ADVERTISEMENT

സാന്റാക്ലോസ്

 

എഡി 270– 343 കാലത്ത് ജീവിച്ച മിറയിലെ ബിഷപ്പായിരുന്ന സെന്റ് നിക്കോളാസ് ആണ് പിന്നീട് സാന്റാക്ലോസ് എന്ന ക്രിസ്‌മസ് പാപ്പയായി മാറിയതെന്നു സങ്കൽപം. കുട്ടികളുടെയും കടൽ സഞ്ചാരികളുടെയും മധ്യസ്ഥനായും സെന്റ് നിക്കോളാസ് അറിയപ്പെടുന്നു.  ക്രിസ്മസ് പാപ്പയുടെ ഇന്നത്തെ രൂപവും ഭാവവും  ലോകത്തിന് സമ്മാനിച്ചത്  തോമസ് നാസ്റ്റ് എന്ന അമേരിക്കൻ കാർട്ടൂണിസ്റ്റാണ്.  1863 ജനുവരി മൂന്നിനിറങ്ങിയ ഹാർപ്പേഴ്സ് വീക്ക്‌ലിയുടെ പുറംചട്ട സാന്റയുടേതായിരുന്നു. 1862ലെ ക്രിസ്മസ് വിശേഷങ്ങളുമായി ഇറങ്ങിയ പതിപ്പായിരുന്നു അത്. നാസ്റ്റ് വരച്ച ആ രൂപമാണ് ഇന്നു ലോകമെമ്പാടും ക്രിസ്മസ് പാപ്പയുടെ പ്രതീകമായി മാറിയത്. ക്രിസ്മസിന്റെ തലേ രാത്രി മുതൽ അതിരാവിലെ വരെ സാന്റാ കുട്ടികളെ കാണാനിറങ്ങും എന്നാണ് സങ്കൽപം. നല്ല കുട്ടികൾക്ക് കളിപ്പാട്ടങ്ങളും മിഠായിയും സമ്മാനിക്കുമ്പോൾ കുസൃതികൾക്ക് കരിയാണു നൽകുന്നതത്രേ. 

 

 

കേക്ക്

 

പ്ലം പോറിഡ്ജ് എന്ന ഭക്ഷ്യവസ്തുവാണ് ക്രിസ്മസ് കേക്കായി രൂപാന്തരം പ്രാപിച്ചത്. കുറുക്കുപോലെ നേർത്ത ഓട്സ് ഭക്ഷണത്തിൽ ഉണക്കമുന്തിരിയും മറ്റും ചേർത്താണ് പ്ലം പോറിഡ്ജ് ഉണ്ടാക്കിയിരുന്നത്. ഒരു മാസത്തെ നോമ്പിനുശേഷം ക്രിസ്മസിനു തലേന്ന് വയറിനെ പാകപ്പെടുത്താനാണ് ഈ ഭക്ഷണം. വർഷങ്ങൾക്കുശേഷം ഈ മിശ്രിതത്തിലെ ഓട്സിനു പകരം ബട്ടറും ഗോതമ്പും മുട്ടയും ചേർത്തു പ്ലം കേക്ക് രൂപംകൊണ്ടു. കാലക്രമേണ ഇതിന്റെ കൂടെ ഉണങ്ങിയ പഴങ്ങളും സുഗന്ധദ്രവ്യങ്ങളും ചേർന്നതോടെ കേക്ക് ഏറെ നാൾ ഇരിക്കുമെന്ന സ്ഥിതിയിലായി. കിഴക്കുനിന്നു ബത്‌ലഹമിൽ ഉണ്ണിയേശുവിനെ കാണാനെത്തിയ ജ്ഞാനികൾ സമ്മാനമായി കൊണ്ടുവന്ന സുഗന്ധവ്യഞ്ജനങ്ങളുടെ പ്രതീകമായിട്ടാണ് ഇവ കേക്കിൽ ചേർക്കുന്ന്.

 

 

സമ്മാനങ്ങളുടെ കഥ

 

ഉണ്ണിയേശുവിനെ കാണാൻ കിഴക്കുനിന്നു സമ്മാനങ്ങളുമായി ജ്ഞാനികളെത്തിയിരുന്നല്ലോ. ഇവർ സമ്മാനമായി കരുതിയിരുന്നത് പൊന്ന്, മൂര്, കുന്തിരിക്കം എന്നീ വിശിഷ്ടവസ്തുക്കൾ. ഈ ഓർമയാണ് പിന്നീട്  ക്രിസ്മസ് സമ്മാനങ്ങളായി രൂപപ്പെട്ടതെന്നു പറയപ്പെടുന്നു. സ്വർണം യേശുവിന്റെ രാജത്വത്തെയും കുന്തിരിക്കം ആരാധനയെയും മൂര് സഹനത്തെയും സൂചിപ്പിക്കുന്നു എന്നാണ് വിശ്വാസം.

