ADVERTISEMENT

സൂര്യന്റെ അന്തരീക്ഷം തൊട്ട് പാർക്കർ സോളർ പ്രോബ് യാത്ര നടത്തിയ വാർത്ത കൂട്ടുകാർ കേട്ടിരുന്നല്ലോ... അതിന്റെ കൂടുതൽ വിവരങ്ങൾ അറിയാം.

നല്ല സൂര്യപ്രകാശമുള്ള ഒരു ദിവസം വെളിയിൽ ഇറങ്ങിയൊന്ന് നടക്കാൻ തന്നെ എന്തു പാടാണ്. ഭൂമിയും സൂര്യനും തമ്മിൽ 15 കോടിയോളം കിലോമീറ്റർ ദൂരമുണ്ട്. എന്നിട്ടും ഇങ്ങനെ. അപ്പോൾ സൂര്യന്റെ അടുക്കൽ ചെന്നാലോ? കത്തിജ്വലിച്ചു നിൽക്കുന്ന ആ മഹാനക്ഷത്രത്തിന്റെ അന്തരീക്ഷത്തിൽ തൊട്ടാലോ?

ഈ അസംഭവ്യമായ കാര്യം പാർക്കർ നടപ്പിൽ വരുത്തി. ഭൂമിയിൽ നിന്നു പോയി, ഹോട്ടായ സൂര്യന്റ അന്തരീക്ഷത്തിൽ തൊട്ട് കൂളായി യാത്ര തുടർന്നു. മൂന്നു വർഷം മുൻപ്  സൗര പര്യവേക്ഷണത്തിനായി നാസ അയച്ച ദൗത്യമാണ് പാർക്കർ അഥവാ പാർക്കർ സ്പേസ് പ്രോബ്. പാർക്കറിന്റെ കുറച്ചു വിശേഷങ്ങൾ അറിഞ്ഞാലോ?

ഡെൽറ്റ ഫോറിൽ യാത്ര

2018 ഓഗസ്റ്റിലാണു പാർക്കർ സോളർ പ്രോബ് യാത്ര തുടങ്ങിയത്. നാസയുടെ ഏറ്റവും ശേഷിയുള്ള റോക്കറ്റുകളിലൊന്നായ ഡെൽറ്റഫോറാണു പാർക്കറിനെ വഹിച്ചുകൊണ്ട് പറന്നത്. ചൊവ്വയിൽ പോകാൻ വേണ്ടതിന്റെ 55 ഇരട്ടി വിക്ഷേപണ ഊർജം പാർക്കറിന്റെ വിക്ഷേപണത്തിനു വേണ്ടി വന്നു. 

സഹായി ശുക്രൻ

സൂര്യന്റെ അടുക്കലേക്കുള്ള ഭ്രമണപഥത്തിലെത്താൻ പാർക്കറെ നമ്മുടെ അയൽഗ്രഹമായ ശുക്രന്റെ ഗുരുത്വബലം സഹായിക്കുന്നുണ്ട്. ഏഴുവർഷം നീണ്ട യാത്രയിൽ 24 തവണ പാർക്കർ സൂര്യന്റെ അടുത്തെത്തുന്നുണ്ട്. സൂര്യനടുത്തെത്തിയാൽ മണിക്കൂറിൽ 7 ലക്ഷം കിലോമീറ്റർ എന്ന നിലയിലേക്കുയരും പാർക്കറിന്റെ വേഗം. മനുഷ്യർ നിർമിച്ച ഒരു വസ്തുവിന് ലഭിക്കുന്ന ഏറ്റവും ഉയർന്ന വേഗമാണിത്.

പാർക്കറിന്റെ ലക്ഷ്യങ്ങൾ 

പാർക്കറിനു ധാരാളം ലക്ഷ്യങ്ങളുണ്ട്. 

1)സൂര്യന്റെ അന്തരീക്ഷമായ കൊറോണയെക്കുറിച്ചു പഠിക്കുക. സാധാരണ ഗതിയിൽ തീ കത്തുന്നയിടത്തു നിന്ന് അകലുന്തോറും ചൂട് കുറഞ്ഞുവരും... അല്ലേ? എന്നാൽ സൂര്യന്റെ കാര്യത്തിൽ തിരിച്ചാണ്. സൂര്യമുഖത്തിനേക്കാൾ ചൂടു കൂടുതലാണു കൊറോണയ്ക്ക്. ഇതെന്തു കൊണ്ടാണെന്ന് വ്യക്തമായി ഉത്തരം പറയാൻ ഇതുവരെ സാധിച്ചിട്ടില്ല. പാർക്കർ ഇതിനു സഹായിച്ചേക്കും.

