമല്ല പ്രചോദനം. എങ്ങനെ മുന്നോട്ടു പോകരുത് എന്നു പഠിപ്പിക്കുന്നതു കൂടിയാണ്. അതായത്, എന്തെല്ലാം ചെയ്യരുത് എന്നതാകണം ചില ജീവിതങ്ങളിലും അനുഭവങ്ങളിലും ചുറ്റുപാടുകളിലും നിന്ന് നാം ഉൾക്കൊള്ളേണ്ട പാഠം എന്നർഥം. 

 

∙അധോലോക ഗുണ്ടകളെയും വഞ്ചിച്ചും പറ്റിച്ചും സൂത്രം കാട്ടിയും ജീവിക്കുന്നവരെയും ‘ഹീറോ’കൾ എന്നു തെറ്റിദ്ധരിക്കുന്ന ചിലരെ കണ്ടിട്ടില്ലേ. കുറ്റകൃത്യങ്ങൾ ചെയ്യുന്നതും അതിൽ പിടിക്കപ്പെടാതിരിക്കുന്നതും വലിയ മിടുക്ക് ആണെന്നാണിവരുടെ ധാരണ. കുറ്റവാളികളെ അനുകരിക്കാനുള്ള പ്രവണതയും കാണിച്ചേക്കാം. തെറ്റായ രീതിയിലാണ് ഇവർ പ്രചോദിപ്പിക്കപ്പെട്ടത് എന്നു ചുരുക്കം. എന്തൊക്കെയാണോ നാം ഒഴിവാക്കേണ്ടേത് അതെല്ലാമാണു ശരിയെന്ന് ഇവർ ധരിക്കുന്നു. സിനിമകളിലും മറ്റും കാണുന്ന ഫാന്റസികളാണു യഥാർഥ ജീവിതത്തിലെ ‘ഹീറോയിസം’ എന്നു കരുതുന്ന ചിലരെയും കണ്ടിട്ടില്ലേ. ബാല്യവും കൗമാരവും പിന്നിടുന്ന സ്കൂൾ കാലഘട്ടങ്ങളിലാണ് ഇത്തരം ചിന്തകൾ കൂടുതലായി ഉണ്ടാകുക എന്നതിനാൽ നാം പ്രത്യേകം ശ്രദ്ധിക്കണം. മാതൃകകൾ ഉണ്ടാകുക എന്നതു പോലെ പ്രധാനമാണ് ചിലതു മാതൃക ആക്കാതിരിക്കുക എന്നതും. 

 

∙ ചുറ്റുമുള്ളവരുടെ പ്രോത്സാഹനവും നല്ല വാക്കുകളും നമ്മിൽ ഊർജം നിറയ്ക്കുന്ന ഇന്ധനമാണ്. എന്നാൽ, അമിതമായ പുകഴ്ത്തലും പിഴവുകൾ ചൂണ്ടിക്കാട്ടാതെയുള്ള തേൻപുരട്ടിയ വാക്കുകളും ദോഷമുണ്ടാക്കും. മികച്ച മനുഷ്യരാകുന്നതിൽ നിന്ന് അതു നമ്മെ തടയും. ലക്ഷ്യം നേടുന്നതിനു മുൻപേ എല്ലാം തികഞ്ഞെന്നു കരുതി അലസരുമാക്കിയേക്കാം. 

 

∙ ഒരിടത്തു നിന്നും പ്രചോദനം ഉണ്ടാകുന്നില്ലെങ്കിലും എല്ലായിടത്തു നിന്നും കിട്ടുന്നുണ്ടെങ്കിലും ഒന്നു മറക്കരുത് – സ്വയം പ്രചോദനം (self motivation).  നല്ല രീതിയിൽ മുന്നോട്ടു പോകും, കഴിവിന്റെ പരമാവധി പഠിക്കും, മികച്ച വ്യക്തിയായിത്തീരും, സത്യസന്ധമായി ജീവിക്കും തുടങ്ങിയ കാര്യങ്ങൾ ദിവസവും കുറിച്ചു വയ്ക്കുന്നതും പലവട്ടം സ്വയം ഉരുവിടുന്നതും സെൽഫ് മോട്ടിവേഷന്റെ ഭാഗമാണ്. 

 

പാളിച്ചകളിലും നിരാശകളിലും നിന്നു കയറിവരൂ എന്നു നമ്മോടു നാം തന്നെ പറയണം. നമുക്കു നാം തന്നെ കൈനീട്ടിക്കൊടുക്കണം. ചില കാര്യങ്ങൾ പൂർത്തിയാക്കുമ്പോൾ സ്വയം തോളിൽ തട്ടി അഭിനന്ദിക്കണം. നാം സ്വയം സ്നേഹിക്കുകയും നമ്മുടെ തന്നെ സുഹൃത്തായി മാറുകയും വേണം. ഏത് ആപത്തിലും കൈവിടാത്ത, അതേസമയം തെറ്റുകൾ ചൂണ്ടിക്കാണിക്കുകയും ചീത്ത വഴിയിലേക്കു പോകാതെ കാക്കുകയും ചെയ്യുന്ന നല്ല സുഹൃത്ത്. നമ്മുടെ എല്ലാ പ്രവൃത്തികളെും വസ്തുനിഷ്ഠമായി വിലയിരുത്തുന്ന വ്യക്തി. അങ്ങനെ നമ്മെ നാം തന്നെ കണ്ണാടി പോലെ നോക്കിക്കാണുന്നത് എന്തു രസമാണല്ലേ! 

 

Content Summary : Importance Of Self Motivation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com