 

 

നക്ഷത്രം

 

ക്രിസ്മസിന്റെ വരവറിയിച്ച് വീടുകളിലെങ്ങും നക്ഷത്രം തൂക്കിയിടുന്ന പതിവിനു നൂറ്റാണ്ടുകളുടെ പഴക്കമണ്ട്. കിഴക്കുനിന്ന് എത്തിയ ജ്ഞാനികൾക്ക് വഴികാട്ടിയ അദ്ഭുതനക്ഷത്രത്തെ അനുസ്മരിച്ചാണു ക്രിസ്മസ് സ്റ്റാർ എന്ന സങ്കൽപത്തിന്റെ തുടക്കം. ക്രിസ്മസ് കാലത്തെ കടലാസുകൊണ്ടുള്ള നക്ഷത്രങ്ങൾക്ക് തുടക്കമിട്ടത് ജർമൻകാരാണ്, 1830കളിൽ. ജർമനിയിലെ മൊറാവിയൻ ബോയ്സ് സ്കൂളിലാണ് ആദ്യ നക്ഷത്രം ഉയർന്നത്.

 

 

കാരൾ

 

ക്രിസ്തുവിന്റെ പിറവി വാഴ്ത്തിപ്പാടുന്ന ഗായകസംഘങ്ങളുടെ വരവ് 1150കളിലാണെന്ന് കരുതുന്നു. ഉണ്ണിയേശുവിന്റെ ജനനം ആട്ടിടയരെ പാടിയറിയിച്ച മാലാഖമാരാണ് ആദ്യത്തെ കാരൾ സംഘം. ഇതിന്റെ സ്മരണയിൽ പിന്നീട് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ അനേകം പാട്ടുകളും പിറന്നു. കാരളുകൾക്ക് ഇന്നത്തെ രൂപവും ഭാവവും കൈവന്നത് ഇറ്റലിയിലാണ്, പതിമൂന്നാം നൂറ്റാണ്ടിൽ. വിശുദ്ധ ഫ്രാൻസിസ് അസീസിയാണ് ഇതിന്റെ പിന്നിലെന്നാണു വിശ്വാസം. ക്രിസ്തുവിന്റെ ജനനം ഓർമപ്പെടുത്തി വിളക്കുകളുമായി വീടുകളിലെത്തുന്ന കാരൾസംഘങ്ങൾക്കു തുടക്കമിട്ടത് ഇംഗ്ലണ്ടിലാണെന്ന്  കരുതുന്നു.

 

ക്രിസ്മസ് ട്രീ

 

പാശ്ചാത്യനാടുകളിൽ,  മഞ്ഞുകാലത്തെ വരവേൽക്കാൻ വീടുകൾക്ക് മുന്നിൽ മരക്കമ്പുകൾ തൂക്കിയിടുന്ന പതിവുണ്ടായിരുന്നു. ഇത് വീടുകളിൽ സന്തോഷവും സമാധാനവും  കൊണ്ടുവരുമെന്ന വിശ്വാസമുണ്ടായിരുന്നു. ഈ രീതിയാണ് പിന്നീട് ക്രിസ്മസ് ട്രീയായി മാറിയത്. പൈൻ, ദേവദാരു, ഫിർ തുടങ്ങിയ മരങ്ങളാണ് ക്രിസ്മസ് ട്രീയാക്കാൻ തിരഞ്ഞെടുത്തിരുന്നത്. ഇന്നുകാണുന്ന രീതിയിൽ ക്രിസ്മസ് ട്രീ പ്രചാരത്തിലെത്തിച്ചത് ജർമൻകാരാണ്. 16–ാം നൂറ്റാണ്ടിൽ, പശ്ചിമ ജർമനിയിലെ അർസാസിന്റെ തലസ്ഥാനമായ സ്ട്രാസ് ബുർഗിൽ. യൂറോപ്പിൽ ഫിർ മരമാണ് ക്രിസ്മസ് ട്രീയായി തിരഞ്ഞെടുക്കുന്നത്.  

   17–ാം നൂറ്റാണ്ടിൽ ക്രിസ്മസ് ട്രീ അമേരിക്കയിൽ പ്രചരിച്ചു. 19–ാം നൂറ്റാണ്ടിന്റെ പകുതിയോടെ ഇംഗ്ലണ്ടിൽ ക്രിസ്മസ് ട്രീ പ്രചാരത്തിലായി. 20–ാം നൂറ്റാണ്ടോടെ ക്രിസ്മസ് ട്രീ  ഏഷ്യയിലുമെത്തി.