2) സൗരവാതങ്ങളെക്കുറിച്ചു പഠിക്കുക

3) നക്ഷത്രങ്ങളുടെ സവിശേഷതകളെക്കുറിച്ചുപഠിക്കുക.

പ്രശസ്തമായ സൗരദൗത്യങ്ങൾ

∙ സോളർ ഡൈനമിക്സ് ഒബ്സർവേറ്ററി(നാസ)

∙ സ്റ്റീരിയോ (നാസ)

∙ സോഹോ (നാസ, ഇഎസ്എ)

∙ ഹിനോഡ് (ജാക്സ)

∙ പിക്കാർഡ്

∙ ആദിത്യ എൽ‍1 (ഇസ്റോ, ഭാവി ദൗത്യം)

 

പാർക്കർ എന്താണ് കത്താത്തത്

 

ഇത്രയും ഉയർന്ന താപനില അനുഭവിച്ചിട്ടും എന്തുകൊണ്ടാണു പാർക്കർ കത്താത്തത്? നാലര ഇഞ്ച് കനത്തിൽ തയാറാക്കിയ കാർബൺ കോംപസിറ്റ് കവചം പാർക്കറിനു ചുറ്റുമുണ്ട്. 1377 ഡിഗ്രി സെൽഷ്യസ് ചൂടിനെ വരെ പ്രതിരോധിക്കാൻ കഴിയുന്ന കവചമാണ് ഇത്. പക്ഷേ സൂര്യന്റെ അന്തരീക്ഷമെന്നൊക്ക പറയുമ്പോൾ വലിയ ചൂടായിരിക്കില്ലേ? 

ശരിയാണ്. സൂര്യന്റെ കൊറോണയിൽ വലിയ ചൂടുണ്ട്. എന്നാൽ അവിടെ സാന്ദ്രത കുറവാണ്. ഇതു മൂലം താപം വഹിക്കുന്ന കണങ്ങളും കുറവാണ്. അതാണു പാർക്കറിനു രക്ഷയാകുന്നത്. കണങ്ങൾ കുറവായതിനാൽ പാർക്കർ അവിടെ നിന്ന് അധികം ചൂടാകില്ല. കൂടി വന്നാൽ 1377 ഡിഗ്രി മാത്രം.

 

ആരാണ് പാർക്കർ

 

പാർക്കർ സോളർ പ്രോബിലെ പാർക്കർ എന്ന പേര് യുഎസിലെ ഒരു ഭൗതികശാസ്ത്രജ്ഞന്റെയാണ്. യുഎസിലെ ഷിക്കാഗോ സർവകലാശാലയിൽ ജ്യോതിശാസ്ത്രജ്ഞനായ യൂജീൻ പാർക്കറിനോടുള്ള ബഹുമാനാർഥമാണ് ഈ പേര് നൽകിയത്. 

 ജീവിച്ചിരിക്കുന്ന ഒരു വ്യക്തിയുടെ പേര് ബഹിരാകാശപേടകത്തിനു നൽകുന്നത് നാസയുടെ ചരിത്രത്തിൽ ആദ്യം.

യുഎസിലെ പ്രശസ്തമായ മിഷിഗൻ സർവകലാശാലയിൽ നിന്നു ബിഎസ് ഡിഗ്രിയും കലിഫോർണിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ നിന്ന് 1951ൽ പിഎച്ച്ഡിയും അദ്ദേഹം നേടി. സൂര്യനെ സംബന്ധിച്ച ഗവേഷണത്തിലും പഠനത്തിലുമാണ് പാർക്കർ ശ്രദ്ധ ചെലുത്തിയത്. 

1950ൽ സൂപ്പർസോണിക് സോളർവിൻഡ് എന്ന സൗരവാതകത്തെക്കുറിച്ചും സൂര്യന്റെ വൈദ്യുത കാന്തിക മണ്ഡലത്തിന്റെ ഘടനയെക്കുറിച്ചും അദ്ദേഹം സിദ്ധാന്തങ്ങൾ ആവിഷ്‌കരിച്ചു. 

നൊബേൽ ജേതാവായ ഇന്ത്യൻ ശാസ്ത്രജ്ഞൻ സുബ്രഹ്‌മണ്യൻ ചന്ദ്രശേഖർ  പാർക്കറിന്റെ ശാസ്ത്രകരിയർ വളർത്തിയെടുക്കുന്നതിൽ നിർണായക സംഭാവനകൾ നൽകിയിട്ടുണ്ട്

 

English Summary : Parker solar probe touches the sun for the first time

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com