 

 

പൂൽക്കൂട്

 

കാലിത്തൊഴുത്തിൽ പിറന്ന ഉണ്ണിയേശുവിന്റെ ജനനം പശ്ചാത്തലമാക്കിയാണ് പുൽക്കൂട് ഒരുക്കുന്നത്. ഇംഗ്ലിഷിൽ നേറ്റിവിറ്റി സീൻ (Nativity Scene), ക്രിബ് (Crib) എന്നൊക്കെ ഇതിനെ വിളിക്കാറുണ്ട്. അസ്സീസിയിലെ വിശുദ്ധ ഫ്രാൻസിസ് ആണ് പുൽക്കൂടുകൾക്ക് തുടക്കമിട്ടത്. 1223ലെ ക്രിസ്മസ് രാത്രിയിൽ ഇറ്റലിയിലെ അസ്സീസിക്ക് അടുത്തുള്ള ഗ്രെചിയോ  എന്ന സ്ഥലത്ത് ഉണ്ണിയേശു ജനിച്ച രംഗം ആളുകളെവച്ച് അദ്ദേഹം പുനരാവിഷ്കരിച്ചു.  ഇറ്റലിയിലെ എല്ലാ പള്ളികളിലും ക്രിസ്മസ് കാലത്ത് ഇത്തരം നിശ്ചലദൃശ്യങ്ങൾ ഒരുങ്ങി. പിന്നീട് ആളുകൾക്കും കന്നുകാലികൾക്കും പകരം പ്രതിമകൾ ഉപയോഗിച്ചു.

 

 

ക്രിസ്മസ് കാർഡ്

 

ക്രിസ്മസിന്റെ സന്തോഷം പ്രിയപ്പെട്ടവരെ അറിയിക്കാൻ ആശംസാകാർഡുകളുടെ രൂപത്തിലുള്ള കാർഡുകൾ ക്രിസ്മസിന്റെ പ്രത്യേകതയായിരുന്നു കുറച്ചുകാലം മുൻപുവരെ.  1843ൽ ഇംഗ്ലണ്ടിലാണ് ആദ്യമായി ക്രിസ്മസ് കാർഡുകൾ വിപണിയിലെത്തിയത്. ലണ്ടനിൽ സർ ഹെൻറി കോൾ സുഹൃത്തും ചിത്രകാരനുമായ ജോൺ ഹോഴ്സ്‌ലിയുമായി ചേർന്ന് ആദ്യത്തെ ക്രിസ്മസ് കാർഡ് വിപണിയിലിറക്കി. വളരെ പെട്ടെന്നുതന്നെ അവ വിറ്റുപോയി. രണ്ടു വശങ്ങളിലായി പാവപ്പെട്ടവർക്കു ഭക്ഷണം നൽകുന്നതും നടുവിൽ ഒരു കുടുംബം ക്രിസ്‌മസിൽ സന്തോഷം പങ്കുവയ്‌ക്കുന്നതും അദ്ദേഹം കാർഡിൽ ചിത്രീകരിച്ചു. അതിനു താഴെ ‘എ മെറി ക്രിസ്‌മസ് ആൻഡ് ഹാപ്പി ന്യൂ ഇയർ’ എന്നും എഴുതി. അതായിരുന്നു ആദ്യത്തെ ക്രിസ്മസ് കാർഡ്.

 

 

കാൻഡി കെയ്ൻ 

 

വെളള നിറത്തിൽ ചുവന്ന വരകളുള്ള വടിയുടെ ആകൃതിയിലുള്ള ഒരു തരം മിഠായി. പഞ്ചസാരയാണ് പ്രധാന ചേരുവ. ഉണ്ണിയേശുവിനെ കാണാനെത്തിയ ആട്ടിടയൻമാരുടെ വടിയെ ഓർമിപ്പിക്കുന്നു. ക്രിസ്മസ് ട്രീകളിലും മറ്റും ഇവ തൂക്കിയിടാറുണ്ട്. ജർമനിയിലാണ് ജനനം എന്നു കരുതുന്നു. 1670ലെ ക്രിസ്മസ് തലേന്ന് കൊളോൺ കത്തീഡ്രലിൽ നടന്ന ആരാധനാസമയത്ത് കുട്ടികൾ ശാന്തരായിരിക്കാൻ ക്വയർമാസ്റ്റർ കണ്ടെത്തിയ വഴിയാണ് മിഠായി വിതരണം. 

 

Content Summary : Myths And Stories Behind Christmas Celebration

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com